ഇന്ത്യയുടെ രാഷ്ട്രപതി ബഹുമാനപ്പെട്ട ശ്രീ. രാംനാഥ് കോവിന്ദിന്റെ ക്ഷണപ്രകാരം വിയറ്റ്‌നാം പ്രസിഡന്റ് ബഹുമാനപ്പെട്ട ട്രാന്‍ ഡായ് ക്വാങ്ങ് ഭാര്യാസമേതം 2018 മാര്‍ച്ച് രണ്ടു മുതല്‍ നാലുവരെ ഔദ്യോഗികമായി ഇന്ത്യ സന്ദര്‍ശിച്ചു. ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശ്രീ. ഫാം ബിന്‍ മിന്‍, വിവിധ മന്ത്രാലയങ്ങളിലെയും പ്രവിശ്യകളിലെയും നേതാക്കള്‍, വന്‍ കച്ചവട പ്രതിനിധിസംഘം എന്നിവര്‍ വിയറ്റ്‌നാം പ്രസിഡന്റിനെ അനുമഗിച്ചു.
സന്ദര്‍ശനത്തിനെത്തിയ ട്രാന്‍ ഡായ് ക്വാങ്ങിനെ രാഷ്ട്രപതി സ്വീകരിച്ചു. രാഷ്ട്രപതി ഭവനില്‍ അദ്ദേഹത്തിനു ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. അദ്ദേഹം രാജ്ഘട്ടിലെ മഹാത്മാഗാന്ധി സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തുകയും രാഷ്ട്രപതിയുമായി ചര്‍ച്ച നടത്തുകയും ഔദ്യോഗിക വിരുന്നില്‍ പങ്കെടുക്കുകയും ചെയ്തു. പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുമായി ഉന്നതതല പ്രതിനിധിസംഘ ചര്‍ച്ചകള്‍ നടത്തി. ബഹുമാനപ്പെട്ട ലോക്‌സഭാ അധ്യക്ഷ ശ്രീമതി സുമിത്ര മഹാജന്‍, ബഹുമാനപ്പെട്ട വിദേശകാര്യ മന്ത്രി ശ്രീമതി സുഷമ സ്വരാജ് എന്നിവരെയും ഒട്ടേറെ പ്രമുഖ നേതാക്കളെയും അദ്ദേഹം കണ്ടു. വിയറ്റ്‌നാം-ഇന്ത്യ കച്ചവട ഫോറത്തെ അഭിസംബോധന ചെയ്ത അദ്ദേഹം വ്യവസായ, വാണിജ്യ മേഖലകളിലെ പ്രമുഖരായ ഭാരതീയരുമായി ചര്‍ച്ച നടത്തുകയും ചെയ്തു. നേരത്തേ, അദ്ദേഹം ബോധ് ഗയ സന്ദര്‍ശിച്ചിരുന്നു.
പ്രധാനമന്ത്രി മോദി 2016ല്‍ വിയറ്റ്‌നാം സന്ദര്‍ശിച്ചതു മുതല്‍ മെച്ചപ്പെട്ടുവരുന്ന ഉഭയകക്ഷിബന്ധവും കൂടുതല്‍ മേഖലകളിലുള്ള സഹകരണവും പ്രതിഫലിപ്പിക്കുംവിധം ഊഷ്മളവും ഹൃദ്യവും സൗഹാര്‍ദപരവും ആയിരുന്നു പ്രതിനിധിതല ചര്‍ച്ചകള്‍. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ സമഗ്ര നയതന്ത്ര പങ്കാളിത്തമായി വികസിപ്പിക്കാന്‍ ഉതകുന്നതായിരുന്നു സന്ദര്‍ശനം. ചര്‍ച്ചകള്‍ക്കുശേഷം നടന്ന ആണവോര്‍ജം, വ്യാപാരം, കൃഷി, മല്‍സ്യബന്ധനം തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ടുള്ള കരാറുകള്‍ കൈമാറല്‍ ചടങ്ങിന് പ്രസിഡന്റ് ട്രാന്‍ ഡായ് ക്വാങ്ങും പ്രധാനമന്ത്രി മോദിയും സാക്ഷ്യം വഹിച്ചു.
സാമ്പത്തിക, സാമൂഹിക, ശാസ്ത്ര സാങ്കേതിക മേഖലകളില്‍ കൈവരിച്ച നേട്ടങ്ങള്‍ക്കും ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തിയതിനും ഇന്ത്യയെ അഭിനന്ദിച്ച പ്രസിഡന്റ് ട്രാന്‍ ഡായ് ക്വാങ്ങ് മേഖലാതലത്തിലും രാജ്യാന്തര തലത്തിലും ഇന്ത്യയുടെ സ്ഥാനം മെച്ചപ്പെട്ടുവരുന്നതിനെ പിന്‍തുണച്ചു. സാമൂഹിക-സാമ്പത്തിക വികസനം, വിദേശ നയം എന്നീ മേഖലകളില്‍ നേട്ടം കൈവരിച്ചതിനു വിയറ്റ്‌നാമിനെ അഭിനന്ദിച്ച രാഷ്ട്രപതി കോവിന്ദും പ്രധാനമന്ത്രി മോദിയും ഒരു വ്യാവസായിക രാഷ്ട്രമാകുക എന്ന ലക്ഷ്യം നേടാന്‍ വിയറ്റ്‌നാമിനു വൈകാതെ തന്നെ സാധിക്കുമെന്നും മേഖലാതലത്തിലും ആഗോളതലത്തിലും നിര്‍ണായകമായ പങ്കു വഹിക്കുന്ന രാഷ്ട്രമായി മാറാന്‍ സാധിക്കുമെന്നും വിശ്വാസം പ്രകടിപ്പിച്ചു.
