മൻ കീ ബാത്ത് പരിപാടിയുടെ ഏറ്റവും പുതിയ എപ്പിസോഡിൽ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
ഗാന്ധിനഗറിലെ കുട്ടികളുടെ സര്‍വ്വകലാശാല, ഭാരത സര്‍ക്കാരിന്റെ മഹിളാ-ബാലവികാസ് മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം, സൂക്ഷ്മ-ലഘു-മധ്യമ വ്യവസായ മന്ത്രാലയം തുടങ്ങിയവയുമായെല്ലാം ചേര്‍ന്ന് ഇന്ത്യയെ എങ്ങനെ കളിപ്പാട്ട ഉൽപാദനത്തിൻ്റെ ഒരു ഹബ് ആക്കി മാറ്റാനാകും എന്ന വിഷയത്തിൽ നടത്തിയ ചർച്ചയെപ്പറ്റി പരാമർശിച്ചു.
കളിപ്പാട്ടങ്ങള്‍ ഒരു വശത്ത് സക്രിയത വര്‍ധിപ്പിക്കുന്നതാണെന്നതിനൊപ്പം അവ നമ്മുടെ ആകാംക്ഷകളെയും ആകാശത്തിലേക്കുയര്‍ത്തുന്നതാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. കളിപ്പാട്ടം മനസ്സിനെ ആമോദിപ്പിക്കുന്നതിനൊപ്പം ഭാവനകള്‍ക്കു രൂപം കൊടുക്കുകയും ലക്ഷ്യങ്ങള്‍ കെട്ടിപ്പടുക്കുകയും ചെയ്യും, അദ്ദേഹം പറഞ്ഞു.
അപൂര്‍ണ്ണമായ കളിപ്പാട്ടങ്ങളാണ് നല്ല കളിപ്പാട്ടങ്ങളെന്ന് കളിപ്പാട്ടങ്ങളെക്കുറിച്ച് ഗുരുദേവ് രവീന്ദ്രനാഥ ടാഗോര്‍ ഒരിക്കൽ പറഞ്ഞതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കളിപ്പാട്ടം അപൂര്‍ണ്ണമായിരിക്കണം, കുട്ടികള്‍ കളിക്കിടയില്‍ ഒരുമിച്ച് അതിന് പൂര്‍ണ്ണതയേകണം എന്ന് ഗുരുദേവന്‍ പറയാറുണ്ടായിരുന്നു. കളിപ്പാട്ടം കുട്ടിയുടെ കുട്ടിത്തത്തെ പുറത്തുകൊണ്ടുവരുന്നതായിരിക്കണം, അവന്റെ സൃഷ്ടിപരതയെ പുറത്തുകൊണ്ടുവരുന്നതായിരിക്കണം എന്ന ഗുരുദേവ് രവീന്ദ്രനാഥ ടാഗോറിൻ്റെ വാക്കുകൾ അദ്ദേഹം സ്മരിച്ചു.
ഇതിൻ്റെ അടിസ്ഥാനത്തിൽ പുതിയ വിദ്യാഭ്യാസ നയത്തിൽ
കുട്ടികളുടെ ജീവിതത്തിന്റെ വിവിധ തലങ്ങളില്‍ കളിപ്പാട്ടങ്ങൾ ചെലുത്തുന്ന സ്വാധീനത്തെപ്പറ്റി പരാമർശിച്ചിരിക്കുന്നു എന്ന് പ്രധാനമന്ത്രി പറയുകയുണ്ടായി . കളികളിലൂടെ പഠിക്കുക, കളിപ്പാട്ടമുണ്ടാക്കുവാന്‍ പഠിക്കുക, കളിപ്പാട്ടം ഉണ്ടാക്കുന്നിടം സന്ദര്‍ശിക്കുക തുടങ്ങിയവയെല്ലാം പാഠ്യപദ്ധതിയുടെ ഭാഗമാക്കിയിരിക്കയാണെന്നും അദ്ദേഹം പറഞ്ഞു.
