മാലദ്വീപ് വിദേശകാര്യ മന്ത്രി ശ്രീ. അബ്ദുല്ല ഷാഹിദ് ന്യൂഡല്‍ഹിയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു. ആറാമത് ഇന്ത്യാ- മാലദ്വീപ് സംയുക്ത കമ്മീഷന്‍ യോഗത്തില്‍ പങ്കെടുക്കുന്നതിനായി ഇന്ത്യയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിന് എത്തിയതാണ് അദ്ദേഹം.
പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹിന്റെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റ് അതിന്റെ ആദ്യ വര്‍ഷത്തില്‍ കൈവരിച്ച നേട്ടങ്ങള്‍ക്കുള്ള അഭിനന്ദനങ്ങള്‍ പ്രധാനമന്ത്രി വിദേശകാര്യ മന്ത്രിയെ അറിയിച്ചു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇന്ത്യയും മാലദ്വീപും തമ്മില്‍ വര്‍ദ്ധിച്ച തോതിലുള്ള ഇടപെടലുകളിലും ഉഭയകക്ഷി സഹകരണത്തിന്റെ ഗുണപരമായ ഫലങ്ങളിലും അദ്ദേഹം സംതൃപ്തി പ്രകടിപ്പിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളുടെ പുരോഗതി അവലോകനം ചെയ്യാനും രണ്ടു രാജ്യങ്ങള്‍ക്കും പരസ്പരം ഗുണകരമായ തരത്തില്‍ സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് മുന്നോട്ടുള്ള മാര്‍ഗ്ഗരേഖയ്ക്ക് രൂപം നല്‍കാനും ആറാമത് സംയുക്ത കമ്മീഷന്‍ യോഗത്തിലെ ചര്‍ച്ചകള്‍ വഴിയൊരുക്കുമെന്ന് ശ്രീ. നരേന്ദ്ര മോദി വിശ്വാസം പ്രകടിപ്പിച്ചു. കരുത്തുറ്റ, ജനാധിപത്യ, സമൃദ്ധ, സമാധാന മാലദ്വീപിനായി അവിടത്തെ ഗവണ്‍മെന്റുമൊത്ത് പങ്കാളിയാകുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധത പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ആവര്‍ത്തിച്ചു.
ഇന്ത്യ- മാലദ്വീപ് ബന്ധം മുന്നോട്ടു കൊണ്ടുപോകുന്നതില്‍ പ്രധാനമന്ത്രി മോദിയുടെ ദര്‍ശനത്തിനും കരുത്തുറ്റ നേതൃത്വത്തിനും വിദേശകാര്യ മന്ത്രി ശ്രീ. അബ്ദുല്ല ഷാഹിദ് അദ്ദേഹത്തിന് നന്ദി പറഞ്ഞു. മാലദ്വീപില്‍ ഇപ്പോള്‍ നടപ്പിലാക്കി വരുന്ന നിരവധി വികസന, സഹകരണ ഉദ്യമങ്ങള്‍ക്കുള്ള ഇന്ത്യയുടെ പിന്തുണയ്ക്ക് അദ്ദേഹം അഗാധമായ നന്ദി അറിയിച്ചു. ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും, മാലദ്വീപിന്റെ ‘ഇന്ത്യ ആദ്യം’ നയത്തിനോടുമുള്ള മാലദ്വീപ് നേതൃത്വത്തിന്റെ പ്രതിബദ്ധത അദ്ദേഹം വ്യക്തമാക്കി.