ആത്മനിര്‍ഭര്‍ ഭാതത് എന്ന കാഴ്ചപ്പാടിലേക്ക് മുന്നേറികൊണ്ട് ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റ് 10,683 കോടി രൂപ ബജറ്റ്‌വിഹിതമുള്ള മനുഷ്യനിര്‍മ്മിത വസ്ത്രങ്ങള്‍ (എം.എം.എഫ് അപ്പാരല്‍), മനുഷ്യനിര്‍മ്മിത തുണികള്‍ (എം.എം.എഫ് ഫാബ്രിക്‌സ്), ടെക്‌നിക്കല്‍ ടെക്‌സ്‌റ്റൈല്‍സിന്റെ 10 വെിഭാഗങ്ങള്‍/ ഉല്‍പ്പന്നങ്ങള്‍ എന്നിവയ്ക്കായി ഒരു പി.എല്‍.ഐ(ഉല്‍പ്പാദ ബന്ധിത പ്രോത്സാഹന സഹായ) പദ്ധതിക്ക് അംഗീകാരം നല്‍കി. ടെക്‌സ്‌റ്റൈല്‍സിനുള്ള പി.എല്‍.എയ്‌ക്കൊപ്പം റിബേറ്റ് ഓഫ് സ്‌റ്റേറ്റ് ആന്റ് സെന്‍ട്രല്‍ ടാക്‌സ് ലെവി (ആര്‍.ഒ.എസ്.സി.ടി.എല്‍), റിമിഷന്‍ ഓഫ് ഡ്യൂട്ടീസ് ആന്റ് ടാക്‌സ് ഓണ്‍ എക്‌പോര്‍ട്ടഡ് പ്രോഡക്ട്‌സ് സ്‌കീം (ആര്‍.ഒ.ഡി.ടി.ഇ.പി)യും ഈ മേഖലയിലെ മറ്റ് ഗവണ്‍മെന്റ് നടപടികളും ഉദാഹരണത്തിന് മത്സരാധിഷ്ഠിത വിലയ്ക്ക് അസംസ്‌കൃത വസ്തുക്കള്‍ നല്‍കുന്നത്, നൈപുണ്യ വികസനം മുതലായവ തുണിത്തര നിര്‍മ്മാണത്തില്‍ ഒരു പുതിയ യുഗം വിളംബരം ചെയ്യും.
2021-22 ലെ കേന്ദ്ര ബജറ്റില്‍ 1.97 ലക്ഷം കോടി രൂപ വകയിരുത്തികൊണ്ട് 13 മേഖലകള്‍ക്കായി നേരത്തെ നടത്തിയ പി.എല്‍.ഐ പദ്ധതികളുടെ പ്രഖ്യാപനത്തിന്റെ ഭാഗമാണ് ടെക്‌സ്‌റ്റൈല്‍സിനായുള്ള പി.എല്‍.ഐ പദ്ധതി. ഈ 13 മേഖലകളിലെ പി.എല്‍.ഐ പദ്ധതികളുടെ പ്രഖ്യാപനത്തോടെ അടുത്ത അഞ്ചുവര്‍ഷത്തേയ്ക്ക് ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ ഉല്‍പ്പാദനം ഏകദേശം 37.5 ലക്ഷം കോടിയും 5 വര്‍ഷത്തിനുള്ളില്‍ ഏകദേശം ഒരുകോടിതൊഴിലവസരങ്ങളും പ്രതീക്ഷിക്കുന്നു.
ടെക്‌സ്‌റ്റൈല്‍സിനുള്ള പി.എല്‍.ഐ പദ്ധതി രാജ്യത്ത് ഉയര്‍ന്ന മൂല്യമുള്ള എം.എം.എഫ് തുണികള്‍, വസ്ത്രങ്ങള്‍, സാങ്കേതിക ടെക്‌സ്‌റ്റൈല്‍സ് എന്നിവയുടെ ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കും. ഈ വിഭാഗങ്ങളിലെ പുതിയ കാര്യശേഷികളില്‍ നിക്ഷേപിക്കാന്‍ വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണ് പ്രോത്സാഹന സഹായ ഘടന രൂപപ്പെടുത്തിയിട്ടുള്ളത്. ഇത് വളര്‍ന്നുവരുന്ന ഉയര്‍ന്ന മൂല്യമുള്ള എം.എം.എഫ് വിഭാഗത്തിന് ശക്തമായ പ്രേരണയ്ക്ക് കാരണമാകും. അത് പരുത്തിയുടെയും മറ്റ് പ്രകൃതിദത്ത നൂല്‍ അധിഷ്ഠിത ടെക്‌സ്‌റ്റൈല്‍സ് വ്യവസായത്തിന്റെയും തൊഴിലിന്റെയും വ്യാപാരത്തിനും പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമൃള്ള ശ്രമങ്ങളെയും പ്രോത്സാഹിപ്പിക്കും, തല്‍ഫലമായി ആഗോള ടെക്‌സ്‌റ്റൈല്‍സ് വ്യാപാരത്തില്‍ ഇന്ത്യയുടെ ചരിത്രപരമായ ആധിപത്യം തിരിച്ചുപിടിക്കാനും സഹായിക്കും.
