2024 സെപ്തംബർ 21ന്, നാലാമത് ക്വാഡ് നേതൃ ഉച്ചകോടിക്ക് അമേരിക്കൻ  പ്രസിഡന്റ് ജോസഫ് ആർ ബൈഡൻ ഡെലവേയിലെ വിൽമിങ്ടണിൽ ആതിഥേയത്വം വഹിച്ചു. ഓസ്‌ട്രേലിയയുടെ പ്രധാനമന്ത്രി ആന്തണി ആൽബനീസ്, ജപ്പാൻ പ്രധാനമന്ത്രി  ഫ്യുമിയോ കിഷിദ , ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവർ പങ്കെടുത്തു.

നന്മയുടെ ആഗോള ശക്തിയായാണു ക്വാഡ് സ്ഥാപിക്കപ്പെട്ടത്. ഈ വർഷം, പസഫിക്, തെക്കുകിഴക്കൻ ഏഷ്യ, ഇന്ത്യൻ മഹാസമുദ്ര മേഖല എന്നിവയുൾപ്പെടെ ഇന്തോ-പസഫിക്കിലുടനീളം പങ്കാളി രാജ്യങ്ങൾക്ക് പ്രയോജനം ചെയ്യുന്ന വ്യക്തമായ പദ്ധതികൾ ക്വാഡ് അഭിമാനപൂർവ്വം നടപ്പിലാക്കുന്നു. ഇൻഡോ-പസഫിക് പങ്കാളികളുടെ മുൻഗണനകൾ നിറവേറ്റുന്നതിനായി ക്വാഡ് അഭൂതപൂർവമായ വ്യാപ്തിയിലും തോതിലും ഒരുമിച്ചു പ്രവർത്തിക്കുന്നു. മഹാമാരികളും രോഗങ്ങളും നേരിടൽ; പ്രകൃതി ദുരന്തങ്ങളോട് പ്രതികരിക്കൽ; സമുദ്ര മേഖലയെക്കുറിച്ചുള്ള അവബോധവും സമുദ്ര സുരക്ഷയും ശക്തിപ്പെടുത്തൽ; ഉയർന്ന നിലവാരമുള്ള ഭൗതിക-ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങൾ സമാഹരിക്കലും കെട്ടിപ്പടുക്കലും; നിർണായകവും ഉയർന്നുവരുന്നതുമായ സാങ്കേതികവിദ്യകളിൽ നിക്ഷേപിക്കലും പ്രയോജനം നേടലും; കാലാവസ്ഥാ വ്യതിയാന ഭീഷണി നേരിടൽ; സൈബർ സുരക്ഷ ശക്തമാക്കൽ; സാങ്കേതികവിദ്യ മുൻനിരക്കാരുടെ അടുത്ത തലമുറയെ വളർത്തിയെടുക്കൽ തുടങ്ങി പങ്കാളികളെ സഹായിക്കുന്നതിനുള്ള നിരവധി അഭിലാഷ പദ്ധതികൾക്ക് ക്വാഡ് കൂട്ടായ നേതൃത്വം നൽകുന്നു.

ഇൻഡോ-പസിഫിക്കിനായി സഹകരിക്കുന്ന പങ്കാളികൾ

കഴിഞ്ഞ നാലുവർഷത്തിനിടെ, രണ്ടുതവണ വെർച്വലായി ഉൾപ്പെടെ  ക്വാഡ് നേതാക്കൾ ആറ് തവണ കൂടിക്കാഴ്ച നടത്തി. ക്വാഡ് വിദേശകാര്യ മന്ത്രിമാർ എട്ട് തവണ കൂടിക്കാഴ്ച നടത്തി. ഏറ്റവും ഒടുവിൽ ജൂലൈയിൽ ടോക്കിയോയിലായിരുന്നു കൂടിക്കാഴ്ച. പരസ്‌പരം കൂടിയാലോചിക്കുന്നതിനും, പൊതുവായ മുൻഗണനകൾ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ആശയങ്ങൾ കൈമാറുന്നതിനും ഇൻഡോ-പസഫിക് മേഖലയിലുടനീളമുള്ള പങ്കാളികൾക്ക് ആനുകൂല്യങ്ങൾ നൽകുന്നതിനുമായി ക്വാഡ് രാജ്യ പ്രതിനിധികൾ എല്ലാ തലങ്ങളിലും പതിവായി യോഗം ചേരുന്നു. എല്ലാ ക്വാഡ് ഗവൺമെന്റുകളും ക്വാഡിനെ എല്ലാ തലങ്ങളിലും വിവിധ വകുപ്പുകളിലും ഏജൻസികളിലും സ്ഥാപനവൽക്കരിച്ചിട്ടുണ്ട്. ഇന്ന്, ക്വാഡ് നേതാക്കൾ ഈ സഹകരണ ശീലങ്ങൾ ദൃഢമാക്കുന്നതിനും ദീർഘകാലത്തേക്ക് നിലനിൽക്കുന്നതിനുമുള്ള ക്വാഡ് സജ്ജീകരിക്കുന്നതിനുമായി പുതിയ സംരംഭങ്ങൾ പ്രഖ്യാപിച്ചു.

ഇൻഡോ-പസഫിക് മേഖലയിലെ ക്വാഡ് മുൻഗണനകൾക്ക് ശാശ്വതമായ സ്വാധീനം ഉറപ്പാക്കുന്നതിന് ശക്തമായ ധനസഹായം ലഭ്യമാക്കുന്നതിന് ഓരോ ക്വാഡ് ഗവണ്മെന്റും അതത് ബജറ്റ് പ്രക്രിയകളിലൂടെ പ്രവർത്തിക്കാൻ പ്രതിജ്ഞാബദ്ധരാണ്.

