പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സെഷെല്‍സ് പ്രസിഡന്റ് വേവല്‍ രാംകലവനുമൊത്ത് നാളെ (2021 ഏപ്രില്‍ 8) ന് സെഷല്‍സിലെ നിരവധി ഇന്ത്യന്‍ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുന്നതുമായി ബന്ധപ്പെട്ട ഉന്നതതല വെര്‍ച്വല്‍ പരിപാടിയില്‍ പങ്കെടുക്കും.
ഉന്നതതല പരിപാടിയില്‍ താഴെപ്പറയുന്നവ ഉള്‍പ്പെടും:
എ) സെഷെല്‍സിലെ പുതിയ മജിസ്ട്രേറ്റ് കോടതി കെട്ടിടത്തിന്റെ സംയുക്ത ഇ-ഉദ്ഘാടനം;
ബി) സെഷെല്‍സ് കോസ്റ്റ് ഗാര്‍ഡിന് ഒരു അതിവേഗ പട്രോള്‍ ബോട്ടിന്റെ കൈമാറ്റം ;
സി) ഒരു മെഗാവാട്ട് സൗരോര്‍ജ്ജ നിലയത്തിന്റെ കൈമാറല്‍;
ഡി) 10 സാമൂഹിക വികസന പദ്ധതികളുടെ ഉദ്ഘാടനം.
തലസ്ഥാന നഗരമായ വിക്ടോറിയയിലെ പുതിയ മജിസ്ട്രേറ്റ് കോടതി കെട്ടിടം, ഇന്ത്യന്‍ സഹായത്തോടെ ഗ്രാന്റ് സഹായത്തോടെ നിര്‍മ്മിച്ച സെഷെല്‍സിലെ ഇന്ത്യയിലെ ആദ്യത്തെ പ്രധാന അടിസ്ഥാന സൗകര്യ പദ്ധതിയാണ്. സെഷെല്‍സ് നീതിന്യായ വ്യവസ്ഥയുടെ ശേഷി ഗണ്യമായി വര്‍ദ്ധിപ്പിക്കുകയും സെഷെല്‍സിലെ ജനങ്ങള്‍ക്ക് ജുഡീഷ്യല്‍ സേവനങ്ങള്‍ മികച്ച രീതിയില്‍ എത്തിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്ന ഒരു ആധുനിക കെട്ടിടമാണ് മജിസ്ട്രേറ്റ് കോടതി.
അത്യാധുനിക സംവിധാനങ്ങളോടെയുള്ള 50 മീറ്റര്‍ ഫാസ്റ്റ് പട്രോള്‍ ബോട്ട് കൊല്‍ക്കത്തയിലെ ജിആര്‍എസ്ഇ കമ്പനി നിര്‍മ്മിച്ചതാണ്. സമുദ്ര നിരീക്ഷണ ശേഷി ശക്തിപ്പെടുത്തുന്നതിനായിട്ടാണ് ഇത് സെഷെല്‍സിന് സമ്മാനിക്കുന്നത്.
സെഷെല്‍സിലെ റോമന്‍വില്ലെ ദ്വീപിലെ ഒരു മെഗാവാട്ട് ശേഷിയുള്ള സൗരോര്‍ജ്ജ നിലയം ഇന്ത്യന്‍ സഹായത്തോടെ സെഷെല്‍സില്‍ നടപ്പാക്കുന്ന 'സോളാര്‍ പിവി ഡെമോക്രറ്റൈസേഷന്‍' പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ചതാണ്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ, തൊഴിലധിഷ്ഠിത സ്ഥാപനങ്ങള്‍ എന്നിവയുമായി സഹകരിച്ച് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ നടപ്പാക്കിയ 10 സാമൂഹിക വികസന പദ്ധതികളുടെ കൈമാറ്റവും വെര്‍ച്വല്‍ പരിപാടിയില്‍ നടക്കും.
'മേഖലയിലെ എല്ലാവര്‍ക്കും സുരക്ഷയും വളര്‍ച്ചയും' - 'സാഗര്‍' എന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടില്‍ സെഷെല്‍സിന് ഒരു പ്രധാന സ്ഥാനം ഉണ്ട്. ഈ മുഖ്യ പദ്ധതികളുടെ ഉദ്ഘാടനം സെഷെല്‍സിന്റെ അടിസ്ഥാന സൗകര്യവികസന, സുരക്ഷാ ആവശ്യകതകള്‍ നിറവേറ്റുന്നതിനുള്ള വിശ്വസനീയമായ പങ്കാളിയെന്ന നിലയില്‍ ഇന്ത്യയുടെ പങ്ക് വ്യക്തമാക്കുന്നു. ഒപ്പം ഇരുരാജ്യങ്ങളിലേയും ജനങ്ങള്‍ തമ്മിലുള്ള ആഴമേറിയ സൗഹാര്‍ദ്ദത്തിന്റെ സാക്ഷ്യപത്രം കൂടിയാണ്.