ഇന്ത്യന്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ച് ഇസ്‌ലാമിക് റിപ്പബ്ലിക്ക് ഓഫ് ഇറാനിന്റെ ആദരണീയനായ പ്രസിഡന്റ് ഡോ. ഹസ്സന്‍ റൂഹാനി 2018 ഫെബ്രുവരി 15 മുതല്‍ 17 വരെ ഇന്ത്യ സന്ദര്‍ശിച്ചു.

· കാബിനറ്റ് മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും വ്യവസായ തലവന്മാരും ഉള്‍പ്പെടുന്ന ഉന്നതതല പ്രതിനിധി സംഘം ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍ പ്രസിഡന്റ് ഡോ. ഹസ്സന്‍ റൂഹാനിയുടെ സന്ദര്‍ശന വേളയില്‍ അദ്ദേഹത്തെ അനുഗമിച്ചിരുന്നു. ഫെബ്രുവരി 17ന് രാഷ്ട്രപതിഭവന്‍ അങ്കണത്തില്‍ അദ്ദേഹത്തിന് സൗഹൃദപരവും ഊഷ്മളവുമായ സ്വീകരണം നല്‍കി. രാജ്യം സന്ദര്‍ശിക്കുന്ന വിശിഷ്ടാതിഥിയോടുള്ള ആദര സൂചകമായി രാഷ്ട്രപതി ശ്രീ രാംനാഥ് കോവിന്ദ് ഔദ്യോഗിക അത്താഴവിരുന്നിന് ആതിഥേയത്വമരുളി. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും പ്രസിഡന്റ് ഡോ. ഹസ്സന്‍ റൂഹാനിയും തമ്മില്‍ പ്രതിനിധി തല ചര്‍ച്ചകള്‍ നടത്തി. അദ്ദേഹത്തോടുള്ള ആദരസൂചകമായി പ്രധാനമന്ത്രി ഒരു ഉച്ചവിരുന്നിന് ആതിഥേയനായി. ആദരണീയനായ ഉപരാഷ്ട്രപതിയും വിദേശകാര്യ മന്ത്രിയും വിശിഷ്ടാതിഥിയെ സന്ദര്‍ശിച്ചു. 2018 ഫെബ്രുവരി 15, 16 തീയതികളില്‍ പ്രസിഡന്റ് റൂഹാനി ഹൈദരാബാദ് സന്ദര്‍ശിച്ചു.

· ഉഭയകക്ഷി, മേഖലാ, ബഹുതല വിഷയങ്ങളില്‍ സൗഹാര്‍ദ്ദപരമായ അന്തരീക്ഷത്തില്‍ വിശാലവും നിര്‍മാണാത്മകവുമായ ചര്‍ച്ചകള്‍ നടന്നു. 2003 ജനുവരി 23ന്റെ ‘ന്യൂഡല്‍ഹി പ്രഖ്യാപന’ത്തില്‍ വ്യക്തമാക്കിയ ഉഭയകക്ഷി ബന്ധങ്ങളുടെ വികസന തത്വങ്ങളെ അനുസ്മരിക്കുകയും 2016 മേയില്‍ പ്രധാനമന്ത്രി നടത്തിയ ഇറാന്‍ സന്ദര്‍ശനത്തോടെ ഉഭയകക്ഷി ബന്ധങ്ങളില്‍ ഉണ്ടായ പുരോഗതിയില്‍ രണ്ടു പക്ഷവും സംതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. പരസ്പര സഹകരണം കൂടുതല്‍ ശക്തവും തീവ്രവുമാക്കാനുള്ള ദൃഢനിശ്ചയം ഇരു പക്ഷവും ആവര്‍ത്തിച്ച് പ്രകടിപ്പിച്ചു. രണ്ട് സഹസ്രാബ്ദം പഴക്കമുള്ള സാംസ്‌കാരികവും നാഗരികവുമായ ബന്ധത്തിന്റെ കരുത്തുറ്റ അടിത്തറയിലാണ് രണ്ടു രാജ്യങ്ങള്‍ക്കും പരസ്പരം നേട്ടമുണ്ടാക്കുന്ന ബന്ധങ്ങള്‍ കെട്ടിപ്പടുത്തിരിക്കുന്നത് എന്ന് രണ്ടു നേതാക്കളും ചൂണ്ടിക്കാട്ടി. കരുത്തുറ്റ ഉഭയകക്ഷി ബന്ധങ്ങള്‍ മേഖലാ സഹകരണത്തിനും സമാധാനത്തിനും സമൃദ്ധിക്കും സ്ഥിരതയ്ക്കും സംഭാവന ചെയ്യുമെന്ന കാഴ്ചപ്പാട് അവര്‍ പങ്കുവച്ചു.