ക്വാഡ് ഗവൺമെന്റുകൾ അവരുടെ നിയമനിർമാണ സഭകളുമായി ചേർന്ന് അന്തർ പാർലമെന്റ്തല വിനിമയം കൂടുതൽ ആഴത്തിലാക്കാനും ക്വാഡ് പങ്കാളി‌കളുമായുള്ള ഇടപഴകൽ ആഴത്തിലാക്കാൻ മറ്റ് പങ്കാളികളെ പ്രോത്സാഹിപ്പിക്കാനും ഉദ്ദേശിക്കുന്നു. ഇന്നലെ, കോൺഗ്രസ് അംഗങ്ങൾ ഒരു ഉഭയകക്ഷി, ദ്വിസഭ കോൺഗ്രഷണൽ ക്വാഡ് കോക്കസ് രൂപീകരിക്കുന്നതായി പ്രഖ്യാപിച്ചു.

വരും മാസങ്ങളിൽ ക്വാഡ് വാണിജ്യ-വ്യവസായ മന്ത്രിമാർ ആദ്യമായി കൂടിക്കാഴ്ച നടത്തും.

ആരോഗ്യ സുരക്ഷ, ഭക്ഷ്യ സുരക്ഷ, സംശുദ്ധ ഊർജം, ഗുണനിലവാരമുള്ള അടിസ്ഥാനസൗകര്യങ്ങൾ എന്നിവ ഉൾപ്പെടെ ഇൻഡോ-പസഫിക്കിലെ നാല് രാജ്യങ്ങളുടെ ഭാവി നിക്ഷേപങ്ങൾ അനാവരണം​ ചെയ്യാൻ യോഗം ചേരാൻ തീരുമാനിച്ച ക്വാഡ് വികസന ധനകാര്യ സ്ഥാപനങ്ങളുടെയും ഏജൻസികളുടെയും നേതാക്കളെ ക്വാഡ് നേതാക്കൾ സ്വാഗതം ചെയ്യുന്നു. എക്‌സ്‌പോർട്ട് ഫിനാൻസ് ഓസ്‌ട്രേലിയ, പസഫിക്കിനായുള്ള ഓസ്‌ട്രേലിയൻ അടിസ്ഥാനസൗകര്യ ധനകാര്യ കേന്ദ്രം, ഇന്ത്യ എക്‌സ്‌പോർട്ട്-ഇംപോർട്ട് ബാങ്ക്, അന്താരാഷ്ട്ര സഹകരണത്തിനായുള്ള ജപ്പാൻ ബാങ്ക്, അമേരിക്കൻ അന്താരാഷ്ട്ര വികസന ധനകാര്യ കോർപ്പറേഷൻ (DFC) എന്നിവയുടെ മേധാവികൾ 2022-ൽ നടത്തിയ മുൻ യോഗത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്.

2025ലെ ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിന് അമേരിക്കയും 2025ലെ ക്വാഡ് നേതൃ ഉച്ചകോടിക്ക് ഇന്ത്യയും ആതിഥേയത്വം വഹിക്കും.

ആഗോള ആരോഗ്യവും ആരോഗ്യസുരക്ഷയും

2023-ൽ, ഇൻഡോ-പസഫിക്കിലെ ആരോഗ്യസുരക്ഷയെ പിന്തുണയ്ക്കുന്നതിനുള്ള ഏകോപനവും സഹകരണവും ശക്തിപ്പെടുത്തുന്നതിനായി ക്വാഡ് ആരോഗ്യ സുരക്ഷാ പങ്കാളിത്തം പ്രഖ്യാപിച്ചു. ഇന്ന് പ്രഖ്യാപിച്ചിരിക്കുന്ന ഒരു കൂട്ടം പുതിയ സംരംഭങ്ങളിലൂടെ ഉൾപ്പെടെ, പകർച്ചവ്യാധി അല്ലെങ്കിൽ പകർച്ചവ്യാധി സാധ്യതയുള്ള രോഗങ്ങൾ പൊട്ടിപ്പുറപ്പെടുന്നതു കണ്ടെത്തുന്നതിനും പ്രതികരിക്കുന്നതിനുമുള്ള ഇന്തോ-പസഫിക്കിന്റെ കഴിവ് ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധത ക്വാഡ് ആരോഗ്യ സുരക്ഷാ പങ്കാളിത്തം നി‌റവേറ്റുന്നു.

ക്വാഡ് ക്യാൻസർ മൂൺഷോട്ട്

ഇൻഡോ-പസഫിക്കിൽ അർബുദത്താൽ നഷ്ടപ്പെടുന്ന ജീവനുകളുടെ എണ്ണം കുറയ്ക്കുന്നതിന് പൊതു-സ്വകാര്യ വിഭവങ്ങൾ പ്രയോജനപ്പെടുത്തുന്നതിനുള്ള കൂട്ടായ ശ്രമമായ ചരിത്രപരമായ ക്വാഡ് ക്യാൻസർ മൂൺഷോട്ട് സമാരംഭിക്കുന്നു. ഇത് സെർവിക്കൽ ക്യാൻസറിൽ പ്രാഥമിക ശ്രദ്ധ കേന്ദ്രീകരിക്കുന്നു. മൊത്തത്തിൽ, ഇന്ന് പ്രഖ്യാപിച്ച ക്വാഡ് ക്യാൻസർ മൂൺഷോട്ട് വരുംദശകങ്ങളിൽ ലക്ഷക്കണക്കിന് ജീവൻ രക്ഷിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൂടുതൽ വിവരങ്ങൾ ഇവിടെ കാണാം.

മഹാമാരി തയ്യാറെടുപ്പ്

മഹാമാരി നിധിക്കായുള്ള തുടർപിന്തുണ ഉൾപ്പെടെ, മേഖലയിലുടനീളമുള്ള ആരോഗ്യസുരക്ഷയെയും പ്രതിരോധ ശ്രമങ്ങളെയും പിന്തുണയ്ക്കാൻ ക്വാഡ് രാജ്യങ്ങൾ പ്രതിജ്ഞാബദ്ധരാണ്.

