ബ്രസീലിലെ റിയോ ഡി ജനീറോയിൽ 2024 നവംബർ 18ന് നടന്ന ജി 20 ഉച്ചകോടിയിൽ നടന്ന കൂടിക്കാഴ്ചയിൽ ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ഇറ്റലി പ്രധാനമന്ത്രി ശ്രീമതി ജോർജിയ മെലോണിയും ഇന്ത്യൻ-ഇറ്റലി നയതന്ത്ര പങ്കാളിത്തത്തിൻ്റെ സമാനതകളില്ലാത്ത സാധ്യതകളെക്കുറിച്ച് മനസ്സിലാക്കിക്കൊണ്ട്, കേന്ദ്രീകൃതവും സമയബന്ധിതവുമായ സംരംഭങ്ങളിലൂടെയും സംയുക്ത നയതന്ത്ര കർമ്മപദ്ധതിയിലൂടെയും ഇതിന് കൂടുതൽ പ്രചോദനം നൽകാൻ തീരുമാനിച്ചു. ഇതിനായി, ഇറ്റലിയും ഇന്ത്യയും താഴെപ്പറയുന്നവയിൽ ധാരണയായി:
I. രാഷ്ട്രീയ സംഭാഷണം
എ. ഗവൺമെൻ്റ് തലവൻമാരും, വിദേശകാര്യ മന്ത്രിമാർ, വാണിജ്യം, പ്രതിരോധം എന്നീ വകുപ്പു മന്ത്രിമാരും തമ്മിൽ, ബഹുമുഖ പരിപാടികൾ ഉൾപ്പെടെ, യോഗങ്ങളും പരസ്പര സന്ദർശനങ്ങളും പതിവായി നടത്തുക.
ബി. വിദേശ കാര്യാലയ കൺസൾട്ടേഷനുകൾ ഉൾപ്പെടെ, മുതിർന്ന ഉദ്യോഗസ്ഥരുടെ തലത്തിൽ ഇരു വിദേശ മന്ത്രാലയങ്ങളും തമ്മിലുള്ള വാർഷിക ഉഭയകക്ഷി കൂടിയാലോചനകൾ തുടരുക.
സി. പൊതുതാൽപ്പര്യമുള്ള എല്ലാ മേഖലകളിലും സഹകരണം വർധിപ്പിക്കുന്നതിന് മറ്റ് മന്ത്രാലയങ്ങളുടെ തലവന്മാർ തമ്മിലുള്ള കൂടിക്കാഴ്ചകളും ആശയവിനിമയങ്ങളും തീവ്രമാക്കുക.
II. സാമ്പത്തിക സഹകരണവും നിക്ഷേപവും
എ. സാമ്പത്തിക സഹകരണത്തിനായുള്ള സംയുക്ത കമ്മീഷന്റെ പ്രവർത്തനം ശക്തിപ്പെടുത്തുക, ഭക്ഷ്യ സംസ്കരണം സംബന്ധിച്ച ഇറ്റലി-ഇന്ത്യ സംയുക്ത വർക്കിംഗ് ഗ്രൂപ്പ് എന്നിവയുടെ പ്രവർത്തനം പ്രയോജനപ്പെടുത്തുക. ഗതാഗതം, കാർഷിക ഉൽപന്നങ്ങൾ, യന്ത്രസാമഗ്രികൾ, രാസവസ്തുക്കൾ, ഫാർമസ്യൂട്ടിക്കൽസ്, മരവും ഫർണിച്ചറും, നിർണായകവും ഉയർന്നുവരുന്നതുമായ സാങ്കേതികവിദ്യകൾ, ഭക്ഷ്യ സംസ്കരണം, പാക്കേജിംഗ്, കോൾഡ് ചെയിൻ, ഹരിത സാങ്കേതിക വിദ്യകൾ, സുസ്ഥിര മൊബിലിറ്റി, സഹ-വികസനത്തിലൂടെയും സഹ-നിർമ്മാണത്തിലൂടെയും വൻകിട കമ്പനികളും എസ്എംഇകളും തമ്മിലുള്ള സംയുക്ത സംരംഭങ്ങളും ഉൾപ്പെടെ ഉയർന്ന സാധ്യതകളുള്ള മേഖലകളിൽ ഉഭയകക്ഷി വ്യാപാരം, വിപണി പ്രവേശനം, നിക്ഷേപം എന്നിവ വർധിപ്പിക്കുക.
