സ്ത്രീ ശാക്തീകരനത്തിന് ചരിത്രപരമായ ഉത്തേജനം
നമ്മുടെ മന്ത്രം ഇതായിരിക്കണം: 'ബേട്ടാ ബേട്ടി, ഏക് സമാൻ '
പെൺകുട്ടിയുടെ ജനനത്തെ നമുക്ക് ആഘോഷിക്കാം. നമ്മുടെ പെൺമക്കളെക്കുറിച്ചും നമ്മൾ തുല്യമായി അഭിമാനിക്കണം. അഞ്ചു തൈകള് നട്ടുകൊണ്ട് നിങ്ങളുടെ മകളുടെ ജനനത്തെ ആഘോഷിക്കാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു.
~ പ്രധാനമന്ത്രി മോദി
പ്രധാനമന്ത്രി നരേന്ദ്ര മോദി ലിംഗ സമത്വവും സ്ത്രീ ശാക്തീകരണവും സംബന്ധിച്ച ബോധവൽക്കരണത്തിനായി എന്നും ചുക്കാൻ പിടിച്ചിട്ടുണ്ട്. ഇന്ത്യക്ക് സ്ത്രീകളുടെ വികസനത്തിന് ഉപരി സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനം ആവശ്യമാണെന്നും അത് നമ്മുടെ സ്ത്രീകളെ വികസനയാത്രയുടെ പ്രധാന ശക്തിയായി മാറ്റുമെന്നും അദ്ദേഹം പറയുന്നു.
നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ സമഗ്ര സ്ത്രീ ശാക്തീകരണത്തിന് ഊന്നൽ നൽകുകയാണ്
പെൺകുട്ടികളുടെ സംരക്ഷണവും ശാക്തീകരണവും
നമ്മുടെ സമൂഹം പെൺകുട്ടിയെ കാണുന്ന രീതിയിൽ ഒരു പരിവർത്തനം കൊണ്ടുവരാൻ ബേട്ടി ബചാവോ ബേട്ടി പഠാവോ സംരംഭം 2015 ന്റെ തുടക്കത്തിലാണ് ആരംഭിച്ചത്. പരിശീലനം, ബോധവൽക്കരണം, താഴേത്തട്ടിലെ സാമൂഹികമുന്നേറ്റങ്ങൾ എന്നിവയിലൂടെ മാനസികപരിവർത്തനത്തിനായി ശക്തമായ പ്രാധാന്യം നൽകുന്നുണ്ട്. ഈ ശ്രമങ്ങൾ മൂലം തെരഞ്ഞെടുക്കപ്പെട്ട ജില്ലകളിൽ 104 എണ്ണത്തിൽ ജനന സ്ത്രീപുരുഷാനുപാതം വർദ്ധിച്ചിട്ടുണ്ട്. ആദ്യമൂന്നുമാസത്തിലെ രെജിസ്ട്രേഷന്റെ കാര്യത്തിൽ 119 ജില്ലകളിലും ആശുപത്രികളിലെ പ്രസവത്തിന്റെ കാര്യത്തിൽ 146 ജില്ലകളും മെച്ചപ്പെട്ടിട്ടുണ്ട്. ഈ ജില്ലകളിൽ ഈ സംരംഭത്തിന്റെ വിജയത്തിൽ നിന്ന് ഊർജ്ജമുൾക്കൊണ്ട്, ബിബിബിപി ഇപ്പോൾ രാജ്യത്തെ എല്ലാ 640 ജില്ലകളിലേക്കും വ്യാപിപ്പിക്കുകയാണ്.
പെൺകുട്ടിയുടെ ശാക്തീകരണത്തിൽ വിദ്യാഭ്യാസം സുപ്രധാന പങ്ക് വഹിക്കുന്നു. സ്ത്രീവിദ്യാഭ്യാസത്തിനുള്ള ഒന്നിലധികം സ്കോളർഷിപ്പുകൾ പോലെയുള്ള ഗവൺമെന്റിന്റെ അവിശ്രമാന്ത പരിശ്രമങ്ങൾ മൂലം, സെക്കൻഡറി സ്കൂളുകളിലെ പെൺകുട്ടികളുടെ എണ്ണം വർദ്ധിക്കുന്നുണ്ട്.