ഇൻഡോ-പസഫിക് മേഖലയിലുടനീളം ആരോഗ്യ സുരക്ഷ ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധത ക്വാഡ് ആവർത്തിച്ചുറപ്പിക്കുന്നു. 2024-ൽ, ക്വാഡ് ആരോഗ്യ സുരക്ഷാ പങ്കാളിത്തം, രണ്ടാം മഹാമാരി തയ്യാറെടുപ്പ് ചർച്ചയിലൂ​ടെ പ്രാദേശിക അതിജീവനശേഷി മെച്ചപ്പെടുത്തി, പ്രതിരോധം, നേരത്തെ കണ്ടെത്തൽ, രോഗങ്ങൾ പൊട്ടിപ്പുറപ്പെടുന്നതിനോടുള്ള പ്രതികരണം എന്നിവ മെച്ചപ്പെടുത്തുന്നതിനായി  വാക്സിൻ പങ്കാളിത്തത്തിന്റെ വിജയം ക്വാഡ് പടുത്തുയർത്തുകയും അംഗീകൃത പ്രവർത്തന നടപടിക്രമങ്ങൾ വികസിപ്പിക്കുകയും ചെയ്യുന്നു. മഹാമാരിയെ പ്രതിരോധിക്കുന്നതിനായി ആരോഗ്യ അടിയന്തര സാഹചര്യങ്ങൾക്കുള്ള പ്രാദേശിക കഴിവുകൾ ശക്തിപ്പെടുത്തുന്നതിന് ഇൻഡോ-പസഫിക്കിൽ നിന്നുള്ള ആരോഗ്യ വിദഗ്ധരെ പരിശീലിപ്പിക്കുന്നത് ക്വാഡിന്റെ സഹകരണ ശ്രമങ്ങളിൽ ഉൾപ്പെടുന്നു.

മഹാമാരിക്കെതിരായ തയ്യാറെടുപ്പിനെക്കുറിച്ച് ഇന്ത്യ ശിൽപ്പശാല സംഘടിപ്പിക്കുകയും അടിയന്തര പൊതുജനാരോഗ്യ പ്രതികരണങ്ങൾ വിശദീകരിക്കുന്ന ധവളപത്രം പുറത്തിറക്കുകയും ചെയ്യും.

വരും ദിവസങ്ങളിൽ ഓസ്‌ട്രേലിയയിലെ ഡാർവിനിൽ ആരംഭിക്കുന്ന ആദ്യ പരിശീലനത്തോടെ, രോഗം പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ രാജ്യത്തിനകത്തോ പ്രദേശത്തോ വിന്യസിക്കാൻ തയ്യാറായ പൊതുജനാരോഗ്യ വിദഗ്ധരുടെ എണ്ണം ഓസ്‌ട്രേലിയ വർധിപ്പിക്കും.

ക്വാഡ് പങ്കാളികളുമായുള്ള ഏകോപനത്തിൽ, പകർച്ചവ്യാധി ഭീഷണികൾ തടയുന്നതിനും കണ്ടെത്തുന്നതിനും പ്രതികരിക്കുന്നതിനുമുള്ള ശേഷി ശക്തിപ്പെടുത്തുന്നതിന് ഇൻഡോ-പസഫിക് മേഖലയിലെ പതിനാല് രാജ്യങ്ങളുമായി പങ്കാളിത്തത്തിനായി അമേരിക്ക 84.5 ദശലക്ഷം ഡോളറിലധികം വാഗ്ദാനം ചെയ്യുന്നു.

എംപോക്സ്

നിലവിലെ ക്ലേഡ് I എംപോക്സ് പൊട്ടിപ്പുറപ്പെടുന്നതിനും നിലവിലുള്ള ക്ലേഡ് II എംപോക്സ് പൊട്ടിപ്പുറപ്പെടുന്നതിനുമുള്ള പ്രതികരണമായി, താഴ്ന്ന-ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിൽ വാക്സിൻ നിർമാണം ഉചിതമായി വികസിപ്പിക്കുന്നത് ഉൾപ്പെടെ, സുരക്ഷിതവും ഫലപ്രദവും ഗുണനിലവാരമുള്ളതുമായ എംപോക്സ് വാക്സിനുകളിലേക്ക് തുല്യമായ പ്രവേശനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള നമ്മുടെ ശ്രമങ്ങളെ ഏകോപിപ്പിക്കാൻ ക്വാഡ് പദ്ധതിയിടുന്നു.

മനുഷ്യത്വപരമായ സഹായവും ദുരന്ത നിവാരണവും (HADR)

ഇരുപത് വർഷം മുമ്പ്, 2004 ലെ ഇന്ത്യൻ മഹാസമുദ്രത്തിലെ വിനാശകരമായ ഭൂകമ്പത്തിനും സുനാമിക്കുമെതിരെ പ്രതികരിക്കാൻ ക്വാഡ് ആദ്യമായി ഒന്നിച്ചു. ദുരന്തബാധിത രാജ്യങ്ങൾക്ക് മാനുഷിക സഹായം നൽകി. 2022-ൽ, ക്വാഡ് വിദേശകാര്യ മന്ത്രിമാർ ഇൻഡോ-പസഫിക്കിലെ എച്ച്എഡിആറിലെ ക്വാഡ് പങ്കാളിത്തത്തിനുള്ള മാർഗനിർദേശങ്ങളിൽ ഒപ്പുവച്ചു. 2024 മെയ് മാസത്തിൽ, പാപുവ ന്യൂ ഗിനിയിൽ ഉണ്ടായ ദാരുണമായ മണ്ണിടിച്ചിലിനെത്തുടർന്ന്, ക്വാഡ് രാജ്യങ്ങൾ ഈ മാർഗനിർദേശങ്ങൾക്കനുസൃതമായി പ്രതികരണം ഏകോപിപ്പിച്ചു. ക്വാഡ് കൂട്ടായി 5 ദശലക്ഷം ഡോളറിലധികം മാനുഷിക സഹായം നൽകി. ക്വാഡ് പങ്കാളികൾ പാപുവ ന്യൂ ഗിനിയുടെ ദീർഘകാല അതിജീവനശ്രമങ്ങളിൽ പിന്തുണയ്ക്കുന്നത് തുടരുന്നു. ക്വാഡ് എച്ച്എഡിആർ ഏകോപനം ആഴത്തിലാക്കുകയും മേഖലയിലെ പങ്കാളികളെ അവരുടെ ദീർഘകാല പുനരുജ്ജീവന ശ്രമങ്ങളിൽ പിന്തുണയ്ക്കുകയും ചെയ്യുന്നു.