ബി. വ്യാവസായിക, സാമ്പത്തിക അസോസിയേഷനുകളുടെയും ചേംബർ ഓഫ് കൊമേഴ്‌സിൻ്റെയും പങ്കാളിത്തത്തോടെ വ്യാപാര മേളകളിലും ആനുകാലിക ബിസിനസ് ഫോറങ്ങളിലും പങ്കാളിത്തം പ്രോത്സാഹിപ്പിക്കുക.
സി. വ്യാവസായിക പങ്കാളിത്തം, സാങ്കേതിക കേന്ദ്രങ്ങൾ, പരസ്പര നിക്ഷേപം, ഓട്ടോമോട്ടീവ്, അർദ്ധചാലകങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ, നൂതന ഉൽപ്പാദനം എന്നിവയിലും പ്രോത്സാഹിപ്പിക്കുക.
III. കണക്റ്റിവിറ്റി
എ. പരിസ്ഥിതി സുസ്ഥിരതയുടെയും കാലാവസ്ഥാ വ്യതിയാനത്തിൻ്റെയും പശ്ചാത്തലത്തിൽ സുസ്ഥിര ഗതാഗതത്തിൽ സഹകരണം വളർത്തുക.
ബി. ഇന്ത്യ - മിഡിൽ ഈസ്റ്റ് - യൂറോപ്പ് സാമ്പത്തിക ഇടനാഴിയുടെ (ഐഎംഇഇസി) ചട്ടക്കൂടിൽ സമുദ്ര, കര അടിസ്ഥാന സൗകര്യങ്ങളിലുള്ള സഹകരണം മെച്ചപ്പെടുത്തുകയും സമുദ്ര, തുറമുഖ മേഖലയിലെ സഹകരണത്തിനുള്ള കരാർ അവസാനിപ്പിക്കുകയും ചെയ്യുക.
IV. ശാസ്ത്രം, സാങ്കേതികവിദ്യ, ഐടി, ഇന്നൊവേഷൻ, സ്റ്റാർട്ടപ്പുകൾ
എ. ടെലികോം, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, സേവനങ്ങളുടെ ഡിജിറ്റലൈസേഷൻ തുടങ്ങിയ മേഖലകളിൽ ഇരു രാജ്യങ്ങളിലും സാങ്കേതിക മൂല്യ ശൃംഖലകളുടെ പങ്കാളിത്തം രൂപപ്പെടുത്തുക, നിർണായകവും ഉയർന്നുവരുന്നതുമായ സാങ്കേതികവിദ്യകളിൽ സഹകരണം വിപുലീകരിക്കുക.
ബി. ഇരു രാജ്യങ്ങളിലെയും SME-കളും സ്റ്റാർട്ടപ്പുകളും ഉൾപ്പെടെയുള്ള അക്കാദമികളും വ്യവസായങ്ങളും ഉൾപ്പെടുന്ന വ്യവസായം 4.0, നൂതന ഉൽപ്പാദനം, ശുദ്ധ ഊർജം, നിർണായക ധാതുക്കൾ വേർതിരിച്ചെടുക്കൽ, ശുദ്ധീകരണം എന്നിവയിൽ സഹകരണത്തിൻ്റെ പുതിയ വഴികൾ പര്യവേക്ഷണം ചെയ്യുക.
സി. ഇറ്റലിയുടെയും ഇന്ത്യയുടെയും ദേശീയ ഗവേഷണ മുൻഗണനകൾ കണക്കിലെടുത്ത്, പൊതു താൽപ്പര്യമുള്ള മേഖലകളിൽ ഇന്തോ-പസഫിക് ഓഷ്യൻസ് ഇനിഷ്യേറ്റീവിൻ്റെ (ഐപിഒഐ) പശ്ചാത്തലത്തിൽ, നവീകരണവും ഗവേഷണ സഹകരണവും മെച്ചപ്പെടുത്തുക.
ഡി. STEM മേഖലയിൽ വിദ്യാഭ്യാസപരവും ഗവേഷണപരവുമായ അവസരങ്ങൾ വർദ്ധിപ്പിക്കുക, കൂടാതെ സ്കോളർഷിപ്പുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക, പ്രമുഖ ശാസ്ത്ര സംഘടനകളും സംയുക്ത പദ്ധതികളും തമ്മിലുള്ള സഹകരണം വളർത്തിയെടുക്കുക.
