മ്യാന്‍മാര്‍ പ്രസിഡന്റ് ആദരണിയനായ ഉ തിന്‍ ചോയുടെ ക്ഷണപ്രകാരം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മ്യാന്‍മാറില്‍ 2017 സെപ്റ്റംബര്‍ 5 മുതല്‍ 7 വരെ തന്റെ ആദ്യ ഉഭയകക്ഷി സന്ദര്‍ശനം നടത്തി. രണ്ടു രാജ്യങ്ങളിലേയും നേതാക്കള്‍ തമ്മില്‍ തുടര്‍ന്നുവരുന്ന ഉന്നതതല ആശയവിനിമയത്തിന്റെയും കഴിഞ്ഞവര്‍ഷം ആദരണീയനായ പ്രസിഡന്റ് ഉ തിന്‍ ചോയുടെയും ആദരണീയയായ സ്‌റ്റേറ്റ് കൗണ്‍സെലര്‍ ഡൗ ആംഗ് സാന്‍ സ്യൂചിയുടെയും വിജയകരമായ ഇന്ത്യാ സന്ദര്‍ശനത്തിന്റെയൂം ഭാഗമാണ് ഈ സന്ദര്‍ശനം.
2017 സെപ്റ്റംബര്‍ 5 ല്‍ പ്രധാനമന്ത്രി മോദിക്ക് നെയ് പി തോയിലെ പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ ആചാരപരമായ സ്വീകരണം നല്‍കി. പ്രധാനമന്ത്രിക്ക് വേണ്ടി ഔദ്യോഗിക വിരുന്ന് ഒരുക്കിയ പ്രസിഡന്റിന് അദ്ദേഹം ആദരവ് പ്രകടിപ്പിച്ചു. 2017 സെപ്റ്റംബര്‍ 6ന് പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ പ്രതിനിധി സംഘം കൗണ്‍സെലര്‍ ഡൗ ആംഗ് സാന്‍ സ്യൂചിയുടെ നേതൃത്വത്തിലുള്ള മ്യാന്‍മാര്‍ പ്രതിനിധിസംഘവുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉറ്റ സൗഹൃദത്തിന് അനുയോജ്യമായ തരത്തില്‍ ചര്‍ച്ചകള്‍ സൗഹൃദപരവും ഊഷ്മളവും സൃഷ്ടിപരവുമായ അന്തരീക്ഷത്തിലായിരുന്നു. അതിനുശേഷം സ്‌റ്റേറ്റ് കൗണ്‍സെലറുടെയും ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ ആരോഗ്യം, സാംസ്‌ക്കാരികം, ശേഷി വര്‍ദ്ധിപ്പിക്കല്‍, സമുദ്ര സുരക്ഷ, പ്രധാനപ്പെട്ട സ്ഥാപനങ്ങളുമായി യോജിച്ചുള്ള പ്രവര്‍ത്തനം തുടങ്ങി വിവിധ മേഖലകളെ സംബന്ധിച്ച് കരാറുകള്‍ ഒപ്പിടുകയും കൈമാറ്റം ചെയ്യുകയും ചെയ്തു. അതിനുശേഷം ഇരുവരും സംയുക്ത വാര്‍ത്താസമ്മേളനവും നടത്തിയിരുന്നു.
നെയ് പേ തോയിലെ ഔദ്യോഗിക പരിപാടികള്‍ക്ക് പുറമെ പ്രധാനമന്ത്രി മോദി ബാഗാനിലേയും യാങ്കൂണിലേയും ചരിത്രപരമായും സാംസ്‌ക്കാരികമായും പ്രധാന്യമുള്ള പ്രദേശങ്ങളും സന്ദര്‍ശിക്കും. ബാഗാനില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ വിദഗ്ധ നേതൃത്വത്തില്‍ ഇന്ത്യയിലേയും മ്യാന്‍മാറിലെയും പുരാവസ്തു ഗവേഷകര്‍ പുനരുദ്ധാരണ പ്രവര്‍ത്തനം നടത്തിവരുന്ന വിശുദ്ധവും ചരിത്രപ്രാധാന്യമുള്ളതുമായ ആനന്ദാ ക്ഷേത്രവും അദ്ദേഹം സന്ദര്‍ശിച്ചു. യാങ്കോണില്‍ അദ്ദേഹം രക്തസാക്ഷി ശവകുടീരങ്ങളില്‍ ജനറല്‍ ആങ് സാനിന് ഉപചാരമര്‍പ്പിച്ചു. അതോടൊപ്പം ബോഗ്‌യോക്ക് ആങ് സാന്‍ മ്യൂസിയവും മറ്റ് പ്രധാനപ്പെട്ട കേന്ദ്രങ്ങളും സന്ദര്‍ശിക്കും. യാങ്കോണിലെ താമസത്തിനിടയില്‍ അദ്ദേഹം മ്യാന്‍മാറിലുള്ള ഇന്ത്യന്‍ വംശജരും പ്രവാസികളുമായി ആശയവിനിയമം നടത്തുകയൂം ചെയ്തു.
പ്രസിഡന്റിന്റേയും സ്‌റ്റേറ്റ് കൗണ്‍സെലറുടെയും യഥാക്രമം 2016 ഓഗസ്റ്റ്, ഒക്‌ടോബര്‍ മാസങ്ങളിലെ ഇന്ത്യാ സന്ദര്‍ശനത്തിന് ശേഷമുണ്ടായ വികസനത്തെക്കുറിച്ച് രണ്ടുനേതാക്കളും ചര്‍ച്ചകളില്‍ അവലോകനം ചെയ്തു. മ്യാന്‍മാറിന്റെ സ്വതന്ത്രവും, സജീവും, ചേരിചേരാത്തതുമായ വിദേശനയവും കിഴക്കിനായുള്ള ഇന്ത്യയുടെ പ്രായോഗിക നയവും, അയല്‍പക്കം ആദ്യം എന്ന നയവും തമ്മിലുള്ള പൊരുത്തം പ്രതിഫലിപ്പിക്കുന്ന ജനങ്ങള്‍ തമ്മിലുള്ള ബന്ധവും, സാമ്പത്തിക വ്യാപാര, സാംസ്‌കാരിക മേഖലകളില്‍ തുടര്‍ന്ന് വരുന്ന ഔദ്യോഗിക കൈമാറ്റങ്ങളും അവലോകനത്തില്‍ ഉള്‍പ്പെട്ടു.
രണ്ടുരാജ്യങ്ങളിലേയും ജനങ്ങള്‍ക്ക് കൂടുതല്‍ ഗുണപരമായ രീതിയില്‍ ഉഭയകക്ഷിബന്ധം കുടുതല്‍ ശക്തവും വിശാലവുമാക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്നും അവര്‍ പ്രതിജ്ഞചെയ്തു. സമാധാനം, സംയോജിത അഭിവൃദ്ധി, ഈ മേഖലയുടെയും അതിനപ്പുറത്തുമുള്ള വികസനം എന്നിവയില്‍ രണ്ടു രാജ്യങ്ങള്‍ക്കുമുള്ള അഭിലാഷങ്ങള്‍ അവര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി.
മ്യാന്‍മാര്‍ ഗവണ്‍മെന്റ് സമാധാനത്തിനും ദേശീയ അനുരജ്ഞനത്തിനുമായി കൈക്കൊണ്ട നടപടികളെ ഇന്ത്യന്‍ പ്രധാനമന്ത്രി അഭിനന്ദിക്കുകയും സമാധാനത്തിന് വേണ്ടി മ്യാന്‍മാര്‍ ഗവണ്‍മെന്റ് തുടന്ന് പോരുന്ന സമാധാന പ്രക്രിയയെ പ്രശംസിക്കുകയും ചെയ്തു. മ്യാന്‍മാറിലെ സമാധാനത്തിനും സുസ്ഥിരതയ്ക്കുമാണ് ഇന്ത്യ ഏറ്റവും മുന്‍ഗണന നല്‍കുന്നതെന്നും അതുകൊണ്ടുതന്നെ ജനാധിപത്യ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്നതിനും ഒരു ജനാധിപത്യ ഫെഡറല്‍ റിപ്പബ്ലിക്കായി മാറുന്നതിനും മ്യാന്‍മാര്‍ ഗവണ്‍െമന്റിന് തുടര്‍ന്നും ഇന്ത്യയുടെ എല്ലാ സഹായവുമുണ്ടായിരിക്കുമെന്ന് പ്രധാനമന്ത്രി ആവര്‍ത്തിച്ച് വ്യക്തമാക്കി.
