ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ അന്താരാഷ്ട്ര ടെലികമ്മ്യൂണിക്കേഷൻ യൂണിയൻ - ലോക ടെലികമ്മ്യൂണിക്കേഷൻ സ്റ്റാൻഡേർഡൈസേഷൻ അസംബ്ലി (ഐ ടി യു -ഡബ്ലിയു ടി സ് എ) 2024-നിടെ നടന്ന ഇന്ത്യ മൊബൈൽ കോൺഗ്രസിൻ്റെ എട്ടാം പതിപ്പ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്തു. യുണൈറ്റഡ് നേഷൻസ് ഏജൻസി ഫോർ ഡിജിറ്റൽ ടെക്നോളജീസ് എന്ന ഇൻ്റർനാഷണൽ ടെലികമ്മ്യൂണിക്കേഷൻ യൂണിയൻ്റെ സ്റ്റാൻഡേർഡൈസേഷൻ പ്രവർത്തനങ്ങളുടെ നാലു വർഷത്തിലൊരിക്കൽ സംഘടിപ്പിക്കുന്ന ഭരണ സമ്മേളനമാണ് ഡബ്ലിയു ടി സ് എ. ഇതാദ്യമായാണ് ഇന്ത്യയും ഏഷ്യ-പസഫിക്കും ഐ ടി യു-ഡബ്ലിയു ടി സ് എയ്ക്ക് ആതിഥേയത്വം വഹിക്കുന്നത്. ടെലികോം, ഡിജിറ്റൽ, ഐ സി ടി മേഖലകളെ പ്രതിനിധീകരിച്ച് 190-ലധികം രാജ്യങ്ങളിൽ നിന്നുള്ള 3,000-ലധികം വ്യവസായ പ്രമുഖർ, നയരൂപീകരണ വിദഗ്ധർ, സാങ്കേതിക വിദഗ്ധർ എന്നിവരെ ഒരുമിച്ച് കൊണ്ടുവരുന്ന ഒരു സുപ്രധാന ആഗോള പരിപാടിയാണിത്.
ഇന്ത്യയുടെ ശ്രദ്ധേയമായ ഡിജിറ്റൽ പരിവർത്തനത്തിന് ഉത്തേജനം നൽകിയ ദർശനാത്മകമായ നേതൃത്വത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ റിലയൻസ് ജിയോ-ഇൻഫോകോം ലിമിറ്റഡിൻ്റെ ചെയർമാൻ ശ്രീ ആകാശ് അംബാനി അഭിനന്ദിച്ചു. മൂന്നാം തവണയും അദ്ദേഹത്തിന്റെ നേതൃത്വം ഇന്ത്യയുടെ ശ്രദ്ധേയമായ ഡിജിറ്റൽ പരിവർത്തനത്തിന് ഉത്തേജനം നൽകിയതായി അംബാനി പറഞ്ഞു. ഡിജിറ്റൽ മേഖലയിൽ അഭൂതപൂർവമായ വളർച്ചയ്ക്ക് പ്രേരിപ്പിക്കുന്ന നവീകരണത്തിനും സഹകരണത്തിനുമുള്ള സുപ്രധാന വേദിയായി ഇന്ത്യൻ മൊബൈൽ കോൺഗ്രസിനെ (ഐ എം സി) ശ്രീ മോദി മാറ്റിയെന്നും അദ്ദേഹം പറഞ്ഞു. 2ജി വേഗതയിൽ ബുദ്ധിമുട്ടുന്ന ഒരു രാഷ്ട്രത്തിൽ നിന്ന് ലോകത്തിലെ ഏറ്റവും വലിയ ഡാറ്റാ വിപണിയായി ഇന്ത്യ മാറിയെന്ന് ശ്രീ അംബാനി അഭിപ്രായപ്പെട്ടു. മൊബൈൽ ബ്രോഡ്‌ബാൻഡ് സ്വീകരിക്കുന്നതിൽ 155-ാം സ്ഥാനത്തുനിന്നും ഇന്നത്തെ അവസ്ഥയിലേക്കുള്ള ഇന്ത്യയുടെ യാത്ര, ഗവണ്മെന്റും വ്യവസായവും തമ്മിലുള്ള സഹവർത്തിത്വത്തിൻ്റെ ശക്തി പ്രകടമാക്കുന്നുവെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ജൻധൻ അക്കൗണ്ടുകൾ പോലുള്ള സംരംഭങ്ങളിലൂടെ ബാങ്ക് അക്കൗണ്ടുകൾ ഇല്ലാതിരുന്ന 530 ദശലക്ഷത്തിലധികം ഇന്ത്യക്കാരെ അതിൽ ഉൾപ്പെടുത്തിയതായും അദ്ദേഹം എടുത്തുപറഞ്ഞു. ഇതിൽ പ്രധാന പങ്ക് സ്ത്രീകളാണ്. "നവീകരണത്തോടുള്ള മോദി ജിയുടെ പ്രതിബദ്ധത, ആരെയും പിന്നിലാക്കാതെ സാങ്കേതികവിദ്യ നമ്മുടെ രാജ്യത്തിൻ്റെ എല്ലാ കോണുകളിലും എത്തുന്നുവെന്ന് ഉറപ്പാക്കി", ശ്രീ അംബാനി പറഞ്ഞു. 2047-ഓടെ വികസിത ഇന്ത്യയെ ലക്ഷ്യമിട്ട് വിവിധ മേഖലകളിലുടനീളം ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എ ഐ ) ഒരു പരിവർത്തന ഉപാധിയായി ഉയർത്താൻ അദ്ദേഹം നിർദ്ദേശിച്ചു. അതോടൊപ്പം, ശക്തമായ എ ഐ ആവാസവ്യവസ്ഥയെ പരിപോഷിപ്പിച്ചുകൊണ്ട് ഇന്ത്യൻ ഡാറ്റ രാജ്യത്തിനുള്ളിൽ തന്നെ നിലനിർത്തുന്നതിന് ഡാറ്റാ സെൻ്റർ നയത്തിൻ്റെ പരിഷ്കരണത്തിനായി അദ്ദേഹം അഭ്യർത്ഥിച്ചു.
ഡിജിറ്റൽ ഇന്ത്യയ്‌ക്കായുള്ള പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ വീക്ഷണം ഊന്നിപ്പറഞ്ഞുകൊണ്ട്, ടെലികോം ഇൻഫ്രാസ്ട്രക്ചറിലും ഡിജിറ്റൽ ടെക്‌നോളജിയിലും അതിൻ്റെ പരിവർത്തനപരമായ പുരോഗതി വെളിവാക്കുന്ന ഇന്ത്യയുടെ ടെലികോം യാത്രയെ ഭാരതി എയർടെല്ലിൻ്റെ സ്ഥാപകനും ചെയർമാനുമായ ശ്രീ. സുനിൽ ഭാരതി മിത്തൽ പ്രകീർത്തിച്ചു. "4ജി വിപ്ലവത്തിന് തിരികൊളുത്തിയ ‘ഡിജിറ്റൽ ഇന്ത്യ’ എന്ന പ്രധാനമന്ത്രി മോദിയുടെ കാഴ്ചപ്പാടോടെയാണ് 2014ൽ യഥാർത്ഥ പരിവർത്തനം ആരംഭിച്ചത്. ഇത് നമ്മുടെ ഗ്രാമപ്രദേശങ്ങളിലുള്ളവരുൾപ്പെടെ ദശലക്ഷക്കണക്കിന് ആളുകളെ സ്‌മാർട്ട്‌ഫോണുകളും അവശ്യ ഡിജിറ്റൽ സേവനങ്ങളും പ്രാപ്യമാക്കുന്നതിൽ ശാക്തീകരിച്ചു," അദ്ദേഹം പറഞ്ഞു. ഗ്രാമപ്രദേശങ്ങളിലുൾപ്പെടെ ദശലക്ഷക്കണക്കിന് ആളുകൾക്ക് സ്മാർട്ട്ഫോണുകളും ഡിജിറ്റൽ സേവനങ്ങളും എത്തിച്ച 4ജി സാങ്കേതികവിദ്യയുടെ പരിവർത്തനപരമായ സ്വാധീനം അദ്ദേഹം എടുത്തുപറഞ്ഞു. ഇന്ത്യയെ ടെലികോം ഉപകരണങ്ങളുടെ നിർമ്മാണ കേന്ദ്രമായി ഉയർത്തിക്കൊണ്ട് ഉല്പാദന ബന്ധിത പ്രോത്സാഹന (പിഎൽഐ) പരിപാടിയിലൂടെ പ്രാദേശിക ഉൽപ്പാദനം ഉത്തേജിപ്പിക്കുന്നതിനുള്ള ഗവൺമെൻ്റിൻ്റെ സംരംഭങ്ങൾക്ക് അദ്ദേഹം അടിവരയിട്ടു. “ഇറക്കുമതി ആശ്രിതത്വം കുറയ്ക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെൻ്റീവ് (പിഎൽഐ) പ്രോഗ്രാം