പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെയും മന്ത്രിമാരുടെയും സത്യപ്രതിജ്ഞാ ചടങ്ങ് 2024 ജൂണ്‍ 09 ന് രാഷ്ട്രപതി ഭവനില്‍ നടന്നു. ചടങ്ങിൽ അതിഥികളായി ഇന്ത്യയുടെ അയൽരാജ്യങ്ങളിൽനിന്നും ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ നിന്നുമുള്ള നേതാക്കള്‍ പങ്കെടുത്തു.
ശ്രീലങ്കന്‍ പ്രസിഡന്റ് ശ്രീ റനില്‍ വിക്രമസിംഗെ; മാലിദ്വീപ് പ്രസിഡന്റ് ഡോ. മുഹമ്മദ് മുയിസു; സീഷെൽസ് വൈസ് പ്രസിഡന്റ് ശ്രീ. അഹമ്മദ് അഫീഫ്; ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന; മൗറീഷ്യസ് പ്രധാനമന്ത്രി ശ്രീ. പ്രവിന്ദ് കുമാര്‍ ജുഗ്‌നാഥും പത്നിയും; നേപ്പാള്‍ പ്രധാനമന്ത്രി ശ്രീ. പുഷ്പ കമല്‍ ദഹല്‍ 'പ്രചണ്ഡ'; കൂടാതെ ഭൂട്ടാന്‍ പ്രധാനമന്ത്രി ശ്രീ ഷെറിംഗ് ടോബ്‌ഗേ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. മാലിദ്വീപ്, ബംഗ്ലാദേശ്, നേപ്പാള്‍, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളിലെ നേതാക്കളെ അനുഗമിച്ച മന്ത്രിമാരും ചടങ്ങില്‍ പങ്കെടുത്തവരിൽ ഉള്‍പ്പെടുന്നു.
സന്ദര്‍ശനത്തിനെത്തിയ നേതാക്കളുമായി സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാഷ്ട്രപതി ഭവനില്‍ കൂടിക്കാഴ്ച നടത്തി. ചരിത്രപരമായ വിജയം നേടി മൂന്നാം തവണയും തുടര്‍ച്ചയായി ഇന്ത്യയുടെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനായതിന് നേതാക്കള്‍ അദ്ദേഹത്തെ അഭിനന്ദിച്ചു. ചടങ്ങിൽ പങ്കുചേർന്നതിന് അവര്‍ക്ക് നന്ദി പറഞ്ഞ പ്രധാനമന്ത്രി, അയല്‍പക്കം ആദ്യം നയത്തിലും 'സാഗര്‍ വിഷനി'ലുമുള്ള ഇന്ത്യയുടെ പ്രതിബദ്ധത ആവര്‍ത്തിച്ചു. 2047-ഓടെ വികസിത ഭാരതം എന്ന ലക്ഷ്യം പിന്തുടരുമ്പോഴും, രാജ്യങ്ങളുമായി അടുത്ത പങ്കാളിത്തത്തോടെ മേഖലയുടെ സമാധാനത്തിനും പുരോഗതിക്കും സമൃദ്ധിക്കും വേണ്ടി പ്രവര്‍ത്തിക്കുന്നത് തന്റെ മൂന്നാമൂഴത്തിലും തുടരുമെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഈ പശ്ചാത്തലത്തില്‍ മേഖലയിലെ ജനങ്ങള്‍ തമ്മിലുള്ള ബന്ധവും ബന്ധിപ്പിക്കലും കൂടുതല്‍ ആഴത്തിലുള്ളതാക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. അന്താരാഷ്ട്ര വേദിയില്‍ ഗ്ലോബല്‍ സൗത്തിന്റെ ശബ്ദം കൂടുതല്‍ മുഴക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഇന്ത്യ തുടര്‍ന്നും നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രസിഡന്റ് ശ്രീമതി ദ്രൗപതി മുർമു രാഷ്ട്രപതിഭവനില്‍ ഒരുക്കിയ വിരുന്നിലും നേതാക്കള്‍ പങ്കെടുത്തു. അതിഥികളെ സ്വാഗതം ചെയ്യുകയും രാഷ്ട്ര സേവനത്തിന് പ്രധാനമന്ത്രി മോദിക്ക് ആശംസകള്‍ അറിയിക്കുകയും ചെയ്ത രാഷ്ട്രപതി, ഇന്ത്യയിലെ ജനാധിപത്യത്തിന്റെ പ്രയോഗം അതിന്റെ ജനങ്ങളുടെ അഭിമാന നിമിഷം മാത്രമല്ല, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് പ്രചോദനമാണെന്നും പ്രസ്താവിച്ചു.
പ്രധാനമന്ത്രിയുടെയും മന്ത്രിമാരുടെയും സത്യപ്രതിജ്ഞാ ചടങ്ങായ ഈ സുപ്രധാന അവസരത്തില്‍ ഇന്ത്യയുടെ അയല്‍പക്കത്തുനിന്നും ഇന്ത്യന്‍ മഹാസമുദ്രമേഖലയില്‍ നിന്നുമുള്ള നേതാക്കളുടെ പങ്കാളിത്തം, ഈ മേഖലയുമായുള്ള ഇന്ത്യയുടെ ആഴത്തിലുള്ള സൗഹൃദത്തിനും സഹകരണത്തിനും അടിവരയിടുന്നതാണ്.