രാഷ്ട്രപിതാക്കന്‍മാരായ മഹാത്മാ ഗാന്ധിയും പ്രസിഡന്റ് ഹോ ചി മിനും തുടക്കമിട്ടതും പിന്നീടുള്ള തലമുറകളില്‍പ്പെട്ട ഇരു രാജ്യങ്ങളിലെയും നേതാക്കള്‍ മെച്ചപ്പെടുത്തിയതുമായ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ളതും കാലത്തെ അതിജീവിച്ചതുമായ, ഇരു രാഷ്ട്രങ്ങള്‍ തമ്മിലുള്ള സൗഹൃദം ഊട്ടിയുറപ്പിക്കുന്നതായിരുന്നു ഇരുവിഭാഗത്തുനിന്നും ഉള്ള നിലപാട്. ഇപ്പോള്‍ നിലനില്‍ക്കുന്ന സമഗ്ര നയതന്ത്ര പങ്കാളിത്തത്തില്‍ ഇരു രാഷ്ട്രങ്ങളും സംതൃപ്തി രേഖപ്പെടുത്തി. നയതന്ത്രബന്ധത്തിന്റെ 44ാം വാര്‍ഷികവും തന്ത്രപരമായ പങ്കാളിത്തത്തിന്റെ പത്താം വാര്‍ഷികവും ആഘോഷിക്കുന്നതിന്റെ ഭാഗമായി ഇരു രാജ്യങ്ങളിലും സൗഹൃദത്തിന്റെ വര്‍ഷം 2017ല്‍ നടന്ന പരിപാടികളെക്കുറിച്ചുള്ള അനുസ്മരണം നടന്നു. തദവസരത്തില്‍ ‘വിയറ്റ്‌നാം ഡേയ്‌സ് ഇന്‍ ഇന്ത്യ’ സംഘടിപ്പിച്ചതിനെ പ്രസിഡന്റ് ട്രാന്‍ ഡായ് ക്വാങ്ങ് അഭിനന്ദിച്ചു.
ഇപ്പോഴുള്ള മെച്ചപ്പെട്ട ബന്ധത്തിന്റെ പശ്ചാത്തലത്തില്‍ പാര്‍ട്ടി, ഗവണ്‍മെന്റ്, നിയമ നിര്‍മാണ സ്ഥാപനങ്ങള്‍, പ്രവിശ്യകള്‍, സംസ്ഥാനങ്ങള്‍ തുടങ്ങിയ തലങ്ങളില്‍ മുടങ്ങാതെയുള്ള പരസ്പര സന്ദര്‍ശനം നിലനിര്‍ത്താന്‍ നേതാക്കള്‍ പരസ്പരം സമ്മതിച്ചു. സഹകരിച്ചു പ്രവര്‍ത്തിക്കുന്ന മേഖലകളെക്കുറിച്ചു പുനരവലോകനം നടത്താനും 2017-2020 കാലഘട്ടത്തേക്കു സമഗ്ര നയതന്ത്ര പങ്കാളിത്തത്തിനുള്ള കര്‍മപദ്ധതി നടപ്പാക്കാനുമായി 2018ല്‍ വിദേശകാര്യ മന്ത്രിമാരുടെ നേതൃത്വത്തില്‍ സംയുക്ത സമിതി യോഗം നടത്താന്‍ തീരുമാനിക്കുകയും ചെയ്തു.
പ്രതിരോധവും സുരക്ഷയും
സമഗ്ര നയതന്ത്ര പങ്കാളിത്തത്തിന്റെ പ്രധാനപ്പെട്ടതും ഫലപ്രദവുമായ തൂണുകളാണു പ്രതിരോധവും സുരക്ഷാ സഹകരണവുമെന്ന് ഇരുപക്ഷവും അംഗീകരിച്ചു. ഇക്കാര്യത്തില്‍ ഉണ്ടായിവരുന്ന പുരോഗതിയില്‍ സംതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. ഉന്നതതല പ്രതിനിധിസംഘ കൈമാറ്റത്തിലും കൂടിയാലോചനാ സമിതി യോഗങ്ങൡും സൈന്യങ്ങള്‍ തമ്മിലുള്ള അടുത്ത സഹകരണത്തിലും സൈബര്‍ സുരക്ഷാ രംഗത്തെ വര്‍ധിച്ച സഹകരണത്തിലും എല്ലാ രീതികളിലുമുള്ള ഭീകരവാദത്തെയും ഹിംസാത്മകമായ തീവ്രവാദത്തെയും നേരിടുന്നതിലും രാജ്യാന്തര കുറ്റങ്ങള്‍, മനുഷ്യക്കടത്തും ലഹരിമരുന്നു കടത്തും നാവിക സുരക്ഷ, കാലാവസ്ഥാ വ്യതിയാനം ഭക്ഷ്യസുരക്ഷ എന്നീ വിഷയങ്ങള്‍ സഹകരിച്ചു കൈകാര്യം ചെയ്യുന്നതിലുമുള്ള പുരോഗതി സ്വാഗതം ചെയ്യപ്പെട്ടു.
ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ തുറന്നതും സ്വതന്ത്രവും സുരക്ഷിതവും സുസ്ഥിരവും സമാധാനപൂര്‍ണവും എല്ലാവര്‍ക്കും പ്രാപ്യമായതുമായ സൈബര്‍ ഇടം സാധ്യമാക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത ഇരുവിഭാഗവും ആവര്‍ത്തിച്ചു. സൈബര്‍ സുരക്ഷ സംബന്ധിച്ച് ഒപ്പിട്ടിട്ടുള്ള കരാറുകള്‍ ഫലപ്രദമായി നടപ്പാക്കുന്നതിനായി കൂടുതല്‍ സഹകരണം ആവശ്യമാണെന്നു ഇരു വിഭാഗവും ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടേറിയറ്റും വിയറ്റ്‌നാമിന്റെ പൊതുസുരക്ഷാ മന്ത്രാലയവും തമ്മിലുള്ള ധാരണാപത്രത്തിലെ വ്യവസ്ഥകള്‍ പ്രാവര്‍ത്തികമാക്കാന്‍ തീരുമാനിച്ചു. പരമ്പരാഗതവും അല്ലാത്തതുമായ സുരക്ഷാ കാര്യങ്ങളിലുള്ള സഹകരണം വര്‍ധിപ്പിക്കുന്നതിനായി ഉപ മന്ത്രാലയതല ചര്‍ച്ചകള്‍ വര്‍ധിപ്പിക്കുന്നതിനും പരിശീലന, ശേഷി വര്‍ദ്ധന പരിപാടികള്‍ ഏറ്റെടുക്കുന്നതിനും പരസ്പരം സമ്മതിച്ചു.
പ്രതിരോധ രംഗത്തു വിയറ്റ്‌നാമുമായി സഹകരിക്കാമെന്നും ശേഷിയും വ്യാപ്തിയും വര്‍ധിപ്പിക്കാന്‍ വിയറ്റ്‌നാമിനു പിന്തുണ നല്‍കാമെന്നും ഇന്ത്യന്‍ സംഘം വ്യക്തമാക്കി. വിയറ്റ്‌നാം അതിര്‍ത്തി സംരക്ഷകര്‍ക്കായി വേഗംകൂടിയ പട്രോള്‍ ബോട്ടുകള്‍ നിര്‍മിക്കുന്നതിനായുള്ള പത്തു കോടി യു.എസ്. ഡോളറിന്റെ വായ്പാ പദ്ധതി ഉടന്‍ നടപ്പാക്കാന്‍ ഇരുപക്ഷവും യോജിപ്പിലെത്തി. പ്രതിരോധ മേഖലയിലെ മുതിര്‍ന്ന പ്രതിനിധി സംഘങ്ങളുടെ കൈമാറ്റത്തിലൂടെയും സ്ഥിരമായ ഉന്നതതല ചര്‍ച്ചകളിലൂടെയും ഇരു ഭാഗത്തെയും സൈന്യങ്ങള്‍ തമ്മിലുള്ള സഹകരണത്തിലൂടെയും നാവിക, തീരസംരക്ഷണ സേനാ കപ്പലുകളുടെ പോര്‍ട്ട് കോളുകളിലൂടെയും ശേഷിവര്‍ധന പദ്ധതികൡലൂടെയും സാധനസാമഗ്രികള്‍ സംഭരിക്കുന്നതിലൂടെയും സാങ്കേതിവിദ്യ കൈമാറുന്നതിലൂടെയും എ.ഡി.എം.എം.പ്ലസ് ഉള്‍പ്പെടെയുള്ള മേഖലാതല വേദികളിലെ സഹകരണത്തിലൂടെയും പ്രതിരോധ മേഖലയിലെ ബന്ധം മെച്ചപ്പെടുത്താന്‍ ഇരുവിഭാഗവും സന്നദ്ധത അറിയിച്ചു.
കൊള്ള, കടല്‍പ്പാതകളുടെ സുരക്ഷ, വൈറ്റ് ഷിപ്പിങ് വിവരങ്ങളുടെ കൈമാറ്റം തുടങ്ങിയ കാര്യങ്ങളില്‍ ഉള്‍പ്പെടെ സമുദ്രമേഖലയിലുള്ള സഹകരണം ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന കാര്യത്തില്‍ യോജിപ്പുണ്ടായി.
നാവികസുരക്ഷ സംബന്ധിച്ച ആസിയാന്‍-ഇന്ത്യ തന്ത്രപ്രധാന ചര്‍ച്ച നടത്തേണ്ടതുണ്ടെന്ന് 2018 ജനുവരിയില്‍ ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന അനുസ്മരണ ഉച്ചകോടിയില്‍ ഉയര്‍ന്ന നിര്‍ദേശത്തിന്റെ പ്രചോദനം ഉള്‍ക്കൊണ്ട്, നാവിക വിഷയങ്ങളില്‍ വിയറ്റ്‌നാം-ഇന്ത്യ ഉഭയകക്ഷി കൂടിക്കാഴ്ചകള്‍ നടത്താന്‍ ഇരുവിഭാഗവും സമ്മതിച്ചു.
അതിര്‍ത്തി കടന്നുള്ള തീവ്രവാദം ഉള്‍പ്പെടെ എല്ലാവിധത്തിലുമുള്ള തീവ്രവാദത്തെയും ഇരുപക്ഷവും ഒരേ ശബ്ദത്തില്‍ അപലപിച്ചു. ആഗോള സമാധാനത്തിനും സുരക്ഷയ്ക്കും സുസ്ഥിരതയ്ക്കും ഏറ്റവും വലിയ വെല്ലുവിളി തീവ്രവാദമാണെന്ന ഇന്ത്യയുടെ ആശങ്ക വിയറ്റ്‌നാം പ്രതിനിധികള്‍ പങ്കുവെച്ചു. തീവ്രവാദത്തെ ഒരു തലത്തിലും ന്യായീകരിക്കാന്‍ സാധിക്കില്ലെന്നും തീവ്രവാദത്തെ ഏതെങ്കിലും മതവുമായോ രാജ്യവുമായോ സംസ്‌കാരവുമായോ വംശീയ സംഘങ്ങളുമായോ കൂട്ടിയിണക്കരുതെന്നും അവര്‍ ചൂണ്ടിക്കാട്ടി. തീവ്രവാദം ഇല്ലായ്മ ചെയ്യാന്‍ സമഗ്ര സമീപനം രാഷ്ട്രങ്ങള്‍ക്ക് ഉണ്ടാവണമെന്ന് അവര്‍ ആവശ്യപ്പെട്ടു. അതില്‍ വിദേശ തീവ്രവാദ പോരാളികള്‍ ഉള്‍പ്പെടെയുള്ള തീവ്രവാദികളുടെ പരിശീലനവും സഞ്ചാരവും നിയമനവും മൗലികവാദവും പ്രതിരോധിക്കാനുള്ള പദ്ധതി ഉള്‍പ്പെടുത്തണം. ഇതിനു പുറമേ, സംഘടിത കുറ്റങ്ങള്‍ ഉള്‍പ്പെടെ തീവ്രവാദത്തിനു പണം ലഭ്യമാക്കുന്ന സ്രോതസ്സുകള്‍ അടയ്ക്കാനും കള്ളപ്പണവും വലിയ നാശം വിതയ്ക്കുന്ന ആയുധങ്ങളുടെ കള്ളക്കടത്തും ലഹരിമരുന്നു കടത്തും മറ്റു കുറ്റകൃത്യങ്ങളും തടയാനും തീവ്രവാദ കേന്ദ്രങ്ങളും സുരക്ഷിത കേന്ദ്രങ്ങളും തകര്‍ക്കാനും നവമാധ്യമങ്ങള്‍ ഉള്‍പ്പെടെ ഇന്റര്‍നെറ്റിന്റെയും മറ്റു ആശയവിനിമയ സങ്കേതങ്ങളും തീവ്രവാദ സംഘങ്ങള്‍ ദുരുപയോഗം തടയാനും സംവിധാനം ഉണ്ടായിരിക്കണം. രാജ്യാന്തര തീവ്രവാദത്തെക്കുറിച്ചുള്ള സമഗ്ര സമ്മേളനത്തിലെ വ്യവസ്ഥകള്‍ സംബന്ധിച്ചു ഫലപ്രദമായ സമവായം സൃഷ്ടിച്ചെടുക്കുന്നതിനു ഇരു രാജ്യങ്ങളും സഹകരിക്കേണ്ടതുണ്ടെന്ന വിലയിരുത്തലും ചര്‍ച്ചകളില്‍ രൂപപ്പെട്ടു.
സാമ്പത്തിക ബന്ധങ്ങള്‍
കരുത്തുറ്റ വ്യാപാര, സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തുന്നത് തന്ത്രപരമായ ലക്ഷ്യമാണെന്നും തന്ത്രപരമായ സമഗ്ര പങ്കാളിത്തത്തിലെ പ്രധാന ഘടകമാണെന്നും ഉഭയകക്ഷിബന്ധം ശക്തിപ്പെടുത്തുന്നതിന് അനിവാര്യമാണെന്നും ഇരുപക്ഷവും വിലയിരുത്തി. ഇക്കാര്യത്തില്‍ സംതൃപ്തി രേഖപ്പെടുത്തിയ ഇരു നേതാക്കളും രണ്ടു വര്‍ഷത്തിനിടെ വ്യാപാരത്തില്‍ ശ്രദ്ധേയമായ വളര്‍ച്ച നേടാനായതിനെ അഭിനന്ദിക്കുകയും ചെയ്തു. വ്യാപാരത്തിന്റെ അളവും വൈവിധ്യവല്‍ക്കരണവും വര്‍ധിപ്പിക്കാനുള്ള ശരിയായ സാധ്യത തിരിച്ചറിയുന്നതിനായി 2020 ആകുമ്പോഴേക്കും 150000 കോടി യു.എസ്. ഡോളറിന്റെ വ്യാപാരമെന്ന ലക്ഷ്യം നേടാനായി ഉറച്ചതും പ്രായോഗികവുമായ പദ്ധതികളെക്കുറിച്ച് ആലോചിക്കാന്‍ ഇരു രാജ്യങ്ങളിലെയും ബന്ധപ്പെട്ട മന്ത്രാലയങ്ങളോടും മറ്റ് ഏജന്‍സികളോടും അഭ്യര്‍ഥിച്ചു. നിലവിലുള്ള സംവിധാനങ്ങളും വ്യാപാര പ്രതിനിധി സംഘങ്ങളുടെ കൈമാറ്റവും ബിസിനസ് രംഗത്തുള്ളവര്‍ തമ്മിലുള്ള ബന്ധവും സ്ഥിരമായുള്ള വ്യാപാര പ്രദര്‍ശനങ്ങളും സമാനമായ ചടങ്ങുകളും ഇവയ്ക്കപ്പുറമുള്ള വഴികളും ഇതിനായി തേടണമെന്നു നിര്‍േദശിക്കുകയും ചെയ്തു. വ്യാപാരത്തിനായുള്ള സംയുക്ത സബ്-കമ്മീഷന്റെ അടുത്ത യോഗം ഈ വര്‍ഷം പരമാവധി നേരത്തേ ഹാനോയില്‍ ചേരാന്‍ ഇരുപക്ഷവും ധാരണയിലെത്തി.
മുന്‍ഗണന കല്‍പിക്കുന്ന ഹൈഡ്രോ കാര്‍ബണുകള്‍, ഊര്‍ജ്ജോല്‍പാദനം, പുനരുപയോഗിക്കാവുന്ന ഊര്‍ജം, ഊര്‍ജസംരക്ഷണം, അടിസ്ഥാനസൗകര്യം, തുണിത്തരങ്ങള്‍, പാദരക്ഷ, ഔഷധങ്ങള്‍, യന്ത്ര ആയുധങ്ങള്‍, കൃഷിയും കാര്‍ഷികോല്‍പന്നങ്ങളും, വിനോദസഞ്ചാരം, രാസവസ്തുക്കള്‍, ഐ.സി.ടിയും മറ്റു സര്‍വീസ് മേഖലകളും എന്നീ മേഖലകളില്‍ പുതിയ വ്യാപാര, നിക്ഷേപ സാധ്യതകള്‍ തേടാന്‍ ഇരു രാജ്യങ്ങളിലെയും ബിസിനസ്, വ്യാപാര പ്രമുഖരോട് ആഹ്വാനം ചെയ്തു. കാര്‍ഷിക മേഖലയിലെ ഉല്‍പാദനക്ഷമതയും വേഗവും വര്‍ദ്ധിപ്പിക്കുന്നതിനായി ശാസ്ത്ര, സാങ്കേതികവിദ്യയുടെ ഉപയോഗം വര്‍ദ്ധിപ്പിക്കാന്‍ ചര്‍ച്ചകളില്‍ തീരുമാനമായി.
വിയറ്റ്‌നാമിലും ഇന്ത്യയിലും പരസ്പരം നിക്ഷേപം നടത്തുന്നതിനെ ഇരുവിഭാഗവും പ്രോല്‍സാഹിപ്പിച്ചു. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിപ്രകാരം ഇന്ത്യയില്‍ നിലവിലുള്ള നിക്ഷേപത്തിന് അനുകൂലമായ സാഹചര്യം ഉപയോഗപ്പെടുത്താന്‍ വിയറ്റ്‌നാമിലെ കമ്പനികളെ പ്രധാനമന്ത്രി ശ്രീ. മോദി സ്വാഗതം ചെയ്തു. വിയറ്റ്‌നാമില്‍ നിക്ഷേപം നടത്താന്‍ ഇന്ത്യന്‍ കമ്പനികളെ സ്വാഗതം ചെയ്ത പ്രസിഡന്റ് ശ്രീ. ട്രാന്‍ ഡായ് ക്വാങ്ങ് വിയറ്റ്‌നാമില്‍ അനൂകൂല സാഹചര്യം സൃഷ്ടിക്കുമെന്നും ഇന്ത്യന്‍ നിക്ഷേപകര്‍ക്കു നിയമാനുസൃതമുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കുമെന്നും വ്യക്തമാക്കി. ബിസിനസ് ചെയ്യുന്നതിലെ എളുപ്പം സംബന്ധിച്ച രാജ്യങ്ങളുടെ റാങ്കിങ്ങില്‍ ഇന്ത്യയുടെ സ്ഥാനം മെച്ചപ്പെടുത്താന്‍ പ്രധാനമന്ത്രി മോദി നടത്തിയ പരിശ്രമത്തെ അദ്ദേഹം അഭിനന്ദിച്ചു.
വികസന സഹകരണം
ദീര്‍ഘകാലത്തേക്കും തുടര്‍ച്ചയായും ഉള്ള സഹായങ്ങളും വായ്പയും അനുവദിക്കുന്നതിന് ഇന്ത്യയെ പ്രസിഡന്റ് ട്രാന്‍ ദായ് കുവാങ് സന്തോഷമറിയിച്ചു. ഇന്ത്യന്‍ സാങ്കേതിക, സാമ്പത്തിക സഹകരണ പദ്ധതി (ഐ.ടി.ഇ.സി. പ്രോഗ്രാം), മെക്കോങ്-ഗംഗ സഹകരണ ചട്ടക്കൂട്, അതുപോലെ തന്നെ ക്വിക്ക് ഇംപാക്റ്റ് പ്രോജക്ടുകളിലെ ഫണ്ട് എന്നിവയിലൂടെ വിയറ്റ്‌നാമിലെ വിദ്യാര്‍ഥികള്‍, ഗവേഷകര്‍, അക്കാദമിക വിദഗ്ധര്‍, ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കുള്ള സ്‌കോളര്‍ഷിപ് വര്‍ധിപ്പിച്ചതിന് അദ്ദേഹം ഇന്ത്യയെ നന്ദി അറിയിച്ചു. ഐ.ടി.ഇ.സി. പ്രോഗ്രാമിലൂടെ വിയറ്റ്‌നാമിനു താല്‍പര്യമുള്ള കോഴ്‌സുകള്‍ പ്രത്യേകമായി തയ്യാറാക്കി നല്‍കാമെന്നു പ്രധാനമന്ത്രി മോദി വാഗ്ദാനം ചെയ്തു. 2018 ജനുവരിയില്‍ നടന്ന ആസിയാന്‍-ഇന്ത്യ അനുസ്മരണ ഉച്ചകോടിയില്‍വെച്ച് ഡിജിറ്റല്‍ ഗ്രാമങ്ങള്‍ സൃഷ്ടിക്കുന്നതിനായി സി.എല്‍.എം.വി. രാജ്യങ്ങളിലെ ഗ്രാമീണ മേഖലകളെ പരസ്പരം ബന്ധിപ്പിക്കുന്നതിനായി പ്രത്യേക പദ്ധതി നടപ്പാക്കുമെന്നും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ സമഗ്ര പിഎച്ച്.ഡി. പഠനത്തിനായി ആസിയാന്‍ രാഷ്ട്രങ്ങളിലെ വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും ആയിരം ഫെലോഷിപ്പുകള്‍ അനുവദിക്കുമെന്നും പ്രഖ്യാപിച്ചതിനു പ്രധാനമന്ത്രി മോദിയെ പ്രസിഡന്റ് ട്രാന്‍ ഡായ് ക്വാങ്ങ് അഭിനന്ദിച്ചു.
ഊര്‍ജ സഹകരണം
എണ്ണ, വാതക പര്യവേക്ഷണം, താപ, ജലവൈദ്യുത ഊര്‍ജവും പുനരുപയോഗിക്കാവുന്ന ഊര്‍ജവും, ഊര്‍ജസംരക്ഷണം എന്നീ മേഖലകളിലുള്ള സഹകരണം ശ്രദ്ധേയമായ പുരോഗതി നേടിവരികയാണെന്ന് ഇരുപക്ഷവും അംഗീകരിച്ചു. വിയറ്റ്‌നാമില്‍ കരയിലും കോണ്ടിനെന്റല്‍ ഷിഫ്റ്റിലും പ്രത്യേക സാമ്പത്തിക മേഖലയിലും എണ്ണ, വാതക പര്യവേക്ഷണത്തിനായി ഇന്ത്യന്‍ വ്യവസായികളെ ക്ഷണിച്ച പ്രസിഡന്റ് ട്രാന്‍ ഡായ് ക്വാങ്ങ് വിയറ്റ്‌നാം വാഗ്ദാനം ചെയ്യുന്ന പാടങ്ങള്‍ക്കായി കൃത്യമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ഇന്ത്യന്‍ കമ്പനികള്‍ തയ്യാറാകണമെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. മറ്റു രാഷ്ട്രങ്ങളില്‍ എണ്ണ, പ്രകൃതിവാതക പര്യവേക്ഷണം നടത്തുന്നതിനു ധാരണാപത്രം ഒപ്പിടാനുള്ള പ്രവര്‍ത്തനം സജീവമായി മുന്നോട്ടുകൊണ്ടുപോകാന്‍ ഇരുപക്ഷവും പരസ്പരം സമ്മതിച്ചു. വിയറ്റ്‌നാമിലെ നദീമേഖലയില്‍ എണ്ണ, പ്രകൃതിവാതക സാധ്യതകള്‍ തേടുന്നതിനായി ഇന്ത്യന്‍ കമ്പനികളെ വിയറ്റ്‌നാം പ്രതിനിധികള്‍ സ്വാഗതം ചെയ്തു.
പുനരുപയോഗിക്കാവുന്ന ഊര്‍ജമേഖലയിലും ഊര്‍ജസംരക്ഷണ പദ്ധതികളിലും നിക്ഷേപം നടത്താന്‍ ഇന്ത്യന്‍ കമ്പനികളെ സ്വാഗതം ചെയ്ത പ്രസിഡന്റ് ട്രാന്‍ ഡായ് ക്വാങ്ങ്, ആണവോര്‍ജം സമാധാനപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്താനായി ഗവേഷണ റിയാക്ടര്‍ നിര്‍മിക്കുന്നതിനായി വിയറ്റ്‌നാമിനു സഹായം നല്‍കിയതിന് ഇന്ത്യയെ നന്ദി അറിയിച്ചു.
പുനരുപയോഗിക്കാവുന്ന ഊര്‍ജ മേഖലയിലെ സഹകരണം ശക്തിപ്പെടുത്തുക എന്ന കാഴ്ചപ്പാടോടെ, രാജ്യാന്തര സൗരോര്‍ജ സഖ്യത്തിന്റെ ചട്ടക്കൂടു കരാറില്‍ ഒപ്പുവെക്കണമെന്ന ഇന്ത്യയുടെ ആവശ്യം സജീവമായി പരിഗണിക്കാന്‍ വിയറ്റ്‌നാം തയ്യാറായി.
സംസ്‌കാരവും വിദ്യാഭ്യാസവും ജനങ്ങള്‍ തമ്മിലുള്ള വിനിമയവും
സംസ്‌കാരം, വിനോദസഞ്ചാരം, ജനങ്ങള്‍ തമ്മിലുള്ള വിനിമയം എന്നീ മേഖലകളിലെ സഹകരണം വര്‍ധിപ്പിക്കാനും ഇരു രാജ്യങ്ങള്‍ക്കിടയിലുള്ള സാംസ്‌കാരികവും ചരിത്രപരവുമായ പാരമ്പര്യം പുനരുജ്ജീവിപ്പിക്കുന്നതിനായി പുരാവസ്തുശാസ്ത്രം, പുരാവസ്തു സംരക്ഷണം, മ്യൂസിയങ്ങള്‍ എന്നീ മേഖലകളില്‍ സഹകരിക്കാനും ഇരുപക്ഷവും സന്നദ്ധത അറിയിച്ചു. ഇന്ത്യയില്‍ വിയറ്റ്‌നാം സാംസ്‌കാരിക കേന്ദ്രം ആരംഭിക്കാനുള്ള വിയറ്റ്‌നാമിന്റെ തീരുമാനത്തെ ഇന്ത്യ അങ്ങേയറ്റം പ്രശംസിച്ചു.
വിയറ്റ്‌നാമിലെ ക്വാങ് നാം പ്രവിശ്യയിലുള്ള യുനെസ്‌കോ ലോക സാംസ്‌കാരിക പാരമ്പര്യ കേന്ദ്രമായ മൈ സണ്‍ നിലനിര്‍ത്താനും പുനരുദ്ധരിക്കാനുമുള്ള പദ്ധതി ഫലപ്രദമായി നടപ്പാക്കപ്പെടുന്നതിനെ ഇരു നേതാക്കളും അഭിനന്ദിച്ചു. ഹോ ലായ് ടവറും പോ ക്ലോങ് ഗാരായ് ചാം ടവറും സംരക്ഷിക്കാന്‍ വായ്പയും നിന്‍തുവാന്‍ പ്രവിശ്യയിലെ ചാം സമുദായത്തിനു സഹായവും അനുവദിച്ച ഇന്ത്യയുടെ തീരുമാനത്തെ വിയറ്റ്‌നാം സ്വാഗതം ചെയ്തു. ഫു ഥോ, വിന്‍ഫക് തുടങ്ങിയ പ്രവിശ്യകളിലെ അഞ്ഞൂറോളം വിയറ്റ്‌നാമുകാര്‍ക്കു കൃത്രിമ ജയ്പൂര്‍ കാലുകള്‍ നല്‍കാനും പുനരധിവാസം നടത്താനും ഇന്ത്യാ ഗവണ്‍മെന്റും ഭഗവാന്‍ മഹാവീര്‍ വികലാംഗ സഹായ സമിതിയും നടത്തുന്ന ശ്രമങ്ങളെയും അവര്‍ സ്വാഗതം ചെയ്തു.
