ഇന്ത്യ-ജപ്പാന്‍ വിദേശകാര്യ, പ്രതിരോധ മന്ത്രിതല സംഭാഷണ(2+2)ത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ ഇന്ത്യയിലെത്തിയ ജപ്പാന്‍ വിദേശകാര്യ മന്തി ശ്രീ. തോഷിമിറ്റ്‌സു മോത്തെഗിയും പ്രതിരോധ മന്ത്രി ശ്രീ. ടാരോ കോനോയും പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു.
മന്ത്രിമാരെ സ്വാഗതം ചെയ്ത പ്രധാനമന്ത്രി, അദ്ദേഹവും പ്രധാനമന്ത്രി ആബെയും 2018 ഒക്ടോബറില്‍ ജപ്പാനില്‍ നടന്ന 13ാമത് ഇന്ത്യ-ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ കൈക്കൊണ്ട തീരുമാനം നടപ്പായതില്‍ സംതൃപ്തി പ്രകടിപ്പിച്ചു. ഇന്ത്യയും ജപ്പാനും തമ്മില്‍ ഉഭയകക്ഷി തലത്തിലുള്ള തന്ത്രപ്രധാനവും സുരക്ഷാപരവും പ്രതിരോധപരവുമായ സഹകരണം മെച്ചപ്പെടുന്നതിനു യോഗം സഹായകമാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇരു രാജ്യത്തെയും ജനങ്ങളുടെയും മേഖലയുടെയും ലോകത്തിന്റെ തന്നെയും നേട്ടത്തിനായി ഇന്ത്യ-ജപ്പാന്‍ ബന്ധം എല്ലാ മേഖലയിലും വികസിക്കേണ്ടതിന്റെ പ്രാധാന്യം പ്രധാനമന്തി എടുത്തുപറഞ്ഞു. ഇരു രാജ്യങ്ങളും തമ്മില്‍ ഇടയ്ക്കിടെ നടക്കുന്ന ഉന്നതതല വിനിമയങ്ങള്‍ പരസ്പര ബന്ധത്തിന്റെ ആഴവും കരുത്തും വെളിപ്പെടുത്തുന്നുവെന്നും ശ്രീ. മോദി ചൂണ്ടിക്കാട്ടി.
ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനു താനും പ്രധാനമന്ത്രി ആബെയും വലിയ പ്രാധാന്യമാണു കല്‍പിച്ചുവരുന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തി. അടുത്ത മാസം നടക്കുന്ന വാര്‍ഷിക ഇന്ത്യ-ജപ്പാന്‍ ഉച്ചകോടിക്കായി എത്തുന്ന പ്രധാനമന്ത്രി ആബെയെ സ്വീകരിക്കാന്‍ താന്‍ ആകാംക്ഷാപൂര്‍വം കാത്തിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്‍ഡോ-പസഫിക് മേഖലയിലെ സമാധാനവും സുസ്ഥിരതയും അഭിവൃദ്ധിയും സംബന്ധിച്ച ഇന്ത്യയുടെ വീക്ഷണവും ഇന്ത്യയുടെ ആക്റ്റ് ഈസ്റ്റ് നയവും സംബന്ധിച്ച് ജപ്പാനുമായുള്ള ഇന്ത്യയുടെ മെച്ചമാര്‍ന്ന ബന്ധം പ്രധാന ഘടകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.