ഇ. ഇരു രാജ്യങ്ങളിലെയും സ്റ്റാർട്ടപ്പുകളും പ്രസക്തമായ ഇന്നൊവേഷൻ ഇക്കോസിസ്റ്റങ്ങളും തമ്മിലുള്ള ആശയവിനിമയം പ്രോത്സാഹിപ്പിക്കുക. അഗ്രിടെക്, ചിപ്പ് ഡിസൈൻ, ഗ്രീൻ എനർജി എന്നീ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക
എഫ്. അക്കാദമിക്, ഗവേഷണ സ്ഥാപനങ്ങളുടെ ശാസ്ത്രീയ നവീകരണവും ഇൻകുബേഷൻ ആവാസവ്യവസ്ഥയും വളർത്തുന്നതിനുള്ള കൂട്ടായ വൈദഗ്ധ്യവും ശേഷിയും പ്രയോജനപ്പെടുത്തുന്നതിന് ഇൻഡോ-ഇറ്റാലിയൻ ഇന്നൊവേഷൻ ആൻഡ് ഇൻകുബേഷൻ എക്സ്ചേഞ്ച് പ്രോഗ്രാം ആരംഭിക്കുക.
ജി. സഹകരണത്തിനായി പുതിയ ഉഭയകക്ഷി ഉപകരണങ്ങളാൽ സമ്പന്നമാക്കാൻ കഴിയുന്ന എക്സിക്യൂട്ടീവ് പ്രോഗ്രാമിൻ്റെ പൈതൃകം അംഗീകരിക്കുക.
എച്ച്. സുപ്രധാന ഗവേഷണവും ചലനാത്മകതയും അടിസ്ഥാനമാക്കിയുള്ള സംയുക്ത പ്രോജക്റ്റുകൾ സഹ-സ്ഥാപിക്കാനും ഈ വർഷാവസാനം അത് പ്രവർത്തനസജ്ജമാക്കാനും കഴിയും വിധം 2025-27 വർഷങ്ങളിലേക്കുള്ള ശാസ്ത്ര സാങ്കേതിക സഹകരണത്തിനായി എക്സിക്യൂട്ടീവ് പ്രോഗ്രാം നടപ്പിലാക്കുക
V. ബഹിരാകാശ മേഖല
എ. ഇറ്റാലിയൻ ബഹിരാകാശ ഏജൻസിയും (എഎസ്ഐ) ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയും (ഐഎസ്ആർഒ) തമ്മിലുള്ള സഹകരണം വിപുലീകരിക്കുക, ചാന്ദ്ര ശാസ്ത്രത്തിന് ഊന്നൽ നൽകി ഭൗമ നിരീക്ഷണം, ഹീലിയോഫിസിക്സ്, ബഹിരാകാശ പര്യവേക്ഷണം എന്നിവയിൽ പൊതു താൽപ്പര്യമുള്ള പദ്ധതികൾ ഉൾപ്പെടുത്തുക.
ബി. ബഹിരാകാശത്തിൻ്റെ സമാധാനപരവും സുസ്ഥിരവുമായ ഉപയോഗത്തിൽ ബന്ധപ്പെട്ട കാഴ്ചപ്പാട്, ഗവേഷണം, വികസനം എന്നിവയിൽ സഹകരണം മെച്ചപ്പെടുത്തുക.
സി. വൻകിട വ്യവസായങ്ങൾ, എംഎസ്എംഇകൾ, സ്റ്റാർട്ടപ്പുകൾ എന്നിവ ഉൾപ്പെടുന്ന പരസ്പര വാണിജ്യ ബഹിരാകാശ സഹകരണം പര്യവേക്ഷണം ചെയ്യുകയും സുഗമമാക്കുകയും ചെയ്യുക.
ഡി. ഗവേഷണം, ബഹിരാകാശ പര്യവേക്ഷണം, വാണിജ്യ സഹകരണം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, 2025-ൻ്റെ മധ്യത്തോടെ, ബഹിരാകാശ വ്യവസായത്തിൻ്റെ പ്രതിനിധികളുടെ ഇറ്റാലിയൻ പ്രതിനിധി സംഘം ഇന്ത്യയിലേക്കുള്ള ഒരു ദൗത്യം സംഘടിപ്പിക്കുക.