പ്രകൃതിദുരന്തമുണ്ടായാൽ, അവശ്യ ദുരിതാശ്വാസ സാമഗ്രികൾ മുൻകൂട്ടി സ്ഥാപിക്കുന്നതുൾപ്പെടെ, അതിവേഗം പ്രതികരിക്കാനുള്ള സന്നദ്ധത ഉറപ്പാക്കാൻ ക്വാഡ് ഗവൺമെന്റുകൾ പ്രവർത്തിക്കുന്നു. ഈ ശ്രമം ഇന്ത്യൻ മഹാസമുദ്ര മേഖല മുതൽ തെക്കുകിഴക്കൻ ഏഷ്യയിലേക്കും പസഫിക് വരെയും വ്യാപിക്കുന്നു.

വരും മാസങ്ങളിൽ, ക്വാഡ് എച്ച്എഡിആർ വിദഗ്ധർ ഈ മേഖലയിൽ ഭാവിയിൽ ഉണ്ടാകാൻ സാധ്യതയുള്ള ദുരന്തങ്ങൾക്കായി ചർച്ചകൾ നടത്തും.

യാഗി ചുഴലിക്കാറ്റിന്റെ വിനാശകരമായ പ്രത്യാഘാതങ്ങളുടെ വെളിച്ചത്തിൽ വിയറ്റ്നാമിലെ ജനങ്ങളെ പിന്തുണയ്ക്കുന്നതിനായി ക്വാഡ് പങ്കാളികൾ 4 ദശലക്ഷം ഡോളറിലധികം മാനുഷിക സഹായം നൽകാൻ ഒരുമിച്ച് പ്രവർത്തിക്കുന്നു.

സമുദ്രസുരക്ഷ

സമുദ്രസുരക്ഷ ശക്തിപ്പെടുത്തുന്നതിനും സമുദ്ര​മേഖല അവബോധം മെച്ചപ്പെടുത്തുന്നതിനും സ്വതന്ത്രവും തുറന്നതുമായ ഇന്തോ-പസഫിക് ഉയർത്തിപ്പിടിക്കാൻ ക്വാഡ് പങ്കാളികൾ മേഖലയിലുടനീളമുള്ള പങ്കാളികളുമായി ചേർന്ന് പ്രവർത്തിക്കുന്നു.

സമുദ്രമേഖല അവബോധത്തിനും സമുദ്ര പരിശീലനത്തിനുമുള്ള ഇൻഡോ-പസഫിക് പങ്കാളിത്തം

2022-ൽ ടോക്കിയോയിൽ നടന്ന ക്വാഡ് നേതൃ ഉച്ചകോടിയിൽ സമുദ്രമേഖല അവബോധത്തിനായുള്ള ക്വാഡ് നേതാക്കളുടെ ഇൻഡോ-പസഫിക് പങ്കാളിത്തം (ഐപിഎംഡിഎ) ആരംഭിച്ചു. ഈ സംരംഭം പങ്കാളികൾക്ക് തത്സമയം, ചെലവ് കുറഞ്ഞ, അത്യാധുനിക റേഡിയോ ഫ്രീക്വൻസി വിവരങ്ങൾ നൽകുന്നു. ഇത് അവരുടെ സമുദ്രമേഖല നന്നായി നിരീക്ഷിക്കാൻ അവരെ പ്രാപ്തരാക്കുന്നു. നിയമവിരുദ്ധവും റിപ്പോർട്ട് ചെയ്യാത്തതും അനിയന്ത്രിതവുമായ മത്സ്യബന്ധനത്തെ എതിർക്കൽ; കാലാവസ്ഥാ വ്യതിയാനത്തോടും പ്രകൃതി ദുരന്തങ്ങളോടും പ്രതികരിക്കൽ; നിയമങ്ങൾ അവരുടെ ജലാശയത്തിനകത്തു നടപ്പാക്കൽ എന്നിവയ്ക്കും അവരെ സഹായിക്കുന്നു.

പ്രഖ്യാപനം മുതൽ, പങ്കാളികളുമായി കൂടിയാലോചിച്ച്, ക്വാഡ് ഇൻഡോ-പസഫിക് മേഖലയിലുടനീളം (പസഫിക് ഐലൻഡ്സ് ഫോറം ഫിഷറീസ് ഏജൻസി വഴി തെക്കുകിഴക്കൻ ഏഷ്യയിലെ പങ്കാളികൾക്കൊപ്പം, ഗുരുഗ്രാം ഇൻഫർമേഷൻ ഫ്യൂഷൻ സെന്റൻ ഇന്ത്യൻ മഹാസമുദ്രമേഖല വരെ) പദ്ധതി വിജയകരമായി വിപുലീകരിച്ചു. അങ്ങനെ ചെയ്യുന്നതിലൂടെ, രണ്ട് ഡസനിലധികം രാജ്യങ്ങളെ ഡാർക്ക് വെസൽ സമുദ്രമേഖല അവബോധ ഡാറ്റ പ്രാപ്യമാക്കാൻ ക്വാഡ് സഹായിച്ചു. അതിനാൽ അവർക്ക് അവരുടെ പ്രത്യേക സാമ്പത്തിക മേഖലകളിലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നന്നായി നിരീക്ഷിക്കാൻ കഴിയും.

