ന്യൂഡൽഹി ∙ കോവിഡ് വാക്സിനേഷൻ 100 കോടിയെന്ന ചരിത്ര മുഹൂർത്തം കഠിനവും അസാധാരണവുമായ നേട്ടമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോഴാണ് മോദി വാക്സിനേഷൻ നേട്ടത്തെക്കുറിച്ചു സംസാരിച്ചത്. ഓരോ ഇന്ത്യക്കാരന്റെയും നേട്ടമാണിത്. ഇന്ത്യയുടെ വാക്സിനേഷന്‍ യജ്ഞത്തില്‍ പലര്‍ക്കും സംശയമുണ്ടായിരുന്നു. അവരുടെ ചോദ്യങ്ങള്‍ക്ക് ഇതാ ഉത്തരമായെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഒക്ടോബർ 21ന് ഇന്ത്യ 100 കോടി വാക്സിനേഷൻ നടപ്പാക്കി ചരിത്രം രചിച്ചു. ഇതാണ് പുതിയ ഇന്ത്യ. നൂറു കോടി വാക്സീൻ എന്നത് വെറും അക്കം മാത്രമല്ല. ഇത് ചരിത്രത്തിന്റെ ഭാഗം കൂടിയാണ്. ഏതു കഠിനമായ ലക്ഷ്യവും രാജ്യത്തിനു വിജയകരമായി കൈവരിക്കാമെന്നതിന്റെ ഉദാഹരണമാണിത്. ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിൽ രാജ്യം പ്രയത്നിക്കുമെന്നതിന്റെ ഉദാഹരണം. രാജ്യത്തെ ഓരോ പൗരന്മാരെയും ഈ നേട്ടം കൈവരിച്ചതിൽ അഭിനന്ദിക്കുന്നു. ഇന്ത്യയെങ്ങനെ മഹാമാരിയെ നേരിടും, ഇന്ത്യയ്ക്ക് വാക്സീൻ ലഭിക്കുമോ എന്നൊക്കെ മുൻപ് ചോദ്യങ്ങൾ ഉയർന്നിരുന്നു. 100 കോടി വാക്സീൻ എന്നത് ഇതിനെല്ലാം മറുപടി നൽകുന്നു. വാക്സിനേഷൻ യജ്ഞത്തിൽ വിഐപി സംസ്കാരം കടന്നുവരാതിരിക്കാൻ ശ്രമമുണ്ടായി. എല്ലാവരെയും ഒരു പോലെയാണ് ഇതിൽ പരിഗണിച്ചതെന്നും മോദി പറഞ്ഞു.
ശാസ്ത്രീയ മാർഗങ്ങളിൽ, ശാസ്ത്രത്താൽ നയിച്ച വാക്സിനേഷൻ യജ്ഞമാണ് നടപ്പായതെന്നതിൽ നമുക്ക് അഭിമാനിക്കാം. ശാസ്ത്രീയ രീതികൾ അടിസ്ഥാനമാക്കിയാണ് ഇത് മുന്നോട്ടുപോകുന്നതും. എല്ലായിടത്തും ഇപ്പോൾ ശുഭാപ്തി വിശ്വാസമാണ് പരക്കുന്നത്. മെയ്ഡ് ഇൻ ഇന്ത്യ എന്ന സംസാരമാണ് ഇന്ന് എവിടെയുമുള്ളത്. ഇന്ത്യയിലും പുറത്തുമുള്ള വിദഗ്ധർ ഇന്ത്യയുെട സാമ്പത്തികരംഗത്തെക്കുറിച്ച് ശുഭപ്രതീക്ഷയിലാണ്. ഇന്ത്യൻ കമ്പനികളിലേക്ക് റെക്കോർഡ് നിക്ഷേപം ഉണ്ടാകുന്നതിനൊപ്പം യുവാക്കൾക്ക് പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടുന്നു. കോവിഡിൽനിന്ന് ഇന്ത്യ കൂടുതൽ സുരക്ഷിതമാണെന്ന് ലോകം വീക്ഷിക്കും. ഒരു ഫാർമ ഹബ് എന്ന നിലയിൽ ഇന്ത്യയ്ക്ക് കൂടുതൽ സ്ഥാനം കൈവരും.
