ആളുകളുടെ പാസ്‌പോര്‍ട്ടിന്റെ നിറം വ്യത്യസ്തമായിരിക്കാം. പക്ഷേ മാനവികതയേക്കാള്‍ അവരെ ഉറപ്പിച്ചു നിര്‍ത്തുന്ന ഒരു ബന്ധം വേറെയില്ല- പ്രധാനമന്ത്രി നരേന്ദ്ര മോദി തുടര്‍ച്ചയായി വാക്കുകളാണിത്. ഏതെങ്കിലും ദുരന്തങ്ങള്‍ വരുമ്പോള്‍ ഈ യാഥാര്‍ത്ഥ്യത്തിലേയ്ക്ക് അദ്ദേഹം തിരിയും.
യെമനിലെ സംഘര്‍ഷം കൊടുമ്പിരിക്കൊണ്ട വേളയില്‍ വിവിധ രാജ്യങ്ങളില്‍നിന്നുള്ള ജനങ്ങള്‍ അവിടെ സംഘര്‍ഷബാധിത പ്രദേശങ്ങളില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. ജനങ്ങളെ രക്ഷപ്പെടുത്താനുള്ള ഒരു ശ്രമവും ഇന്ത്യാ ഗവണ്‍മെന്റ് പാഴാക്കിയില്ല. ഇന്ത്യയിലെ ജനങ്ങളെ മാത്രമല്ല, മറ്റു രാഷ്ട്രങ്ങളിലെ ജനങ്ങളേയും. രക്ഷാ പ്രവര്‍ത്തനങ്ങളില്‍ പല രാജ്യങ്ങളും ഇന്ത്യയുടെ സഹായം തേടി. ഇന്ത്യ നടത്തിയ രക്ഷാ പ്രവര്‍ത്തനത്തിന്റെ വ്യാപ്തിയും വേഗതയും മുമ്പെങ്ങുമില്ലാത്ത വിധത്തിലുള്ളതും ഏറെ ഫലപ്രദവുമായിരുന്നു
ഇന്ത്യയുടെ പെട്ടെന്നുള്ളതും സമഗ്രവുമായ പ്രതികരണം ഉയര്‍ന്ന തലങ്ങളിലെ നിരീക്ഷണത്തിനു കീഴിലായിരുന്നു. വിദേശകാര്യ മന്ത്രി ശ്രീമതി. സുഷ്മാ സ്വരാജ് തുടര്‍ച്ചയായി സ്ഥിതിഗതികള്‍ വിശകലനം ചെയ്തിരുന്നു.വിദേശകാര്യ സഹമന്ത്രി ജനറല്‍. വി.കെ സിംഗ് നേരിട്ട് യെമനിലും ജിബോട്ടിയിലുമെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.
2015 ഏപ്രില്‍ 25 ന് നേപ്പാളില്‍ വിനാശകരമായ ഭൂകമ്പമുണ്ടായപ്പോള്‍ നേപ്പാളിലെ സഹോദരന്‍മാരുടെയും സഹോദരിമാരുടെയും വേദനയകറ്റാന്‍ സാധ്യമായതെല്ലാം ഇന്ത്യ ചെയ്തു. ഇന്ത്യന്‍ സായുധ സേന, ദുരന്ത പ്രതികരണ സംഘങ്ങള്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ സാധാരണ നിലയിലാക്കാന്‍ പ്രയത്‌നിച്ചു. സ്ഥിതിഗതികള്‍ നിരീക്ഷിക്കാനുള്ള ഉന്നതതല യോഗങ്ങളില്‍ പ്രധാനമന്ത്രി തന്നെ അധ്യക്ഷതവഹിച്ചു. അതേസമയം ഭൂകമ്പം ദുരിതം വിതച്ച നേപ്പാളില്‍നിന്ന് ഇന്ത്യക്കാരെയും വിദേശ പൗരന്‍മാരെയും രക്ഷപ്പെടുത്താന്‍ സാധ്യതമായതെല്ലാം ഇന്ത്യ ചെയ്യുകയുണ്ടായി.
ഈ പരിശ്രമങ്ങള്‍ ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ടു. മോദി ലോക നേതാക്കളെ സന്ദര്‍ശിച്ചപ്പോള്‍, അത് ഫ്രഞ്ച് പ്രസിഡന്റ് ഒലാന്‍ദെ ആയാലും പ്രധാനമന്ത്രി ഹാര്‍പര്‍ ആയാലും രക്ഷാ, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യയുടെ പരിശ്രമങ്ങളെ അവര്‍ അഭിനന്ദിച്ചു. ഇന്ത്യയുടെ ശ്രമങ്ങളെ പ്രധാനമന്ത്രിയുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു അഭിനന്ദിച്ചു. ഇന്ത്യയിലെ യു.എസ്. അംബാസിഡര്‍ റിച്ചാര്‍ഡ് വര്‍മ്മയും ഇന്ത്യയുടെ പങ്കിനെ പ്രശംസിച്ചു.
അഫ്ഗാനിസ്ഥാനില്‍ എട്ടു മാസം തടങ്കലില്‍ കഴിഞ്ഞ ഫാദര്‍ അലക്‌സിസ് പ്രേം കുമാര്‍ 2015 ഫെബ്രുവരിയില്‍ വീട്ടില്‍ തിരിച്ചെത്തി. തന്റെ കര്‍മ്മത്തിനായി സമര്‍പ്പിച്ച സന്നദ്ധപ്രവര്‍ത്തകനായിരുന്നു ഫാദര്‍. പക്ഷേ മനുഷ്യത്യമില്ലാത്ത ചില ശക്തികള്‍ക്ക് മറ്റു ചില പദ്ധതികളുണ്ടായിരുന്നു. അദ്ദേഹത്തെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. അദ്ദേഹത്തിന്റെ മോചനത്തിന് ഏറെ പ്രയാസമനുഭവിക്കേണ്ടിവന്നു. ഫാദറിനെ തിരികെ കൊണ്ടുവരുന്നതിനും കുടുംബവുമായി ചേര്‍ക്കുന്നതിലും ഗവണ്‍മെന്റ് വിജയിച്ചു. അദ്ദേഹത്തിന്റെ കുടുംബം അതീവ സന്തുഷ്ടരായിരുന്നു. മോചനത്തിന് അവര്‍ കേന്ദ്ര ഗവണ്‍മെന്റിനും പ്രധാനമന്ത്രിക്കും നന്ദി പറഞ്ഞു.
ഇതുപോലെ പശ്ചിമേഷ്യയില്‍ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിപ്പോയ ഇന്ത്യന്‍ നഴ്‌സുമാരെ ഗവണ്‍മെന്റ് രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇറാഖില്‍ നിന്ന് നഴ്‌സുമാരെ തിരിച്ചെത്തിച്ചതിന് അന്നത്തെ കേരള മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ ചാണ്ടി കേന്ദ്ര ഗവണ്‍മെന്റിന് നന്ദി രേഖപ്പെടുത്തിയിരുന്നു.
ഇങ്ങനെയാണ് പ്രതിസന്ധികള്‍ ഉണ്ടാവുമ്പോള്‍ മാനവികതയുടെ ബന്ധമാണ് പാസ്‌പോര്‍ട്ടിന്റെ നിറത്തേക്കാള്‍ പ്രാധാന്യമുള്ളതെന്ന് കേന്ദ്രം തെളിയിച്ചത്.