· താഴെപ്പറയുന്ന രേഖകള്‍ കൈമാറുന്നതിന് പ്രധാനമന്ത്രി മോദിയും പ്രസിഡന്റ് റൂഹാനിയും സാക്ഷ്യം വഹിക്കുകയും സംയുക്തമായി മാധ്യമങ്ങളെ അഭിസംബോധന ചെയ്യുകയുമുണ്ടായി:

1. ഇരട്ട നികുതി ഒഴിവാക്കുകയും വരുമാനത്തിനുമേലുള്ള നികുതികളുമായി ബന്ധപ്പെട്ട സാമ്പത്തിക ഒഴിഞ്ഞുമാറല്‍ പ്രതിരോധിക്കുകയും ചെയ്യുന്നതിനുള്ള കരാര്‍.
2.നയതന്ത്ര പാസ്‌പോര്‍ട്ടുള്ളവരെ വിസയില്‍ നിന്ന് ഒഴിവാക്കുന്നതിനുള്ള ധാരണാപത്രം.
3. കുറ്റവാളികളെ പരസ്പരം കൈമാറുന്നതു സംബന്ധിച്ച കരാറിന്റെ സാധൂകരണ രേഖ.
4. പരമ്പരാഗത ഔഷധ മേഖലയിലെ സഹകരണം സംബന്ധിച്ച ധാരണാപത്രം.
5. ഇരുരാജ്യങ്ങള്‍ക്കും പരസ്പരം താല്‍പര്യമുള്ള മേഖലകളിലെ സഹകരണം പ്രോല്‍സാഹിപ്പിക്കുന്നതിനുളള വ്യാപാര ഉപായ മാനദണ്ഡത്തിന് ഒരു വിദഗ്ധ സമിതി രൂപീകരിക്കാനുള്ള ധാരണാപത്രം.
6. കാര്‍ഷിക, അനുബന്ധ മേഖലകളിലെ സഹകരണത്തിനുള്ള ധാരണാപത്രം.
7. ആരോഗ്യ, ഔഷധ മേഖലയിലെ സഹകരണത്തിനുള്ള ധാരണാപത്രം.
8. തപാല്‍ സഹകരണത്തിനുള്ള ധാരണാപത്രം.
9. ഇറാന്റെ തുറമുഖ-സമുദ്രകാര്യ സംഘടനയും ( പിഎംഒ) ഇന്ത്യ പോര്‍ട്‌സ് ഗ്ലോബല്‍ ലിമിറ്റഡും( ഐപിജിഎല്‍) തമ്മില്‍ ഛബഹാറിലെ ഷാഹിബെഹസ്തി തുറമുഖം – ഒന്നാം ഘട്ടം സംബന്ധിച്ച ഇടക്കാല പാട്ടക്കരാര്‍.

ഉഭയകക്ഷി കൈമാറ്റങ്ങള്‍

· നിലവിലുള്ള ഉന്നതതല ഇടപാടുകള്‍ സ്ഥിരവും വിശാലവുമായ ഉഭയകക്ഷി കൈമാറ്റങ്ങളിലൂടെ എല്ലാ തലങ്ങളിലും കൂടുതല്‍ വൈവിധ്യപൂര്‍ണവും കരുത്തുറ്റതുമാക്കുന്നതിന് പ്രസിഡന്റ് റൂഹാനിയും പ്രധാനമന്ത്രി മോദിയും സമ്മതിച്ചു. ഈ പശ്ചാത്തലത്തില്‍ ഇന്ത്യ – ഇറാന്‍ സംയുക്ത സമിതിയും അതിന്റെ എല്ലാ പ്രവൃത്തി ഗ്രൂപ്പുകളും വിദേശ കാര്യാലയ കൂടിയാലോചനാ സമിതികളും ഈ വര്‍ഷം തന്നെ ചേരാനും രണ്ടു രാജ്യങ്ങളിലെയും പ്രതിരോധ, ദേശീയ സുരക്ഷാ സമിതികള്‍ തമ്മില്‍ ചര്‍ച്ച നടത്താനും നയ ആസൂത്രണ ചര്‍ച്ചകള്‍ക്കും പാര്‍ലമെന്റിറി രംഗത്തെ കൈമാറ്റങ്ങള്‍ക്കും തീരുമാനമായി.