നമ്മുടെ രാജ്യത്ത് പ്രദേശിക കളിപ്പാട്ടങ്ങളുടെ സമൃദ്ധമായ പാരമ്പര്യമുണ്ടെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഉദാഹരണത്തിന് കര്‍ണ്ണാടകത്തിലെ രാമനഗരത്തിലുള്ള ചന്നപ്പട്ടണ, ആന്ധ്രപ്രദേശിലെ കൃഷ്ണയിലുള്ള കൊണ്ടപ്പള്ളി, തമിഴ്‌നാട്ടിലെ തഞ്ചാവൂര്‍, അസമിലെ ധുബരി, ഉത്തര്‍പ്രദേശിലെ വാരാണസി എന്നീ സ്ഥലങ്ങൾ പ്രാദേശിക കളിപ്പാട്ട ഉൽപ്പാദന കേന്ദ്രങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ് എന്ന് അദ്ദേഹം പറഞ്ഞു.
ആഗോള കളിപ്പാട്ട വ്യവസായത്തിൻ്റെ ആസ്തി 7 ലക്ഷം കോടി രൂപയിലധികമാണെന്നും എന്നാല്‍ ഭാരതത്തിന്റെ പങ്ക് അതില്‍ വളരെ ചെറുതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തുള്ള ശ്രീമാന്‍ സി.വി.രാജുവിന്റെ പ്രവർത്തനത്തെ അദ്ദേഹം പ്രശംസിച്ചു. അദ്ദേഹത്തിന്റെ ഗ്രാമത്തിലെ എതി-കോപ്പക്ക കളിപ്പാട്ടങ്ങള്‍ ഒരു കാലത്ത് വളരെ പ്രചാരമുള്ളതായിരുന്നു. ഇവ തടികൊണ്ടുണ്ടാക്കുന്നതാണെന്നതായിരുന്നു ഇതിന്റെ പ്രത്യേകത. കൂടാതെ ഈ കളിപ്പാട്ടങ്ങള്‍ക്ക് കോണുകള്‍, കൂര്‍ത്ത ഭാഗങ്ങള്‍ ഉണ്ടായിരുന്നില്ല. ഈ കളിപ്പാട്ടങ്ങള്‍ എല്ലായിടത്തും ഉരുണ്ടിരുന്നു, അതുകൊണ്ട് കുട്ടികള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള മുറിവേല്ക്കാനുള്ള സാധ്യതയില്ലായിരുന്നു. സി.വി.രാജു എതി-കോപ്പക്ക കളിപ്പാട്ടങ്ങള്‍ക്കുവേണ്ടി ഇപ്പോള്‍ ഗ്രാമത്തിലെ കരകൗശല തൊഴിലാളികളുമായി ചേര്‍ന്ന് ഒരു തരത്തില്‍ ഒരു പുതിയ മുന്നേറ്റം ആരംഭിച്ചിരിക്കയാണ്. മികച്ച ഗുണനിലവാരുമുള്ള എതി-കോപ്പക്ക കളിപ്പാട്ടങ്ങളുണ്ടാക്കി സി.വി.രാജു പ്രാദേശിക കളിപ്പാട്ടങ്ങള്‍ക്ക് നഷ്ടപ്പെട്ടു പോയ അന്തസ്സ് വീണ്ടെടുത്തിരിക്കയാണെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോള്‍ കമ്പ്യൂട്ടറിന്റെയും സ്മാര്‍ട്‌ഫോണിന്റെയും കാലത്ത്
കമ്പ്യൂട്ടര്‍ ഗെയിംസിന്റെ വലിയ മേളമാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. എന്നാല്‍ ഇവയിലുള്ള കളികളിൽ മിക്കതിൻ്റെയും വിഷയവസ്തു പുറത്തുനിന്നുള്ളതാണ്. നമ്മുടെ രാജ്യത്ത് നിലവിലുള്ള വിവിധങ്ങളായ ആശയങ്ങളുടെയും സങ്കല്പങ്ങളുടെയും സമൃദ്ധമായ ചരിത്രത്തിൻ്റെയും പശ്ചാത്തലത്തില്‍ നമുക്ക് ഗെയിമുകൾ നിർമ്മിച്ച് എടുക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു