ഉക്രെയ്ന്‍ പ്രസിഡന്റ് ബഹുമാനപ്പെട്ട വ്‌ളാദിമിര്‍ സെലെന്‍സ്‌കിയുടെ ക്ഷണംസ്വീകരിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2024 ഓഗസ്റ്റ് 23 ന് ഉക്രെയ്ന്‍ സന്ദര്‍ശിച്ചു. 1992ല്‍ ഇരുരാജ്യങ്ങളും തമ്മില്‍ നയതന്ത്രബന്ധം ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഉക്രെയ്നില്‍ എത്തുന്നത്.
രാഷ്ട്രീയ ബന്ധങ്ങള്‍
ഭാവിയില്‍ ഉഭയകക്ഷി ബന്ധങ്ങള്‍ സമഗ്രമായ പങ്കാളിത്തത്തില്‍ നിന്ന് തന്ത്രപ്രധാനമായ പങ്കാളിത്തത്തിലേക്ക് ഉയര്‍ത്തുന്നതിനായി പ്രവര്‍ത്തിക്കാന്‍ ഇരു നേതാക്കളും പരസ്പര താല്‍പര്യം പ്രകടിപ്പിച്ചു.
പരസ്പര വിശ്വാസം, ബഹുമാനം, തുറന്ന മനസ്സ് എന്നിവയെ അടിസ്ഥാനമാക്കി ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ പ്രയോജനത്തിനായി ഉഭയകക്ഷി ബന്ധം കൂടുതല്‍ വികസിപ്പിക്കുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധത അവര്‍ ആവര്‍ത്തിച്ചു.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന ഉഭയകക്ഷി ബന്ധത്തിന്റെ സുസ്ഥിരവും ക്രിയാത്മകവുമായ പാത നേതാക്കള്‍ അവലോകനം ചെയ്തു. 2024 ജൂണില്‍ അപുലിയയിലും 2023 മെയ് മാസത്തില്‍ ഹിരോഷിമയിലും ജി 7 ഉച്ചകോടികള്‍ക്കിടെ നടന്ന തങ്ങളുടെ കൂടിക്കാഴ്ചകള്‍, 2024 മാര്‍ച്ചില്‍ നടന്ന ഉക്രെയ്ന്‍ വിദേശകാര്യ മന്ത്രിയുടെ ന്യൂഡല്‍ഹി സന്ദര്‍ശനം, ഇന്ത്യയുടെ വിദേശകാര്യ മന്ത്രിയും ഉക്രെയ്‌നിന്റെ വിദേശകാര്യ മന്ത്രിയും തമ്മിലുണ്ടായ ഒന്നിലധികം ആശയവിനിമയങ്ങളും ടെലിഫോണ്‍ സംഭാഷണങ്ങളും, ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവും ഉക്രെയ്ന്‍ പ്രസിഡന്റിന്റെ ഓഫീസ് മേധാവിയും തമ്മില്‍ നടന്ന ചര്‍ച്ചകള്‍, 2023 ജൂലൈയില്‍ കൈവില്‍ നടന്ന വിദേശകാര്യ ഓഫീസ് കണ്‍സള്‍ട്ടേഷനുകളുടെ 9-ാം റൗണ്ട് തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ പരസ്പര ധാരണയും വിശ്വാസവും സഹകരണവും വര്‍ധിപ്പിക്കുന്നതില്‍ വഹിച്ച പങ്കിനെ ഇരുവരും പ്രശംസിച്ചു.
വൈബ്രന്റ് ഗുജറാത്ത് ആഗോള ഉച്ചകോടി 2024, റെയ്സിന ഡയലോഗ് 2024 എന്നിവയിലുണ്ടായ ഉക്രേനിയന്‍ ഔദ്യോഗിക പ്രതിനിധി സംഘങ്ങളുടെ പങ്കാളിത്തത്തെ നേതാക്കള്‍ അഭിനന്ദിച്ചു.
സമഗ്രവും നീതിയുക്തവും ശാശ്വതവുമായ സമാധാനം ഉറപ്പാക്കുന്നു
യുഎന്‍ ചാര്‍ട്ടര്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര നിയമത്തിന്റെ തത്വങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിലെ കൂടുതല്‍ സഹകരണത്തിനുള്ള സന്നദ്ധത പ്രധാനമന്ത്രി മോദിയും പ്രസിഡന്റ് സെലന്‍സ്‌കിയും ആവര്‍ത്തിച്ചു. ഇക്കാര്യത്തില്‍ അടുത്ത ഉഭയകക്ഷി ചര്‍ച്ചയുടെ അഭിലഷണീയതയെക്കുറിച്ച് അവര്‍ യോജിച്ചു.
ഇന്ത്യന്‍ പക്ഷം തത്ത്വപരമായ നിലപാട് ആവര്‍ത്തിച്ച് സംഭാഷണത്തിലൂടെയും നയതന്ത്രത്തിലൂടെയും സമാധാനപരമായ പരിഹാരത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അതിന്റെ ഭാഗമായി 2024 ജൂണില്‍ സ്വിറ്റ്സര്‍ലന്‍ഡിലെ ബര്‍ഗന്‍സ്റ്റോക്കില്‍ നടന്ന ഉക്രെയ്നിലെ സമാധാന ഉച്ചകോടിയില്‍ ഇന്ത്യ പങ്കെടുത്തു.
ഇന്ത്യയുടെ അത്തരം പങ്കാളിത്തത്തെ ഉക്രേനിയന്‍ പക്ഷം സ്വാഗതം ചെയ്യുകയും അടുത്ത സമാധാന ഉച്ചകോടിയില്‍ ഉയര്‍ന്ന തലത്തിലുള്ള ഇന്ത്യന്‍ പങ്കാളിത്തത്തിനുള്ള പ്രാധാന്യം ഉയര്‍ത്തിക്കാട്ടുകയും ചെയ്തു.
സംഭാഷണം, നയതന്ത്രം, അന്തര്‍ദേശീയ നിയമം എന്നിവയില്‍ അധിഷ്ഠിതമായ സമാധാനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള തുടര്‍ശ്രമങ്ങള്‍ക്ക് ഉക്രെയ്നിലെ സമാധാന ഉച്ചകോടിയില്‍ അംഗീകരിച്ച സമാധാന ചട്ടക്കൂടിനെക്കുറിച്ചുള്ള സംയുക്ത ആശയവിനിമയം ഒരു അടിത്തറയായി വര്‍ത്തിക്കുമെന്ന് ഉക്രേനിയന്‍ പക്ഷം അറിയിച്ചു.
ഉക്രേനിയന്‍ മാനുഷിക ധാന്യ സംരംഭം ഉള്‍പ്പെടെ ആഗോള ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനുള്ള വിവിധ ശ്രമങ്ങളെ നേതാക്കള്‍ അഭിനന്ദിച്ചു. ആഗോള വിപണികളിലേക്ക്, പ്രത്യേകിച്ച് ഏഷ്യയിലും ആഫ്രിക്കയിലും, കാര്‍ഷിക ഉല്‍പന്നങ്ങളുടെ തടസ്സമില്ലാത്ത വിതരണത്തിന്റെ പ്രാധാന്യം ഊന്നിപ്പറയപ്പെട്ടു.
വിശാലമായ സ്വീകാര്യതയുള്ളതും സമാധാനം നേരത്തേ പുനഃസ്ഥാപിക്കുന്നതിന് സംഭാവന അര്‍പ്പിക്കുന്നതുമായ നൂതനമായ പരിഹാരങ്ങള്‍ വികസിപ്പിക്കുന്നതിന് എല്ലാ പങ്കാളികളും തമ്മിലുള്ള ആത്മാര്‍ത്ഥവും പ്രായോഗികവുമായ ഇടപെടല്‍ ആവശ്യമാണെന്ന് പ്രധാനമന്ത്രി മോദി ആവര്‍ത്തിച്ചു. സമാധാനം വേഗത്തില്‍ തിരിച്ചുവരാന്‍ സാധ്യമായ എല്ലാ വഴികളിലും സംഭാവന അര്‍പ്പിക്കാനുള്ള ഇന്ത്യയുടെ സന്നദ്ധത അദ്ദേഹം ആവര്‍ത്തിച്ചു.
സാമ്പത്തികവും ശാസ്ത്രീയവും സാങ്കേതികവുമായ സഹകരണം
ഡിജിറ്റല്‍ പൊതു അടിസ്ഥാനസൗകര്യം, വ്യവസായം, ഉല്‍പ്പാദനം, ഹരിതോര്‍ജം തുടങ്ങിയ മേഖലകളില്‍ ശക്തമായ പങ്കാളിത്തം പര്യവേക്ഷണം ചെയ്യുന്നതിനൊപ്പം വ്യാപാരം, വാണിജ്യം, കൃഷി, ഫാര്‍മസ്യൂട്ടിക്കല്‍സ്, പ്രതിരോധം, വിദ്യാഭ്യാസം, ശാസ്ത്ര-സാങ്കേതികവിദ്യ, സംസ്‌കാരം തുടങ്ങിയ മേഖലകളിലെ സഹകരണം വര്‍ധിപ്പിക്കുന്നതിനെ കുറിച്ച് നേതാക്കള്‍ ചര്‍ച്ച ചെയ്തു. ഇരു രാജ്യങ്ങളില്‍ നിന്നുമുള്ള വാണിജ്യത്തിന്റെയും വ്യവസായത്തിന്റെയും വര്‍ധിതമായ ഇടപെടലും ചര്‍ച്ച ചെയ്തു..
വ്യാപാര, സാമ്പത്തിക, ശാസ്ത്രം, സാങ്കേതിക, വ്യാവസായിക, സാംസ്‌കാരിക സഹകരണത്തിനായുള്ള ഇന്ത്യന്‍-ഉക്രേനിയന്‍ ഇന്റര്‍ ഗവണ്‍മെന്റല്‍ കമ്മീഷന്റെ (ഐജിസി) ഭാവിയെ അടിസ്ഥാനമാക്കിയുള്ള, ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ സാമ്പത്തിക പങ്കാളിത്തം സുഗമമാക്കുന്നതിന് നേതാക്കള്‍ ഊന്നല്‍ നല്‍കി.
2024 മാര്‍ച്ചില്‍ ഉക്രെയ്ന്‍ വിദേശകാര്യ മന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ നടത്തിയ ഐജിസിയുടെ അവലോകനത്തെയും ഐജിസിയുടെ ഏഴാം സെഷന്‍ നേരത്തെ വിളിച്ചുകൂട്ടുക എന്ന ലക്ഷ്യത്തോടെ സംയുക്ത പ്രവര്‍ത്തന സംഘങ്ങളുടെ യോഗങ്ങള്‍ 2024-ല്‍ പരസ്പരം സൗകര്യപ്രദമായ സമയത്ത് നടത്താനുള്ള ശ്രമങ്ങളെയും അവര്‍ അഭിനന്ദിച്ചു. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറിനെ ഐജിസിയുടെ കോ-ചെയര്‍/ചെയര്‍പേഴ്‌സണായി നിയമിച്ചതിനെ ഉക്രേനിയന്‍ പക്ഷം സ്വാഗതം ചെയ്തു.
നടന്നുകൊണ്ടിരിക്കുന്ന യുദ്ധവുമായി ബന്ധപ്പെട്ട വെല്ലുവിളികള്‍ കാരണം 2022 മുതല്‍ ചരക്കുകളിലെ വാര്‍ഷിക ഉഭയകക്ഷി വ്യാപാരത്തില്‍ ഗണ്യമായ കുറവുണ്ടായതിന്റെ വെളിച്ചത്തില്‍, ഉഭയകക്ഷി വ്യാപാരം പുനഃസ്ഥാപിക്കാനും സാമ്പത്തിക ബന്ധങ്ങളും യുദ്ധപൂര്‍വകാലത്തെ നിലയിലേക്ക് ഉയര്‍ത്താനും മാത്രമല്ല, അവയ കൂടുതല്‍ വികസിപ്പിക്കാനും ഗഹനമേറിയതാക്കാനും സാധ്യമായ എല്ലാ വഴികളും പര്യവേക്ഷണം ചെയ്യാന്‍ തന്നെ നേതാക്കള്‍ ഐജിസിയുടെ സഹ-തലവന്‍മാരോട് നിര്‍ദ്ദേശിച്ചു.
