ഇന്ത്യന്‍ റെയില്‍വേയുടെ മേക്ക് ഇന്‍ ഇന്ത്യ ഉദ്യമത്തിന് ‘വന്ദേ ഭാരത് എക്‌സ്പ്രസ്” എന്ന ഇന്ത്യയുടെ ആദ്യ സെമി ഹൈ സ്പീഡ് ട്രെയിനിലൂടെ പരിസമാപ്തിയായി.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദി നാളെ രാവിലെ ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കാണ്‍പൂര്‍ – അലഹബാദ് – വാരാണസി റൂട്ടിലുള്ള ട്രെയിനിന്റെ കന്നി യാത്ര ഫ്‌ളാഗ് ഓഫ് ചെയ്യും. ട്രെയിനിലെ സൗകര്യങ്ങള്‍ പരിശോധിക്കുന്ന അദ്ദേഹം ഒരു സദസ്സിനെയും തദവസരത്തില്‍ അഭിസംബോധന ചെയ്യും.
കേന്ദ്ര റെയില്‍വേ, കല്‍ക്കരി മന്ത്രി ശ്രീ. പീയുഷ് ഗോയല്‍, ഉദ്യോഗസ്ഥ സംഘം, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ട്രെയിനിന്റെ നാളത്തെ കന്നിയാത്രയില്‍ സഞ്ചരിക്കും. കാണ്‍പൂരിലും അലഹബാദിലും നിര്‍ത്തുന്ന ട്രെയിനിനെ അവിടങ്ങളില്‍ വിശിഷ്ട വ്യക്തികളും ജനങ്ങളും ചേര്‍ന്ന് സ്വീകരിക്കും.
മണിക്കൂറില്‍ പരമാവധി 160 കിലോമീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിക്കാന്‍ കഴിയുന്ന വന്ദേ ഭാരത് എക്‌സ്പ്രസില്‍ ശതാബ്ദി ട്രെയിനിനേക്കാള്‍ മെച്ചപ്പെട്ട യാത്രാ സൗകര്യങ്ങള്‍ ഉണ്ടായിരിക്കും. യാത്രികര്‍ക്ക് തീര്‍ത്തും പുതിയൊരു യാത്രാനുഭവം പകരുകയാണ് ലക്ഷ്യം.
ന്യൂഡല്‍ഹിക്കും വാരാണസിക്കും ഇടയിലുള്ള ദൂരം എട്ട് മണിക്കൂര്‍ കൊണ്ട് താണ്ടുന്ന ട്രെയിന്‍ തിങ്കള്‍, വ്യാഴം എന്നിവ ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും സര്‍വ്വീസ് നടത്തും.
എല്ലാ കോച്ചുകളിലും ഓട്ടോമാറ്റിക് ഡോറുകള്‍, യാത്രക്കാര്‍ക്കായി ജി.പി.എസ് അധിഷ്ഠിത ദൃശ്യ, ശ്രവ്യ വിവര വിനിമയ സംവിധാനം, വിനോദാവശ്യങ്ങള്‍ക്കായി വൈ-ഫൈ ഹോട്ട് സ്‌പോട്ടുകള്‍, സുഖകരമായ സീറ്റുകള്‍ മുതലായവ ഘടിപ്പിച്ചിട്ടുണ്ട്. എല്ലാ ശൗചാലയങ്ങളും ബയോ വാക്വം തരത്തിലുള്ളവയാണ്. ഓരോ സീറ്റിലും രണ്ട് തരം ലൈറ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൊതുവായി വെളിച്ചം ലഭിക്കുന്നതരത്തിലും, ഓരോ സീറ്റിലേക്കും വ്യക്തിപരമായി ലഭിക്കത്തക്ക തരത്തിലും. ഭക്ഷണ പാനീയങ്ങള്‍ ചൂടോടെ യാത്രക്കാര്‍ക്ക് ലഭ്യമാക്കുന്നതിന് എല്ലാ കോച്ചുകളിലും ഓരോ പാന്‍ട്രി കാര്‍ ഉണ്ടാകും. യാത്രക്കാര്‍ക്ക് കൂടുതല്‍ സുഖകരമായ യാത്ര ഉറപ്പു വരുത്തുന്നതിന് ചൂടും ശബ്ദവും ഏറ്റവും കുറഞ്ഞ തോതില്‍ മാത്രം അനുഭവപ്പെടുന്ന തരത്തിലുള്ള ഇന്‍സുലേഷനാണ് ഉപയോഗിച്ചിട്ടുള്ളത്.
16 എയര്‍ കണ്ടീഷന്‍ഡ് കോച്ചുകളുള്ള വന്ദേ ഭാരത് എക്‌സ് പ്രസില്‍ രണ്ടെണ്ണം എക്‌സിക്യൂട്ടീവ് ക്ലാസ്സില്‍ പെട്ടവയാണ്. 1,128 യാത്രക്കാരെയാണ് ട്രെയിനില്‍ ഉള്‍ക്കൊള്ളാനാവുക. ഇത്രയും നല്ല കോച്ചുകളുള്ള ശതാബ്ദി ട്രെയിനുകളില്‍ ഉള്‍ക്കൊള്ളാവുന്ന യാത്രക്കാരേക്കാള്‍ കൂടുതലാണിത്. ഡ്രൈവറുടേതുള്‍പ്പെടെ എല്ലാ കോച്ചുകളിലും ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ അടിഭാഗത്തേക്ക് മാറ്റിയത് വഴിയാണ് ഇത് സാധ്യമായത്.
പരിസ്ഥിതി സൗഹൃദ നടപടികളുടെ ഭാഗമായി വന്ദേ ഭാരത് എക്‌സ്പ്രസ് കോച്ചുകളില്‍ 30 ശതമാനം വൈദ്യുതോര്‍ജ്ജം ലാഭിക്കാന്‍ കഴിയുന്ന തരത്തിലുള്ള ബ്രേക്കിംഗ് സംവിധാനമാണ് ഉപയോഗിച്ചിട്ടുള്ളത്.
വേഗത, സുരക്ഷിതത്വം, സേവനം എന്നിവയാണ് ഈ ട്രെയിനിന്റെ മുഖമുദ്രകള്‍. റെയില്‍വേയുടെ നിര്‍മ്മാണ യൂണിറ്റായ ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയാണ് വെറും 18 മാസം കൊണ്ട് പൂര്‍ണ്ണമായും തദ്ദേശീയമായി രൂപകല്‍പന ചെയ്ത് നിര്‍മ്മിച്ച ഈ ട്രെയിനിന് പിന്നിലെ ശക്തി.
പ്രധാനമന്ത്രിയുടെ മേക്ക് ഇന്‍ ഇന്ത്യ ദര്‍ശനത്തിന് അനുസൃതമായി ഈ ട്രെയിനിന്റെ പ്രധാന ഭാഗങ്ങളെല്ലാം ഇന്ത്യയില്‍ തന്നെ രൂപകല്പന ചെയ്ത് നിര്‍മ്മിച്ചവയാണ്. പ്രവര്‍ത്തനം, സുരക്ഷിതത്വം, സുഖസൗകര്യം എന്നിവയില്‍ ആഗോള നിലവാരത്തിനൊപ്പം നില്‍ക്കുന്ന, അതേസമയം ആഗോള ടിക്കറ്റ് നിരക്കിന്റെ പകുതിയിലും താഴെ മാത്രം ചെലവു വരുന്ന ഈ ട്രെയിന്‍ ലോകത്തെ റെയില്‍വേ ബിസിനസ്സിന്റെ മുഖമുദ്ര തന്നെ മാറ്റും.