പെൺകുട്ടിയുടെ സാമ്പത്തികസുരക്ഷ ഉറപ്പാക്കുന്നതിന് പ്രധാനമന്ത്രി സുകന്യ സമൃദ്ധി യോജന ആരംഭിച്ചു. 1.26 സുകന്യ സമൃദ്ധി അക്കൗണ്ടുകൾ തുറന്നിട്ടുണ്ടെന്നതും അതിൽ 20,000 കോടിയോളം രൂപ നിക്ഷേപിക്കപ്പെട്ടിരിക്കുകയും ചെയ്തതിലൂടെ അതിന്റെ വിജയം സുദൃശ്യമാണ്.
സ്ത്രീകളെ അക്രമത്തിൽ നിന്ന് രക്ഷിക്കുക എന്നത് എൻഡിഎ ഗവൺമെന്റിന്റെ പ്രധാനപ്പെട്ട നയമാണ്. പെൺകുട്ടിയുടെ സുരക്ഷക്ക് ഗവൺമെന്റ് ഉയർന്ന പരിഗണന നൽകുന്നു, അതുകൊണ്ട് ഒരു ഓർഡിനൻസിലൂടെ 12 വയസിന് താഴെയുള്ള പെൺകുട്ടിയെ ബലാൽസംഗം ചെയ്യുന്നവർക്ക് വധശിക്ഷ നൽകാൻ നിയമം കൊണ്ടുവന്നു. 16 വയസിന് താഴെയുള്ള പെൺകുട്ടിയെ ബലാൽസംഗം ചെയ്യുന്നതിനുള്ള തടവുശിക്ഷ 10ൽ നിന്ന് 20 വർഷമായും അത് ഉയർത്തി.
സാമ്പത്തിക ഉൾപ്പെടുത്തലും സാമ്പത്തിക ശാക്തീകരണവും
സ്ത്രീകളുടെ സാമ്പത്തികശാക്തീകരണം ശക്തിപ്പെടുത്തുന്നതിനായി, അവരെ ഔപചാരിക സാമ്പത്തിക സ്ഥാപനങ്ങളുടെ ഗുണഭോക്താക്കളാക്കി മാറ്റുന്നത് ഒരു സുപ്രധാന പടവാണ്. സ്ത്രീകൾക്ക് അനവധി കഴിവുകളുണ്ട്, ഇതിനെ വിജയകരമായ സംരംഭക അവസരങ്ങളാക്കി മാറ്റുന്നതിന് സാമ്പത്തിക മൂലധനം ആവശ്യമുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഗവൺമെന്റ് ആരംഭിച്ച മുദ്ര യോജന, സംരംഭകൾക്ക് ജാമ്യമില്ലാത്ത വായ്പ നേടാനും അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനും സഹായിക്കുന്നു.
സ്റ്റാൻഡപ്പ് ഇന്ത്യ എന്ന മറ്റൊരു പദ്ധതി, സ്ത്രീകളും പട്ടിക വിഭാഗക്കാരുമായ സംരംഭകർക്ക് 1 കോടി രൂപ വരെയുള്ള സംരംഭക വായ്പകൾ നൽകുന്നു. ഈ പദ്ധതികൾ വിജയകരമാക്കുന്നതിനായി സ്ത്രീകൾ മുൻപന്തിയിലാണ്. മുദ്ര, സ്റ്റാൻഡപ്പ് ഇന്ത്യ പദ്ധതികളിലായി 9 കോടിയിലധികം സ്ത്രീകൾ സംരംഭകവായ്പകൾ നേടി. മുദ്രയുടെ 70%ത്തിലധികം ഗുണഭോക്താക്കളും സ്ത്രീകളാണ്.
അമ്മമാരെ ശുശ്രൂഷിക്കുന്നു
പ്രധാനമന്ത്രി മോദിയുടെ ഗവൺമെന്റ് , ഗർഭിണികളുടെ ക്ഷേമത്തിനായി നിരവധി പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്.