രണ്ടുനേതാക്കളും തങ്ങളുടെ അതിര്‍ത്തിപ്രദേശത്തെ സുരക്ഷാ സാഹചര്യങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്യുകയും തങ്ങളുടെ അതിര്‍ത്തിപ്രദേശങ്ങളിലെ തീവ്രവാദ പ്രവര്‍ത്തനങ്ങളിലും തീവ്രവാദ സ്വാധിനത്താലുള്ള അതിക്രമങ്ങളിലും ആശങ്ക രേഖപ്പെടുത്തുകയും ചെയ്തു. ഭീകരവാദമാണ് ഈ മേഖലയിലെ സമാധാനവും സുസ്ഥിരതയും നേരിടുന്ന പ്രധാനപ്പെട്ട ഭീഷണിയെന്ന് അംഗീകരിച്ചുകൊണ്ടുതന്നെ എല്ലാ രൂപത്തിലുമുള്ള ഭീകരവാദത്തേയും അതിന്റെ ആവിഷ്‌ക്കാരത്തേയും ഇരുകൂട്ടരും അപലപിച്ചു. ഭീകരവാദത്തിനെതിരെയുള്ള പോരാട്ടം ഭീകരവാദികളെയും ഭീകരവാദസംഘടനകളേയും അവരുടെ ശൃംഖലകളേയും മാത്രം ലക്ഷ്യമാക്കിയാല്‍ പോരെന്നും അതിന് ഉത്തരവാദികളായവരെ കണ്ടെത്തുകയും അതിനെതിരെ ശക്തമായ നടപടികള്‍ എടുക്കുകയും വേണമെന്നും ഇരു രാജ്യങ്ങളും സമ്മതിച്ചു. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയും സഹായിക്കുകയും ചെയ്യുന്ന രാജ്യങ്ങള്‍ സംഘടനകള്‍, ഭീകരവാദത്തിന് സാമ്പത്തികസഹായം നല്‍കുന്നവര്‍, ഭീകരവാദ സംഘടനകള്‍ക്കും ഭീകരവാദികള്‍ക്കും അഭയം നല്‍കുന്നവര്‍, അവരുടെ നന്മകളെ തെറ്റായി ശ്ലാഘിക്കുന്നവര്‍ എന്നിവര്‍ക്കെതിരെയെല്ലാം ശക്തമായ നടപടികള്‍ ഉണ്ടാകണം. അടുത്തിടെ ഇന്ത്യയിലെ അമര്‍നാഥ് യാത്രികര്‍ക്കെതിരെയുണ്ടായ കിരാതമായ ഭീകരാക്രമണത്തേയും അതിര്‍ത്തിയില്‍ അതിക്രമിച്ചുകടന്ന് ഭീകരവാദം അഴിച്ചുവിടുന്നതിനേയും മ്യാന്‍മാര്‍ അപലപിച്ചു. നിരവധി സുരക്ഷാ ഭടന്മാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട മ്യാന്‍മാറിലെ റാഖിനേ സ്‌റ്റേറ്റില്‍ അടുത്തിടെയുണ്ടായ ഭീകരാക്രമണത്തെ ഇന്ത്യയും അപലപിച്ചു. ഭീകരാക്രമണം മുനുഷ്യാവകാശങ്ങളെ ലംഘിക്കുന്നതാണെന്നും അതുകൊണ്ടുതന്നെ ഭീകരവാദികളെ രക്തസാക്ഷികളായി വാഴ്‌ത്തേണ്ടതില്ലെന്നും രണ്ടു രാജ്യങ്ങളും സമ്മതിച്ചു. അന്തര്‍ദ്ദേശീയ സമൂഹത്തിന് ഭീകരവാദത്തോടുള്ള പക്ഷപാതപരവും തെരഞ്ഞ്പിടിച്ചുള്ള നടപടികളും അവസാനിപ്പിക്കാനും, അന്താരാഷ്ട്ര ഭീകരവാദത്തിനെതിരായ ഐക്യരാഷ്ട്രസഭയുടെ സമഗ്ര ഉടമ്പടി ത്വരിതപ്പെടുത്താനും അംഗീകരിക്കാനും രണ്ടു രാജ്യങ്ങളും അഭ്യര്‍ത്ഥിച്ചു.
പൊതുവായ അതിര്‍ത്തി പ്രദേശത്തെ ജനങ്ങളുടെ സാമൂഹിക സാമ്പത്തിക വികസനത്തിന് സമാധാനവും സ്ഥിരതയും നിലനിര്‍ത്തേണ്ടത് അനിവാര്യമാണെന്ന് അംഗീകരിച്ചു കൊണ്ട്, ഇന്ത്യയുടെ പരമാധികാരവും അതിര്‍ത്തി ഭദ്രതയും മാനിച്ചുകൊണ്ട് മ്യാന്‍മാറിന്റെ മണ്ണ് ഉപയോഗിച്ചുകൊണ്ട് ഇന്ത്യാ ഗവണ്‍മെന്റിനെതിരെ അതിക്രമം നടത്താന്‍ അനുവദിക്കില്ലെന്ന നയം ഉയര്‍ത്തിപ്പിടിക്കുമെന്ന് മ്യാന്‍മാര്‍ ആവര്‍ത്തിച്ച് ഉറപ്പുനല്‍കി. ഒരേ നിലപാട് ഉയര്‍ത്തിപ്പിടിക്കുന്നതില്‍ മ്യാന്‍മാര്‍ ഇന്ത്യാ ഗവണ്‍മെന്റിനെ അഭിനന്ദിച്ചു.
ഇപ്പോള്‍ തന്നെ വേര്‍തിരിച്ചിട്ടുള്ള അതിര്‍ത്തികളെ മാനിക്കുമെന്ന് ഇരുരാജ്യങ്ങളും ആവര്‍ത്തിച്ച് വ്യക്തമാക്കി. അതോടൊപ്പം ഇനിയുള്ള അതിര്‍ത്തി വേര്‍തിരിക്കല്‍ നിലവിലുള്ള ഉഭയകക്ഷി സംവിധാനത്തിന്റെയും പരസ്പര കൂടിയാലോനകളുടെയും അടിസ്ഥാനത്തില്‍ എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നതിന് ഊന്നലും നല്‍കി.
ഇരു രാജ്യങ്ങളും തങ്ങളുടെ തൊട്ടയല്‍പക്കത്തെ പ്രദേശങ്ങളുടെ സുരക്ഷ അവലോകനം ചെയ്യുകയും സമുദ്ര സുരക്ഷയില്‍ ഉഭയകക്ഷി സഹകരണം കുടുതല്‍ ശക്തിപ്പെടുത്തുന്നതിന് സമ്മതിക്കുകയും ചെയ്തു. പരസ്പരം ഗുണകരമാകുന്ന തരത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ആഴത്തിലുള്ള പ്രതിരോധ സഹകരണത്തിനും ധാരണയായി, ഇതുമായി ബന്ധപ്പെട്ട് മ്യാന്‍മാറിലെ പ്രതിരോധ തലവന്‍ അടുത്തിടെ ഇന്ത്യയില്‍ നടത്തിയ സന്ദര്‍ശനത്തില്‍ സംതൃപ്തിരേഖപ്പെടുത്തുകയൂം ചെയ്തു. നിരന്തരം സഹകരണാടിസ്ഥാനത്തിലുള്ള പരിശോധന സ്ഥാപനവല്‍ക്കരിക്കുന്നതോടൊപ്പം സമുദ്രമേഖലയില്‍ മാനുഷിക സഹായം, ദുരന്ത സഹായം, തുടങ്ങി ബംഗാള്‍ ഉള്‍ക്കടലിനെയും ഇന്ത്യാ മഹാസമുദ്രത്തേയും സംരക്ഷിക്കുന്നതിന് പരമ്പരാഗതമല്ലാത്ത സുരക്ഷാമേഖലയിലും സഹകരണത്തിന് ശ്രദ്ധകേന്ദ്രീകരിക്കാനും രണ്ടുരാജ്യങ്ങളും തീരുമാനിച്ചു.