കണക്റ്റിവിറ്റി

· മേഖലയ്ക്കുള്ളിലും ഒരിടത്തു നിന്നു മറ്റൊരിടത്തേക്കും ബഹു മാതൃകാ കണക്ടിവിറ്റി പ്രോല്‍സാഹിപ്പിക്കുന്നതില്‍ ഇറാന്റെയും ഇന്ത്യയുടെയും സവിശേഷ പങ്കാളിത്തം രണ്ടു പക്ഷവും അംഗീകരിച്ചു. 2017 ഡിസംബര്‍ ആദ്യം വിജയകരമായി ഉദ്ഘാടനം ചെയ്യപ്പെട്ട ഛാഹബാര്‍ തുറമുഖ നിര്‍മാണം ഒന്നാം ഘട്ടം; അന്താരാഷ്ട്ര തുറമുഖവും എല്ലാ പക്ഷത്തും യാത്രാ ഇടനാഴികളും നിര്‍മിക്കുന്നതു സംബന്ധിച്ച് ഇന്ത്യയ്ക്കും ഇറാനും അഫ്ഗാനിസ്ഥാനും ഇടയിലുള്ള ത്രിതല കരാറിന്റെ സാധൂകരണം; ഛാഹബാര്‍ തുറമുഖത്തിലൂടെ ഇന്ത്യയില്‍ നിന്ന് അഫ്ഗാനിസ്ഥാനിലേക്ക് ഗോതമ്പ് എത്തിക്കുന്നതിനുള്ള വിജയകരമായ കപ്പല്‍ ഗതാഗതം എന്നിവ അഫ്ഗാനിസ്ഥാനില്‍ നിന്നും മധ്യേഷ്യയ്ക്കും അതിനുമപ്പുറവും പുതിയ ഒരു കവാടം തുറന്നു. ഛാബഹാറിലെ ഷാഹിദ്‌ബെഹേസ്തി തുറമുഖത്തിന്റെ നിര്‍മാണം നേരത്തെയും പൂര്‍ണതോതില്‍ പ്രവര്‍ത്തനക്ഷമമായും പൂര്‍ത്തീകരിക്കാനുള്ള രണ്ടു പക്ഷത്തിന്റെയും പ്രതിബദ്ധത ആവര്‍ത്തിച്ചുറപ്പിച്ചു. ഇരു പക്ഷത്തിനും ഗുണകരമാകുന്ന വിധം വളം, പെട്രോ കെമിക്കലുകള്‍, ലോഹസംസ്‌കരണം എന്നിവ പോലുള്ള മേഖലകളില്‍ ഛാബഹാറില്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനുള്ള ഇന്ത്യയുടെ നിക്ഷേപത്തെ ഇറാന്‍ സ്വാഗതം ചെയ്തു.

· ഈ പശ്ചാത്തലത്തില്‍, ഇറാന്റെ പോര്‍ട്ട് ആന്റ് മാരിടൈം ഓര്‍ഗനൈസേഷനും (പിഎംഒ) ഇന്ത്യ പോര്‍ട്‌സ് ഗ്ലോബല്‍ ലിമിറ്റഡും ( ഐപിജിഎല്‍) തമ്മില്‍ ഷാഹിദ്‌ബെഹസ്തി തുറമുഖത്തിനു വേണ്ടി ഇടക്കാല പാട്ടക്കരാര്‍ ഉണ്ടാക്കുന്നതിനെ രണ്ടു നേതാക്കളും സ്വാഗതം ചെയ്തു. ത്രിതല കരാറില്‍ വ്യക്തമാക്കിയതു പ്രകാരം സമയബന്ധിതമായി ഏകോപന സമിതികള്‍ യോഗം ചേരണം എന്നും അവര്‍ നിര്‍ദേശം നല്‍കി.

· ഛാബഹാര്‍ തുറമുഖത്തിന്റെയും അതിന്റെ കണക്ടിവിറ്റിയുടെയും പൂര്‍ണ ഉപയോഗം അഫ്ഗാനിസ്ഥാനും മധ്യേഷ്യയ്ക്കും സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഛാബഹാര്‍ -സഹേദന്‍ റെയില്‍ പാത വികസിപ്പിക്കാന്‍ പിന്തുണ നല്‍കാനുള്ള സന്നദ്ധതയും ഇന്ത്യ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകളിലേര്‍പ്പെട്ടിരിക്കുന്ന ഇര്‍കോണ്‍, ഇന്ത്യ, സിഡിറ്റിഐസി, ഇറാന്‍ എന്നിവയോട് അതുമായി ബന്ധപ്പെട്ട സാങ്കേതിക മാനദണ്ഡങ്ങള്‍ക്ക് അന്തിമ രൂപം നല്‍കാനും സമയബന്ധിതമായി ആ പദ്ധതികള്‍ക്ക് സാമ്പത്തിക സഹായം നല്‍കാനും ആവശ്യപ്പെടും. ഉരുക്ക് റെയിലുകള്‍, തീവണ്ടി എന്‍ജിന്‍ തുടങ്ങിയവയുടെ വിതരണണത്തിലുള്‍പ്പെടെ റെയില്‍ മേഖലയിലെ സഹകരണത്തിനുള്ള മഹത്തായ ശ്രമങ്ങളെ രണ്ടു നേതാക്കളും പ്രോല്‍സാഹിപ്പിച്ചു.

