ഇന്ത്യൻ ഫോറിൻ സർവീസിന്റെ (ഐഎഫ്എസ്) 2021 ബാച്ചിലെ ഓഫീസർ ട്രെയിനർമാർ ഇന്ന് രാവിലെ 7, ലോക് കല്യാൺ മാർഗിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു.
അനൗപചാരിക ആശയവിനിമയത്തിൽ, സർവീസിൽ ചേർന്ന ഐഎഫ്എസ് ഓഫീസർ ട്രെയിനികളെ പ്രധാനമന്ത്രി അഭിനന്ദിച്ചു, അവർക്ക് ഇപ്പോൾ ലോക വേദിയിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ അവസരം ലഭിക്കുമെന്ന് പറഞ്ഞു. സർവീസിൽ ചേരുന്നതിന് പിന്നിലെ കാരണം അദ്ദേഹം അവരുമായി ചർച്ച ചെയ്തു.
2023 തിനവിളകളുടെ അന്താരാഷ്ട്ര വർഷമായതിനാൽ, നമ്മുടെ കർഷകർക്ക് പ്രയോജനം ലഭിക്കത്തക്ക തരത്തിൽ അവയെ ജനപ്രിയമാക്കുന്നതിന് ഓഫിസർ ട്രെയിനികൾക്ക് എന്ത് സംഭാവന ചെയ്യാനാകുമെന്ന് അദ്ദേഹം വിശദമായി ചർച്ച ചെയ്തു. തിനവിളകൾ എപ്രകാരം പരിസ്ഥിതി സൗഹൃദമാണെന്നും അവയുടെ ആരോഗ്യപരമായ ഗുണങ്ങളെയും അദ്ദേഹം ചൂണ്ടിക്കാട്ടി . ലൈഫ് (പരിസ്ഥിതിക്ക് വേണ്ടിയുള്ള ജീവിതശൈലി) എന്നതിനെക്കുറിച്ചും പരിസ്ഥിതിക്ക് പ്രയോജനം ചെയ്യുന്നതിനായി ഒരാളുടെ ജീവിതശൈലിയിൽ എങ്ങനെ ചെറിയ മാറ്റങ്ങൾ കൊണ്ടുവരാമെന്നതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ഓഫീസർ ട്രെയിനികൾ ഈ വർഷത്തെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി പ്രഖ്യാപിച്ച പഞ്ചപ്രാണിനെക്കുറിച്ച് ചർച്ച ചെയ്യുകയും അവ യാഥാർഥ്യമാകുന്നതിൽ ഐഎഫ്എസ് ഉദ്യോഗസ്ഥരായ തങ്ങൾക്ക് എന്തൊക്കെ സംഭാവനകൾ നൽകാമെന്നതിനെക്കുറിച്ചുള്ള ആശയങ്ങൾ നൽകുകയും ചെയ്തു.
അടുത്ത 25 വർഷത്തേക്ക് ദീർഘകാല ആസൂത്രണം ചെയ്യാനും, ഈ കാലയളവിൽ എങ്ങനെ സ്വയം വളരാമെന്നും രാജ്യത്തിന്റെ വളർച്ചയ്‌ക്ക് എപ്രകാരം തങ്ങളെ ഉപയോഗപ്പെടുത്താമെന്നും ചിന്തിക്കാൻ പ്രധാനമന്ത്രി ഓഫീസർ ട്രെയിനികളെ ഉദ്‌ബോധിപ്പിച്ചു.