ഇരു രാജ്യങ്ങളും തമ്മില്‍ ഇപ്പോള്‍ തന്നെ കൈവരിച്ചിട്ടുള്ള പരസ്പരവിശ്വാസവും വളര്‍ന്നുവരുന്ന ഉഭയകക്ഷിബന്ധങ്ങളും അതേ നിലയില്‍ മുന്നോട്ടു കൊണ്ടുപോകുമെന്നും രണ്ടുകൂട്ടരും വരും കാലങ്ങളിലും ഈമേഖലയിലെ ജനങ്ങളുടെ താല്‍പര്യപ്രകാരം പരസ്പരവിശ്വാസവും സഹായവുമുള്ള അയല്‍ക്കാരായി നിലകൊള്ളുമെന്നും പതിജ്ഞയെടുത്തു.
പരസ്പരം ഉന്നതതല സംഘങ്ങളെ അയക്കുന്നതില്‍ ഇരുകൂട്ടരും താല്‍പര്യം പ്രകടിപ്പിച്ചു. ഇത് ഉഭയകക്ഷി വിഷയങ്ങളെക്കുറിച്ച് പരസ്പരം കൂടുതല്‍ മനസിലാക്കുന്നതിന് ഉപകരിക്കുമെന്ന് വിലയിരുത്തി. ഉന്നത രാഷ്ട്രീയ തലത്തില്‍ തീരുമാനങ്ങള്‍ എടുക്കുന്നതിനായി സുരക്ഷയും പ്രതിരോധവും, വ്യാപാരവും വാണിജ്യവും, ഊര്‍ജ്ജം, അതിര്‍ത്തി നിയന്ത്രണം, കണക്ടിവിറ്റി തുടങ്ങിയ വിഷയങ്ങളില്‍ മേഖല തിരിച്ചുള്ള നിരന്തര വിലയിരുത്തലിനായി പ്രത്യേക സ്ഥാപന സംവിധാനം വേണമെന്ന് അവര്‍ അംഗീകരിച്ചു. ഇന്ത്യാ-മ്യാന്‍മാര്‍ പാര്‍ലമെന്ററി സംഘത്തിന്റെ സന്ദര്‍ശനത്തില്‍ അവര്‍ അതിയായ സന്തോഷം പ്രകടിപ്പിക്കുകയും അത്തരം ആശയവിനിമയങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താനും പ്രോത്സാഹിപ്പിക്കാനും തീരുമാനിച്ചു.
തങ്ങളുടെ സാമൂഹിക സാമ്പത്തിക വികസന ലക്ഷ്യങ്ങള്‍ക്കായി ഇന്ത്യ മ്യാന്‍മാറിന് നല്‍കുന്ന എല്ലാ സഹായത്തിനും മ്യാന്‍മാര്‍ ഹൃദയംഗമമായ അഭിനന്ദനം രേഖപ്പെടുത്തി. ഇന്ത്യയുടെ സാമ്പത്തിക-സാങ്കേതിക സഹായത്തോടെ നടന്നുവരുന്ന പദ്ധതികളെ ഇരുനേതാക്കളും വിലയിരുത്തി. മ്യാന്‍മാറിലെ ജനങ്ങള്‍ക്ക് നേരിട്ട് ഗുണം ലഭിക്കുന്ന പദ്ധതികളായതിനാല്‍ ഇവയുടെ നടത്തിപ്പ് വേഗത്തിലാക്കാനും തീരുമാനിച്ചു. അടിസ്ഥാനസൗകര്യ വികസനത്തിനും മാനവവിഭവശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള എല്ലാ പരിശ്രമങ്ങള്‍ക്കും മ്യാന്‍മാറിന് സഹായം നല്‍കുന്നത് ഇന്ത്യയുടെ ശാശ്വതമായ പ്രതിബദ്ധതയിരിക്കുമെന്ന് പ്രധാനമന്ത്രി മോദി ആവര്‍ത്തിച്ച് ഉറപ്പുനല്‍കി. പക്കോകൂവിലും മ്യിന്‍ഗ്യാനിലും രണ്ടു വ്യവസായ പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ ഇന്ത്യ നല്‍കിയ സഹായം ചൂണ്ടിക്കാട്ടികൊണ്ടും മോണ്‍വ്വാ, താറ്റോണ്‍ എന്നിവിടങ്ങളില്‍ രണ്ട് ഐ.ടി.സികള്‍ ആരംഭിക്കാനുളള് സഹായവാഗ്ദാനത്തിനും ഒപ്പം മ്യിന്‍ഗ്യാനിലും ഐ.ടി.സിക്ക് അഞ്ചുവര്‍ഷത്തെ സമഗ്ര പരിപാലന പദ്ധതി അനുവദിച്ചതിലും മ്യാന്‍മാര്‍ ഇന്ത്യയ്ക്ക് നന്ദി രേഖപ്പെടുത്തി. അമതാടൊപ്പം മ്യാന്‍മാര്‍-ഇന്ത്യാ സംരംഭകത്വവികസന കേന്ദ്രത്തിന്റേയും യാങ്‌ഗോണിലുള്ള സെന്റര്‍ ഫോര്‍ ഇംഗ്ലീഷ് ലാംഗ്വേജ് ട്രെയിനിംഗിന്റെയും നിലവാരമുയര്‍ത്തുന്നതിന് സഹായം വാഗ്ദാനം ചെയ്തതിലും ഇന്ത്യയ്ക്ക് അവര്‍ നന്ദിരേഖപ്പെടുത്തി. മ്യാന്‍മാറില്‍ അനുയോജമായ സ്ഥലത്ത് ഒരു പ്ലാനിറ്റേറിയം സ്ഥാപിക്കുന്നതിനെ കുറിച്ച് ചര്‍ച്ചകള്‍ തുടരാനും ഇരു പക്ഷവും തീരുമാനിച്ചു. മ്യാന്‍മാറിലെ യുവജനങ്ങള്‍ക്കിനിടയില്‍ ശാസ്ത്രാഭിരുചി വളര്‍ത്തുന്നതിന് ഇത് വളരെ മുല്യവത്തായ ഒരു സംരംഭമായിരിക്കുമെന്ന് അംഗീകരിച്ചുകൊണ്ടാണ് ഈ നടപടി.
സുരക്ഷയുടെ പരിപ്രേക്ഷ്യത്തില്‍ നോക്കിയാല്‍ റാഖിനി സ്‌റ്റേറ്റിലെ സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെന്ന വീക്ഷണം ഇരുപക്ഷവുംപങ്കുവച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ അടിസ്ഥാന സൗകര്യ, സാമൂഹിക-സാമ്പത്തിക പദ്ധതികള്‍ ഏറ്റെടുത്തുകൊണ്ട് സംസ്ഥാനത്ത് മൊത്തം സാമൂഹിക-സാമ്പത്തിക വിസനം കൊണ്ടുവരുന്നതിന് അവര്‍ സമ്മതിച്ചു. വിദ്യാഭ്യാസം,ആരോഗ്യം, കൃഷിയുടെ അനുബന്ധപ്രവര്‍ത്തനങ്ങളും, കാര്‍ഷികസംസ്‌ക്കരണം, സാമൂഹികവികസനം, ചെറുപാലങ്ങളുടെ നിര്‍മ്മാണം, പാതകളുടെ നിലവാരമുയര്‍ത്തല്‍, ചെറിയ വൈദ്യുത പദ്ധതികള്‍, ജീവനോപാധി പ്രവര്‍ത്തനങ്ങള്‍, പരിശീലനകേന്ദ്രങ്ങള്‍ ആരംഭിക്കല്‍, കുടില്‍വ്യവസായങ്ങളുടെ പ്രോത്സാഹനം, പരിസ്ഥിതിയുടെയും സംസ്‌ക്കാരത്തിന്റെയും സംരക്ഷണം എന്നിവയില്‍ പ്രധാനമായും ഊന്നല്‍ നല്‍കികൊണ്ടുള്ള പ്രവര്‍ത്തനത്തിനാണ് രൂപം നല്‍കുക. റാഖിനി സംസ്ഥാന വികസന പദ്ധതിയുടെ ഭാഗമായി ഇന്ത്യ മുന്നോട്ടുവച്ച സഹായപദ്ധതികളെ മ്യാന്‍മാര്‍ സ്വാഗതം ചെയ്തു. ഇത് നടപ്പാക്കുന്നതിനുളള രീതികള്‍ സംബന്ധിച്ച അന്തിമതീരുമാനം അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ കൈക്കൊള്ളാമെന്നും സമ്മതിച്ചു.