· അന്തര്‍ദേശീയ വടക്കു കിഴക്കന്‍ ഗതാഗത ഇടനാഴിക്കുള്ള പ്രതിബദ്ധത ഇരു പക്ഷവും ആവര്‍ത്തിച്ചുറപ്പിക്കുകയും ഛാബഹാര്‍ അതിന്റെ ചട്ടക്കൂടില്‍ ഉള്‍പ്പെടുത്തേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്തു. ഐഎന്‍എസ്ടിസി ഏകോപന സമിതിയുടെ ഒരു യോഗം വൈകാതെ ടെഹ്‌റാനില്‍ ഇറാന്‍ വിളിച്ചു ചേര്‍ക്കും. ടിഐആര്‍ കണ്‍വന്‍ഷനിലും അഷ്ഗബാത് കരാറിലും ഇന്ത്യ ഭാഗമാവുന്നത് മേഖലയിലെ കണക്ടിവിറ്റി വര്‍ദ്ധിപ്പിക്കുകയും മേഖലാ കേന്ദ്രങ്ങളെ സാമ്പത്തിക വളര്‍ച്ചയിലേക്ക് നയിക്കുകയും ചെയ്യുമെന്ന് വിലയിരുത്തിയ യോഗം ഈ നടപടിയെ സ്വാഗതം ചെയ്തു.
· കണക്ടിവിറ്റി വര്‍ദ്ധിക്കുന്നതിലൂടെ ഉണ്ടാകുന്ന സമൃദ്ധി പ്രതിഫലിപ്പിക്കുന്ന വിധത്തില്‍ ദീനദയാല്‍ തുറമുഖം, കാണ്ട്‌ല, ഛാബഹാര്‍, ഷാഹിബെഹസ്തി തുറമുഖം എന്നിവ ചിത്രീകരിക്കുന്ന സംയുക്ത തപാല്‍ സ്റ്റാമ്പ് രണ്ടു നേതാക്കളും ചേര്‍ന്ന് പ്രകാശനം ചെയ്തു.

· ഛാബഹാറില്‍ ഇന്ത്യയുടെ സ്വകാര്യ, പൊതുമേഖലകളെ ആകര്‍ഷിക്കുന്നതിന് അനുകൂലമായ പരിസ്ഥിതി വികസിപ്പിക്കാനുള്ള സന്നദ്ധത ഇറാന്‍ പക്ഷം പ്രകടിപ്പിച്ചു. ഈ പശ്ചാത്തലത്തില്‍, മേഖലയിലെയും പുറത്തെയും രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ, ഛാഹബാര്‍ തുറമുഖം നല്‍കുന്ന സാമ്പത്തിക അവസരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ഒരു വ്യവസായ പ്രോല്‍സാഹന സമ്മേളനം ഇറാന്‍ സംഘടിപ്പിക്കും.

ഊര്‍ജ്ജ പങ്കാളിത്തം

· ഊര്‍ജ്ജ മേഖലയിലെ പരസ്പര താല്‍പര്യങ്ങളും സ്വാഭാവിക പങ്കാളിത്തവും കണക്കിലെടുത്ത് പരമ്പരാഗത വാങ്ങലുകാര്‍- വില്‍പ്പനക്കാര്‍ ബന്ധത്തിനപ്പുറം നീങ്ങാനും ദീര്‍ഘകാലാടിസ്ഥാനത്തില്‍ തന്ത്രപരമായ പങ്കാളിത്തം വികസിപ്പിക്കാനും ഇരു രാജ്യങ്ങളും സമ്മതിച്ചു. ഫര്‍സാദ് ബി വാതക മേഖലയിലുള്‍പ്പെടെ ഊര്‍ജ്ജ സഹകരണത്തില്‍ ക്രമപ്രകാരമുള്ള ഫലം നേടുന്നതിന് ചര്‍ച്ചകള്‍ വര്‍ധിപ്പിക്കാന്‍ രണ്ടു പക്ഷവും സമ്മതിച്ചു.

വ്യാപാര, നിക്ഷേപ സഹകരണം

· ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര, നിക്ഷേപ സഹകരണം വര്‍ദ്ധിപ്പിക്കാന്‍ രണ്ടു നേതാക്കളും സമമതിച്ചു. വ്യവസായ ഇടപാടുകള്‍ക്ക് ഫലപ്രദമായ ഒരു ബാങ്കിംഗ് മാര്‍ഗ്ഗം സാധ്യമാക്കേണ്ടതിന്റെ ആവശ്യവും ഈ പശ്ചാത്തലത്തില്‍ അവര്‍ അംഗീകരിച്ചു. ഇറാന്റെ പസര്‍ഗാഡ് ബാങ്കിന്റെ ഒരു ശാഖ ഇന്ത്യയില്‍ തുറക്കാനുള്ള അനുമതി നിലവില്‍ പരിഗണനയിലാണെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടു. റൂപ-റിയാല്‍ സംവിധാനം, പ്രവര്‍ത്തനക്ഷമമായ പണ വിനിമയ വഴികള്‍ സ്ഥാപിക്കുന്നതിനുള്ള ആസിയാന്‍ ക്ലീയറിംഗ് യൂണിയന്‍ സംവിധാനം എന്നിവയുടെ സാധ്യതകള്‍ ആരായാന്‍ ഉദ്യോഗസ്ഥ തലത്തിലെ ഒരു സംയുക്ത സമിതി രൂപീകരിക്കാനും ധാരണയായി.

· ബിസിനസ് ചെയ്യുന്നത് പ്രോത്സാഹിപ്പിക്കുവാനുള്ള നടപടി എന്ന നിലയില്‍ ഇരട്ട നികുതി ഒഴിവാക്കല്‍ കരാര്‍ സ്വാഗതം ചെയ്യപ്പെട്ടു. മുന്‍ഗണനാ വ്യാപാര കരാറില്‍ രേഖാമൂലമുള്ള വിലപേശലിനും, ഒപ്പംതന്നെ നിശ്ചിത സമയപരിധിക്കുള്ളില്‍ ഉഭയകകഷി നിക്ഷേപ കരാര്‍ പൂര്‍ത്തീകരിക്കാനും രണ്ടു പക്ഷവും ധാരണയിലെത്തി.