ഇന്ന് പ്രഖ്യാപിച്ച നടപ്പാക്കലിന്റെ അടുത്ത ഘട്ടത്തിൽ, ഈ മേഖലയിലേക്ക് അത്യാധുനിക ശേഷിയും വിവരങ്ങളും നൽകുന്നത് തുടരാൻ, വരും വർഷത്തിൽ IPMDA-യിലേക്ക് പുതിയ സാങ്കേതികവിദ്യയും ഡാറ്റയും അണിനിരത്താൻ ക്വാഡ് ഉദ്ദേശിക്കുന്നു. പങ്കാളികൾക്കായുള്ള സമുദ്രമേഖല അവബോധ ചിത്രത്തിന്റെ തെളിച്ചം കൂട്ടുന്നതിന് ഇലക്‌ട്രോ-ഒപ്റ്റിക്കൽ ഡാറ്റയും നൂതന അനലിറ്റിക് സോഫ്‌റ്റ്‌വെയറും പ്രയോജനപ്പെടുത്താനാണ് ക്വാഡ് ഉദ്ദേശിക്കുന്നത്.

മേഖലയിലെ നമ്മുടെ പങ്കാളികൾക്ക് ഐപിഎംഡിഎ, മറ്റ് ക്വാഡ് പങ്കാളിത്ത സംരംഭങ്ങൾ എന്നിവയിലൂടെ നൽകുന്ന സങ്കേതങ്ങൾ പരമാവധിയാക്കുന്നതിനും അവരുടെ ജലം നിരീക്ഷിക്കുന്നതിനും സുരക്ഷിതമാക്കുന്നതിനും അവരുടെ നിയമങ്ങൾ നടപ്പാക്കുന്നതിനും നിയമവിരുദ്ധമായ പെരുമാറ്റം തടയുന്നതിനും അവരെ പ്രാപ്തരാക്കുന്നതിനായി ക്വാഡ് ഇന്ന് ഇന്തോ-പസഫിക് പരിശീലനത്തിനുള്ള ഒരു പുതിയ പ്രാദേശിക സമുദ്ര സംരംഭം (മൈത്രി) പ്രഖ്യാപിച്ചു. 2025-ൽ ഉദ്ഘാടന മൈത്രി ശിൽപ്പശാലയ്ക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കുമെന്ന് ക്വാഡ് രാജ്യങ്ങൾ പ്രതീക്ഷിക്കുന്നു.

ക്വാഡ് രാജ്യങ്ങൾ നിയമപരവും പ്രവർത്തനപരവും സാങ്കേതികവുമായ സമുദ്ര സുരക്ഷ, നിയമ നിർവ്വഹണ വിജ്ഞാന മേഖലകളിലുടനീളം സമഗ്രവും പൂരകവുമായ പരിശീലനം ഏകോപിപ്പിക്കുന്നു. ക്വാഡ് പങ്കാളികൾ പ്രാദേശിക സമുദ്ര നിയമ നിർവഹണവേദികളുമായുള്ള ഇടപഴകൽ വിപുലീകരിക്കാനും മികച്ച രീതികൾ പങ്കിടാനും ജനകീയ സമുദ്ര സഹകരണം മെച്ചപ്പെടുത്താനും പ്രതിജ്ഞയെടുത്തു.

ഇൻഡോ-പസഫിക് ചരക്കുനീക്ക ശൃംഖല

ഇൻഡോ-പസഫിക് മേഖലയിലുടനീളമുള്ള പ്രകൃതിദുരന്തങ്ങളോടുള്ള ജനകീയ പ്രതികരണത്തെ കൂടുതൽ വേഗത്തിലും കാര്യക്ഷമമായും പിന്തുണയ്ക്കുന്നതിനായി, നാല് രാജ്യങ്ങൾക്കിടയിൽ പൊതുവായ എയർലിഫ്റ്റ് ശേഷി പിന്തുടരുന്നതിനും കൂട്ടായ ലോജിസ്റ്റിക്സ് ശക്തികൾ പ്രയോജനപ്പെടുത്തുന്നതിനുമായി  ക്വാഡ് ഇൻഡോ-പസഫിക് ലോജിസ്റ്റിക് ശൃംഖല പരീക്ഷണപദ്ധതി ആരംഭിച്ചു. ഈ ശ്രമം ഇന്തോ-പസഫിക് പങ്കാളികളുമായുള്ള നിലവിലുള്ള ശ്രമങ്ങളെ പൂർത്തീകരിക്കും.

തീരസംരക്ഷണസേന സഹകരണം

യുഎസ് കോസ്റ്റ് ഗാർഡ്, ജപ്പാൻ കോസ്റ്റ് ഗാർഡ്, ഓസ്‌ട്രേലിയൻ ബോർഡർ ഫോഴ്‌സ്, ഇന്ത്യൻ കോസ്റ്റ് ഗാർഡ് എന്നിവർ പരസ്പര പ്രവർത്തനക്ഷമത മെച്ചപ്പെടുത്തുന്നതിനായി 2025-ൽ ഇൻഡോ-പസഫിക്കിൽ ആദ്യമായി ക്വാഡ്-അറ്റ്-സീ സമുദ്രയാന നിരീക്ഷണ ദൗത്യം ആരംഭിക്കാൻ പദ്ധതിയിടുന്നു. ഈ ശ്രമത്തിലൂടെ, ജപ്പാൻ കോസ്റ്റ് ഗാർഡ്, ഓസ്‌ട്രേലിയൻ ബോർഡർ ഫോഴ്‌സ്, ഇന്ത്യൻ കോസ്റ്റ് ഗാർഡ് എന്നിവയിലെ അംഗങ്ങൾ ഇന്തോ-പസഫിക്കിൽ പ്രവർത്തിക്കുന്ന യുഎസ് കോസ്റ്റ് ഗാർഡിന്റെ കപ്പലിൽ സമയം ചെലവഴിക്കും. ഇൻഡോ-പസഫിക്കിൽ കൂടുതൽ ദൗത്യങ്ങൾ തുടരാനാണ് ക്വാഡ് ഉദ്ദേശിക്കുന്നത്.

ഗുണനിലവാരമുള്ള അടിസ്ഥാനസൗകര്യം

സമ്പർക്കസൗകര്യം വർധിപ്പിക്കുന്നതിനും പ്രാദേശിക ശേഷി വർധിപ്പിക്കുന്നതിനും നിർണായക ആവശ്യങ്ങൾ നിറവേറ്റുന്നതിനുമായി ക്വാഡ് മേഖലയിലേക്ക് ഗുണനിലവാരമുള്ളതും അതിജീവനശേഷിയുള്ളതുമായ അടിസ്ഥാന സൗകര്യങ്ങൾ എത്തിക്കും.