കാര്‍ഷിക ഗവേഷണം, വിദ്യാഭ്യാസം എന്നീ മേഖലകളിലെ സഹകരണത്തില്‍ ഇരു രാജ്യങ്ങളും പൂര്‍ണ്ണ സംതൃപ്തി രേഖപ്പെടുത്തി. പ്രത്യേകിച്ചും യെസിന്‍ കാര്‍ഷിക സര്‍വകലാശാലയില്‍ ആരംഭിക്കുന്ന അഡ്വാന്‍സ് സെന്റര്‍ ഫോര്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് ആന്റ് എഡ്യൂക്കേഷനും കാര്‍ഷിക ഗവേഷണവകുപ്പില്‍ ആരംഭിക്കുന്ന റൈസ് ബയോപാര്‍ക്കിന്റെയും വളരെ വേഗത്തിലുള്ള പുരോഗതിയില്‍ അവര്‍ സംതൃപ്തി രേഖപ്പെടുത്തി. മ്യാന്‍മാറില്‍ നിന്നുള്ള വിഭ്യാര്‍ത്ഥികള്‍ക്ക് കൃഷിശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദ പഠനത്തിനും ഡോക്ടറേറ്റ് നേടുന്നതിനും അവസരം ഒരുക്കുന്നതിന് മ്യാന്‍മാര്‍ ഇന്ത്യയെ അഭിനന്ദിച്ചു.
മ്യാന്‍മാറിലെ നീതിന്യായ വകുപ്പ് ഉദ്യോഗസ്ഥര്‍, സൈനിക ഉദ്യോഗസ്ഥര്‍, പോലീസ് എന്നിവരുടെ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി ഇപ്പോള്‍ നടന്നുവരുന്ന പദ്ധതിയില്‍ ഇരുരാജ്യങ്ങളും സംതൃപ്തി രേഖപ്പെടുത്തി. മ്യാന്‍മാര്‍ ഇന്‍സിറ്റിറ്റിയൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയ്ക്കും ഇന്ത്യാ-മ്യാന്‍മാര്‍ സെന്റര്‍ ഫോര്‍ എന്‍ഹാന്‍സ്‌മെന്റ് ഓഫ് ഐ.ടി സ്‌കില്‍സിനും തുടര്‍ന്നും ഇന്ത്യന്‍ സഹായം നല്‍കുന്നതിന് മ്യാന്‍മാര്‍ നന്ദിരേഖപ്പെടുത്തി. മ്യാന്‍മാര്‍ നയതന്ത്ര പ്രതിനിധികള്‍ക്ക് ന്യഡല്‍ഹിയിലെ ഫോറിന്‍ സര്‍വീസ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിരന്തര പരിശീലനം നല്‍കുന്നതിനും അവര്‍ തമ്മില്‍ ധാരണയായി. കേന്ദ്രീയ ഹിന്ദി സംസ്ഥാനില്‍ രണ്ടു മ്യാന്‍മാര്‍ നയതന്ത്ര പ്രതിനിധികള്‍ക്ക് പ്രതിവര്‍ഷം പ്രവേശനം നല്‍കാമെന്നും അഞ്ചുവര്‍ഷത്തേക്ക് ഇന്ത്യന്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രതിവര്‍ഷം 150 പേര്‍ക്ക് ഇംഗ്ലീഷ് ഭാഷയില്‍ പരിശീലനം നല്‍കാമെന്നുമുള്ള ഇന്ത്യയുടെ വാഗ്ദാനം മ്യാന്‍മാര്‍ സ്വാഗതം ചെയ്തു.
മ്യാന്‍മാര്‍ പോലീസിന്റെ പരിശീലന സൗകര്യങ്ങളും ശേഷിവര്‍ദ്ധിപ്പിക്കലും കൂടുതല്‍ മികച്ച നിലവാരത്തിലാക്കേണ്ടതിന്റെ ആവശ്യകത അംഗീകരിച്ചുകൊണ്ട് മ്യാന്‍മാറിലെ യമെത്തിനിലുള്ള വനിതാ പോലീസ് പരിശീലന കേന്ദ്രം മികവുറ്റതാക്കുന്നതിനുള്ള ധാരണാപത്രം ഒപ്പിടുന്നതിനെ രണ്ടു നേതാക്കളും സ്വാഗതം ചെയ്തു. ഇന്ത്യാ ഗവണ്‍മെന്റിന്റെ സാമ്പത്തിക-സാങ്കേതിക സഹായത്തോടെയായിരിക്കും നവീകരണം. യാങ്കോണില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കായി ഒരു പരിശീലന കേന്ദ്രം ആരംഭിക്കുന്നതിന് ഇന്ത്യ വാഗ്ദാനം ചെയ്ത സഹായം മ്യാന്‍മാര്‍ സ്വീകരിക്കുകയും ഇതിനുള്ള നടപടിക്രമങ്ങള്‍ സംയുക്തമായി തീരുമാനിക്കാന്‍ ധാരണയാകുകയും ചെയ്തു.
പരസ്പരമുള്ള ബന്ധപ്പിക്കലിന് പുറമെ പ്രാദേശികമായും ബന്ധിപ്പിക്കലിന് സഹായിക്കുന്ന കലാടന്‍ ബഹുമാതൃക വാഹനഗതാഗത പദ്ധതിയും പൂര്‍ണ്ണമായും സാമ്പത്തിക സഹായമായും ഗ്രാന്റായും മറ്റും നടപ്പാക്കുന്ന മറ്റ് റോഡ്, പാലം നിര്‍മ്മാണപദ്ധതികള്‍ ഉള്‍പ്പെടെയുള്ള പദ്ധതികളില്‍ ഇന്ത്യയുടെ സഹായത്തിന് മ്യാന്‍മാര്‍ നന്ദിരേഖപ്പെടുത്തി. സിത്വവാ തുറുമുഖത്തിന്റേയും, പലേത്വവാ ഉള്‍നാടന്‍ ജലഗതാഗ കേന്ദ്രത്തിന്റെയും നിര്‍മ്മാണം പൂര്‍ത്തിയാക്കിയും മ്യാന്‍മാര്‍ തുറമുഖ അതോറിറ്റിക്കും ഉള്‍നാടന്‍ ഗതാഗതത്തിനും ആറ് ചരക്ക് ബാര്‍ജുകള്‍ കൈമാറിയും അതിവേഗപുരോഗതി കൈവരിക്കുന്ന കാലാടന്‍ ബഹുമാതൃക ഗതാഗത പദ്ധതികളില്‍ മ്യാന്‍മാര്‍ സംതൃപ്തി രേഖപ്പെടുത്തി. മ്യാന്‍മാറിലെ മറ്റ് അന്താരാഷ്ട്ര തുറമുഖകള്‍ സ്വീകരിച്ചിട്ടുള്ള നടപടിക്രമങ്ങളെ അടിസ്ഥാനമാക്കി നടത്തിപ്പിനും പരിപാലനത്തിനുമായി രണ്ടു കക്ഷികള്‍ക്കും ഉത്തരവാദിത്വമുള്ള ഒരു പോര്‍ട്ട് ഓപ്പറേറ്റിംഗ് സംവിധാനം രൂപീകരിക്കുന്നതിന് ധാരണാപത്രത്തില്‍ ഏര്‍പ്പെടുന്നതിനും ധാരണയായി. അവസാനഘടമായ പാലേത്വയില്‍ നിന്ന് സോറിന്‍പുരി വരെയുള്ള റോഡ് നിര്‍മ്മാണത്തിലാണെങ്കിലും ഇത് തുറമുഖവും ഐ.ഡബ്ല്യു.ടി അടിസ്ഥാനസൗകര്യങ്ങളും വാണിജ്യത്തിന് ഉപയോഗിക്കുന്നതിനും ചുറ്റുപാടുമുള്ള പ്രദേശങ്ങളിലും വികസനം പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കും. ഈ റോഡിന്റെ പണി തുടങ്ങിയതില്‍ ഇരുപക്ഷവും സംതൃപ്തി പ്രകടിപ്പിക്കുകയും പദ്ധതി നടപ്പാക്കാന്‍ വേണ്ട വ്യക്തികള്‍, നിര്‍മ്മാണ സാമഗ്രികള്‍, മറ്റ് ഉപകരണങ്ങള്‍ എല്ലാം അതിര്‍ത്തിയിലൂടെ സോറിന്‍പ്യൂയിലും പാലേത്വായിലും എത്തിക്കുന്നതിനും സമ്മതിച്ചു. താമു-കിഗോണ്‍-കാലേവ പാലങ്ങളുടെ പുനര്‍നിര്‍മ്മാണവും ത്രികഷിഹൈവേയിലെ കാലേവ-യാര്‍ഗ്വി മേഖലയിലെ റോഡുകളുടെ നിര്‍മ്മാണവും ഉടന്‍ ആരംഭിക്കുമെന്നും അവര്‍ വ്യക്തമാക്കി. റിറ്റെഡിം റോഡിന്റെ അലൈന്‍മെന്റും അതിന്റെ നിര്‍മ്മാണത്തിന്റെ വിശദമായ പദ്ധതി റിപ്പോര്‍ട്ടും അംഗീകരിച്ചു. നിയന്ത്രണരേഖയ്ക്ക് സമീപമുള്ള പുറ്റാവോ-മൈറ്റികിയിനാ, അലേതാനക്യാവ്-അഹുംഗ്മൗ റോഡുകളുടെ നിര്‍മ്മാണം മ്യാന്‍മാര്‍ അതിന്റെ വിശദമായ പദ്ധതിരേഖ ലഭ്യമാക്കിയശേഷം ഏറ്റെടുക്കും. മ്യാന്‍മാറിന്റെ അഭ്യര്‍ത്ഥനയുടെ അടിസ്ഥാനത്തില്‍ റിഖാവ്ദര്‍-സൗഖാത്തര്‍ പാലത്തിന്റെയും ബ്വായുന്യു പാലത്തിന്റെയൂം വിശദമായ പദ്ധതിരേഖ തയാറാക്കുന്നത് ഏറ്റെടുക്കാന്‍ ഇന്ത്യ സന്നദ്ധതപ്രകടിപ്പിച്ചിട്ടുണ്ട്.