· സാമ്പത്തികവും വാണിജ്യപരവുമായ സഹകരണം പ്രോല്‍സാഹിപ്പിക്കുന്നതില്‍ വ്യാപാര, വ്യവസായ സമൂഹങ്ങളുടെ പങ്കാളിത്തത്തിന്റെ പ്രാധാന്യം അംഗീകരിച്ചുകൊണ്ട് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ)യുടെ ഒരു കാര്യാലയം ടെഹ്‌റാനില്‍ തുറക്കുന്നതിനെ കഴിഞ്ഞ വര്‍ഷം രണ്ടു നേതാക്കളും സ്വാഗതം ചെയ്തിരുന്നു. ഇരു പക്ഷത്തെയും വിവിധ വ്യാപാര സംഘടനകള്‍ തമ്മില്‍ പരസ്പര സഹകരണ കരാറുകള്‍ ഒപ്പിടുകയും ചെയ്തു. ഇറാന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ്& ഇന്‍ഡസ്ട്രിയുടെ ഒരു കാര്യാലയം ഇന്ത്യയില്‍ തുറക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകുന്നതായി ഇന്ത്യന്‍ പക്ഷം അറിയിച്ചു.

· ലോക വ്യാപാര സംഘടന ഇസ്‌ലാമിക് റിപ്പബ്ലിക്ക് ഓഫ് ഇറാനു പ്രാപ്യമാക്കുന്നതിനും അംഗങ്ങളെ ചേര്‍ക്കുന്ന പ്രക്രിയ പൂനക്രമീകരിക്കുകയും സംഘടനയെ ആഗോളവും ഉള്‍ക്കൊള്ളല്‍പരവുമാക്കുകയും ചെയ്യാന്‍ നടന്നുകൊണ്ടിരിക്കുന്ന സമവായ ശ്രമങ്ങള്‍ക്കും ഇന്ത്യ പൂര്‍ണ്ണ പിന്തുണ അറിയിച്ചു.

സൗഹാര്‍ദ്ദപരമായ വിനിമയങ്ങളും ജനങ്ങള്‍ തമ്മിലുള്ള ബന്ധപ്പെടലുകളും പ്രോല്‍സാഹിപ്പിക്കല്‍

· രണ്ടു രാജ്യങ്ങള്‍ക്കും ഇടയില്‍ സൗഹാര്‍ദ്ദപരമായ വിനിമയങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്നതിനു വേണ്ടി ഇറാന്‍ പൗരന്മാര്‍ക്ക് ഇന്ത്യ ഇ-വിസ അനുവദിക്കാമെന്നും ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഇറാന്‍ ഇ-വിസ അനുവദിക്കാമെന്നും സമ്മതിച്ചു. നയതന്ത്ര പാസ്‌പോര്‍ട്ടുടമകള്‍ക്കുള്ള വിസാ ഇളവ് കരാര്‍ ഒപ്പുവയ്ക്കലും ഈ ദിശയിലുളള ഒരു ചുവടുവയ്പാണ്. ഇരു രാജ്യങ്ങളിലെയും പൗരന്മാരെ ബാധിക്കുന്ന മാനുഷിക പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നതിനുള്ള പ്രാധാന്യം രണ്ടു പക്ഷവും ആവര്‍ത്തിച്ചു പറഞ്ഞു. ഇറാനിലെ നയതന്ത്ര കാര്യാലയങ്ങളുടെ പദവി ഉയര്‍ത്തുന്നതിനുള്ള ഇന്ത്യയുടെ അഭ്യര്‍ത്ഥന ഇറാന്‍ അനുകൂലമായി പരിഗണിക്കും.

· നാഗരികതയുടെയും സംസ്‌കാരത്തിന്റെയും ശക്തമായ അടിത്തറ കെട്ടിപ്പടുക്കുകയും വിവിധ തലങ്ങളില്‍ മികച്ച പരസ്പര ധാരണകള്‍ പ്രോല്‍സാഹിപ്പിക്കാനും 2018-19ല്‍ ഇറാനില്‍ ഒരു ഇന്ത്യന്‍ ഉല്‍സവം സംഘടിപ്പിക്കാനും, ടെഹ്‌റാന്‍ സര്‍വകലാശാലയില്‍ ഒരു ഇന്ത്യാ പഠന കേന്ദ്രം സ്ഥാപിക്കല്‍, ഇറാന്‍ നയതന്ത്ര പ്രതിനിധികള്‍ക്കു വേണ്ടി ഇന്ത്യയുടെ വിദേശ സേവന സ്ഥാപനത്തില്‍ ഇന്‍ഡോളജി കോഴ്‌സുകള്‍ നടത്തുക, ഇന്ത്യയില്‍ പേര്‍ഷ്യന്‍ ഭാഷാ കോഴ്‌സുകള്‍ പ്രോല്‍സാഹിപ്പിക്കുക, പുരാവസ്തു ശാസ്ത്രം, കാഴ്ചബംഗ്ലാവുകള്‍, ചരിത്രരേഖാ സൂക്ഷിപ്പ്, പുസ്തകാലയങ്ങള്‍ എന്നീ മേഖലകളില്‍ കൂടുതല്‍ സഹകരിക്കാനും ഇരു രാജ്യങ്ങളും തീരുമാനിച്ചു

സുരക്ഷാ- പ്രതിരോധ സഹകരണം.