VI. ഊർജ്ജ പരിവർത്തനം
എ. മികച്ച സമ്പ്രദായങ്ങളും അനുഭവങ്ങളും പങ്കുവയ്ക്കുന്നതിനും പരസ്പരം വ്യാവസായിക പരിസ്ഥിതി വ്യവസ്ഥകളെക്കുറിച്ചുള്ള അറിവ് പ്രോത്സാഹിപ്പിക്കുന്നതിനും വ്യവസായ പങ്കാളിത്തം സുഗമമാക്കുന്നതിനും "ടെക് സമ്മിറ്റുകൾ" സംഘടിപ്പിക്കുക.
ബി. സാങ്കേതിക പുരോഗതിയും സംയുക്ത ഗവേഷണ-വികസന സഹകരണവും സുഗമമാക്കുക.
സി. ഹരിത ഹൈഡ്രജൻ, ജൈവ ഇന്ധനങ്ങൾ, പുനരുൽപ്പാദിപ്പിക്കാവുന്നവ, ഊർജ്ജ കാര്യക്ഷമത എന്നിവയിൽ മേൽപ്പറഞ്ഞ സഹകരണം സുഗമമാക്കുന്നതിന് പുനരുപയോഗ ഊർജത്തെക്കുറിച്ചുള്ള സംയുക്ത വർക്കിംഗ് ഗ്രൂപ്പിന് കൂടുതൽ പ്രചോദനം നൽകുക.
ഡി. ആഗോള ജൈവ ഇന്ധന കൂട്ടായ്മയും ഇൻ്റർനാഷണൽ സോളാർ അലയൻസും ശക്തിപ്പെടുത്തുന്നതിന് ഒരുമിച്ച് പ്രവർത്തിക്കുക.
ഇ. നവീനമായ ഗ്രിഡ് വികസന സൊല്യൂഷനുകളെയും പുനരുപയോഗ ഊർജവുമായി ബന്ധപ്പെട്ട റെഗുലേറ്ററി വശങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ പങ്കിടുക.
VII. പ്രതിരോധ സഹകരണം
എ. വിവര കൈമാറ്റം, സന്ദർശനങ്ങൾ, പരിശീലന പ്രവർത്തനങ്ങൾ എന്നിവ ഏകോപിപ്പിക്കുന്നതിന് ജോയിൻ്റ് ഡിഫൻസ് കൺസൾട്ടേറ്റീവ് (ജെഡിസി) മീറ്റിംഗുകൾ, അതുപോലെ ജോയിൻ്റ് സ്റ്റാഫ് ടോക്കുകൾ (ജെഎസ്ടി) എന്നിവ വാർഷികാടിസ്ഥാനത്തിൽ സ്ഥിരമായി ചേരുന്നത് ഉറപ്പാക്കുക.
ബി. ഇൻഡോ-പസഫിക് മേഖലയിൽ ഇറ്റലിയുടെ വർദ്ധിച്ചുവരുന്ന താൽപ്പര്യത്തിൻ്റെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട സായുധ സേനകൾ തമ്മിലുള്ള ആശയവിനിമയത്തെ സ്വാഗതം ചെയ്യുകയും, പരസ്പര പ്രവർത്തനക്ഷമതയും സഹകരണവും വർദ്ധിപ്പിക്കുന്നത് ലക്ഷ്യമിട്ടു കൊണ്ട്, അത്തരം ഇടപെടലുകളെ പിന്തുണയ്ക്കുന്ന ഉപയോഗപ്രദമായ ക്രമീകരണത്തിന് സമവായം സൃഷ്ടിക്കുക.
സി. പ്രതിരോധ പ്ലാറ്റ്‌ഫോമുകളുടെയും ഉപകരണങ്ങളുടെയും സാങ്കേതിക സഹകരണം, സഹ-നിർമ്മാണം, സഹ-വികസനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച്, പൊതു-സ്വകാര്യ പങ്കാളികൾക്കിടയിൽ മെച്ചപ്പെട്ട പങ്കാളിത്തത്തിൻ്റെയും സംഭാഷണത്തിൻ്റെയും വഴികൾ പര്യവേക്ഷണം ചെയ്യുക.