ഇരു കക്ഷികളും ആരോഗ്യമേഖലയിലെ പദ്ധതികള്‍ അവലോകനം ചെയ്യുകയും യാങ്കോണ്‍ കുട്ടികളുടെ ആശുപത്രിയുടെയും സിത്‌വേ ജനല്‍ ആശുപത്രിയുടെയും നിലവാരമുയര്‍ത്തല്‍ പ്രവര്‍ത്തനങ്ങളിലും മോണിവാ ജനറല്‍ ആശുപത്രിയുടെ നിര്‍മ്മാണപൂര്‍ത്തീകരണത്തിലും സംതൃപ്തിരേഖപ്പെടുത്തുകയും ചെയ്തു. ഇന്ത്യയിലെ ഒരു പ്രമുഖ ആശുപത്രി ഗ്രൂപ്പിന്റെ സഹായത്തോടെ നെ പി തോയില്‍ അത്യാധുനിക സൗകര്യങ്ങളോടെയുള്ള ഒരു ആശുപത്രി സ്ഥാപിക്കുന്നതിനുള്ള ചര്‍ച്ചകള്‍ ആരംഭിക്കുന്നതിനും തീരുമാനിച്ചു. രണ്ടു പക്ഷവും പരസ്പരം അംഗീകരിക്കുന്ന നടപടിക്രമങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും ഇത്.
2012ല്‍ ഇന്ത്യ പലിശയിളവില്‍ മ്യാന്‍മാറിന് നല്‍കിയ 500 ദശലക്ഷം യു.എസ്. ഡോളറിന്റെ വിനിയോഗത്തിലുള്ള പുരോഗതി സംബന്ധിച്ച് രണ്ടുകക്ഷികളും സംസാരിച്ചു. വായ്പയുടെ അടിസ്ഥാനത്തില്‍ നടപ്പാക്കിയ പദ്ധതികളിലൂടെ പ്രധാനപ്പെട്ട മേഖലകളില്‍ ഭൗതിക സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനോ കാര്‍ഷിക ഗതാഗത മേഖലകളില്‍ വളര്‍ച്ചയുണ്ടാക്കാനോ കഴിയുന്ന ഒരു പദ്ധതിയും നടപ്പാക്കാനായിട്ടില്ലെന്നും അവ പര്‌സപരം സമ്മതിച്ച പദ്ധതികള്‍ക്കായാണ് അധികവും വിനിയോഗിച്ചതെന്നും വിലയിരുത്തി.
ഈ പശ്ചാത്തല പദ്ധതികളുടെ പൂര്‍ണ്ണമൂല്യം ലഭ്യമാക്കണമെങ്കില്‍ സംയോജിപ്പിക്കലുമായി ബന്ധപ്പെട്ട സ്ഥാപന സംവിധാനങ്ങള്‍ക്ക് കൂടുതല്‍ മുന്‍ഗണ നല്‍കേണ്ടത് ആവശ്യമാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ചരക്കുകളെയും യാത്രികരെയും വഹിച്ചുകൊണ്ടുള്ള മോട്ടോര്‍ വാഹനങ്ങള്‍ക്ക് അതിര്‍ത്തി കടന്നുപോകുന്നതിനുള്ള അനുമതിക്കായി ഒരു കരാറില്‍ ഏര്‍പ്പെടുന്നതിനും ധാരണയായി.
ഇന്ത്യയും മ്യാന്‍മാറും തമ്മില്‍ വൈദ്യുതി, ഊര്‍ജ്ജ വിതരണ ശൃംഖലകള്‍ എന്നിവയുടെ കാര്യത്തില്‍ കൂടുതല്‍ സഹകരണം ഉണ്ടാകേണ്ടതിന്റെ ആവശ്യകത ഇരു രാജ്യങ്ങളും അടിവരയിട്ടു. രാജ്യത്തിന്റെ ഊര്‍ജ്ജ പര്യവേഷണത്തിലും ഉത്പാദനത്തിലും ഇന്ത്യയുടെ പങ്കാളിത്തം മ്യാന്‍മര്‍ സ്വാഗതം ചെയ്യുകയും അവിടുത്തെ പെട്രോകെമിക്കല്‍, പെട്രോളിയം ഉത്പ്പന്നങ്ങള്‍ എന്നിവയുടെ ലേലത്തിലും, വിപണനത്തിലും അടിസ്ഥാന സൗകര്യ വികസനത്തിലും എല്‍പിജി ടെര്‍മിനലുകളുടെ നിര്‍മ്മാണത്തിലും പങ്കെടുക്കാന്‍ ഇന്ത്യന്‍ കമ്പനികളെ ക്ഷണിക്കുകയും ചെയ്തു. ഇന്ത്യയിലെ പ്രമുഖ എണ്ണ വാതക കമ്പനികള്‍ എല്ലാം തന്നെ അവരുടെ ഓഫീസുകള്‍ മ്യാന്‍മാറില്‍ തുറക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി ഇന്ത്യ അറിയിച്ചു. മ്യാന്‍മാറിന്റെ അതിര്‍ത്തി മേഖലയില്‍ ഡീസല്‍ വിതരണം ചെയ്യുന്നതിനായി മ്യാന്‍മാറിന്റെ പരാമി എനര്‍ജി ഗ്രൂപ്പ്, ഇന്ത്യയുടെ നുമാലിഗഢിലെ റിഫൈനറി എന്നിവ തമ്മില്‍ ഒപ്പുവച്ച കരാറിനെ ഇരു രാജ്യങ്ങളും അഭിനന്ദിച്ചു. ഉത്തര മ്യാന്‍മാറിലെ ജനങ്ങള്‍ക്ക് കുറഞ്ഞ വിലയ്ക്ക് വിശ്വസനീയമായ പെട്രോളിയം ഉത്പ്പന്നങ്ങള്‍ ലഭ്യമാക്കും. മാത്രവുമല്ല മ്യാന്‍മാറിലെ പെട്രോളിയം ഉത്പ്പന്നങ്ങളുടെ സംഭരണത്തിലും വിപണനത്തിലും ഇരു രാജ്യങ്ങള്‍ക്കും ഇതു വലിയ പ്രോത്സാഹനമാകുകയും ചെയ്യും. മ്യാന്‍മാറിലേയ്ക്കുള്ള ഹൈസ്പീഡ് ഡീസലിന്റെ ആദ്യ ലോഡ് 2017 സെപ്റ്റംബര്‍ 4 ന് അവിടെ എത്തിച്ചേര്‍ന്നു.
മ്യാന്‍മാര്‍ഗവണ്‍മെന്റിന്റെ പരമ്പരാഗതവും പാരമ്പര്യേതരവുമായ പുതിയ ഊര്‍ജ്ജ വികസന പദ്ധതികളില്‍ സാങ്കേതിക സഹായം നല്കാനുള്ള സന്നദ്ധതയും ഇന്ത്യ അറിയിച്ചിട്ടുണ്ട്. മ്യാന്‍മാറില്‍ സൗരോര്‍ജ്ജ പാര്‍ക്കുകള്‍ സ്ഥാപിക്കുന്നതു സംബന്ധിച്ച സാധ്യതാ പഠനം നടത്താമെന്ന വാഗ്ദാനത്തിനും പുറമെ, അവിടെ സൗരോര്‍ജ്ജ വികരണ സ്രോതസ് നിര്‍ണയം കൂടി നടത്താമെന്ന് ഇന്ത്യ അറിയിച്ചിട്ടുണ്ട്. ഊര്‍ജ്ജ കാര്യക്ഷമതയുടെ മേഖലയില്‍ തമ്മില്‍ എവിടെയെല്ലാം സഹകരിക്കാം എന്ന് ഇരു രാജ്യങ്ങളും ചര്‍ച്ച നടത്തി. മ്യാന്‍മാറിലെ നെയ് പേ തോ, ബാഗോ മേഖല, റാഖിനെ സംസ്ഥാനം എന്നിവിടങ്ങളിലെ ടൗണ്‍ഷിപ്പുകളില്‍ എല്‍ഇഡി ബള്‍ബുകള്‍ ഉപയോഗിച്ച് കാര്യക്ഷമമായ രീതിയില്‍ വെളിച്ച വിതരണം നടപ്പാക്കിയതിന് ഇന്ത്യയോടും അതിനുള്ള സാങ്കേതിക പ്രദര്‍ശന പദ്ധതി ഏറ്റെടുത്ത ഇന്ത്യയുടെ എനര്‍ജി എഫിഷ്യന്‍സി സര്‍വീസസ് ലിമിറ്റഡ് എന്ന സ്ഥാപനത്തോടും മ്യാന്‍മാര്‍ നന്ദി പറഞ്ഞു. ഊര്‍ജ്ജ വ്യവസായത്തില്‍ അനുഭവങ്ങള്‍ പങ്കുവച്ച ഇന്ത്യ ഈ മേഖലയില്‍ എത്രമാത്രം സഹകരണം സാധ്യമാണ് എന്നു പരിശോധിക്കാനുള്ള താല്പര്യം മ്യാന്‍മാറിനെ അറിയിക്കുകയും ചെയ്തു. അടുത്തു തന്നെ വിളിച്ചു കൂട്ടുന്ന സംയുക്ത ഊര്‍ജ്ജ വിഷയ നിര്‍ണയ കമ്മിറ്റിയിലും ഇതര ഫോറങ്ങളിലും ഇതും മറ്റു പ്രസക്ത വിഷയങ്ങളും ചര്‍ച്ച ചെയ്യാമെന്ന് സമ്മതിച്ചിട്ടുണ്ട്. അംഗ രാജ്യങ്ങള്‍ക്ക് പ്രയോജനകരമാകുന്ന അനന്തമായ ആനുകൂല്യങ്ങളുടെ വെളിച്ചത്തില്‍ അന്താരാഷ്ട്ര സൗരോര്‍ജ്ജ സഹകരണത്തിനുള്ള സംയുക്ത കരാര്‍ ഘടനയ്ക്കുള്ള ഇന്ത്യയുടെ നിര്‍ദ്ദേശം പരിഗണിക്കാമെന്ന് മ്യാന്‍മാറും വാഗ്ദാനം ചെയ്തിട്ടുണ്ട്.
നിലവിലുള്ള ഉഭയകക്ഷി വ്യാപാരവും നിക്ഷേപവും ശക്തമാണെന്ന് ഇരു രാജ്യങ്ങളും കണ്ടെത്തിയെങ്കിലും വളര്‍ച്ചയ്ക്ക് ഇനിയും സാധ്യതകള്‍ ഉണ്ട് എന്നു നിരീക്ഷിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം സുഗമമാക്കുന്നതിന് നിലവിലുള്ള വ്യാപാര പ്രതിസന്ധികള്‍ നീക്കി വിപണി പ്രാപ്യത മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകത ഇവര്‍ ഊന്നിപ്പറഞ്ഞു. 2017 ജൂണില്‍ ന്യൂഡല്‍ഹിയില്‍ സമാപിച്ച ആറാമത് മ്യാന്‍മാര്‍ – ഇന്ത്യ സംയുക്ത ട്രേഡ് കമ്മിറ്റിയുടെ തീരുമാനങ്ങളില്‍ അവര്‍ സംതൃപ്തി രേഖപ്പെടുത്തുകയും ബോര്‍ഡര്‍ ട്രേഡ് കമ്മിറ്റി, ബോര്‍ഡര്‍ ഹാറ്റ്‌സ് കമ്മിറ്റി എന്നിവയുടെ യോഗങ്ങള്‍ തുടരുന്നതിന് സമ്മതിക്കുകയും ചെയ്തു. ഗുണ നിലവാരം നിശ്ചയിക്കല്‍, ഗുണ നിലവാര പരിശോധന, ഗുണനിലവാര നിര്‍ദ്ദേശങ്ങള്‍, ഗവേഷണം, വികസനം, മനുഷ്യവിഭവ വികസനം, ശേഷി രൂപീകരണം തുടങ്ങിയവ വഴി മ്യാന്‍മാറിലെ വസ്ത്രമേഖല വികസിപ്പിക്കാന്‍ സഹകരിക്കണം എന്ന ആവശ്യവും ഇന്ത്യ സ്വാഗതം ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര സഞ്ചിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പയര്‍ വര്‍ഗ്ഗങ്ങളുടെ പ്രാധാന്യവും, മ്യാന്‍മാറിലെ കൃഷിക്കാര്‍ക്കും ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്കും ഈ വ്യാപാരം വഴിയുണ്ടാകുന്ന നേട്ടങ്ങളും രണ്ടു രാജ്യങ്ങളും അംഗീകരിച്ചു. ഈ പശ്ചാത്തലത്തില്‍, ഇന്ത്യ ഈയിടെ പയര്‍ വിളകളുടെ ഇറക്കുമിതയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതു സംബന്ധിച്ച പ്രഖ്യാപനത്തില്‍ മ്യാന്‍മാറിന്റെ പ്രതിനിധി വലിയ ആശങ്ക രേഖപ്പെടുത്തി. ഇരു രാഷ്ട്രങ്ങളും ജനങ്ങളും തമ്മിലുള്ള സൗഹൃദവും ദീര്‍ഘ കാല താല്പര്യങ്ങളും കണക്കിലെടുത്ത് ഈ നിയന്ത്രണങ്ങളില്‍ നിന്ന് മ്യാന്‍മാറില്‍ നിന്നുള്ള ഇറക്കുമതിയെ ഒഴിവാക്കണമെന്നും അദ്ദേഹം പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. ഭാവിയില്‍ രണ്ടു രാജ്യങ്ങളിലെയും ജനങ്ങളുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാവുന്ന തരത്തില്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള കരാറുകള്‍ പരിശോധിച്ച് നടപ്പിലാക്കുക പ്രധാന കാര്യമാണ് എന്ന് പ്രധാനമന്ത്രി ഇതിനോടു പ്രതികരിക്കുകയും ചെയ്തു.
