പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസണും തമ്മിൽ 2022 മാർച്ച് 21-ന് രണ്ടാമത്തെ ഇന്ത്യ-ഓസ്‌ട്രേലിയ വെർച്വൽ ഉച്ചകോടി നടത്തും. 2020 ജൂൺ 4 ലെ ചരിത്രപരമായ ആദ്യ വെർച്വൽ ഉച്ചകോടിയെ തുടർന്നാണ് ഇരു രാജ്യങ്ങൾക്കുമിടയിലെ ബന്ധം സമഗ്രവും തന്ത്രപരവുമായ പങ്കാളിത്തത്തിലേക്ക് ഉയർത്തിയത്.
വരാനിരിക്കുന്ന വെർച്വൽ ഉച്ചകോടിയിൽ, സമഗ്ര തന്ത്രപരമായ പങ്കാളിത്തത്തിന് കീഴിലുള്ള വിവിധ സംരംഭങ്ങളിൽ കൈവരിച്ച പുരോഗതി നേതാക്കൾ വിലയിരുത്തും. വെർച്വൽ ഉച്ചകോടി ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള വൈവിധ്യമാർന്ന മേഖലകളിലെ പുതിയ സംരംഭങ്ങൾക്കും മെച്ചപ്പെടുത്തിയ സഹകരണത്തിനും വഴിയൊരുക്കും. വ്യാപാരം, നിർണായക ധാതുക്കൾ, കുടിയേറ്റം, ചലനം, വിദ്യാഭ്യാസം എന്നിവയിൽ അടുത്ത സഹകരണത്തിന് നേതാക്കൾ പ്രതിജ്ഞാബദ്ധരാകുമെന്ന് പ്രതീക്ഷിക്കുന്നു.
പരസ്പര താൽപ്പര്യമുള്ള പ്രാദേശിക, അന്തർദേശീയ വിഷയങ്ങളിലെ കാഴ്ചപ്പാടുകളും നേതാക്കൾ ചർച്ച ചെയ്യും. ഇരു രാജ്യങ്ങളും തങ്ങളുടെ ഉഭയകക്ഷി ബന്ധങ്ങൾക്ക് നൽകുന്ന പ്രാധാന്യവും പ്രാദേശികവും ആഗോളവുമായ വിഷയങ്ങളിൽ അവരുടെ അടുത്ത സഹകരണവും ഉച്ചകോടി ഉയർത്തിക്കാട്ടുന്നു.
കോവിഡ് -19 മഹാമാരി ഉണ്ടായിട്ടും, ശാസ്ത്ര സാങ്കേതിക വിദ്യ, പ്രതിരോധം, സൈബർ, നിർണായകവും തന്ത്രപരവുമായ സാമഗ്രികൾ, ജലം , ഇന്ത്യ-ഓസ്‌ട്രേലിയ സമഗ്ര തന്ത്രപരമായ പങ്കാളിത്തം, വിഭവ പരിപാലനം , പൊതു ഭരണവും ഭരണനിർവ്വഹണവും തുടങ്ങിയ വിപുലമായ മേഖലകളിൽ ഇരു രാജ്യങ്ങളും അടുത്ത് സഹകരിച്ച് പ്രവർത്തിക്കുന്നത് തുടരുന്നു.
ക്വാഡ് ലീഡേഴ്‌സ് ഉച്ചകോടിയുടെ ഭാഗമായി 2021 സെപ്തംബറിൽ കോവിഡ് -19 മഹാമാരിക്ക് ശേഷമുള്ള ആദ്യത്തെ നേരിട്ടുള്ള കൂടിക്കാഴ്ചയ്ക്കായി പ്രധാനമന്ത്രി മോദിയും പ്രധാനമന്ത്രി മോറിസണും വാഷിംഗ്ടൺ ഡിസിയിൽ കൂടിക്കാഴ്ച നടത്തുകയും , 2021 നവംബറിൽ ഗ്ലാസ്‌ഗോയിലെ കാലാവസ്ഥ ഉച്ചകോടിക്കിടെ ഇൻഫ്രാസ്ട്രക്ചർ ഫോർ റെസിലന്റ് ഐലന്റ് സ്റ്റേറ്റ്‌സ് (ഐആർഐഎസ്) സംയുക്തമായി ആരംഭിക്കുകയും ചെയ്തു.