തദ്ദേശീയ ഉല്‍പനങ്ങള്‍ വാങ്ങുന്നത് ശീലമാക്കണം. കയ്യടിച്ചാലും വിളക്ക് കത്തിച്ചാലും കോവിഡ് പോകുമോ എന്ന് പരിഹസിച്ചവരുണ്ട്. അതെല്ലാം ഐക്യത്തിനുള്ള യജ്ഞമായിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ചൈനയ്ക്കു പിന്നാലെയാണ് ഇന്ത്യയും 100 കോടി വാക്സിനേഷൻ എന്ന റെക്കോർഡ് കുറിച്ചത്.
പ്രധാനമന്ത്രിയുടെ പ്രസംഗത്തിൽനിന്ന്
∙ 100 കോടി പേർക്ക് ഇന്ത്യ വാക്സീൻ നൽകിയത് സൗജന്യമായാണ് എന്നതു പ്രത്യേകതയാണ്
∙ മരുന്നുൽപാദന ഹബ് എന്ന നിലയിൽ ലോകത്ത് ഇന്ത്യയ്ക്ക് കൂടുതൽ സ്വീകാര്യത കിട്ടും.
∙ സർക്കാരും ജനങ്ങളും ഒത്തുപിടിച്ചാൽ അസാധ്യമായത് ഒന്നുമില്ലെന്നതിനു തെളിവാണ് ഈ നേട്ടം.
∙ ശാസ്ത്രത്തോടും പുതിയ കണ്ടുപിടിത്തങ്ങളോടും സാങ്കേതികവിദ്യയോടും ഇന്ത്യക്കാർ കാണിച്ച വിശ്വാസ്യതയാണ് റെക്കോർഡ് വാക്സിനേഷനു സഹായിച്ചത്.
∙ വാക്സീൻ വിമുഖതയാണ് പല രാജ്യങ്ങളും നേരിടുന്ന പ്രതിസന്ധി. എന്നാൽ ജനങ്ങളുടെ പങ്കാളിത്തത്തോടെയാണ് ഇന്ത്യ കോവിഡ് പ്രതിരോധം മികച്ചതാക്കിയത്. ഇതു കൂട്ടായ്മയുടെ വിജയമാണ്.
∙ കടുത്ത കോവിഡ് നിയന്ത്രണങ്ങൾ കൊണ്ടുവന്നപ്പോൾ എല്ലാവരും ചോദിച്ചു, ഇതെങ്ങനെ നടപ്പാക്കുമെന്ന്. പക്ഷേ നമ്മുടേത് ജനാധിപത്യ രാജ്യമാണ്. ഈ നിയന്ത്രണങ്ങൾ എല്ലാവർക്കും വേണ്ടിയാണെന്നു ജനം തിരിച്ചറിഞ്ഞു, അനുസരിച്ചു.
∙ പലതരം സമ്മർദങ്ങളുണ്ടായിട്ടും, സർക്കാരിന്റെ മുൻ പദ്ധതികളെപ്പോലെ വാക്സിനേഷനിലും വിഐപി സംസ്കാരം നടപ്പാക്കിയില്ല.
∙ 100 കോടി എന്നതു വെറുമൊരു സംഖ്യയല്ല. പുതിയ ഇന്ത്യയുടെ, പുതിയ അധ്യായത്തിന്റെ തുടക്കമാണ്.
∙ പുതിയ ഇന്ത്യയുടെ പ്രതിഫലനമാണ് ഈ നേട്ടം. മഹത്തായ നേട്ടമാണിത്.
∙ നമ്മുടെ രാജ്യം അതിന്റെ കടമ നിർവഹിച്ചു. ലോകം ഇന്ത്യയുടെ ഉദ്യമത്തിനു കയ്യടിക്കുകയാണ്.