ബന്ധപ്പെടല്‍
വിയറ്റ്‌നാമും ഇന്ത്യയും തമ്മിലും, ആസിയാനും ഇന്ത്യയും തമ്മിലും കൂടുതല്‍ കരുത്തുറ്റ കണക്ടിവിറ്റി ഉണ്ടാകേണ്ടതിന്റെ പ്രാധാന്യത്തില്‍ ഇരു രാജ്യങ്ങളും യോജിപ്പ് പ്രകടിപ്പിച്ചു. സി.എല്‍.എം.വി രാജ്യങ്ങള്‍ക്കായി ഡിജിറ്റലും അല്ലാത്തതുമായ വിവിധ കണക്ടിവിറ്റി പദ്ധതികള്‍ക്കുള്ള ഒരു ദശലക്ഷം ഡോളറിന്റെ സഹായമുള്‍പ്പെടെയുള്ള ഇന്ത്യയുടെ സഹായം പ്രയോജനപ്പെടുത്താന്‍ ഇന്ത്യ വിയറ്റ്‌നാമിനോട് ആവശ്യപ്പെട്ടു. ഇന്ത്യ- മ്യാന്‍മാര്‍-തായ്‌ലാന്റ് ത്രിതല ഹൈവെപോലുള്ള മേഖല സംരംഭങ്ങളിലുണ്ടായിട്ടുള്ള പുരോഗതി ഇരു നേതാക്കളും വിലയിരുത്തി. ഇന്ത്യ- മ്യാന്‍മാര്‍-തായ്‌ലാന്റ് ത്രിതല ഹൈവേയെ കംബോഡിയയും ലാവോ പിഡിയാറും വഴി വിയറ്റ്‌നാം വരെ നീട്ടുന്നതിന് ഇരു രാജ്യങ്ങളും തീരുമാനിച്ചു.
ആസിയാന്‍-ഇന്ത്യ സമുദ്ര ഗതാഗത സഹകരണ കരാര്‍ എത്രയും വേഗം ഒപ്പിടേണ്ടതിന്റെ പ്രാധാന്യം ഇരു നേതാക്കളും ഊന്നിപ്പറഞ്ഞു. ഇന്ത്യയുടെയും വിയറ്റ്‌നാമിന്റെയും തുറമുഖങ്ങളെ ബന്ധിപ്പിച്ച് കൊണ്ട് നേരിട്ടുള്ള കപ്പല്‍ റൂട്ടുകള്‍ വേഗത്തിലാക്കാനും തീരുമാനിച്ചിട്ടുണ്ട്. ന്യൂ ഡല്‍ഹിക്കും ഹോച്ചിമിന്‍ നഗരത്തിനുമിടയില്‍ നേരിട്ടുള്ള വിമാന സര്‍വ്വീസുകള്‍ ആരംഭിച്ചതിനെ രണ്ട് നേതാക്കളും സ്വാഗതം ചെയ്തു. ഈ രണ്ട് രാജ്യങ്ങള്‍ക്കുമിടയില്‍ നേരിട്ടുള്ള കൂടുതല്‍ വിമാന സര്‍വ്വീസ് തുടങ്ങാന്‍ ഇരുവരും രണ്ട് രാജ്യങ്ങളിലെയും വിമാന കമ്പനികളെ ആഹ്വാനം ചെയ്തു.
മേഖലാ സഹകരണം
പ്രധാനമന്ത്രി മോദിയും പ്രസിഡന്റ് ട്രാന്‍ ഡായ് ക്വാങ്ങും ഏഷ്യയിലെ സുരക്ഷാ സ്ഥിതിഗതികള്‍ ഉള്‍പ്പെടെ വിവിധ ഉഭയകക്ഷി രാജ്യാന്തര വിഷയങ്ങള്‍ ചര്‍ച്ചകള്‍ ചെയ്തു. സ്വതന്ത്രവും, നീതിയുക്തവും, തുറന്നതുമായ വ്യാപാര, നിക്ഷേപ സംവിധാനവും, രാജ്യങ്ങള്‍ക്ക് മുകളിലൂടെ യാത്ര ചെയ്യാനും, അതിര്‍ത്തികള്‍ കടന്ന് സമുദ്ര ഗതാഗതം നടത്താനും, അന്താരാഷ്ട്ര നിയമങ്ങളും പരമാധികാരവും മാനിക്കപ്പെടുന്ന സമാധാനപരവും സമ്പല്‍ സമൃദ്ധവുമായ ഒരു ഇന്‍ഡോ-പെസഫിക് മേഖല സൃഷ്ടിക്കേണ്ടതിന്റെ പ്രാധാന്യവും രണ്ട് നേതാക്കളും എടുത്ത് പറഞ്ഞു.
അത്തരത്തിലൊരു തുറന്നതും, സുതാര്യവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ നിയമാധിഷ്ടിത മേഖലാ ചട്ടക്കൂട് ശക്തിപ്പെടുത്തി പരിരക്ഷിക്കുന്നതിലും, ആസിയാനുമായുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിലും ഇന്ത്യയും വിയറ്റ്‌നാമും സുപ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് അവര്‍ ഊന്നിപ്പറഞ്ഞു. വിയറ്റ്‌നാം കണ്‍ട്രി കോ-ഓര്‍ഡിനേറ്റര്‍ പദവി വഹിച്ചിരുന്ന 2015-18 കാലയളവില്‍, ഇക്കൊല്ലം ജനുവരിയില്‍ ന്യൂ ഡല്‍ഹിയില്‍ നടന്ന ആസിയാന്‍-ഇന്ത്യാ സ്മാരക ഉച്ചകോടിയുടെ വിജയകരമായ പരിസമാപ്തിയില്‍ ഇരുവരും സംതൃപ്തി രേഖപ്പെടുത്തി. ആസിയാനും ഇന്ത്യയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം പരിപോഷിപ്പിക്കുന്നതിന് ഡല്‍ഹി പ്രഖ്യാപനത്തിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതിന് ആവശ്യമായ നടപടികള്‍ കൈക്കൊള്ളുന്നതിനും തീരുമാനമായി. ആസിയാന്‍ സമൂഹ നിര്‍മ്മിതി പ്രക്രിയയിലും, മേഖലയിലെ സമാധാനം, സുരക്ഷിതത്വം, സമൃദ്ധി എന്നിവ ഉറപ്പ് വരുത്താനും ഇന്ത്യ നല്‍കുന്ന പിന്‍തുണയില്‍ പ്രസിഡന്റ് ട്രാന്‍ ഡായ് ക്വാങ്ങ് മതിപ്പ് രേഖപ്പെടുത്തി.
ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതില്‍ ഉപ മേഖലാ ചട്ടക്കൂടിന്റെ പ്രാധാന്യം എടുത്ത് പറഞ്ഞുകൊണ്ട്, മെക്കോംഗ് – ഗംഗ സാമ്പത്തിക ഇടനാഴിപോലെയുള്ള ഉപമേഖലാ ചട്ടക്കൂടുകള്‍ തുടര്‍ന്നും വികസിപ്പിക്കണമെന്ന് ഇരുവരും പറഞ്ഞു.
ബഹുതല സഹകരണം
മേഖലാ അന്താരാഷ്ട്ര വേദികളിലെ തങ്ങളുടെ ഏകോപനത്തെ പ്രശംസിച്ച ഇരു നേതാക്കളും ഈ പാരമ്പര്യം തുടരാനും തീരുമാനിച്ചു. ഐക്യരാഷ്ട്ര സുരക്ഷാ സമിതിയില്‍ 2020 -2021 കാലയളവില്‍ വിയറ്റ്‌നാമിന്റെയും, 2021-2022 കാലയളവില്‍ ഇന്ത്യയുടെയും സ്ഥിരമല്ലാത്ത അംഗമാകാനുള്ള സ്ഥാനാര്‍ത്ഥിത്വത്തിന് പരസ്പരം പിന്‍തുണ നല്‍കുമെന്ന് അവര്‍ ആവര്‍ത്തിച്ച് ഉറപ്പ് നല്‍കി. നവീകരിച്ച സുരക്ഷാ സമിതിയില്‍ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം നേടുന്നതിനുള്ള പിന്‍തുണ വിയറ്റ്‌നാം ആവര്‍ത്തിച്ച് വ്യക്തമാക്കി.
ലോകത്തൊട്ടാകെയും, ഇന്‍ഡോ-പെസഫിക് മേഖലയില്‍ പ്രത്യേകിച്ചും സമാധാനം, ഭദ്രത, വികസനം എന്നിവ നിലനിര്‍ത്തുന്നതില്‍ കൂടുതല്‍ സഹകരിക്കാനുള്ള ദൃഢനിശ്ചയം ഇരു രാജ്യങ്ങളും ആവര്‍ത്തിച്ച് സ്ഥിരീകരിച്ചു. അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് അനുസൃതമായി ദക്ഷിണ ചൈനാ കടലിന് മുകളിലൂടെയുള്ള വ്യോമയാനത്തില്‍ പാലിക്കേണ്ട ചട്ടങ്ങള്‍, നയതന്ത്ര നിയമ പ്രക്രിയകള്‍ക്ക് നല്‍കേണ്ട പൂര്‍ണ്ണ ബഹുമാനം, ബലപ്രയോഗത്തിലൂടെ അല്ലാതെ തര്‍ക്കങ്ങള്‍ക്ക് സമാധാനപരമായ പരിഹാരം തേടല്‍ എന്നിവയുടെ പ്രാധാന്യം അവര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി.
സുസ്ഥിര വികസനത്തിനുള്ള 2030 അജണ്ട അംഗീകരിച്ചത് സ്വാഗതം ചെയ്ത ഇരു നേതാക്കളും സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുള്ള പ്രതിബദ്ധത ആവര്‍ത്തിച്ച് വ്യക്തമാക്കി. ഇക്കാര്യത്തില്‍ ആഗോള സഹകരണം സുപ്രധാനമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധപ്പെട്ട് ആഡിസ് അബാബ കര്‍മ്മ പദ്ധതി ഓര്‍മ്മിപ്പിച്ച നേതാക്കള്‍, വികസിത രാജ്യങ്ങള്‍ പ്രഖ്യാപിച്ച വികസന സഹായ വാഗ്ദാനങ്ങള്‍ നിറവേറ്റപ്പെടേണ്ടതിന്റെ പ്രാധാന്യം എടുത്ത് പറഞ്ഞു.
ഹൃദ്യമായ ആഥിത്യം അരുളിയതിന് രാഷ്ട്രപതി കോവിന്ദിനും, ഇന്ത്യയിലെ സുഹൃദ് ജനതയ്ക്കും പ്രസിഡന്റ് ട്രാന്‍ ഡായ് ക്വാങ്ങ് നന്ദി അറിയിച്ചു. എത്രയും അടുത്ത വേളയില്‍ വിയറ്റ്‌നാം സന്ദര്‍ശിക്കുന്നതിന് രാഷ്ട്രപതി കോവിന്ദിനെ അദ്ദേഹം ക്ഷണിക്കുകയും ചെയ്തു. വിയറ്റ്‌നാം സന്ദര്‍ശത്തിനുള്ള ക്ഷണം സന്തോഷത്തോടെ സ്വീകരിച്ച രാഷ്ട്രപതി കോവിന്ദ് നയതന്ത്ര മാര്‍ഗ്ഗങ്ങളിലൂടെ ദിവസം നിശ്ചയിക്കാമെന്ന് അറിയിച്ചു.