പോളണ്ട് പ്രധാനമന്ത്രി ഡൊണാൾഡ് ടസ്കിന്റെ ക്ഷണപ്രകാരം ഇന്ത്യയുടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, 2024 ഓഗസ്റ്റ് 21നും 22നും പോളണ്ടിൽ ഔദ്യോഗിക സന്ദർശനം നടത്തി. ഇരുരാജ്യങ്ങളും നയതന്ത്രബന്ധത്തിന്റെ എഴുപതാം വാർഷികം ആഘോഷിക്കുന്ന വേളയിലാണു ചരിത്രപരമായ സന്ദർശനം.

ദീർഘകാലബന്ധം കണക്കിലെടുത്ത്, ഇരുരാജ്യങ്ങളും അവിടത്തെ ജനങ്ങളും തമ്മിൽ ആഴത്തിൽ വേരൂന്നിയ സൗഹൃദം ഊട്ടിയുറപ്പിക്കുകയും, ബന്ധത്തിന്റെ സാധ്യതകളാകെ സാക്ഷാത്കരിക്കാനുള്ള പ്രതിബദ്ധത ഊട്ടിയുറപ്പിക്കുകയും ചെയ്ത ഇരുനേതാക്കളും, ഇന്ത്യ-പോളണ്ട് ഉഭയകക്ഷിബന്ധത്തെ “തന്ത്രപ്രധാനമായ പങ്കാളിത്ത”ത്തിന്റെ തലത്തിലേക്കുയർത്താൻ തീരുമാനിച്ചു.

ജനാധിപത്യം, സ്വാതന്ത്ര്യം, ചട്ടങ്ങൾ അടിസ്ഥാനമാക്കിയുള്ള അന്താരാഷ്ട്രക്രമം എന്നിവയുടെ പൊതുവായ മൂല്യങ്ങളും ചരിത്രപരമായ ബന്ധങ്ങളും വളരുന്ന ഉഭയകക്ഷിപങ്കാളിത്തത്തിന്റെ കേന്ദ്രമാണെന്ന് ഇരുപ്രധാനമന്ത്രിമാരും വ്യക്തമാക്കി. കൂടുതൽ സ്ഥിരതയാർന്നതും സമൃദ്ധവും സുസ്ഥിരവുമായ ലോകത്തിനായി ഉഭയകക്ഷി-പ്രാദേശിക-അന്തർദേശീയ സഹകരണം ആഴത്തിലാക്കുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധത അവർ ആവർത്തിച്ചുറപ്പിച്ചു.

ഉഭയകക്ഷി രാഷ്ട്രീയചർച്ചകൾ ശക്തിപ്പെടുത്തുന്നതിനും പരസ്പരപ്രയോജനകരമായ സംരംഭങ്ങൾ വികസിപ്പിക്കുന്നതിനുമായി ഉന്നതതലബന്ധം നിലനിർത്തേണ്ടതിന്റെ ആവശ്യകതയ്ക്ക് ഇരുനേതാക്കളും ഊന്നൽ നൽകി.

ഉഭയകക്ഷി സാമ്പത്തികബന്ധങ്ങൾ കൂടുതൽ ശക്തമാക്കാനും വ്യാപാരവും നിക്ഷേപവും ഉത്തേജിപ്പിക്കാനും പരസ്പരപ്രയോജനകരമായ സഹകരണത്തിന്റെ പുതിയ മേഖലകൾ അനാവരണം ചെയ്യാനും നേതാക്കൾ ധാരണയായി. ഇക്കാര്യത്തിൽ, സാമ്പത്തിക സഹകരണത്തിനായുള്ള സംയുക്ത കമ്മീഷനെ പൂർണമായും ഉപയോഗപ്പെടുത്താനും ധാരണയായി. ഉഭയകക്ഷിവ്യാപാരം സന്തുലിതമാക്കാനും വ്യാപാരമേഖല വിപുലീകരിക്കാനും ശ്രമങ്ങൾ നടത്തുന്നതിനും നേതാക്കൾ ധാരണയായി.

സാങ്കേതികവിദ്യ, കൃഷി, സമ്പർക്കസൗകര്യം, ഖനനം, ഊർജം, പരിസ്ഥിതി തുടങ്ങിയ മേഖലകളിൽ സാമ്പത്തിക സഹകരണം വിപുലീകരിക്കുന്നതിന്റെ പ്രാധാന്യം ഇരുനേതാക്കളും ചൂണ്ടിക്കാട്ടി.

