നിക്ഷേപം സംബന്ധിച്ച ഇന്ത്യ-സൗദി അറേബ്യ ഉന്നതതല ദൗത്യസംഘത്തിന്റെ ആദ്യ യോഗം പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. പി കെ മിശ്ര, സൗദി ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് രാജകുമാരൻ എന്നിവരുടെ അധ്യക്ഷതയിൽ ഇന്ന് വെർച്വൽ രൂപത്തിൽ നടന്നു.
ദൗത്യസംഘത്തിന്റെ സാങ്കേതിക സംഘങ്ങൾ തമ്മിൽ നടന്ന ചർച്ച ഇരുപക്ഷവും അവലോകനം ചെയ്തു.
ശുദ്ധീകരണ-പെട്രോകെമിക്കൽ നിലയങ്ങൾ, നവ-പുനരുൽപ്പാദക ഊർജം, വൈദ്യുതി, ടെലികോം, നൂതനായശം എന്നിവയുൾപ്പെടെ പൊതു-സ്വകാര്യ മേഖലയിലെ വിവിധ മേഖലകളിൽ ഉഭയകക്ഷി നിക്ഷേപത്തിനുള്ള വിവിധ അവസരങ്ങളെക്കുറിച്ചു ക്രിയാത്മക ചർച്ചകൾ നടന്നു.
പരസ്പരപ്രയോജനപ്രദമായ രീതിയിൽ ദ്വിമുഖനിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതു ലക്ഷ്യമിട്ടുള്ള നടപടികളെക്കുറിച്ച് ഇരുപക്ഷവും വിശദമായ അവലോകനം നടത്തി.
സൗദി അറേബ്യയിലെ കിരീടാവകാശിയുടെ സന്ദർശനവേളയിൽ ഉറപ്പുനൽകിയ 100 ബില്യൺ യുഎസ് ഡോളറിന്റെ സൗദി നിക്ഷേപത്തിനു സജീവപിന്തുണ നൽകാനുള്ള ഇന്ത്യാഗവണ്മെന്റിന്റെ അചഞ്ചലമായ ഉദ്ദേശ്യം പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ആവർത്തിച്ചു.
ചർച്ചകൾ മുന്നോട്ടു കൊണ്ടുപോകുന്നതിനും നിർദിഷ്ട നിക്ഷേപങ്ങളിൽ ധാരണയിലെത്തുന്നതിനും ഇരുപക്ഷത്തെയും സാങ്കേതിക സംഘങ്ങൾ തമ്മിൽ പതിവായി കൂടിയാലോചനകൾ നടത്താനും ധാരണയായി. പെട്രോളിയം സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നതതല പ്രതിനിധിസംഘം എണ്ണ-വാതക മേഖലയിലെ പരസ്പരപ്രയോജനകരമായ നിക്ഷേപത്തെക്കുറിച്ചുള്ള തുടർ ചർച്ചകൾക്കായി സൗദി അറേബ്യ സന്ദർശിക്കും. ഇന്ത്യയിൽ സോവറിൻ വെൽത്ത് ഫണ്ട് പിഐഎഫിന്റെ ഓഫീസ് സ്ഥാപിക്കാൻ സൗദിപക്ഷത്തെ ക്ഷണിക്കുകയും ചെയ്തു.
ഉന്നതതല ദൗത്യസംഘത്തിന്റെ അടുത്ത ഘട്ട യോഗത്തിനായി പ്രിൻസിപ്പൽ സെക്രട്ടറി സൗദി അറേബ്യയിലെ ഊർജ മന്ത്രിയെ ഇന്ത്യയിലേക്കു ക്ഷണിച്ചു.
2023 സെപ്തംബറിലെ ഇന്ത്യാ സന്ദർശന വേളയിൽ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് രാജകുമാരനും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും എടുത്ത തീരുമാനത്തെ തുടർന്ന് ഉഭയകക്ഷിനിക്ഷേപം സുഗമമാക്കുന്നതിനുള്ള പ്രത്യേക സംവിധാനമാണ് ഉന്നതതല ദൗത്യസംഘം. ഇന്ത്യയിലെ നിതി ആയോഗ് സിഇഒ, സാമ്പത്തികകാര്യ – വാണിജ്യ - വിദേശകാര്യ - വ്യാവസായിക, ആഭ്യന്തരവ്യാപാര - പെട്രോളിയം, പ്രകൃതിവാതക - ഊർജ വകുപ്പ് സെക്രട്ടറിമാർ എന്നിവരുൾപ്പെടെ ഇരുരാജ്യങ്ങളിലെയും മുതിർന്ന ഉദ്യോഗസ്ഥർ ദൗത്യസംഘത്തിൽ ഉൾപ്പെടുന്നു.