ഇന്ത്യയ്ക്കും ഉക്രെയ്നിനും ഇടയിലുള്ള വ്യാപാര-വാണിജ്യത്തിലെ കൂടുതല്‍ തടസ്സങ്ങള്‍ നീക്കുന്നതിന് പുറമെ, പരസ്പര സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്കും നിക്ഷേപങ്ങള്‍ക്കുമായി ബിസിനസ്സ് ചെയ്യുന്നത് എളുപ്പമാക്കേണ്ടതിന്റെ പ്രാധാന്യം നേതാക്കള്‍ ഊന്നിപ്പറഞ്ഞു. സംയുക്ത പദ്ധതികള്‍, സഹകരണങ്ങള്‍, സംരംഭങ്ങള്‍ എന്നിവ പര്യവേക്ഷണം ചെയ്യുന്നതിനായി ഔദ്യോഗിക തലത്തിലും ബിസിനസ്സ് തലങ്ങളിലും കൂടുതല്‍ ഇടപഴകുന്നതിന് ഇരു വിഭാഗവും പ്രോല്‍സാഹനം പകര്‍ന്നു.
മാനദണ്ഡങ്ങളുടെ സമന്വയവും അംഗീകാര നടപടിക്രമങ്ങളും ഉള്‍പ്പെടെ പരസ്പര പൂരകമായ മേഖലകളിലെ കരുത്തിന്റെ അടിസ്ഥാനത്തില്‍ ഉഭയകക്ഷി ഇടപെടലുകളും വിപണി പ്രവേശനവും വര്‍ധിപ്പിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ചും ഇരു വിഭാഗങ്ങളും തമ്മില്‍ കാര്‍ഷിക മേഖലയിലുള്ള ശക്തമായ ബന്ധത്തെ സംബന്ധിച്ചും നേതാക്കള്‍ അനുസ്മരിച്ചു.
പങ്കാളിത്തത്തിന്റെ ഏറ്റവും ശക്തമായ സ്തംഭങ്ങളിലൊന്നായി ഔഷധ ഉല്‍പന്നങ്ങളിലെ സഹകരണത്തെ തിരിച്ചറിഞ്ഞ നേതാക്കള്‍ കൂടുതല്‍ വിപണി പ്രവേശം സാധ്യമാക്കാനും പരീക്ഷണം, പരിശോധന, രജിസ്‌ട്രേഷന്‍ നടപടിക്രമങ്ങള്‍ എന്നിവയിലൂടെ ഉള്‍പ്പെടെ നിക്ഷേപങ്ങള്‍ക്കും സംയുക്ത സംരംഭങ്ങള്‍ക്കും വഴിയൊരുക്കാനുമുള്ള ആഗ്രഹം വീണ്ടും ഉറപ്പിച്ചു. പരിശീലനത്തിലും മികച്ച രീതികള്‍ പങ്കിടുന്നതിലും ഉള്‍പ്പെടെ, ഔഷധരംഗത്തെ സഹകരണം വിശാലമാക്കാനുള്ള ആഗ്രഹം ഇരുപക്ഷവും പ്രകടിപ്പിച്ചു. ഇന്ത്യയുടെ ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയവും ഉക്രെയ്ന്‍ സ്റ്റേറ്റ് സര്‍വീസും തമ്മിലുള്ള മെഡിസിന്‍ ആന്‍ഡ് ഡ്രഗ്‌സ് കണ്‍ട്രോള്‍ ധാരണാപത്രത്തില്‍ ഒപ്പുവെച്ചതിനെയും ഇന്ത്യന്‍-ഉക്രേനിയന്‍ സംയുക്ത പ്രവര്‍ത്തക സംഘത്തിന്റെ മൂന്നാമത് യോഗം വെര്‍ച്വല്‍ മോഡില്‍ 2024 ഓഗസ്റ്റില്‍ നടത്തുന്നതിനെയും അവര്‍ സ്വാഗതം ചെയ്തു. ചെലവ് കുറഞ്ഞതും ഗുണമേന്മയുള്ളതുമായ മരുന്നുകളുടെ വിതരണത്തിനുള്ള ഉറപ്പുള്ള സ്രോതസ്സാണ് ഇന്ത്യയെന്ന് ഉക്രേനിയന്‍ പക്ഷം അഭിനന്ദിച്ചു.