· ഇരു പക്ഷത്തെയും ദേശീയ സുരക്ഷാ കൗണ്‍സിലുകള്‍ തമ്മില്‍ വളരുന്ന ആശയവിനിമയത്തെ രണ്ടു നേതാക്കളും സ്വാഗതം ചെയ്യുകയും ഭീകരപ്രവര്‍ത്തനം, സംഘടിത കുറ്റകൃത്യങ്ങള്‍, കള്ള നോട്ട്, മയക്കു മരുന്നു കടത്ത്, സൈബര്‍ കുറ്റകൃത്യങ്ങള്‍ എന്നിവ പോലുളള സുരക്ഷാ അനുബന്ധ പ്രശ്‌നങ്ങളും സംബന്ധിച്ച് തങ്ങള്‍ക്കും മറ്റുള്ളവര്‍ക്കും ഇടയിലുള്ള വിഷയങ്ങളേക്കുറിച്ച് തുടര്‍ച്ചയായും സ്ഥാപനവല്‍കൃതവുമായ കൂടിയാലോചനകള്‍ വര്‍ധിപ്പിക്കാന്‍ സമ്മതിക്കുകയും ചെയ്തു.

· സമുദ്ര സംബന്ധമായ കാര്യങ്ങളില്‍ സഹകരണ സാധ്യതകള്‍ വര്‍ധിപ്പിക്കാനുള്ള താല്‍പര്യ രണ്ട് പക്ഷവും പ്രകടമാക്കി. പ്രതിരോധം, നാവിക കപ്പലുകള്‍ അടുക്കുന്നതുള്‍പ്പെടെയുള്ള തുറമുഖല സഹകരണം, പ്രതിരോധ പ്രതിനിധി സംഘങ്ങളുടെ പരിശീലനവും തുടര്‍ച്ചയായ കൈമാറ്റവും എന്നിവ സംബന്ധിച്ച സഹകരണത്തിന് ചര്‍ച്ച നടത്താന്‍ ധാരണയായി.

· തടവുപുള്ളികളുടെ കൈമാറ്റത്തിനുള്ള ഉഭയകക്ഷി കരാര്‍ നടപ്പാക്കുന്നതിലെ പുരോഗതി അനുകൂലമാണെന്ന് രണ്ടു പക്ഷവും ചൂണ്ടിക്കാട്ടി. രണ്ടു പക്ഷത്തെയും കുറ്റവാളികളെ കൈമാറല്‍ കരാറും മനസ്സിലാക്കലും സിവില്‍, വാണിജ്യകാര്യങ്ങളില്‍ പരസ്പരം നിയമ സഹായം നല്‍കുന്നതിലേക്ക് എത്തിയിരിക്കുന്നു.

മറ്റു മേഖലകള്‍

· ഉന്നത വിദ്യാഭ്യാസം, ശാസ്ത്രവും സാങ്കേതികവിദ്യയും, കൃഷി, തൊഴിലും സംരംഭകത്വവും, വിനോദസഞ്ചാരം, എന്നിവ ഉള്‍പ്പെടെ നിരവധി മേഖലകളില്‍ പരസ്പര താല്‍പര്യപ്രകാരമുള്ള ഉഭയകക്ഷി സഹകരണത്തെയും കരാറിനെയും ഇരു രാജ്യങ്ങളും സ്വാഗതം ചെയ്തു. തുടര്‍ച്ചയായ ആശയവിനിമയത്തിലൂടെയും സ്ഥാപനപരമായ സംവിധാനങ്ങളിലൂടെയും മുന്നോട്ടു പോകാന്‍ തീരുമാനിക്കുകയും കൂടുതല്‍ വിശദാംശങ്ങള്‍ തയ്യാറാക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു.