ഈ വർഷം, ക്വാഡ് രാജ്യങ്ങളുടെ കയറ്റുമതി ക്രെഡിറ്റ് ഏജൻസികൾ (ECAs) സഹകരണ പത്രം ഒപ്പിടുകയും നടപ്പിലാക്കുകയും ചെയ്യും. ഇത് വിതരണ ശൃംഖലയുടെ പുനരുജ്ജീവനം, നിർണായകവും ഉയർന്നുവരുന്നതുമായ സാങ്കേതികവിദ്യകൾ, പുനരുപയോഗ ഊർജം, ഇന്തോ-പസഫിക്കിലെ മറ്റ് ഉയർന്ന നിലവാരമുള്ള പദ്ധതികൾ എന്നിവയെ പിന്തുണയ്ക്കും. ക്വാഡ് ഇസിഎകൾ വരാനിരിക്കുന്നവയെക്കുറിച്ചുള്ള വിവരങ്ങളിൽ ആശയവിനിമയം ശക്തിപ്പെടുത്തുകയും ഇന്തോ-പസഫിക് മേഖലയിലെ പദ്ധതികൾക്കു പ്രസക്തമായ ധനസഹായം നൽകുകയും ചെയ്യുന്നു. കൂടാതെ വ്യവസായ വിദഗ്ധർ, പദ്ധതി ഉപജ്ഞാതാക്കൾ, മറ്റ് പ്രധാന വിപണി പങ്കാളികൾ എന്നിവരെ ഉൾപ്പെടുത്തി സംയുക്ത വ്യവസായ പ്രോത്സാഹന ശ്രമങ്ങൾ തുടരുകയും ചെയ്യും.

ഡിജിറ്റൽ പൊതു അടിസ്ഥാനസൗകര്യ വികസനത്തിനും വിന്യാസത്തിനുമുള്ള സംയുക്ത തത്വങ്ങൾ ക്വാഡ് പുറത്തിറക്കി. ​പൊതുവായ സമൃദ്ധിയും സുസ്ഥിര വികസനവും മുന്നോട്ട് കൊണ്ടുപോകുന്നതിന് സമഗ്രവും തുറന്നതും സുസ്ഥിരവും നീതിയുക്തവും സുരക്ഷിതവും വിശ്വസനീയവുമായ ഡിജിറ്റൽ ഭാവിയിലേക്കുള്ള ക്വാഡിന്റെ പ്രതിബദ്ധത ഇത് അടിവരയിടുന്നു.

ഇൻഡോ-പസഫിക് മേഖലയിലുടനീളമുള്ള പങ്കാളികളെ ശാക്തീകരിച്ച് ഊർജമേഖലയുടെ പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി ദുരന്തനിവാരണ അടിസ്ഥാനസൗകര്യ സഖ്യം ഇന്ത്യയിൽ ശിൽപ്പശാല സംഘടിപ്പിച്ചു.

ഭാവി പങ്കാളിത്തത്തിന്റെ ക്വാഡ് തുറമുഖങ്ങൾ

പ്രാദേശിക പങ്കാളികളുമായി സഹകരിച്ച് ഇന്തോ-പസഫിക്കിലുടനീളം സുസ്ഥിരവും അതിജീവനശേഷിയുള്ളതുമായ തുറമുഖ അടിസ്ഥാസൗകര്യ വികസനത്തെ പിന്തുണയ്ക്കുന്നതിന് ക്വാഡിന്റെ വൈദഗ്ധ്യത്തെ ‘ഭാവി പങ്കാളിത്തത്തിന്റെ ക്വാഡ് തുറമുഖങ്ങൾ’ പ്രയോജനപ്പെടുത്തും.

2025-ൽ, ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഉദ്ഘാടന പ്രാദേശിക തുറമുഖ, ഗതാഗത സമ്മേളനം മുംബൈയിൽ നടത്താനാണ് ക്വാഡ് പങ്കാളികൾ ഉദ്ദേശിക്കുന്നത്.

ഈ പുതിയ പങ്കാളിത്തത്തിലൂടെ, ക്വാഡ് പങ്കാളികൾ, ഇൻഡോ-പസഫിക് മേഖലയിലുടനീളമുള്ള ഗുണനിലവാരമുള്ള തുറമുഖ അടിസ്ഥാനസൗകര്യത്തിൽ ഗവൺമെന്റ്, സ്വകാര്യ മേഖലയിലെ നിക്ഷേപങ്ങൾ സമാഹരിക്കുന്നതിന് ഏകോപിപ്പിക്കാനും, വിവരങ്ങൾ കൈമാറാനും, മേഖലയിലെ പങ്കാളികളുമായി മികച്ച സമ്പ്രദായങ്ങൾ പങ്കിടാനും, വിഭവങ്ങൾ പ്രയോജനപ്പെടുത്താനും ഉദ്ദേശിക്കുന്നു.

ക്വാഡ് അടിസ്ഥാനസൗകര്യ ഫെലോഷിപ്പ്

2023ലെ ക്വാഡ് നേതൃ ഉച്ചകോടിയിൽ ക്വാഡ് അടിസ്ഥാനസൗകര്യ ഫെലോഷിപ്പ് പ്രഖ്യാപിച്ചത്, അടിസ്ഥാനസൗകര്യ പദ്ധതികൾ രൂപകൽപ്പന ചെയ്യുന്നതിനും കൈകാര്യം ചെയ്യുന്നതിനും നിക്ഷേപം ആകർഷിക്കുന്നതിനുമായി മേഖലയിലുടനീളമുള്ള പ്രൊഫഷണൽ ശൃംഖലകളുടെ ശേഷി മെച്ചപ്പെടുത്തുന്നതിനും ആഴത്തിലാക്കുന്നതിനും വേണ്ടിയാണ്. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ, ഇത് 2200-ലധികം വിദഗ്ധരിലേക്ക് വ്യാപിപ്പിച്ചു. കൂടാതെ ക്വാഡ് പങ്കാളികൾ ഇതിനകം 1300-ലധികം ഫെലോഷിപ്പുകൾ നൽകിയിട്ടുണ്ട്.