2017ലെ പ്രസവ ആനുകൂല്യ ഭേദഗതി നിയമപ്രകാരം, സ്ത്രീകൾക്കുള്ള പ്രസവാവധി 12 ആഴ്ചയിൽ നിന്ന് 26 ആഴ്ചയായി ഉയർത്തി. ഇത് ലോകത്ത് തന്നെ ഏറ്റവും ദീർഘമായതിൽ ഒന്നാണ്. അടുത്തിടെ ആരംഭിച്ച പോഷൺ പദ്ധതി, വിവിധ മാർഗ്ഗങ്ങളിലൂടെ പോഷകാഹരക്കുറവ് പരിഹരിക്കുന്നതിനായുള്ള ആദ്യത്തെ ഇത്തരത്തിലുള്ള പദ്ധതിയാണ്. സാങ്കേതികവിദ്യയുടെ ശക്തിയിലൂടെ പോഷകാഹാരക്കുറവിനെതിരെയുള്ള ലക്ഷ്യം നിർണയിച്ചിട്ടുള്ള ഈ പദ്ധതിയിൽ വിവിധ മന്ത്രാലയങ്ങൾ ഒന്നിച്ച് പ്രവർത്തിക്കുന്നു.
പ്രതിരോധ കുത്തിവപ്പിലൂടെ ഗർഭിണികളുടെയും കുട്ടികളുടെയും ആരോഗ്യം ശക്തിപ്പെടുത്തുന്നതിന് ഉദ്ദേശിച്ചുള്ള ജനകീയ മുന്നേറ്റമാണ് മിഷൻ ഇന്ദ്രധനുസ്. ദൗത്യരീതിയിലുള്ള ഈ പദ്ധതിയിൽ 80 ലക്ഷത്തിലധികം ഗർഭിണികൾക്ക് കുത്തിവപ്പ് നൽകി.
ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും സാമ്പത്തികസഹായം നൽകുന്നതിനുള്ള പദ്ധതിയാണ് പ്രധാനമന്ത്രി മാതൃ വന്ദന യോജന. അമ്മമാരുടെയും കുട്ടികളുടെയും ആരോഗ്യത്തിന് സുപ്രധാനമായ സമയത്തിനുള്ള പരിശോധന ഈ പദ്ധതി ഉറപ്പാക്കുന്നു. ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും നൽകുന്നു 6000 രൂപയുടെ ധനസഹായം അവർക്ക് മെച്ചപ്പെട്ട പോഷകാഹാരം ലഭിക്കാൻ സഹായിക്കുന്നു. ഓരോ വർഷവും 50 ലക്ഷത്തിലധികം സ്ത്രീകൾക്ക് പിഎംഎംവിവൈയുടെ ഗുണഭോക്താക്കളാകുന്നുണ്ടെന്ന് പ്രതീക്ഷിക്കുന്നു.
അപകടകരമായ ഗർഭാവസ്ഥ കണ്ടെത്തുന്നത്, ഗർഭിണികളുടെയും കുട്ടികളുടെയും ആരോഗ്യം ഉറപ്പാക്കുന്നതിൽ സുപ്രധാനമാണ്. പ്രധാനമന്ത്രി സുരക്ഷിത മാതൃത്വ പദ്ധതി, വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമുള്ള 12,900 ആരോഗ്യകേന്ദ്രങ്ങളിലൂടെ 1.16 കോടി ഗർഭ പരിശോധനകൾ ഉറപ്പാക്കി. ഈ പദ്ധതിയിലൂടെ എൻഡിഎ ഗവൺമെന്റ് 6 ലക്ഷം അപകടകരമായ ഗർഭാവസ്ഥകൾ കണ്ടെത്തി.
വനിതാക്ഷേമത്തിന് ഇഥംപ്രദമായ പദ്ധതികൾ
പ്രധാനമന്ത്രി ഉജ്ജ്വല യോജന, സ്വച്ഛഭാരതം എന്നീ പ്രധാനമന്ത്രി നരേന്ദ്രമോദി ഗവൺമെന്റിന്റെ സുപ്രധാന പദ്ധതികൾ, രാജ്യത്തെ കുടുംബങ്ങളിൽ സുപരിചിതമായ പേരുകളായി മാറിയിരിക്കുന്നു. ഈ രണ്ട് പദ്ധതികളും കോടിക്കണക്കിന് സ്ത്രീകളുടെ, പ്രത്യേകിച്ച് പാവപ്പെട്ടവരുടെ ജീവിതനിലവാരം ഉയർത്തി.
ഉജ്ജ്വല യോജന, 5.33 കോടി സൗജന്യ പാചകവാതക കണക്ഷനുകൾ ലക്ഷ്യമിട്ടിരുന്ന സമയത്തിന് മുമ്പ് തന്നെ കൊടുക്കുകയും, ഇപ്പോൾ, ഉയർത്തിയ 8 കോടി എന്ന ലക്ഷ്യത്തിലേക്ക് അടുക്കുകയാണ്. സ്ത്രീകൾക്ക് ആരോഗ്യകരവും പുകയില്ലാത്തതുമായ ജീവിതത്തിനായി ഈ പദ്ധതി സഹായിക്കുന്നു, ഒപ്പം വിറക് തേടുന്നതിനുള്ള സമയവും അദ്ധ്വാനവും ലാഭിക്കാനും സഹായിക്കുകയാണ്.