അതിര്‍ത്തി ലംഘനം സംബന്ധിച്ച കരാര്‍ വിജയകരമായി ചര്‍ച്ച ചെയ്തു തീര്‍പ്പാക്കാന്‍ സാധിച്ചതിനെ ഇരു രാജ്യങ്ങളും സ്വാഗതം ചെയ്തു. പൊതു സ്ഥല അതിര്‍ത്തിയിലൂടെയുള്ള ജനസഞ്ചാരത്തെ ഇതു നിയന്ത്രിക്കുകയും സൗഹൃദപരമാക്കുകയും ഇരു രാജ്യങ്ങളും തമ്മിലുള്ള കച്ചവടം, വിനോദ സഞ്ചാരം എന്നിവയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ഇതു സംബന്ധിച്ച ഔപചാരിക നടപടികള്‍ വേഗം പൂര്‍ത്തിയാക്കി രേഖകളില്‍ ഒപ്പു വയ്ക്കാന്‍ ഇരു രാജ്യങ്ങളിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിക്കകയും ചെയ്തു. ഇന്ത്യയിലെ ഇംഫാലില്‍ നിന്ന് മ്യാന്‍മാറിലെ മണ്ഡാലിയിലേയ്ക്ക് ഒരു ബസ് സര്‍വീസ് ആരംഭിക്കുന്നതിനുള്ള കരാര്‍ വേഗം ചര്‍ച്ച ചെയ്തു നടപ്പിലാക്കുന്നതിന് രണ്ടു രാജ്യങ്ങളിലെയും നേതാക്കള്‍ തമ്മില്‍ ധാരണയായി.
ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ വര്‍ധിപ്പിച്ചിരിക്കുന്ന വ്യോമഗതാഗത സൗകര്യം ജനങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ക്കു പ്രോത്സാഹനമാകുമെന്നും വിനോദസഞ്ചാരം വളര്‍ത്തുമെന്നും വ്യാപാര നിക്ഷേപങ്ങളുടെ ഒഴുക്ക് വര്‍ധിപ്പിക്കുമെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു. പക്കോക്കു അല്ലെങ്കില്‍ കലയ് വിമാനത്താവളത്തിന്റെ വികസനവും അതിനുള്ള ഇന്ത്യയുടെ സാമ്പത്തിക സാങ്കേതിക സഹായങ്ങളും സംബന്ധിച്ച് വിശദമായ പദ്ധതി റിപ്പോര്‍ട്ട് മ്യാന്‍മര്‍ സിവില്‍ ഏവിയേഷന്‍ വകുപ്പുമായി ചേര്‍ന്ന് എയര്‍പോര്‍ട്ട് അഥോറിറ്റി ഓഫ് ഇന്ത്യ തയാറാക്കുമെന്ന് നേതാക്കള്‍ സമ്മതിച്ചു. മ്യാന്‍മാറിലെ എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാര്‍ക്ക് ശേഷി വികസന പരിശീലനം നല്കാമെന്ന ഇന്ത്യ ഗവണ്‍മെന്റിന്റെ നിര്‍ദ്ദേശത്തെ അവര്‍ സ്വാഗതം ചെയ്തു. മ്യാന്‍മാറിലെ തമു, മണ്ഡാലി റെയില്‍വെ സ്റ്റേഷനുകള്‍ തമ്മില്‍ റെയില്‍ വഴി ബന്ധിപ്പിക്കാനുള്ള സാധ്യത ആരായാന്‍ രണ്ടു രാജ്യങ്ങളിലെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് നേതാക്കള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. തമു, മണ്ഡാലി റെയില്‍വെ സ്റ്റേഷനുകള്‍ തമ്മില്‍ റെയില്‍ വഴി ബന്ധിപ്പിക്കുന്നതിന്റെ സാധ്യത പഠിച്ച് റിപ്പോര്‍ട്ട് തയാറാക്കാന്‍ ഇന്ത്യയില്‍ നിന്ന് ഒരു വിദഗ്ധ സംഘത്തെ അയക്കാമെന്നും സമ്മതിച്ചിട്ടുണ്ട്.
മനുഷ്യക്കടത്തിലെ ഇരകളെ പുനരധിവസിപ്പിക്കുന്നതിനും രക്ഷപ്പെടുത്തുന്നതിനുമുള്ള പൊതു സമ്മതമായ നടപടികള്‍ ഏര്‍പ്പെടുത്തുന്നതിന്റെ പ്രാധാന്യം രണ്ടു രാജ്യങ്ങളും അംഗീകരിച്ചു. ഈ പശ്ചാത്തലത്തില്‍, മനുഷ്യക്കടത്ത് നിരോധന സഹകരണ ധാരണാപത്രം പൂര്‍ത്തിയാക്കുന്നതിനെ അവര്‍ സ്വാഗതം ചെയ്യുകയും എത്രയും വേഗം അതിന് അന്തിമ രൂപം നല്കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു.
ഇന്ത്യയിലെയും മ്യാന്‍മാറിലെയും ജനങ്ങള്‍ തമ്മിലുള്ള ദൃഢമായ ബന്ധങ്ങള്‍ കൂടുതല്‍ ആഴത്തിലാക്കുന്നതിന് രണ്ട് രാജ്യങ്ങളുടെയും സംസ്‌കാരങ്ങളുടെ കേന്ദ്രീകരണം ഇരു നേതാക്കളും ഊന്നിപ്പറഞ്ഞു. ഇതിനായി 2017 -20 കാലഘട്ടത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ സാംസ്‌കാരിക വിനിമയ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് ഒപ്പു വയ്ക്കുകയും ചെയ്തു. ഇന്ത്യയുടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളും മ്യാന്‍മാറിന്റെ അതിര്‍ത്തി മേഖലയും തമ്മിലുള്ള സാംസ്‌കാരിക വിനിമയത്തിന് ഈ പരിപാടി ഉപകരിക്കുമെന്ന അവര്‍ പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു. ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിയോളജിയില്‍ മ്യാന്‍മാറിലെ പുരാവസ്തു ഗവേഷകര്‍ക്കായി എല്ലാ വര്‍ഷവും രണ്ടു സീറ്റുകള്‍ ഒഴിച്ചിടുമെന്നും ഇന്ത്യ ഉറപ്പു നല്കി.
ബോധി ഗയയിലുള്ള മ്യാന്‍മാറിലെ മിന്‍ഡോന്‍ രാജാവിന്റെയും, ബാഗിദോ രാജാവിന്റെയും ശിലാലിഖിതങ്ങള്‍ സംരക്ഷിക്കുന്നതിനായി ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ ഏറ്റെടുത്ത പദ്ധതി 2017 ഡിസംബറില്‍ പൂര്‍ത്തിയാകുമെന്ന് ഇന്ത്യ അറിയിച്ചു. ഇന്ത്യ – മ്യാന്‍മാര്‍ സാംസ്‌കാരിക പൈതൃകത്തിലെ പ്രധാന ഘടകമാണ് ഈ ക്ഷേത്രങ്ങള്‍ എന്നു സൂചിപ്പിച്ച മ്യാന്‍മാര്‍, ഇന്ത്യ ന്‌ലകിയ വിശദാംശങ്ങളില്‍ സന്തുഷ്ടി രേഖപ്പെടുത്തി.
പൈതൃകം സംരക്ഷിച്ച് നിലനിര്‍ത്തിക്കൊണ്ട്, ബാഗാന്റെ സാമൂഹിക സാമ്പത്തിക വികസനത്തില്‍ ഇന്ത്യ ന്‌ലകുന്ന സഹായങ്ങള്‍ മ്യാന്മാര്‍ അനുസ്മരിച്ചു. ഇതില്‍ പ്രധാനപ്പെട്ടത് ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ വഴി പുരാതനമായ 92 പഗോഡകള്‍ സംരക്ഷിക്കാനുള്ള പദ്ധതിയാണ്. ഇതു സംബന്ധിച്ച ധാരണാ പത്രം ഇരു രാജ്യങ്ങളും സ്വാഗതം ചെയ്തു. ബാഗാന്‍ ഹാത്തിനെ മ്യാന്‍മര്‍ കരകൗശല മേഖലയുടെ കേന്ദ്രമാക്കുക, ഭക്ഷ്യ സാസംകാരിക് പരിപാടികള്‍, എല്‍ ഇ ഡി ഉപയോഗിച്ചുള്ള തെരുവ് വെളിച്ചം, സുസ്ഥിര ജല പരിപാലനത്തിനായി മഴവെള്ള സംഭരണം, ബദല്‍ വരുമാനത്തിനായി ബാഗാനിലെ ജനങ്ങള്‍ക്കു പരിശീലനം, തെരഞ്ഞെടുത്ത സ്‌കൂളുകളുടെ നിലവാരം ഉയര്‍ത്തല്‍ എന്നിവയാണ് ഇന്ത്യ ഏറ്റെടുക്കാന്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള മറ്റു മ്യാന്‍മര്‍ സഹകരണ പദ്ധതികള്‍.
