പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ബ്രിട്ടൻ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമിയെ സ്വീകരിച്ചു. ലാമിയുടെ നിയമനത്തെ അഭിനന്ദിച്ച പ്രധാനമന്ത്രി, ബ്രിട്ടനിൽ ഗവണ്മെന്റിനു രൂപംനൽകി ആദ്യ മാസത്തിനുള്ളിൽ ഇന്ത്യ സന്ദർശിക്കാനുള്ള അദ്ദേഹത്തിന്റെ മുൻകൈയെ അഭിനന്ദിക്കുകയും ചെയ്തു.
ബ്രിട്ടീഷ് പ്രധാനമന്ത്രി സർ കെയർ സ്റ്റാർമറുമായി അടുത്തിടെ നടത്തിയ സംഭാഷണം അനുസ്മരിച്ച പ്രധാനമന്ത്രി മോദി, ഉഭയകക്ഷി സമഗ്ര തന്ത്രപ്രധാന പങ്കാളിത്തം വിപുലമാക്കാനും ആഴത്തിലാക്കാനും പുതിയ ബ്രിട്ടീഷ് ഗവണ്മെന്റ് നൽകിയ മുൻഗണനയെ അഭിനന്ദിക്കുകയും ചെയ്തു. ഉഭയകക്ഷി ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്നതിന് ഒരുമിച്ചു പ്രവർത്തിക്കാനുള്ള പ്രതിജ്ഞാബദ്ധത പ്രധാനമന്ത്രി ആവർത്തിച്ചു.
സമ്പദ്‌വ്യവസ്ഥ, നിക്ഷേപം, പ്രതിരോധം, സുരക്ഷ, നിർണായകവും ഉയർന്നുവരുന്നതുമായ സാങ്കേതികവിദ്യകൾ, കാലാവസ്ഥാവ്യതിയാനം തുടങ്ങിയ മേഖലകളിൽ ഉഭയകക്ഷി ബന്ധത്തിന്റെ മുഴുവൻ സാധ്യതകളും സാക്ഷാത്കരിക്കാനുള്ള ബ്രിട്ടന്റെ ആഗ്രഹവും വിദേശ സെക്രട്ടറി ഡേവിഡ് ലാമി പ്രകടിപ്പിച്ചു.
പുതിയതും വളർന്നുവരുന്നതുമായ സാങ്കേതികവിദ്യകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് സാങ്കേതിക സുരക്ഷാ സംരംഭം ആരംഭിക്കുന്നതിന് ഇരുരാജ്യങ്ങളും തമ്മിലുള്ള ധാരണയെയും പരസ്പരപ്രയോജനകരമായ ഇന്ത്യ-ബ്രിട്ടൻ സ്വതന്ത്ര വ്യാപാര കരാർ എത്രയും വേഗം പൂർത്തിയാക്കാനുള്ള ഇരുരാജ്യങ്ങളുടെയും ആഗ്രഹത്തെയും പ്രധാനമന്ത്രി മോദി സ്വാഗതം ചെയ്തു.
പരസ്പരതാൽപ്പര്യമുള്ള പ്രാദേശിക- ആഗോള സംഭവവികാസങ്ങളിൽ നേതാക്കൾ കാഴ്ചപ്പാടുകൾ കൈമാറി.
ബ്രിട്ടീഷ് പ്രധാനമന്ത്രി സർ കെയർ സ്റ്റാർമറിന് പ്രധാനമന്ത്രി മോദി ഊഷ്മളമായ ആശംസകൾ അറിയിക്കുകയും അദ്ദേഹത്തിന്റെ സൗകര്യമനുസരിച്ച് ഇന്ത്യ സന്ദർശിക്കാൻ അദ്ദേഹത്തെ ക്ഷണിക്കുകയും ചെയ്തു.