ഡി. സമുദ്ര മലിനീകരണ പ്രതികരണം, സമുദ്ര തിരച്ചിൽ, രക്ഷാപ്രവർത്തനം എന്നിവ ഉൾപ്പെടെ സമുദ്ര സഹകരണം മെച്ചപ്പെടുത്തുക.
ഇ. ഇരു പ്രതിരോധ മന്ത്രാലയങ്ങൾക്കിടയിൽ ഒരു ഡിഫൻസ് ഇൻഡസ്ട്രിയൽ റോഡ്‌മാപ്പ് ചർച്ച ചെയ്യുകയും സൊസൈറ്റി ഓഫ് ഇന്ത്യൻ ഡിഫൻസ് മാനുഫാക്ചറേഴ്‌സും (എസ്ഐഡിഎം) ഇറ്റാലിയൻ ഇൻഡസ്ട്രീസ് ഫെഡറേഷൻ ഫോർ എയ്‌റോസ്‌പേസ്, ഡിഫൻസ് ആൻഡ് സെക്യൂരിറ്റി (എഐഎഡി) എന്നിവയും തമ്മിൽ ഒരു ധാരണാപത്രം (എംഒയു) പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.
എഫ്. പ്രതിരോധ ഗവേഷണത്തിൽ ഇരുപക്ഷത്തുമുള്ള ശാസ്ത്രജ്ഞരും സാങ്കേതിക വിദഗ്ധരും ഉൾപ്പെടുന്ന പതിവ് ഇടപെടലുകൾ നടത്തുക.
VIII. സുരക്ഷാ സഹകരണം
എ. സൈബർ സുരക്ഷയും സൈബർ കുറ്റകൃത്യങ്ങളും പോലുള്ള നിർദ്ദിഷ്ട മേഖലകളിലെ പതിവ് കൈമാറ്റങ്ങളിലൂടെയും ശേഷി വർദ്ധിപ്പിക്കുന്ന പ്രവർത്തനങ്ങളിലൂടെയും സുരക്ഷാ സഹകരണം മെച്ചപ്പെടുത്തുക.
ബി. സൈബർ സംഭാഷണം, നയങ്ങൾ, സമ്പ്രദായങ്ങൾ, പരിശീലന അവസരങ്ങൾ തുടങ്ങി അതത് മേഖലകൾ കേന്ദ്രീകരിച്ചുള്ള പുതിയ വിവരങ്ങൾ കൈമാറുക, ഉചിതമായ സമയത്ത്, ബഹുമുഖ ഫോറങ്ങളിലെ സഹകരണം സംബന്ധിച്ച് കൂടിയാലോചനകൾ നടത്തുക.
സി. അന്താരാഷ്ട്ര ഭീകരതയെയും രാജ്യാന്തര കുറ്റകൃത്യങ്ങളെയും ചെറുക്കുന്നതിനുള്ള സംയുക്ത വർക്കിംഗ് ഗ്രൂപ്പിൻ്റെ വാർഷിക ഉഭയകക്ഷി യോഗങ്ങൾ നടത്തുന്നത് തുടരുക.
ഡി. ഉഭയകക്ഷി, പ്രാദേശിക, അന്തർദേശീയ വേദികളിൽ തീവ്രവാദത്തിനെതിരായ പോരാട്ടത്തിൽ സഹകരണം ശക്തിപ്പെടുത്തുക. ഈ സഹകരണത്തിൻ്റെ ആത്മാവിനെ അടിസ്ഥാനമാക്കി, ഇരുപക്ഷവും താഴെപ്പറയുന്ന കാര്യങ്ങളിൽ ധാരണയാകുന്നു:
ഐ. ജുഡീഷ്യൽ കാര്യങ്ങളിലും അതത് പോലീസും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിലുള്ള സഹകരണം ശക്തമാക്കുക, ശേഷി വികസന പരിപാടികൾ ഉൾപ്പെടെ;
ii. തീവ്രവാദത്തിനെതിരായ പോരാട്ടത്തിൽ വിവരങ്ങളും മികച്ച പ്രവർത്തനങ്ങളും പങ്കിടുക.