ഉഭയകക്ഷി ബന്ധങ്ങളുടെ നിയമപരമായ ചട്ടക്കൂട്, പ്രത്യേകിച്ച് നിക്ഷേപങ്ങളുടെ പരസ്പര സംരക്ഷണം, വിദ്യാഭ്യാസ രേഖകളും അക്കാദമിക ബിരുദങ്ങളും ശീര്‍ഷകങ്ങളും പരസ്പര അംഗീകരിക്കുന്നതു സംബന്ധിച്ച പര്യവേക്ഷണം ചെയ്യല്‍ എന്നിവയില്‍ സവിശേഷമായും അതിലുപരി പൊതുവെയും ഉഭയകക്ഷി നിയമ ചട്ടക്കൂട്
വികസിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ പരസ്പരം സമ്മതിച്ചു.
ശാസ്ത്ര-സാങ്കേതിക സഹകരണം സംബന്ധിച്ച ഇന്ത്യയും ഉക്രെയ്നും തമ്മിലുള്ള കരാര്‍ വിജയകരമായി നടപ്പാക്കിയതു നിരീക്ഷിച്ചു. ശാസ്ത്ര സാങ്കേതിക സഹകരണത്തിനുള്ള ഇന്ത്യന്‍-ഉക്രേനിയന്‍ സംയുക്ത പ്രവര്‍ത്തക സംഘത്തിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനവും ഉഭയകക്ഷി ഗവേഷണ പദ്ധതികളുടെ പൂര്‍ത്തീകരണവും ചൂണ്ടിക്കാട്ടി പതിവ് വിനിമയങ്ങളും പരിപാടികളും നടത്തണമെന്ന് ഇരുരാജ്യങ്ങളും തീരുമാനിച്ചു. പ്രത്യേകിച്ച് ഐസിടി, എഐ, മെഷീന്‍ ലേണിംഗ്, ക്ലൗഡ് സേവനങ്ങള്‍, ബയോടെക്‌നോളജി, പുതിയ മെറ്റീരിയലുകള്‍, ഹരിതോര്‍ജം, ഭൗമശാസ്ത്രങ്ങള്‍ തുടങ്ങിയ മേഖലകളില്‍. 2024 ജൂണ്‍ 20 ന് നടന്ന ശാസ്ത്ര സാങ്കേതിക സഹകരണത്തെക്കുറിച്ചുള്ള ജെഡബ്ല്യുജിയുടെ എട്ടാമത് യോഗത്തിനെ കക്ഷികള്‍ സ്വാഗതം ചെയ്തു.
പ്രതിരോധ സഹകരണം
ഇന്ത്യയും ഉക്രെയ്നും തമ്മിലുള്ള പ്രതിരോധ സഹകരണത്തിന്റെ പ്രാധാന്യം അടിവരയിട്ട്, രണ്ട് രാജ്യങ്ങളിലെയും പ്രതിരോധ സ്ഥാപനങ്ങള്‍ തമ്മിലുള്ള ശക്തമായ ബന്ധം സുഗമമാക്കുന്നതിനായി പ്രവര്‍ത്തിക്കുന്നത് തുടരാന്‍ നേതാക്കള്‍ സമ്മതിച്ചു. 2012-ലെ പ്രതിരോധ സഹകരണ കരാറിന് കീഴില്‍ സ്ഥാപിതമായ സൈനിക-സാങ്കേതിക സഹകരണത്തിനായുള്ള ഇന്ത്യന്‍-ഉക്രേനിയന്‍ സംയുക്ത പ്രവര്‍ത്തക സംഘത്തിന്റെ 2-ാമത് യോഗം സമീപഭാവിയില്‍ ഇന്ത്യയില്‍ നടത്താന്‍ ഇരുരാജ്യങ്ങളും സമ്മതിച്ചു.