പോലുള്ള സംരംഭങ്ങളിലൂടെ, ഞങ്ങൾ ഇന്ത്യയെ ടെലികോം ഉപകരണങ്ങളുടെ നിർമ്മാണ കേന്ദ്രമാക്കി മാറ്റുകയാണ്, ”അദ്ദേഹം പറഞ്ഞു. അടുത്ത 12 മുതൽ 18 മാസക്കാലയളവിനുള്ളിൽ നഗരങ്ങളിലും ഗ്രാമങ്ങളിലും വിപുലമായ രീതിയിൽ പുതിയ ഉത്പന്നങ്ങൾ പുറത്തിറക്കുന്നത് ആസൂത്രണം ചെയ്യുന്നതിലൂടെ 5G സാങ്കേതികവിദ്യയിൽ ഇന്ത്യയെ നയിക്കാൻ തയ്യാറാണെന്ന് ഭാവി പദ്ധതികൾ ചർച്ച ചെയ്തുകൊണ്ട് മിത്തൽ പ്രഖ്യാപിച്ചു. ലോ എർത്ത് ഓർബിറ്റ് (എൽ ഇ ഓ) ശൃംഖലകളുടെ സാധ്യതകളെക്കുറിച്ചും അദ്ദേഹം ചർച്ച ചെയ്തു. “ഈ ശൃംഖലകൾ നമ്മുടെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഭൂപ്രദേശങ്ങളിലെ കണക്‌റ്റിവിറ്റി വിടവ് നികത്തുകയും, എല്ലാ ഇന്ത്യക്കാർക്കും അതിവേഗ ഇൻ്റർനെറ്റ് സേവനങ്ങൾ ലഭ്യമാകുമെന്ന് ഉറപ്പാക്കുകയും ചെയ്യും,” അദ്ദേഹം കൂട്ടിച്ചേർത്തു.
ഡിജിറ്റൽ ബന്ധിപ്പിക്കലിന്റെ പ്രാധാന്യം സ്ഥിരമായി തിരിച്ചറിഞ്ഞ്, ഇന്ത്യയെ കൂടുതൽ ബന്ധിതവും ശാക്തീകരിക്കപ്പെട്ടതും ഉൾച്ചേർക്കുന്നതുമായ ഡിജിറ്റൽ രാഷ്ട്രത്തിലേക്ക് നയിക്കുന്നതിന് ഗവൺമെന്റ് നൽകുന്ന ഉറച്ച പിന്തുണയും വർഷങ്ങളായി നിരവധി പരിഷ്‌കാരങ്ങൾ അവതരിപ്പിക്കുന്നതും ആദിത്യ ബിർള ഗ്രൂപ്പ് ചെയർമാൻ ശ്രീ കുമാർ മംഗലം ബിർള ഉയർത്തിക്കാട്ടി. ജനങ്ങളേയും വ്യാപാരത്തേയും ഒരുപോലെ ഡിജിറ്റലായി സ്വീകരിച്ചുകൊണ്ട് ഡിജിറ്റൽ അടിസ്ഥാനസൗകര്യം വിപുലീകരിക്കുന്നതിനും ത്വരിതപ്പെടുത്തുന്നതിനും ഗവൺമെന്റ് തുടർച്ചയായി നൽകുന്ന ഊന്നലിനേയും അദ്ദേഹം പ്രശംസിച്ചു. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് പരമാവധി പിന്തുണ എന്നർത്ഥം വരുന്ന എം.എസ്.എം.ഇ സംബന്ധിച്ച പ്രധാനമന്ത്രിയുടെ ഉദ്ധരണി അനുസ്മരിച്ച ശ്രീ ബിർള, ഇന്ത്യയിലെ ചെറുകിട വ്യവസായങ്ങളെ ഭാവിയെ അഭിമുഖീകരിക്കാൻ തയാറാക്കാനായി പരമാവധി പിന്തുണ നൽകാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും പറഞ്ഞു. 5ജി, ഐ.ഒ.ടി, നിർമ്മിത ബുദ്ധി, ക്ലൗഡ് സേവനങ്ങൾ തുടങ്ങിയ സാങ്കേതിക വിദ്യകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് ഊന്നൽ നൽകിയ അദ്ദേഹം, ഇന്ത്യയുടെ എം.എസ്.