സ്വച്ഛഭാരതം എന്നത് ശുചിത്വത്തിനുള്ള വിപ്ലവമാണ്, ഇത് സ്ത്രീകൾക്ക് സുരക്ഷിതമായ വിസർജ്ജനസൗകര്യം പ്രാപ്തമാക്കി. 8.23 കോടി കുടുംബങ്ങളിൽ കക്കൂസ് നിർമ്മിക്കുകയും 19 സംസ്ഥാന-കേന്ദ്രഭരണപ്രദേശങ്ങളിലെ 4.25 ലക്ഷം ഗ്രാമങ്ങൾ ഒഡിഎഫ് ആയി പ്രഖ്യാപിക്കുകയും ചെയ്തു. 2014 ഒക്റ്റോബറിൽ ഇന്ത്യയിലെ മൊത്തം ശുചിത്വവ്യാപനം 38.7% ആയിരുന്നത് ഇപ്പോൾ 91.03% ആയി വെറും നാല് വർഷം കൊണ്ട് കുതിച്ചുയർന്നത്, സ്വച്ഛഭാരത പദ്ധതിയിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ അവിശ്രാന്തപരിശ്രമം കൊണ്ടാണ്.
സാമൂഹിക ശാക്തീകരണവും നീതിയും
സ്ത്രീകളുടെ സാമൂഹിക ശാക്തീകരണം, അവരുടെ ആസകല വികസനവും മാന്യതയും ഉറപ്പാക്കുന്നതിന് സുപ്രധാനമാണ്. സ്ത്രീകളുടെ സാമൂഹിക ശാക്തീകരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഗവൺമെന്റ് നിരവധി നടപടികൾ കൈക്കൊണ്ടിട്ടുണ്ട്.
സ്ത്രീകളുടെ പേരിലുള്ള സ്ഥാവര വസ്തുവകൾക്ക് പ്രാമുഖ്യം നൽകുന്നതിന് പ്രധാനമന്ത്രി ആവാസ് യോജന സ്ത്രീകൾക്ക് മുൻഗണന നൽകുന്നു.
ഭർത്താവില്ലാത്ത അമ്മമാർക്കുള്ള പാസ്പോർട്ട് നിയമങ്ങളിൽ ഇളവ് നൽകിയത്, പ്രശ്നങ്ങളില്ലാതെ കാര്യങ്ങൾ നടത്തിക്കിട്ടാൻ സഹായകമായി.
മുസ്ലീം സ്ത്രീകളുടെ അവകാശങ്ങൾക്കായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ ഗവൺമെന്റ് ശക്തമായ നിലപാടെടുത്തു. പുരുഷ സഹായിയില്ലാതെ മുസ്ലീം സ്ത്രീകൾക്ക് ഹജ് നിർവഹിക്കാൻ ഗവൺമെന്റ് പ്രധാനപ്പെട്ട നിയമഭേദഗതി കൊണ്ടുവന്നു. മുമ്പ് ഒരു പുരുഷ സഹായി ഉണ്ടായിരിക്കേണ്ടത് നിർബന്ധമായിരുന്നു.
മുസ്ലീം സ്ത്രീകളുടെ ശാക്തീകരണത്തിനായി, മുത്തലാഖ് നിർത്തലാക്കാനുള്ള നിയമം ലോക്സഭ പാസാക്കിയത് നീതി ഉറപ്പാക്കുന്നതിൻ്റെ സുവർണമുഹൂർത്തമായിരുന്നു
അങ്ങനെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ ഗവൺമെന്റ് , സ്ത്രീകളുടെ ശാക്തീകരണത്തിനായി മഹത്തായ മുന്നേറ്റങ്ങൾ നടത്തി. അത് സ്ത്രീകളുടെ വികസനത്തിൽ മാത്രം കേന്ദ്രീകരിച്ചായിരുന്നില്ല, സ്ത്രീ നേതൃത്വത്തിലുള്ള വികസനത്തിലൂടെയായിരുന്നു അത്.