കടലിനടിയിലെ കേബിളുകളും ഡിജിറ്റൽ വിനിമയക്ഷമതയും

കേബിൾ കണക്റ്റിവിറ്റിക്കും അതിജീവനശേഷിക്കുമുള്ള ക്വാഡ് പങ്കാളിത്തത്തിലൂടെ, ക്വാഡ് പങ്കാളികൾ ഇൻഡോ-പസഫിക്കിൽ കടലിനടിയിലൂടെയുള്ള ഗുണനിലവാരമുള്ള കേബിൾ ശൃംഖലകളെ പിന്തുണയ്ക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നത് തുടരുന്നു, ഇവയുടെ ശേഷി, ഈട്, വിശ്വാസ്യത എന്നിവ പ്രദേശത്തിന്റെയും ലോകത്തിന്റെയും സുരക്ഷയും സമൃദ്ധിയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു.

ഈ ശ്രമങ്ങളെ പിന്തുണച്ച്, ഓസ്‌ട്രേലിയ ജൂലൈയിൽ കേബിൾ കണക്റ്റിവിറ്റി ആൻഡ് റെസിലിയൻസ് സെന്റർ ആരംഭിച്ചു. ഇത് മേഖലയിലുടനീളമുള്ള അഭ്യർഥനകൾക്ക് മറുപടിയായി ശിൽപ്പശാലകളും നയ-നിയന്ത്രണ സഹായങ്ങളും നൽകുന്നു.

പ്രത്യേക ഏജൻസികളുമായും അന്താരാഷ്ട്ര സംഘടനകളുമായും സഹകരിച്ച് ഇൻഡോ-പസഫിക്കിൽ സമ്പർക്കസൗകര്യവും അതിജീവനശേഷിയും വർധിപ്പിക്കുന്നതിന് ജപ്പാൻ ശേഷി കെട്ടിപ്പടുക്കൽ പരിശീലനങ്ങൾ നടത്തിയിട്ടുണ്ട്. നൗറു, കിരിബാസ് എന്നിവിടങ്ങളിൽ കടലിനടിയിലെ കേബിളിനായി പൊതു വിവര, ആശയവിനിമയ സാങ്കേതിക അടിസ്ഥാനസൗകര്യ പരിപാലന ശേഷി മെച്ചപ്പെടുത്തുന്നതിന് സാങ്കേതിക സഹകരണം കൂടുതൽ വിപുലീകരിക്കാൻ ജപ്പാൻ ഉദ്ദേശിക്കുന്നു.

ഇൻഡോ-പസഫിക്കിലെ 25 രാജ്യങ്ങളിൽ നിന്നുള്ള ടെലികമ്യൂണിക്കേഷൻ ഉദ്യോഗസ്ഥർക്കും എക്സിക്യൂട്ടീവുകൾക്കുമായി 1300-ലധികം ശേഷി ​വർധിപ്പിക്കൽ പരിശീലനങ്ങൾ അമേരിക്ക നടത്തിയിട്ടുണ്ട്. ഈ പരിശീലന പരിപാടി വിപുലീകരിക്കുന്നതിനായി‌ 3.4 ദശലക്ഷം ഡോളർ കൂടി നിക്ഷേപിക്കുന്നതിന് കോൺഗ്രസുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് യുഎസ് ഇന്ന് പ്രഖ്യാപിച്ചു.

ക്വാഡ് പങ്കാളികളുടെ കേബിൾ പദ്ധതികളിലെ നിക്ഷേപം 2025 അവസാനത്തോടെ പ്രാഥമിക ടെലികമ്യൂണിക്കേഷൻ കേബിൾ കണക്റ്റിവിറ്റി കൈവരിക്കുന്നതിന് എല്ലാ പസഫിക് ദ്വീപ് രാജ്യങ്ങളെയും സഹായിക്കും. കഴിഞ്ഞ ക്വാഡ് നേതൃ ഉച്ചകോടി മുതൽ, ക്വാഡ് പങ്കാളികൾ പസഫിക്കിലെ കടലിനടിയിലെ കേബിൾ നിർമാണത്തിനായി 140 ദശലക്ഷം ഡോളറിലധികം വാഗ്ദാനം ചെയ്തിട്ടുണ്ട്. സമാന ചിന്താഗതിയുള്ള മറ്റ് പങ്കാളികളിൽ നിന്നുള്ള സംഭാവനകൾക്കൊപ്പമാണിത്.

കടലിനടിയിലെ പുതിയ കേബിളുകളിലെ ഈ നിക്ഷേപങ്ങൾക്ക് അനുബന്ധമായി, ഇൻഡോ-പസഫിക്കിലെ കടലിനടിയിലെ കേബിൾ അറ്റകുറ്റപ്പണികളുടെയും അനുബന്ധശേഷികളുടെയും വിപുലീകരണം പരിശോധിക്കുന്നതിനുള്ള സാധ്യതാ പഠനത്തിന് ഇന്ത്യ തീരുമാനിച്ചു.

നിർണായകവും ഉയർന്നുവരുന്നതുമായ സാങ്കേതികവിദ്യ

സാങ്കേതിക നവീകരണത്തിന്റെ മുൻനിരയിൽ തുടരാൻ ക്വാഡ് തുടർച്ചയായി പ്രവർത്തിക്കുന്നു. കൂടാതെ ഇൻഡോ-പസഫിക്കിൽ ഉടനീളമുള്ള ജനങ്ങളുടെ പ്രയോജനത്തിനായി ഉയർന്നുവരുന്ന സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്താനും സാമ്പത്തിക അഭിവൃദ്ധി, തുറന്ന സമീപനം, വിനിമയക്ഷമത എന്നിവ സുഗമമാക്കുന്നതിന് ഈ സാങ്കേതികവിദ്യകൾ വിന്യസിക്കാനും ക്വാഡ് പ്രതിജ്ഞാബദ്ധമാണ്.