എംഇകളെ സാമ്പത്തിക വളർച്ചയിലേക്ക് നയിക്കാൻ പ്രാപ്തമാക്കുന്ന സമ്പന്നമായ ഒരു ഡിജിറ്റൽ ആവാസവ്യവസ്ഥ സൃഷ്ടിക്കാൻ കഴിയുമെന്ന വിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു. ടെലി-മെഡിസിനിൽ 10 കോടി ടെലികമ്മ്യൂണിക്കേഷൻ കൺസൾട്ടേഷനുകൾ എന്ന ശ്രദ്ധേയമായ നേട്ടം ഇന്ത്യ കൈവരിച്ചിട്ടുണ്ടെന്നും ഇത് ഓരോ ഇന്ത്യക്കാരനും അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം ഗവൺമെന്റ് റെഗുലേറ്ററും വ്യവസായ മേഖലയും അഭിസംബോധന ചെയ്ത ഏറ്റവും പ്രധാനപ്പെട്ട പ്രശ്‌നങ്ങളിലൊന്ന് ചൂണ്ടിക്കാട്ടിയ ശ്രീ ബിർള, സ്പാം നിയന്ത്രണത്തെയും വഞ്ചനകളിൽ നിന്നുള്ള സംരക്ഷണത്തെയും പരാമർശിക്കുകയും ചെയ്തു. ഇന്ത്യൻ ടെലികോം മേഖലയുടെ സാദ്ധ്യതകളെ കുറിച്ച് സംസാരിച്ച അദ്ദേഹം പ്രധാനമന്ത്രിയുടെ ഡിജിറ്റൽ ഇന്ത്യ എന്ന ധീരമായ കാഴ്ചപ്പാടിനെ പ്രശംസിക്കുകയും ചെയ്തു. ഗവൺമെന്റിന്റെ തുടർ പിന്തുണയോടെ തങ്ങൾ തങ്ങളുടെ ഭാഗം നിർവഹിക്കുമെന്നും പ്രധാനമന്ത്രിയുടെ ഡിജിറ്റൽ ഇന്ത്യ പദ്ധതി സാക്ഷാത്കരിക്കാൻ സഹായിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസത്തോടെ വ്യക്തമാക്കി. കഴിഞ്ഞ വർഷം അക്ഷരാർത്ഥത്തിൽ അസാധാരണമാക്കിയതിന് ഗവൺമെന്റിനും ടെലികോം സമൂഹത്തിനാകെയും അദ്ദേഹം നന്ദി രേഖപ്പെടുത്തി.
2024 വേൾഡ് ടെലികമ്മ്യൂണിക്കേഷൻ സ്റ്റാൻഡേർഡൈസേഷൻ അസംബ്ലിയുടെയും ഇന്ത്യ മൊബൈൽ കോൺഗ്രസിന്റെയും ഈ സംയുക്ത ചടങ്ങിൽ പ്രധാനമന്ത്രിയ്‌ക്കൊപ്പം പങ്കെടുക്കാൻ സാധിച്ചത് വലിയ ബഹുമതിയാണെന്ന് ഐ.ടി.യു സെക്രട്ടറി ജനറൽ ഡോറിൻ ബോഗ്ദാൻ മാർട്ടിൻ പറഞ്ഞു. ഐ.ടി.യുവും ഇന്ത്യയും തമ്മിലുള്ള അഗാധമായ ബന്ധത്തിന്റെ ശക്തമായ പ്രതീകമാണിതെന്ന് പറഞ്ഞ ഡോറിൻ ബോഗ്ദാൻ, കഴിഞ്ഞ വർഷം ഐ.ടി.യു ഏരിയ ഓഫീസിന്റെയും ഇന്നോവേഷൻ സെന്ററിന്റെയും ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രിയുമായി നടത്തിയ സംഭാഷണത്തെ അനുസ്മരിക്കുകയും ചെയ്തു. ഏതാനും ആഴ്ചകൾക്ക് മുമ്പ് ലോക നേതാക്കൾ ന്യൂയോർക്കിൽ വെച്ച് ഒത്തുചേർന്നതിനെക്കുറിച്ചും, ഡിജിറ്റൽ ഭാവിയെക്കുറിച്ച് ശക്തമായ ഒരു സന്ദേശം ലോകത്തിന് നൽകികൊണ്ട് ഭാവിയ്ക്കായുള്ള ഉടമ്പടിയും അതിന്റെ ആഗോള ഡിജിറ്റൽ രൂപവും സ്വീകരിച്ചതിനെക്കുറിച്ചും അവർ കൂട്ടിച്ചേർത്തു. ആഗോള ഡിജിറ്റൽ ഭരണസംവിധാനത്തിന്റെ ആവശ്യകതയ്ക്ക് പ്രധാനമന്ത്രി നൽകിയ ഊന്നൽ അനുസ്മരിച്ച ഡോറിൻ ബോഗ്ദാൻ, അദ്ദേഹം ഇന്ത്യയുടെ ഭാവി പദ്ധതികൾ ലോകത്തിനു മുന്നിൽ ഉയർത്തക്കാട്ടിയതും, മാതൃകയായി മുന്നിൽ നിന്നു നയിക്കാനും തങ്ങളുടെ ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങൾ ലോകമെമ്പാടുമുള്ള പങ്കിടാനുമുള്ള സന്നദ്ധത പ്രകടമാക്കിയും സൂചിപ്പിച്ചു. ഡി.പി.ഐക്ക് വലിയ മുൻഗണന നൽകിയിരുന്ന ഇന്ത്യയുടെ ജി20 ആദ്ധ്യക്ഷതയെ പരാമർശിച്ച ബോഗ്ദാൻ മാർട്ടിൻ, ഐ.ടി.യു ഒരു വിജ്ഞാന പങ്കാളിയാകുന്നതിൽ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. ഏകീകൃത പേയ്മെന്റ് ഇന്റർഫേസുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ നേട്ടങ്ങളിൽ നിന്ന് ലോകത്തിന് ധാരാളം പഠിക്കാനുണ്ടെന്നതിന് അവർ അടിവരയിട്ടു. മാനദണ്ഡങ്ങൾ വിശ്വാസം വളർത്തിയെടുക്കുമെന്നും, അത്തരം വേദികളെ വലിയ അളവിൽ പ്രവർത്തിക്കാൻ അനുവദിക്കുന്ന എൻജിനാണ് അവയെന്നും മൊബൈൽ ഉപകരണ പ്രാപ്യതയിലൂടെ ഓരോ ഇന്ത്യക്കാരനും ജീവിതം മാറ്റിമറിക്കുന്ന സേവനം അവ ലഭ്യമാക്കുമെന്നും അവർ ഊന്നിപ്പറഞ്ഞു. വിശ്വാസ്യത ഉൾച്ചേർക്കലിനെ പരിപോഷിപ്പിക്കുമെന്നും ഉൾച്ചേർക്കൽ ഡിജിറ്റൽ സാങ്കേതിക വിദ്യകളുടെ പരമാവധി സാധ്യതകൾ വെളിപ്പെടുത്തുമെന്നും അവർ കൂട്ടിച്ചേർത്തു. ഇപ്പോഴും ഓഫ്‌ലൈനിൽ തുടരുന്ന മനുഷ്യരാശിയുടെ മൂന്നിലൊന്ന് വരുന്ന
ജനവിഭാഗമുൾപ്പെടെ എല്ലാവർക്കും ഉപയോഗപ്പെടുന്നതായിരിക്കും ഈ സാധ്യതകൾ. ഇത്തരത്തിലുള്ള ഏഷ്യയിലെ തന്നെ ആദ്യ യോഗമാണിതെന്ന് പറഞ്ഞ അവർ, കൂട്ടായ പ്രവർത്തനത്തിന് ആഹ്വാനം ചെയ്യുകയും ചെയ്തു. ആഗോള ഡിജിറ്റൽ ഭരണസംവിധാനത്തിന്റെ അടിസ്ഥാന ശിലയായെന്ന നിലയിൽ അന്താരാഷ്ട്ര നിലവാരം വഹിക്കുന്ന പങ്ക് അടുത്ത 10 ദിവസത്തിനുള്ളിൽ ശക്തിപ്പെടുത്താൻ കഴിയുമെന്ന ആത്മവിശ്വാസവും അവർ പ്രകടിപ്പിച്ചു. നിർമ്മിതബുദ്ധിയുടെ ഉപയോഗത്തിലെ ധാർമ്മികതയെക്കുറിച്ചും പരാമർശിച്ച അവർ, സാങ്കേതിക പുരോഗതിയെ ഡിജിറ്റൽ ഉൾച്ചേർക്കലിനോടൊപ്പം വിന്യസിക്കാൻ അഭ്യർത്ഥിക്കുകയും ചെയ്തു.