സാമ്പത്തികവും സാമൂഹ്യവുമായ വികസനത്തിൽ ഡിജിറ്റൽവൽക്കരണത്തിന്റെ നിർണായക പങ്കു ചൂണ്ടിക്കാട്ടി, സ്ഥിരതയും ഇരുരാജ്യങ്ങളും തമ്മിലുള്ള വിശ്വാസവും വർധിപ്പിക്കുന്നതിന്, സൈബർ സുരക്ഷ ഉൾപ്പെടെ ഈ മേഖലയിൽ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്താൻ ഇരുപക്ഷവും ധാരണയായി.

ഇരുരാജ്യങ്ങളും അതതു പ്രദേശങ്ങളും തമ്മിലുള്ള സമ്പർക്കസൗകര്യങ്ങളുടെ പ്രാധാന്യത്തിനു പ്രധാനമന്ത്രിമാർ ഊന്നൽ നൽകി. ഇരുരാജ്യങ്ങൾക്കുമിടയിൽ നേരിട്ടുള്ള വിമാന സർവീസ് ആരംഭിക്കുന്നതിനെ അവർ സ്വാഗതംചെയ്തു. ഒപ്പം, ഇരുരാജ്യങ്ങളിലെയും പുതിയ ഉദ്ദിഷ്ടകേന്ദ്രങ്ങളിലേക്കു നേരിട്ടുള്ള വിമാനസർവീസ് ഇനിയും വർധിപ്പിക്കേണ്ടതിന്റെ ആവശ്യകതയ്ക്കു നേതാക്കൾ ഊന്നൽ നൽകി. സമുദ്രസഹകരണം ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യവും അടിസ്ഥാനസൗകര്യ ഇടനാഴികളുടെ കാര്യക്ഷമതയും ഇരുപക്ഷവും അടിവരയിട്ടു.

ലോകത്തിലെ ഏറ്റവും വലിയ രണ്ടു ജനാധിപത്യരാജ്യങ്ങൾ എന്ന നിലയിൽ, ബഹുധ്രുവലോകത്തു സുരക്ഷയും സമൃദ്ധിയും സുസ്ഥിരവികസനവും ഉറപ്പാക്കുന്നതിൽ യൂറോപ്യൻ യൂണിയനും ഇന്ത്യക്കും പൊതുവായ താൽപ്പര്യമുണ്ടെന്ന് ഇരുനേതാക്കളും അടിവരയിട്ടു. ഇത് ഇരുപക്ഷത്തിനും ഗുണംചെയ്യുക മാത്രമല്ല, ആഗോളതലത്തിൽ ഗുണപരമായ ദൂരവ്യാപക സ്വാധീനം ചെലുത്തുകയും ചെയ്യും.

യുഎൻ ചാർട്ടറ‌ിന്റെ കാതലായ, സമാധാനത്തിനും നിയമങ്ങൾ അടിസ്ഥാനമാക്കിയുള്ള അന്താരാഷ്ട്ര ക്രമത്തിനുമുള്ള പ്രതിബദ്ധത പ്രകടിപ്പിച്ച രണ്ടു പ്രധാനമന്ത്രിമാരും ലോകത്തിന്റെ വിവിധ മേഖലകളിലെ ഗുരുതരമായ സംഘർഷങ്ങളിലും പിരിമുറുക്കങ്ങളിലും സുരക്ഷാ മേഖലയിൽ അതിന്റെ ബഹുമുഖ സഹകരണം സുപ്രധാനമാണെന്ന് അംഗീകരിക്കുകയും ചെയ്തു. നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ള അന്താരാഷ്ട്ര ക്രമത്തോടുള്ള ബഹുമാനം പ്രോത്സാഹിപ്പിക്കുന്നതിനും ആഗോള സമാധാനം, സ്ഥിരത, സുരക്ഷ എന്നിവ നിലനിർത്തുന്നതിനും ബഹുമുഖവേദികളിൽ സഹകരണം വർധിപ്പിക്കാൻ അവർ തീരുമാനിച്ചു.

പ്രതിരോധമേഖലയിൽ സഹകരണം ശക്തമാക്കേണ്ടതിന്റെ ആവശ്യകത ഇരുപക്ഷവും വിലയിരുത്തി. ഇതിനായി, പ്രതിരോധ സഹകരണത്തിനായുള്ള സംയുക്ത കർമസമിതി ഉൾപ്പെടെ നിലവിലുള്ള ഉഭയകക്ഷി സംവിധാനങ്ങൾ പൂർണമായും ഉപയോഗപ്പെടുത്തുന്നതിനു ധാരണയായി.

