വിദേശകാര്യമന്ത്രിയുടെ ക്ഷണപ്രകാരം ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയ നേപ്പാൾ വിദേശകാര്യമന്ത്രി ഡോ. അർസു റാണ ദ്യൂബ ഇന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു.
നേപ്പാളിന്റെ വിദേശകാര്യമന്ത്രിയായി നിയമിതയായ ഡോ. ദ്യൂബയെ പ്രധാനമന്ത്രി അഭിനന്ദിക്കുകയും ഇരുപക്ഷവും തമ്മിലുള്ള ഉന്നതതല ഇടപെടലുകൾക്കു വേഗം കൂട്ടുന്നതിനെ ശ്ലാഘിക്കുകയും ചെയ്തു. ഉഭയകക്ഷിബന്ധത്തിലെ ഈ ഇടപെടലുകളുടെ ഗുണപരമായ സ്വാധീനം എടുത്തുപറഞ്ഞ അദ്ദേഹം, ഇന്ത്യ ആതിഥേയത്വം വഹിച്ച മൂന്നാമതു ‘വോയ്സ് ഓഫ് ഗ്ലോബൽ സൗത്ത്’ ഉച്ചകോടിയിൽ നേപ്പാൾ പ്രധാനമന്ത്രിയുടെ പങ്കാളിത്തത്തെയും അഭിനന്ദിച്ചു.
‘അയൽക്കാർ ആദ്യം’ എന്ന ഇന്ത്യയുടെ നയത്തിനും നേപ്പാളിനായി ഏറ്റെടുത്ത വിവിധ വികസന സഹകരണ സംരംഭങ്ങൾക്കും വിദേശകാര്യ മന്ത്രി ദ്യൂബ പ്രധാനമന്ത്രിക്കു നന്ദി പറഞ്ഞു. ഇന്ത്യ-നേപ്പാൾ ഉഭയകക്ഷിബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധത അവർ അറിയിച്ചു. നേപ്പാൾ സന്ദർശിക്കാനുള്ള നേപ്പാൾ പ്രധാനമന്ത്രിയുടെ ക്ഷണക്കത്ത് പ്രധാനമന്ത്രി മോദിക്ക് അവർ കൈമാറി. നയതന്ത്രമാർഗങ്ങളിലൂടെ തീരുമാനിക്കാനാകുന്ന, പരസ്പരം സൗകര്യപ്രദമായ തീയതികളിൽ നേപ്പാൾ സന്ദർശനത്തിനുള്ള ക്ഷണം പ്രധാനമന്ത്രി സ്വീകരിച്ചു.