എല്ലാ വിഭാഗം മ്യന്‍മര്‍ പൗരന്മാര്‍ക്കും വിസ നല്കാനുള്ള ഇന്ത്യ ഗവണ്‍മെന്റിന്റെ തീരുമാനത്തില്‍ മ്യാന്‍മര്‍ അതീവ കൃതജ്ഞത രേഖപ്പെടുത്തി.
വിവിധ കുറ്റകൃത്യങ്ങളുടെ പേരില്‍ ഇന്ത്യയില്‍ തടവു ശിക്ഷയനുഭവിക്കുന്ന 40 മ്യാന്‍മര്‍ പൗരന്മാര്‍ക്ക് പ്രത്യേക മാപ്പ് അനുവിച്ചതിന് മ്യാന്‍മാര്‍ ഗവണ്‍മെന്റ് ഇന്ത്യയ്ക്ക് നന്ദി പറഞ്ഞു. മ്യാന്‍മാറിലെ ഗവണ്‍മെന്റും ജനങ്ങളും ഇന്ത്യ ജയിലില്‍ നിന്നു മോചിപ്പിച്ച മ്യാന്‍മാര്‍ പൗരന്മാരുടെ കുടുംബാംഗങ്ങളും അത്യധികം കൃതജ്ഞതയോടെ ഈ നടപടിയെ പ്രകീര്‍ത്തിച്ചു.
പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയും മ്യാന്‍മാര്‍ പ്രസ് കൗണ്‍സിലും തമ്മില്‍ സഹകരിക്കുന്നതിനുള്ള ധാരണാപത്രത്തെ ഇരു രാജ്യങ്ങളും സ്വാഗതം ചെയ്തു. ജനാധിപത്യ വ്യവസ്ഥിതിയില്‍ മാധ്യമങ്ങള്‍ വഹിക്കുന്ന പങ്കിന്റെ പ്രാധാന്യത്തിനുള്ള അംഗീകാരമായി ഇതിനെ ഇരു രാജ്യങ്ങളും കരുതുന്നു. രണ്ട് രാജ്യങ്ങളിലെയും പത്രപ്രവര്‍ത്തകര്‍ തമ്മിലുള്ള വിനിയമ പരിപാടികളെ ഈ നടപടി പ്രോത്സാഹിപ്പിക്കുകയും ഇന്ത്യയിലെയും മ്യാന്‍മാറിലെയും രാഷ്ട്രിയ സാമ്പത്തിക വികസനങ്ങളെ മനസിലാക്കാന്‍ അവരെ സായിക്കുകയും ചെയ്യും.
വ്യാപാരം, ഗതാഗതം, ഊര്‍ജ്ജം എന്നീ മേഖലകളില്‍ പരസ്പരം തുല്യ പങ്കാളിത്തം ഉറപ്പാക്കി പരസ്പര താല്പര്യങ്ങളും പ്രാദേശിക സഹകരണവും ശക്തിപ്പെടുത്തന്‍ ഇരു രാജ്യങ്ങളും പ്രതിജ്ഞ പുതുക്കി. ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ ജീവിതവും ഉപജീവനവും മെച്ചപ്പെടുത്തുന്നതില്‍ വിവിധ പ്രാദേശിക സഹകരണ സംരംഭങ്ങളുടെ പ്രാധാന്യം അവര്‍ അംഗീകരിച്ചു.
ഐക്യരാഷ്ട്ര സഭയിലും മറ്റ് ബഹുരാഷ്ട്ര വേദികളിലും പരസ്പരം യോജിച്ച് പ്രവര്‍ത്തിക്കാന്‍ ഇന്ത്യയും മ്യാന്‍മാറും ആവര്‍ത്തിച്ച് തീരുമാനിച്ചു. ഇരു രാജ്യങ്ങളെയും പൊതുവായി ബാധിക്കുന്ന ബഹുരാഷ്ട്ര പ്രശ്‌നങ്ങളില്‍ നിലപാടുകള്‍ ഒന്നിച്ചു സ്ഥിരപ്പെടുത്താന്‍ അവര്‍ നിശ്ചയിച്ചു. ശക്തമായ ഐക്യരാഷ്ട്ര സഭയുടെയും, സുരക്ഷാ കൗണ്‍സിലിന്റെ വേഗത്തിലുള്ള പുനസംഘടനയുടെയും ആവശ്യം ഇരു രാജ്യങ്ങളും ഊന്നിപ്പറഞ്ഞു. സുരക്ഷാ കൗണ്‍സിലിന്റെ സമഗ്ര പുനസംഘടനയ്ക്ക് ആവശ്യമായ ഗവണ്‍മെന്റുകള്‍ തമ്മിലുള്ള കൂടിയാലോചനയ്ക്ക് ആവശ്യമായ സഹായം അവര്‍ വാഗ്ദാനം ചെയ്തു. സുരക്ഷാ കൗണ്‍സിലില്‍ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ പരിശ്രമങ്ങള്‍ക്ക് മ്യാന്‍മാര്‍ എല്ലാ സഹകരണവും ഉറപ്പു നല്കി. അന്താരാഷ്ട്ര തലത്തില്‍ 2030 ല്‍ ലക്ഷ്യമിടുന്ന സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ നടപ്പാക്കുന്നതിന് തങ്ങള്‍ പ്രതിജ്ഞാബദ്ധമാണ് എന്ന് ഇരു രാജ്യങ്ങളും ഉറപ്പു നല്കി. ഐക്യരാഷ്ട്ര സഭയുടെ ലക്ഷ്യങ്ങളുടെയും നിഷ്പക്ഷതയുടെയും പ്രാധാന്യം ഇരു രാജ്യങ്ങളും ഊന്നിപ്പറഞ്ഞു. വികസ്വര രാജ്യങ്ങളുടെ സാമ്പത്തിക നയങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി ബഹുരാഷ്ട്ര സാമ്പത്തിക സ്ഥാപനങ്ങളെ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും ഇരു രാജ്യങ്ങളും ചൂണ്ടിക്കാട്ടി.
മേഖലയിലെ നല്ല അയല്‍ക്കാരായി മാതൃക കാണിക്കുമെന്ന് ഇന്ത്യയും മ്യാന്‍മാറും പ്രതിജ്ഞയെടുത്തു.പുരോഗതിയിലേയ്ക്ക് ഒന്നിച്ച് നീങ്ങുമെന്ന് അവര്‍ ഉറപ്പാക്കി. അതിനായി ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ താല്പര്യങ്ങള്‍ മാത്രം സംരക്ഷിക്കാനും പരസ്പര സൗഹൃദത്തിലും പരസ്പരധാരണയിലും ജീവിക്കാനും നേതാക്കള്‍ തീരുമാനിച്ചു.
തനിക്കും പ്രതിനിധി സംഘത്തിനും മ്യാന്‍മാറില്‍ നല്കിയ ഊഷ്മളമായ ആതിഥേയത്വത്തിന് മ്യാന്‍മര്‍ പ്രസിഡിന്റിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദി പറഞ്ഞു.
മ്യാന്‍മര്‍ സ്റ്റേറ്റ് കൗണ്‍സെലര്‍ ആംങ് സാന്‍ സ്യൂചിയെ പ്രധാനമന്ത്രി മോദി ഇന്ത്യ സന്ദര്‍ശിക്കാന്‍ ക്ഷണിക്കുകയും ചെയ്തു. ഇന്ത്യയിലേയ്ക്കുള്ള ക്ഷണത്തിന് മ്യാന്‍മര്‍ സ്റ്റേറ്റ് കൗണ്‍സിലര്‍ അഗാധമായ നന്ദി രേഖപ്പെടുത്തി.