ഭയാനകവും ദാരുണവുമായ മാനുഷിക പ്രത്യാഘാതങ്ങൾ ഉൾപ്പെടെ, യുക്രൈനിൽ നടക്കുന്ന യുദ്ധത്തിൽ ഇരുനേതാക്കളും അഗാധമായ ഉത്കണ്ഠ രേഖപ്പെടുത്തി. പരമാധികാരത്തോടും പ്രാദേശിക സമഗ്രതയോടുമുള്ള ബഹുമാനം ഉൾപ്പെടെ, യുഎൻ ചാർട്ടറിന്റെ ഉദ്ദേശ്യങ്ങൾക്കും തത്വങ്ങൾക്കും അനുസൃതമായും അന്താരാഷ്ട്ര നിയമത്തിന് അനുസൃതമായും സമഗ്രവും നീതിയുക്തവും ശാശ്വതവുമായ സമാധാനത്തിന്റെ ആവശ്യകത അവർ ആവർത്തിച്ചു. ആഗോള ഭക്ഷ്യ-ഊർജ സുരക്ഷയുമായി ബന്ധപ്പെട്ട്, പ്രത്യേകിച്ച് ഗ്ലോബൽ സൗത്ത് മേഖലയുമായി ബന്ധപ്പെട്ട്, യുക്രൈനിലെ യുദ്ധത്തിന്റെ പ്രതികൂല പ്രത്യാഘാതങ്ങളും അവർ എടുത്തുകാട്ടി. ഈ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ, ആണവായുധങ്ങളുടെ ഉപയോഗം അല്ലെങ്കിൽ ഉപയോഗ ഭീഷണി അസ്വീകാര്യമാണെന്ന കാഴ്ചപ്പാട് അവർ പങ്കിട്ടു. അന്താരാഷ്ട്ര നിയമം ഉയർത്തിപ്പിടിക്കേണ്ടതിന്റെ പ്രാധാന്യം അവർ അടിവരയിട്ടു. യുഎൻ ചാർട്ടറിന് അനുസൃതമായി, എല്ലാ രാഷ്ട്രങ്ങളും മറ്റേതെങ്കിലും രാഷ്ട്രത്തിന്റെ പ്രാദേശിക സമഗ്രതയ്ക്കും പരമാധികാരത്തിനും രാഷ്ട്രീയ സ്വാതന്ത്ര്യത്തിനും എതിരായി നടത്തുന്ന ബലപ്രയോഗവും ഭീഷണിയും ഒഴിവാക്കണമെന്ന് ആവർത്തിച്ചു.

ഭീകരതയെ അതിന്റെ എല്ലാ രൂപങ്ങളിലും പ്രകടനങ്ങളിലും അസന്ദിഗ്ധമായി അപലപിക്കുന്നതായി ഇരുനേതാക്കളും ആവർത്തിച്ചു. ഭീകരവാദപ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നവർക്കും ആസൂത്രണം ചെയ്യുന്നവർക്കും പിന്തുണയ്ക്കുന്നവർക്കും ഒരു രാജ്യവും സുരക്ഷിത താവളമൊരുക്കരുതെന്നും നേതാക്കൾ പറഞ്ഞു. യുഎൻ സുരക്ഷാസമിതിയുടെയും യുഎൻ പൊതുസഭയുടെയും പ്രസക്തമായ പ്രമേയങ്ങൾ കർശനമായി നടപ്പാക്കേണ്ടതിന്റെ ആവശ്യകതയ്ക്കും യുഎൻ ആഗോള ഭീകരവിരുദ്ധ തന്ത്രം നടപ്പാക്കേണ്ടതിന്റെ ആവശ്യകതയ്ക്കും ഇരുപക്ഷവും ഊന്നൽ നൽകി.  അന്താരാഷ്ട്ര ഭീകരവാദം സംബന്ധിച്ച സമഗ്ര കൺവെൻഷൻ (സിസിഐടി) എത്രയും വേഗം അംഗീകരിക്കണമെന്നും അവർ ആവർത്തിച്ചു.