മേഖലാപരവും അന്തര്‍ദേശീയവുമായ വിഷയങ്ങള്‍

· മേഖലാപരവും അന്തര്‍ദേശീയവുമായ സാഹചര്യങ്ങളേക്കുറിച്ച് രണ്ടു നേതാക്കളും വീക്ഷണങ്ങള്‍ കൈമാറി. ബഹുസ്വരത ശക്തിപ്പെടുത്താനുള്ള കാഴ്ചപ്പാടോടെ, അന്താരാഷ്ട്ര വേദികളില്‍ നിര്‍ണായകമായ ഒരു പങ്കാളിത്തം വഹിക്കാനുളള ഇന്ത്യയുടെ അഭിലാഷത്തെ പ്രസിഡന്റ് റൂഹാനി അംഗീകരിച്ചു. ശക്തമായ ഐക്യരാഷ്ട്രസഭയുടെ പ്രാധാന്യം രണ്ടു നേതാക്കളും ആവര്‍ത്തിച്ച് വ്യക്തമാക്കുകയും സമകാലിക അന്താരാഷ്ട്ര യാഥാര്‍ത്ഥ്യങ്ങള്‍ പ്രതിഫലിക്കുന്ന വിധത്തില്‍ സുരക്ഷാ സമിതി അടിയന്തരമായി പുനസ്സംഘടിപ്പിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്തു. സുരക്ഷാസമിതിയുടെ സമഗ്ര പുനസ്സംഘടനയ്ക്കു വേണ്ടി ഗവണ്‍മെന്റുകള്‍ തമ്മിലുള്ള ക്രയവിക്രയങ്ങളെ പിന്തുണയ്ക്കാനുള്ള തങ്ങളുടെ പ്രതിബദ്ധത അവര്‍ ആവര്‍ത്തിച്ചുറപ്പിക്കുകയും ചെയ്തു. ബഹുരാഷ്ട്ര സാമ്പത്തിക സ്ഥാപനങ്ങള്‍ ശക്തിപ്പെടുത്തുകയും പുനസ്സംഘടിപ്പിക്കുകയും ചെയ്യേണ്ടതിന്റെയും അന്താരാഷ്ട്ര സാമ്പത്തിക തീരുമാനമെടുക്കലുകളില്‍ വികസ്വര രാഷ്ട്രങ്ങളുടെ അഭിപ്രായവും പങ്കാളിത്തവും വര്‍ധിപ്പിക്കേണ്ടതിന്റെയും ആവശ്യകതയേക്കുറിച്ച് രണ്ടു നേതാക്കളും അടിവരയിട്ടു പറഞ്ഞു.

· ഭീകരപ്രവര്‍ത്തനത്തിന്റെയും അക്രമോല്‍സുക തീവ്രവാദ ആശയങ്ങളുടെയും വെല്ലുവിളികള്‍ തിരിച്ചറിഞ്ഞ് ഭീകരപ്രവര്‍ത്തനത്തിന്റെ എല്ലാ രൂപങ്ങളോടും പൊരുതാനുള്ള പ്രതിബദ്ധത രണ്ടു നേതാക്കളും ആവര്‍ത്തിക്കുകയും ഭീകരപ്രവര്‍ത്തനത്തിന്റെ ഒരു ചെയ്തികള്‍ക്കും ന്യായീകരണമില്ലെന്ന് ചൂണ്ടിക്കാണിക്കുകയും ചെയ്തു. ഭീകരതയ്‌ക്കെതിരായ പോരാട്ടം എന്നത് ഭീകരപ്രവര്‍ത്തകരെ തകര്‍ക്കുകയും നിര്‍മാര്‍ജ്ജനം ചെയ്യുകയും അവരുടെ സംഘടനാ ശൃംഖലകള്‍ തകര്‍ക്കുകയും മാത്രമല്ലെന്നും ഭീകരതയ്ക്കു പ്രേരണയാവുകയും തീവ്രവാദ ആശയങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്യുന്ന സാഹചര്യങ്ങളെ നേരിടുക കൂടിയാണെന്നുമുള്ള തിരിച്ചറിവ് രണ്ടു നേതാക്കളും പ്രകടിപ്പിച്ചു. ഭീകരവാദത്തിന് ഏതെങ്കിലും മതവുമായോ, ദേശീയതയുമായോ വംശീയതയുമായോ ബന്ധപ്പെട്ടതാകാന്‍ കഴിയില്ലെന്ന് അവര്‍ ഊന്നിപ്പറഞ്ഞു. ഭീകരസംഘടനകള്‍ക്കും ഭീകരപ്രവര്‍ത്തകരായ വ്യക്തികള്‍ക്കും നല്‍കുന്ന എല്ലാത്തരം പിന്തുണയും താവളങ്ങളും അവര്‍ക്കു നല്‍കുന്ന സഹായങ്ങളും അടിയന്തരമായി അവസാനിപ്പിക്കണമെന്ന് ഇരു നേതാക്കളും ആവശ്യപ്പെടുകയും ഭീകരപ്രവര്‍ത്തനത്തിന് നേരിട്ടും പരോക്ഷവുമായി നല്‍കുന്ന പിന്തുണ അപലപനീയമാണെന്ന് ചൂണ്ടിക്കാണിക്കുകയും ചെയ്തു. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ പ്രത്യേകം തെരഞ്ഞെടുപ്പു നടത്തുകയോ ഭാഗികം മാത്രമാക്കുകയോ ചെയ്യുന്നത് അവസാനിപ്പിക്കണം എന്ന് അവര്‍ അന്താരാഷ്ട്ര സമൂഹത്തോട് ആഹ്വാനം ചെയ്യുകയും ഈ പശ്ചാത്തലത്തില്‍, ഐക്യരാഷ്ട്രസഭാ പൊതുസഭയില്‍ അന്താരാഷ്ട്ര ഭീകരവാദത്തേക്കുറിച്ച് സമ്പൂര്‍ണ്ണ കരാറും സമഗ്ര സമ്മേളനവും ഉണ്ടാകുന്നതിന് ശക്തമായ ശ്രമം ഉണ്ടാകേണ്ട ആവശ്യകത ചൂണ്ടിക്കാണിക്കുകയും ചെയ്തു. ‘അക്രമത്തിനും തീവ്രവാദത്തിനും എതിരായ ലോകം’ (world against violence and extremism- wave) എന്ന ഇറാന്‍ പ്രസിഡന്റിന്റെ ആശയത്തില്‍നിന്നുടലെടുത്ത 2013ലെ യുഎന്‍ജിഎ പ്രമേയത്തെ രണ്ട് പക്ഷവും അംഗീകരിക്കുകയും ഭീകരതയ്‌ക്കെതിരേ പോരാടാനും അവരെ സാമ്പത്തികമായി ഉള്‍പ്പെടെ പിന്തുണയ്ക്കുന്ന ഭീകര ഗ്രൂപ്പുകളടക്കം എല്ലാ മുന്നേറ്റങ്ങളെയും നിര്‍മാര്‍ജ്ജനം ചെയ്യാനും ആഹ്വാനം ചെയ്യുകയും ചെയ്തു.

