പ്രധാനമന്ത്രി നരേന്ദ്ര മോദിയും, പ്രസിഡന്‍റ് വ്ളാദ്മീര്‍ പുടിനും തമ്മിലുള്ള ആദ്യ അനൗപചാരിക ഉച്ചകോടി 2018 മേയ് 21 ന് റഷ്യന്‍ ഫെഡറേഷനിലെ സോച്ചി നഗരത്തില്‍ നടന്നു. ഇന്ത്യയും, റഷ്യയും തമ്മിലുള്ള ഉന്നതതല രാഷ്ട്രീയ വിനിമയങ്ങളുടെ പാരമ്പര്യത്തിന്‍റെ ചുവട് പിടിച്ച്, അന്താരാഷ്ട്ര മേഖലാ വിഷയങ്ങളില്‍ തങ്ങളുടെ കാഴ്ചപ്പാടുകള്‍ കൈമാറാനും തങ്ങളുടെ സൗഹൃദം ആഴത്തിലുള്ളതാക്കാനും ഇരു നേതാക്കള്‍ക്കും ഉച്ചകോടി അവസരമൊരുക്കി.
ആഗോള സമാധാനത്തിനും സുസ്ഥിരതയ്ക്കും ഇന്ത്യയും, റഷ്യയും തമ്മിലുള്ള പ്രത്യേകവും, വിശിഷ്ടവുമായ തന്ത്രപരമായ പങ്കാളിത്തം ഒരു സുപ്രധാന ഘടകമാണെന്നതില്‍ ഇരു നേതാക്കളും യോജിപ്പ് പ്രകടിപ്പിച്ചു. തുറന്നതും, പക്ഷപാതരഹിതവുമായ ഒരു ലോക ക്രമം സൃഷ്ടിക്കുന്നതില്‍ ഇന്ത്യയ്ക്കും, റഷ്യയ്ക്കും ഒരു പ്രധാന പങ്ക് വഹിക്കാനുണ്ടെന്ന വീക്ഷണം അവര്‍ പങ്ക് വച്ചു. ആഗോള സമാധാനവും, സുസ്ഥിരതയും നിലനിര്‍ത്തുന്നതില്‍ പൊതുവായ ചുമതലകളുള്ള വന്‍ ശക്തികളെന്ന നിലയിലുള്ള തങ്ങളുടെ പങ്കിനെ പരസ്പരം അംഗീകരിക്കാനും അവര്‍ തയ്യാറായി.
പ്രധാനപ്പെട്ട അന്താരാഷ്ട്ര വിഷയങ്ങളില്‍ ഇരു നേതാക്കളും ആഴത്തില്‍ ചര്‍ച്ച നടത്തി. ഒരു ബഹുധ്രുവ ലോക ക്രമം സൃഷ്ടിക്കേണ്ടതിന്‍റെ പ്രാധാന്യം അംഗീകരിച്ചു. ഇന്ത്യാ- പസഫിക് മേഖലയിലുള്‍പ്പെടെ പരസ്പരമുള്ള കൂടിയാലോചനകളും, ഏകോപനവും തീവ്രമാക്കാനും ഇരു നേതാക്കളും തീരുമാനിച്ചു. ഐക്യരാഷ്ട്രസഭ, ഷാങ്ഹായ് സഹകരണ സംഘടന, ബ്രിക്സ്, ജി 20 തുടങ്ങിയ ബഹുതല സംഘടനകളില്‍ തുടര്‍ന്നും യോജിച്ച് പ്രവര്‍ത്തിക്കാന്‍ പ്രധാനമന്ത്രി മോദിയും, പ്രസിഡന്‍റ് പുടിനും തീരുമാനിച്ചു.
ഭീകരവാദത്തെയും, തീവ്രവാദത്തെയും കുറിച്ചുള്ള തങ്ങളുടെ ആശങ്കകളും, എല്ലാ തരത്തിലുമുള്ള ഭീകരവാദത്തെ ചെറുക്കാനുള്ള തങ്ങളുടെ നിശ്ചയ ദാര്‍ഢ്യവും ഇരു നേതാക്കളും പ്രകടിപ്പിച്ചു. ഈ പശ്ചാത്തലത്തില്‍ ഭീകരവാദ ഭീഷണിയില്‍ നിന്ന് മുക്തമായ ഒരു അന്തരീക്ഷത്തില്‍ അഫ്ഗാനിസ്ഥാനില്‍ സമാധാനവും, സ്ഥിരതയും പുനസ്ഥാപിക്കേണ്ടതിന്‍റെ ആവശ്യം അവര്‍ ശരി വയ്ക്കുകയും ഈ ലക്ഷ്യത്തിലേയ്ക്കായി യോജിച്ച് പ്രവര്‍ത്തിക്കാനും തീരുമാനിച്ചു.