UNCLOS-ൽ പ്രതിഫലിക്കുന്ന സമുദ്രത്തിന്റെ അന്താരാഷ്ട്രനിയമത്തിന് അനുസൃതമായും സമുദ്രസുരക്ഷയുടെയും അന്താരാഷ്ട്ര സമാധാനത്തിന്റെയും സുസ്ഥിരതയുടെയും പ്രയോജനത്തിനായി പരമാധികാരം, പ്രാദേശിക സമഗ്രത, സഞ്ചാരസ്വാതന്ത്ര്യം എന്നിവയോടുള്ള പൂർണ ബഹുമാനത്തോടെയും സ്വതന്ത്രവും തുറന്നതും നിയമാധിഷ്ഠിതവുമായ ഇന്തോ-പസഫിക്കിനുള്ള തങ്ങളുടെ പ്രതിബദ്ധത ഇരുപക്ഷവും ഊട്ടിയുറപ്പിച്ചു.

കാലാവസ്ഥാവ്യതിയാനം ഉയർത്തുന്ന പ്രധാന വെല്ലുവിളികൾ തിരിച്ചറിഞ്ഞ ഇരുനേതാക്കളും, കാലാവസ്ഥാ പ്രവർത്തന സംരംഭങ്ങളിൽ സഹകരണത്തിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടി. അന്താരാഷ്ട്ര സൗരസഖ്യം (ഐഎസ്എ), ദുരന്തനിവാരണ അടിസ്ഥാനസൗകര്യസഖ്യം (സിഡിആർഐ) എന്നിവയിൽ പോളണ്ടിന്റെ അംഗത്വം പരിഗണിക്കാൻ ഇന്ത്യ പോളിഷ് പക്ഷത്തെ പ്രോത്സാഹിപ്പിച്ചു.

പാർലമെന്ററി ബന്ധങ്ങളുടെ പങ്കിനെ അഭിനന്ദിച്ച നേതാക്കൾ, നിയമനിർമാണസഭകൾ തമ്മിലുള്ള വിനിമയവും സഹകരണവും വിപുലീകരിക്കുന്നത് ഉഭയകക്ഷിബന്ധവും പരസ്പരധാരണയും ആഴത്തിലാക്കുമെന്നു വിലയിരുത്തി.

ദീർഘകാലമായി നിലനിൽക്കുന്ന ജനങ്ങൾ തമ്മ‌ിലുള്ള ബന്ധത്തെക്കുറിച്ചു പറഞ്ഞ പ്രധാനമന്ത്രിമാർ, ഇത് കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ധാരണയായി. സംസ്കാരം, വിദ്യാഭ്യാസം, ശാസ്ത്രം, ഗവേഷണം, ആരോഗ്യം എന്നീ മേഖലകളിൽ സഹകരണം വിപുലീകരിക്കാനും അവർ സമ്മതിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കിടയിൽ ഭാവിയെ അടിസ്ഥാനമാക്കിയുള്ള പങ്കാളിത്തം സ്ഥാപിക്കുന്നതിനുള്ള അധിക നടപടികൾ പ്രോത്സാഹിപ്പിക്കുന്നതിനും പ്രചോദിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളെ അവർ സ്വാഗതം ചെയ്തു.

സാമ്പത്തിക-വ്യാപാര അവസരങ്ങൾ സൃഷ്ടിക്കുന്നതിലും ഇരുരാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള ധാരണ വർധിപ്പിക്കുന്നതിലും വിനോദസഞ്ചാരത്തിന്റെ പങ്ക് നേതാക്കൾ വിലയിരുത്തി.

തന്ത്രപ്രധാന പങ്കാളിത്തം നടപ്പാക്കുന്നതിന്, 2024-2028ലെ പഞ്ചവത്സര സംയുക്ത കർമപദ്ധതിക്ക് ഇരുപക്ഷവും ധാരണയായി.

തനിക്കും തന്റെ പ്രതിനിധിസംഘത്തിനും നൽകിയ ആതിഥ്യത്തിന് പോളണ്ട് പ്രധാനമന്ത്രി ടസ്കിനും പോളണ്ടിലെ ജനങ്ങൾക്കും പ്രധാനമന്ത്രി മോദി നന്ദി പറയുകയും പ്രധാനമന്ത്രി ടസ്കിനെ ഇന്ത്യ സന്ദർശിക്കാൻ ക്ഷണിക്കുകയും ചെയ്തു.

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Cabinet approves minimum support price for Copra for the 2025 season

Media Coverage

Cabinet approves minimum support price for Copra for the 2025 season
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 21
December 21, 2024

Inclusive Progress: Bridging Development, Infrastructure, and Opportunity under the leadership of PM Modi