· യുഎന്‍ സുരക്ഷാ സമിതി അംഗീകരിക്കുകയും ആണവ നിരായുധീകരണ ചട്ടക്കൂടിനും അന്താരാഷ്ട്ര സമാധാനത്തിനും സ്ഥിരതയ്ക്കും സുരക്ഷയ്ക്കും നിര്‍ണായക സംഭാവന ചെയ്യുന്നതുമായ സംയുക്ത സമഗ്ര കര്‍മപദ്ധതി ( ജെസിപിഒഎ) പൂര്‍ണമായും കാര്യക്ഷമമായും നടപ്പാക്കുന്നതിനുള്ള തങ്ങളുടെ പിന്തുണ ഇന്ത്യന്‍ പക്ഷം ആവര്‍ത്തിച്ച് വ്യക്തമാക്കി.

· അഫ്ഗാനിസ്ഥാനിലെ ദേശീയ ഐക്യ ഗവണ്‍മെന്റിന് പിന്തുണ നല്‍കുന്നതുവഴി അവിടെ ശക്തവും ഐക്യമുള്ളതും ഐശ്വര്യപൂര്‍ണവും ബഹുസ്വരവും ജനാധിപത്യപരവും സ്വതന്ത്രവുമായ അഫ്ഗാനിസ്ഥാന്‍ യാഥാര്‍ത്ഥ്യമാക്കേണ്ടത് മേഖലയുടെ സമാധാന-സ്ഥിരതാ താല്‍പര്യങ്ങള്‍ക്ക് അത്യന്താപേക്ഷിതമാണെന്ന് രണ്ടു പക്ഷവും ഊന്നിപ്പറഞ്ഞു. ഛാഹബാറിലെ അനുയോജ്യമായ സഹകരണത്തിലൂടെ ഉള്‍പ്പെടെ ഇന്ത്യ-ഇറാന്‍- അഫ്ഗാനിസ്ഥാന്‍ ത്രിതല ചര്‍ച്ചകളും ഏകോപനവും ഉണ്ടാകേണ്ടതിന്റെ പ്രാധാന്യം അവര്‍ ചൂണ്ടിക്കാട്ടി. ഈ പശ്ചാത്തലത്തില്‍, മേഖലാപരമായ കണക്ടിവിറ്റി വര്‍ധിപ്പിക്കാന്‍ മുന്നോട്ടു വരണമെന്നും അതിനാവശ്യമായ സ്ഥലങ്ങള്‍ കൈമാറുന്നതിനുള്ള തടസ്സങ്ങള്‍ നീക്കാന്‍ നടപടിയെടുക്കണമെന്നും മേഖലയിലെ രാജ്യങ്ങളോട് അവര്‍ ആഹ്വാനം ചെയ്തു.

· തനിക്കും തന്റെ പ്രതിനിധി സംഘത്തിനും ഇന്ത്യയില്‍ പ്രൗഡമായ ആതിഥ്യമരുളിയതിന് പ്രസിഡന്റ് റൂഹാനി അകൈതവമായ അഭിനന്ദനവും നന്ദിയും അറിയിക്കുകയും ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍ സന്ദര്‍ശിക്കുന്നതിന് ഇന്ത്യയുടെ രാഷ്ട്രപതിയെയും പ്രധാനമന്ത്രിയെയും ക്ഷണിക്കുകയും ചെയ്തു. ക്ഷണം ഇന്ത്യ സ്വീകരിക്കുകയും സന്ദര്‍ശന തീയതികള്‍ നയതന്ത്ര വഴികളിലൂടെ തീരുമാനിക്കാമെന്ന് സമമ്മതിക്കുകയും ചെയ്തു.

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Cabinet extends One-Time Special Package for DAP fertilisers to farmers

Media Coverage

Cabinet extends One-Time Special Package for DAP fertilisers to farmers
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 ജനുവരി 2
January 02, 2025

Citizens Appreciate India's Strategic Transformation under PM Modi: Economic, Technological, and Social Milestones