സാംസ്‌കാരികവും ആളുകള്‍ തമ്മിലുള്ളതുമായ ബന്ധം
ഇന്ത്യയും ഉക്രെയ്നും തമ്മിലുള്ള ശാശ്വത സൗഹൃദത്തില്‍ സാംസ്‌കാരിക ബന്ധത്തിനും ജനങ്ങള്‍ തമ്മിലുള്ള ബന്ധത്തിനും ഉള്ള പ്രധാന പങ്ക് തിരിച്ചറിഞ്ഞുകൊണ്ട്, സാംസ്‌കാരിക സഹകരണത്തിനായുള്ള ഉഭയകക്ഷി പരിപാടിയുടെ സമാപനത്തെയും ഇന്ത്യയിലും ഉക്രെയ്നിലും സാംസ്‌കാരികോത്സവങ്ങള്‍ നടത്താനുള്ള തീരുമാനത്തെയും ഇരുകൂട്ടരും സ്വാഗതം ചെയ്തു. സാംസ്‌കാരിക ബന്ധത്തിനായുള്ള ഇന്ത്യന്‍ കൗണ്‍സിലിന്റെ ജനറല്‍ കള്‍ച്ചറല്‍ സ്‌കോളര്‍ഷിപ്പ് പദ്ധതിയും ഇന്ത്യന്‍ ടെക്നിക്കല്‍ ആന്‍ഡ് ഇക്കണോമിക് കോപ്പറേഷന്‍ പ്രോഗ്രാമിനു കീഴില്‍ നല്‍കുന്ന സ്‌കോളര്‍ഷിപ്പുകളും ഉള്‍പ്പെടെ, ആളുകള്‍ക്കിടയിലും സാംസ്‌കാരികപരമായും ഉള്ള വിനിമയം സുസ്ഥിരമാക്കേണ്ടതിന്റെയും വിപുലീകരിക്കേണ്ടതിന്റെയും പ്രാധാന്യം നേതാക്കള്‍ ഊന്നിപ്പറഞ്ഞു.
ഇരു രാജ്യങ്ങളിലെയും പൗരന്മാരുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ശാഖകള്‍ മറ്റേ രാജ്യത്തു തുറക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കാന്‍ കക്ഷികള്‍ സമ്മതിച്ചു.
ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദ ബന്ധവും ജനങ്ങള്‍ തമ്മിലുള്ള ബന്ധവും വികസിപ്പിക്കുന്നതിന് ഉക്രൈനിലെ ഇന്ത്യന്‍ പ്രവാസികള്‍ അര്‍പ്പിക്കുന്ന സംഭാവനകളെ നേതാക്കള്‍ അഭിനന്ദിച്ചു.
2022-ന്റെ ആദ്യ മാസങ്ങളില്‍ ഉക്രെയ്‌നില്‍ നിന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഒഴിപ്പിക്കാനും ഉക്രെയ്‌നിലേക്ക് മടങ്ങിയെത്തിയ എല്ലാ ഇന്ത്യന്‍ പൗരന്മാരുടെയും വിദ്യാര്‍ത്ഥികളുടെയും സുരക്ഷിതത്വവും ക്ഷേമവും ഉറപ്പുവരുത്തുന്നതിനും നല്‍കിയ സഹായത്തിനും പിന്തുണയ്ക്കും ഉക്രേനിയന്‍ ഭാഗത്തോട് ഇന്ത്യന്‍ പക്ഷം തങ്ങളുടെ നന്ദി ആവര്‍ത്തിച്ചു. ഇന്ത്യന്‍ പൗരന്മാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും എളുപ്പത്തില്‍ വിസ, രജിസ്‌ട്രേഷന്‍ സൗകര്യങ്ങള്‍ എന്നിവ ലഭ്യമാക്കുന്നതിന് ഉക്രേനിയന്‍ ഭാഗത്തിന്റെ തുടര്‍പിന്തുണ ഇന്ത്യന്‍ പക്ഷം അഭ്യര്‍ത്ഥിച്ചു.
ഉക്രെയ്നിന് നല്‍കിയ മാനുഷിക സഹായത്തിന് ഉക്രേനിയന്‍ ഭാഗം ഇന്ത്യന്‍ ഭാഗത്തിന് നന്ദി അറിയിച്ചു. ഇന്ത്യയും ഉക്രെയ്നും തമ്മിലുള്ള, ഉയര്‍ന്ന സ്വാധീനമുള്ള സാമൂഹിക വികസന പദ്ധതികളെക്കുറിച്ചുള്ള ധാരണാപത്രം പൂര്‍ത്തിയാക്കിയതിനെ സ്വാഗതം ചെയ്യുകയും ചെയ്തു. ഇതിലൂടെ പരസ്പര ധാരണയിലെത്തിയ പദ്ധതികള്‍ ഇന്ത്യയുടെ ഗ്രാന്റ് സഹായത്തിലൂടെ വികസിപ്പിക്കും.