ഇ. രഹസ്യ വിവരങ്ങളുടെ പരസ്പര സംരക്ഷണത്തിനും കൈമാറ്റത്തിനുമായി ഒരു കരാർ പൂർത്തിയാക്കുക.
IX. കുടിയേറ്റവും ചലനശേഷിയും
എ. സുരക്ഷിതവും നിയമപരവുമായ കുടിയേറ്റ മാർഗങ്ങൾ, അതുപോലെ ന്യായവും സുതാര്യവുമായ തൊഴിൽ പരിശീലനവും റിക്രൂട്ട്‌മെൻ്റ് നടപടിക്രമങ്ങളും പ്രോത്സാഹിപ്പിക്കുക. ഒരു പൈലറ്റ് പ്രോജക്ട് ഇന്ത്യയിലെ ആരോഗ്യ വിദഗ്ധരുടെ പരിശീലനവും ഇറ്റലിയിലെ അവരുടെ തുടർന്നുള്ള ജോലിയും ഉൾക്കൊള്ളുന്നതാണ്.
ബി. ക്രമരഹിതമായ കുടിയേറ്റം തടയുന്നതിന് സഹകരണം വർദ്ധിപ്പിക്കുക.
സി. ഉന്നതവിദ്യാഭ്യാസത്തിൻ്റെ ചുമതലയുള്ള അതാത് ഭരണ സംവിധാനങ്ങൾ തമ്മിലുള്ള കരാറുകൾ പൂർത്തിയാക്കുന്നതിലൂടെയും വിദ്യാർത്ഥികളുടെയും ഗവേഷകരുടെയും അക്കാദമിക് വിദഗ്ധരുടെയും ചലനശേഷി വർദ്ധിപ്പിക്കുക.
X. സാംസ്കാരം, അക്കാദമികം,, ജനങ്ങൾ തമ്മിലുള്ള വിനിമയം, സിനിമ, ടൂറിസം
എ. ഇരു രാജ്യങ്ങളിലെയും സർവ്വകലാശാലകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും തമ്മിലുള്ള സഹകരണവും കൈമാറ്റവും സാങ്കേതികവും തൊഴിലധിഷ്ഠിതവുമായ വിദ്യാഭ്യാസ മേഖലയിലെ സഹകരണവും വർദ്ധിപ്പിക്കുക.
ബി. മ്യൂസിയങ്ങൾ തമ്മിലുള്ള പങ്കാളിത്തം സ്ഥാപിക്കുന്നതിലൂടെയും പരസ്പര വിജ്ഞാനത്തെ ആഴത്തിലാക്കുന്നതിനുള്ള പ്രദർശനങ്ങളും സാംസ്കാരിക സംരംഭങ്ങളും പ്രോത്സാഹിപ്പിക്കുക.
സി. അതത് രാജ്യങ്ങളിൽ സിനിമാ സഹനിർമ്മാണങ്ങളും ചലച്ചിത്രനിർമ്മാണവും വർദ്ധിപ്പിക്കുന്നതിനായി പ്രവർത്തിക്കുക.
ഡി. പുരാതനവും പൈതൃകവുമായ സ്ഥലങ്ങളും കെട്ടിടങ്ങളും സംരക്ഷിക്കുന്നതിനും പുനഃസ്ഥാപിക്കുന്നതിനുമുള്ള ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുക.
ഇ. ഇരു ദിശകളിലേക്കുമുള്ള ബന്ധങ്ങൾ പരിപോഷിപ്പിക്കുക, വിനോദ സഞ്ചാര ഒഴുക്ക് വർധിപ്പിക്കുക
എഫ്. ഉഭയകക്ഷി, സാംസ്കാരിക ബന്ധങ്ങളും ദീർഘകാല സൗഹൃദ ബന്ധങ്ങളും പ്രോത്സാഹിപ്പിക്കുന്നതിൽ ഊർജ്ജസ്വലരായ ഇന്ത്യൻ, ഇറ്റാലിയൻ സമൂഹങ്ങളുടെ സംഭാവനകളെ അംഗീകരിക്കുക.
ജി. 2023-ൽ ഒപ്പുവച്ച സാംസ്കാരിക സഹകരണത്തിൻ്റെ എക്സിക്യൂട്ടീവ് പ്രോഗ്രാം നടപ്പാക്കുന്നതിനായി പ്രവർത്തിക്കുക.