ദേശീയ പ്രാധാന്യമുള്ള പദ്ധതികളെയും, മുന്‍ഗണനകളെയും കുറിച്ചുള്ള കാഴ്ചപ്പാടുകളും രണ്ട് നേതാക്കളും വിശദമായി കൈമാറി. ഇന്ത്യയും, റഷ്യയും തമ്മിലുള്ള ബന്ധങ്ങളുടെ മുഖമുദ്രയായ ആഴത്തിലുള്ള വിശ്വാസം, പരസ്പര ബഹുമാനം എന്നിവയില്‍ അവര്‍ തൃപ്തി രേഖപ്പെടുത്തി. 2017 ജൂണില്‍ സെന്‍റ് പീറ്റേഴ്സ്ബര്‍ഗില്‍ നടന്ന അവസാന ഉഭയകക്ഷി ഉച്ചകോടിക്ക് ശേഷമുള്ള വ്യക്തമായ ഗതിവേഗത്തില്‍ തൃപ്തി രേഖപ്പെടുത്തിയ രണ്ട് നേതാക്കളും, ഈ വര്‍ഷം ഇന്ത്യയില്‍ നടക്കാന്‍ പോകുന്ന ഉച്ചകോടിയുടെ മൂര്‍ത്തമായ ഫലങ്ങള്‍ സംബന്ധിച്ച രേഖ തയ്യാറാക്കാന്‍ തങ്ങളുടെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
വ്യാപാരത്തിലും, നിക്ഷേപത്തിലും വര്‍ദ്ധിച്ച കൂട്ട് പ്രവര്‍ത്തനം സാധ്യമാക്കാന്‍ ഇന്ത്യയുടെ നിതി ആയോഗും, റഷ്യന്‍ ഫെഡറേഷന്‍റെ സാമ്പത്തിക മന്ത്രാലയവും തമ്മില്‍ തന്ത്രപരമായ ധനകാര്യ ചര്‍ച്ചകള്‍ക്ക് തുടക്കമിടാന്‍ രണ്ട് നേതാക്കളും സമ്മതിച്ചു. ഊര്‍ജ്ജ മേഖലയില്‍ വര്‍ദ്ധിച്ച് വരുന്ന സഹകരണത്തില്‍ സംതൃപ്തി രേഖപ്പെടുത്തിയ അവര്‍, ഗ്യാ സ്പ്രോമും, ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയും തമ്മിലുള്ള ദീര്‍ഘകാല കരാര്‍ പ്രകാരം അടുത്ത മാസം എത്തിച്ചേരുന്ന എല്‍.എൻ.ജി. യുടെ ആദ്യ കണ്‍സൈന്‍മെന്‍റിനെ സ്വാഗതം ചെയ്തു. സൈനിക, സുരക്ഷിതത്വ, ആണവോര്‍ജ്ജ രംഗങ്ങളില്‍ ദീര്‍ഘകാല പങ്കാളിത്തത്തിന്‍റെ പ്രാധാന്യം ആവര്‍ത്തിച്ച ഇരു നേതാക്കളും, ഈ മേഖലകളില്‍ തുടരുന്ന സഹകരണത്തെ സ്വഗതം ചെയ്തു.
രണ്ട് നേതാക്കളും തമ്മിലുള്ള വാര്‍ഷിക ഉച്ചകോടികള്‍ക്ക് പുറമെ, നേതൃത്വ തലത്തില്‍ ഒരു അധിക ഇടപഴകലിനായി അനൗപചാരിക ഉച്ചകോടികള്‍ സംഘടിപ്പിക്കാനുള്ള ആശയത്തെ ഇരുവരും സ്വാഗതം ചെയ്തു.
ഇന്ത്യയില്‍ ഈ വര്‍ഷം നടക്കാനിരിക്കുന്ന വാര്‍ഷിക ഉച്ചകോടിയിലേയ്ക്ക് പ്രധാനമന്ത്രി പ്രസിഡന്‍റ് പുടിനെ ക്ഷണിച്ചു.