യുക്രെയിനിന്റെ പുനര്‍നിര്‍മ്മാണത്തിലും വീണ്ടെടുക്കലിലും ഇന്ത്യന്‍ കമ്പനികളുടെ പങ്കാളിത്തം അനുയോജ്യമായ രീതിയില്‍ ആരായാന്‍ കക്ഷികള്‍ സമ്മതിച്ചു.
തീവ്രവാദത്തെ അപലപിക്കുന്ന കാര്യത്തില്‍ നേതാക്കള്‍ അസന്ദിഗ്ധമായിരുന്നു. അന്താരാഷ്ട്ര നിയമത്തിന്റെയും യുഎന്‍ ചാര്‍ട്ടറിന്റെയും അടിസ്ഥാനത്തില്‍ ഈ മേഖലയില്‍ സഹകരണം വര്‍ദ്ധിപ്പിക്കേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി. തീവ്രവാദത്തിന് എതിരെയും തീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും എല്ലാ രൂപങ്ങളിലുമുള്ള പ്രകടനങ്ങള്‍ക്കെതിരെയും വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിന് അവര്‍ ആഹ്വാനം ചെയ്തു.
സമകാലിക ആഗോള യാഥാര്‍ത്ഥ്യങ്ങളെ പ്രതിഫലിപ്പിച്ചും കൂടുതല്‍ പ്രാതിനിധ്യപരവും ഫലപ്രദവും കാര്യക്ഷമവുമാക്കിയും അന്താരാഷ്ട്ര സമാധാനത്തിന്റെയും സുരക്ഷയുടെയും പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് യുഎന്‍ രക്ഷാസമിതിയുടെ സമഗ്രമായ പരിഷ്‌കരണത്തിന് ഇരുപക്ഷവും ആഹ്വാനം ചെയ്തു. പരിഷ്‌കരിച്ചതും വിപുലീകരിച്ചതുമായ യുഎന്‍ രക്ഷാസമിതിയില്‍ ഇന്ത്യയുടെ സ്ഥിരാംഗത്വത്തിനുള്ള പിന്തുണ ഉക്രെയ്ന്‍ ആവര്‍ത്തിച്ചു.
രാജ്യാന്തര സൗരോര്‍ജ സഖ്യത്തില്‍ (ഐഎസ്എ) ഉക്രെയ്ന്‍ ചേരുന്നതില്‍് ഇന്ത്യന്‍ പക്ഷം താല്‍പര്യം പ്രകടിപ്പിച്ചു.
ഉഭയകക്ഷി ബന്ധങ്ങളുടെ സമ്പൂര്‍ണ്ണ വര്‍ണരാജിയെക്കുറിച്ചുള്ള നേതാക്കളുടെ സമഗ്രമായ ചര്‍ച്ചകളും പൊതു താല്‍പ്പര്യമുള്ള പ്രാദേശികവും ആഗോളവുമായ വിഷയങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകളുടെ കൈമാറ്റവും ഇന്ത്യ-ഉക്രെയ്ന്‍ ബന്ധത്തെ അടയാളപ്പെടുത്തുന്ന ആഴവും പരസ്പര ധാരണയും വിശ്വാസവും പ്രതിഫലിപ്പിച്ചു.
സന്ദര്‍ശന വേളയില്‍ തനിക്കും തന്റെ പ്രതിനിധികള്‍ക്കും നല്‍കിയ ഊഷ്മളമായ ആതിഥ്യത്തിന് പ്രസിഡന്റ് സെലന്‍സ്‌കിയോട് പ്രധാനമന്ത്രി മോദി നന്ദി പറയുകയും പരസ്പരം സൗകര്യപ്രദമായ അവസരത്തില്‍ ഇന്ത്യ സന്ദര്‍ശിക്കാന്‍ അദ്ദേഹത്തെ ക്ഷണിക്കുകയും ചെയ്തു.