2018 ബാച്ചിലെ 126 ഐ.പി.എസ്. പ്രൊബേഷണര്‍മാര്‍ ന്യൂഡെല്‍ഹിയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു.
രാഷ്ട്രനന്‍മയ്ക്കായി സമര്‍പ്പണ ഭാവത്തോടെ അക്ഷീണം പ്രവര്‍ത്തിക്കാന്‍ യുവ ഉദ്യോഗസ്ഥരെ കൂടിക്കാഴ്ചയ്ക്കിടെ പ്രധാനമന്ത്രി പ്രോല്‍സാഹിപ്പിച്ചു.
സേവന സന്നദ്ധതയും സമര്‍പ്പണ മനോഭാവവും നിത്യവും ചെയ്യുന്ന ജോലിയുടെ ഭാഗമാക്കി മാറ്റാന്‍ ഉദ്യോഗസ്ഥരോടു പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു. പൊലീസ് സേന സാധാരണ പൗരന്‍മാരുമായി ചേര്‍ന്നു പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതയ്ക്ക് അദ്ദേഹം അടിവരയിട്ടു. പൊലീസ് സേനയെക്കുറിച്ചു പൗരന്‍മാര്‍ക്കുള്ള വീക്ഷണം ഓരോ ഓഫീസറും മനസ്സിലാക്കണമെന്നും പൊലീസ് സേനയെ ജനസ്‌നേഹ പരവും ആര്‍ക്കും സമീപിക്കാവുന്നതുമായി മാറ്റാനായി ഓരോ ഓഫീസറും പ്രവര്‍ത്തിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
കുറ്റകൃത്യം തടയുന്നതിലായിരിക്കണം പൊലീസ് സേന ശ്രദ്ധ ചെലുത്തുന്നതെന്ന് അദ്ദേഹം തുടര്‍ന്നു വ്യക്തമാക്കി. ആധുനിക പൊലീസ് സേന രൂപീകരിക്കുന്നതില്‍ സാങ്കേതിക വിദ്യക്കുള്ള പ്രാധാന്യം പ്രധാനമന്ത്രി ഉയര്‍ത്തിക്കാട്ടി.
വികസനം കാംക്ഷിക്കുന്ന ജില്ലകളില്‍ പരിവര്‍ത്തനവും സാമൂഹിക മാറ്റവും സാധ്യമാക്കുന്ന സേനയെന്ന നിലയില്‍ പൊലീസിനുള്ള പങ്കിനെക്കുറിച്ചു പ്രധാനമന്ത്രി ചര്‍ച്ച ചെയ്തു. 2018 ബാച്ചില്‍ കൂടുതല്‍ വനിതകള്‍ ഉണ്ടെന്നതിനെ അദ്ദേഹം പ്രശംസിച്ചു. കൂടുതല്‍ വനിതകള്‍ പൊലീസ് സേനയില്‍ ഉണ്ടാവുന്നതു പൊലീസിന്റെ പ്രവര്‍ത്തനത്തില്‍ ഗുണകരമായ വലിയ മാറ്റം സാധ്യമാക്കുന്നതോടൊപ്പം രാഷ്ട്രനിര്‍മാണത്തിനു സഹായകമാകുമെന്നു പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഉദ്യോഗസ്ഥര്‍ക്കു ശോഭനമായ ഭാവി ആശംസിച്ച പ്രധാനമന്ത്രി, അവനവനില്‍ വിശ്വസിക്കാന്‍ സാധിക്കണമെന്ന് ആഹ്വാനം ചെയ്തു. ആത്മവിശ്വാസത്തിനും അന്തര്‍ലീനമായ കരുത്തിനുമൊപ്പം ഔദ്യോഗിക പരിശീലനവും ചേരുന്നതോടെ നിത്യവും നേരിടുന്ന വെല്ലുവിളികളെ നേരിടാന്‍ ഉദ്യോഗസ്ഥര്‍ക്കു പ്രാപ്തി ലഭിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.