സാങ്കേതിക ടെക്‌സ്‌റ്റൈല്‍സ് വിഭാഗം എന്നത് ഒരു നവയുഗ ടെക്‌സ്‌റ്റൈല്‍ ആണ്, പശ്ചാത്തലം, ജലം, ആരോഗ്യം, ശുചിത്വം, പ്രതിരോധം, സുരക്ഷ, ഓട്ടോമൊബൈല്‍സ്, വ്യോമയാനം മുതലായവ ഉള്‍പ്പെടെ സമ്പദ്വ്യവസ്ഥയുടെ പല മേഖലകളിലും ഇവ പ്രയോഗിക്കുന്നത് ആ സാമ്പത്തിക മേഖലകളുടെ കാര്യക്ഷമത മെച്ചപ്പെടുത്തും. ആ മേഖലയിലെ ഗവേഷണ -വികസന (ആര്‍ ആന്റ് ഡി)ശ്രമങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ഗവണ്‍മെന്റ് മുമ്പ് ഒരു ദേശീയ സാങ്കേതിക ടെക്‌സ്‌റ്റൈല്‍ മിഷനും ആരംഭിച്ചിരുന്നു. ഈ വിഭാഗത്തില്‍ നിക്ഷേപം ആകര്‍ഷിക്കുന്നതിന് പി.എല്‍.ഐ കൂടുതല്‍ സഹായിക്കും.
വ്യത്യസ്ത തരം പ്രോത്സാഹന സഹായ ഘടനയിലൂടെ രണ്ട് തരത്തിലുള്ള നിക്ഷേപം സാദ്ധ്യമാണ്. പ്ലാന്റ്, യന്ത്രങ്ങള്‍, ഉപകരണങ്ങള്‍, സിവില്‍ വര്‍ക്കുകള്‍ (ഭൂമി, ഭരണസംവിധാന കെട്ടിട ചെലവ് എന്നിവ ഒഴികെ) വിജ്ഞാപനം ചെയ്തിട്ടുള്ള രീതികളിലുള്ള (എംഎംഎഫ് ഫാബ്രിക്‌സ്, വസ്ത്രങ്ങള്‍) ഉല്‍പ്പന്നങ്ങളും സാങ്കേതിക ടെക്‌സ്‌റ്റൈയില്‍സും ഉല്‍പ്പന്നങ്ങളും ഉല്‍പ്പാദിപ്പിക്കാനും കുറഞ്ഞത് 300 കോടി രൂപ നിക്ഷേപിക്കാന്‍ തയ്യാറുള്ള ഏതൊരു വ്യക്തിയും (സ്ഥാപനം/ കമ്പനി ഉള്‍പ്പെടെ) ടെക്‌സ്‌റ്റൈല്‍സ്, പദ്ധതിയുടെ ആദ്യ ഭാഗത്തില്‍ പങ്കെടുക്കുന്നതിന് അപേക്ഷിക്കാന്‍ അര്‍ഹതയുള്ളവരായിരിക്കും. രണ്ടാം ഭാഗത്ത്, കുറഞ്ഞത് 100 കോടി രൂപ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിക്കും (സ്ഥാപനം / കമ്പനി ഉള്‍പ്പെടെ) പദ്ധതിയുടെ ഈ ഭാഗത്ത് പങ്കെടുക്കാന്‍ അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്. ഇതിന് പുറമെ, വികസനംകാംക്ഷിക്കുന്ന ജില്ലകള്‍, ടയര്‍ 3, ടയര്‍ 4 പട്ടണങ്ങള്‍, ഗ്രാമപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ നിക്ഷേപത്തിന് മുന്‍ഗണന നല്‍കും. ഈ മുന്‍ഗണന കാരണം വ്യവസായത്തെ പിന്നോക്ക മേഖലയിലേക്ക് മാറ്റനായി പ്രോത്സാഹനസഹായം ലഭിക്കും. ഈ പദ്ധതി പ്രത്യേകിച്ച് ഗുജറാത്ത്, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, തമിഴ്‌നാട്, പഞ്ചാബ്, ആന്ധ്രപ്രദേശ്, തെലങ്കാന, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് ഗുണപരമായ നേട്ടമാകും.
അഞ്ചുവര്‍ഷം കൊണ്ട് ടെക്‌സ്‌റ്റൈയില്‍സിനുള്ള ഈ പി.എല്‍.ഐ പദ്ധതി 19,000 കോടിയിലേറെ രൂപയുടെ പുതിയ നിക്ഷേപം കൊണ്ടുവരുമെന്നാണ് കണക്കാക്കുന്നത്. ഈ പദ്ധതിക്ക് കീഴില്‍ മൂന്നുലക്ഷം കോടി രൂപയുടെ വിറ്റുവരവും അതോടൊപ്പം ഈ മേഖലയില്‍ 7.5 ലക്ഷം അധിക തൊഴിലും കൂടാതെ സഹായപ്രവര്‍ത്തനങ്ങള്‍ക്ക് നിരവധിലക്ഷം അവസരങ്ങളും സൃഷ്ടിക്കുമെന്നും പ്രതീക്ഷിക്കുന്നു. ടെക്‌സ്‌റ്റൈയില്‍സ് മേഖലയില്‍ പ്രധാനമായും സ്ത്രീകള്‍ക്കാണ് തൊഴില്‍ നല്‍കുന്നത്, അതുകൊണ്ടുതന്നെ ഈ പദ്ധതി സ്ത്രീകളെ ശാക്തീകരിക്കുകയും ഔപചാരിക സമ്പദ്ഘടനയില്‍ അവരുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.