ഓപ്പൺ റേഡിയോ ആക്‌സസ് നെറ്റ്‌വർക്കും (RAN) 5Gയും 

2023-ൽ, ക്വാഡ് പങ്കാളികൾ പസഫിക്കിലെ പലാവുവിൽ, സുരക്ഷിതവും അ‌തിജീവനശേഷിയുള്ളതും പരസ്പരബന്ധിതവുമായ ടെലികമ്മ്യൂണിക്കേഷൻ ആവാസവ്യവസ്ഥയെ  പിന്തുണയ്ക്കുന്നതിനായി ആദ്യത്തെ ഓപ്പൺ RAN വിന്യാസം പ്രഖ്യാപിച്ചു. അതിനുശേഷം, ക്വാഡ് ഏകദേശം 20 ദശലക്ഷം ഡോളർ ഈ ശ്രമത്തിനായി സമർപ്പിച്ചു. ഈ സംരംഭത്തെ അടിസ്ഥാനമാക്കി, വിശ്വസനീയമായ സാങ്കേതിക പ്രതിവിധികൾ നൽകുന്നതിന് ഓപ്പൺ RAN സഹകരണത്തിൻ്റെ വിപുലീകരണം ക്വാഡ് പ്രഖ്യാപിച്ചു.

നടന്നുകൊണ്ടിരിക്കുന്ന ഓപ്പൺ RAN ഫീൽഡ് ട്രയലുകൾക്കും ഫിലിപ്പൈൻസിലെ ഏഷ്യ ഓപ്പൺ RAN അക്കാദമിക്കും (AORA) പിന്തുണ വിപുലീകരിക്കാൻ ക്വാഡ് പദ്ധതിയിടുന്നു. ഈ വർഷമാദ്യം അമേരിക്കയും ജപ്പാനും വാഗ്ദാനം ചെയ്ത 8 ദശലക്ഷം ഡോളർ പിന്തുണയിലാണ് ഇത് സജ്ജമാക്കുന്നത്.

കൂടാതെ, ഇന്ത്യൻ സ്ഥാപനങ്ങളുമായി സഹകരിച്ച് ദക്ഷിണേഷ്യയിൽ ഇത്തരത്തിലുള്ള ആദ്യ ഓപ്പൺ RAN തൊഴിൽസേന പരിശീലന സംരംഭം സ്ഥാപിക്കുന്നതുൾപ്പെടെ, AORA-യുടെ ആഗോള വിപുലീകരണത്തെ പിന്തുണയ്ക്കുന്നതിനായി 7 ദശലക്ഷം ഡോളറിലധികം നിക്ഷേപിക്കാൻ അമേരിക്ക പദ്ധതിയിടുന്നു.

തെക്കുകിഴക്കൻ ഏഷ്യയിലെ അധിക ഓപ്പൺ RAN പദ്ധതികൾ അ‌നാവരണം ചെയ്യാനുള്ള അവസരത്തെ ക്വാഡ് പങ്കാളികൾ സ്വാഗതം ചെയ്യുന്നു.

രാജ്യവ്യാപകമായി 5G വിന്യാസത്തിനുള്ള രാജ്യത്തിൻ്റെ സന്നദ്ധത ഉറപ്പാക്കാൻ തുവാലു ടെലികമ്മ്യൂണിക്കേഷൻസ് കോർപ്പറേഷനുമായി സഹകരിക്കുന്നതും ക്വാഡ് പങ്കാളികൾ പര്യവേക്ഷണം ചെയ്യും.

നിർമിതബുദ്ധി

2023ലെ ക്വാഡ് നേതൃ ഉച്ചകോടിയിൽ പ്രഖ്യാപിച്ച അഡ്വാൻസിംഗ് ഇന്നൊവേഷൻസ് ഫോർ എംപവറിംഗ് നെക്‌സ്റ്റ്‌ജെൻ അഗ്രികൾച്ചർ (എഐ-എൻഗേജ്) സംരംഭത്തിലൂടെ, ക്വാഡ് ഗവൺമെൻ്റുകൾ നിർമിത ബുദ്ധി, റോബോട്ടിക്‌സ്, സെൻസിങ് എന്നിവ പ്രയോജനപ്പെടുത്തുന്നതിന് മുൻനിര സഹകരണ ഗവേഷണങ്ങൾ ആഴത്തിലാക്കുന്നു. ഇന്തോ-പസഫിക്. സംയുക്ത ഗവേഷണത്തിനായി ക്വാഡ് $7.5+ ദശലക്ഷം ധനസഹായ അവസരങ്ങൾ പ്രഖ്യാപിക്കുന്നു. കൂടാതെ ഗവേഷണ സമൂഹങ്ങളെ കൂട്ടിയിണക്കുന്നതിനും പൊതുവായ ഗവേഷണ തത്വങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനുമായി നാല് രാജ്യങ്ങളിലെ ശാസ്ത്ര ഏജൻസികൾക്കിടയിൽ സഹകരണ പത്രം ഒപ്പിട്ടതും എടുത്തുകാട്ടുന്നു.

ഹിരോഷിമ എഐ പ്രക്രിയ, ജിപിഎഐ ന്യൂഡൽഹി മന്ത്രിതല പ്രഖ്യാപനം 2023, യുഎൻ പൊതുസഭ പ്രമേയം 78/625 എന്നിവയുടെ ഫലങ്ങൾ ഉൾപ്പെടെ സുരക്ഷിതവും വിശ്വാസയോഗ്യവുമായ നിർമിതബുദ്ധി  സംവിധാനങ്ങൾ കൈവരിക്കുന്നതിനുള്ള അന്താരാഷ്ട്ര ശ്രമങ്ങളുടെ പ്രാധാന്യം ക്വാഡ് തിരിച്ചറിയുന്നു. നിർമിതബുദ്ധി സംവിധാനങ്ങളിലും നിർമിതബുദ്ധി നിർവഹണ ചട്ടക്കൂടുകൾക്കിടയിലുള്ള പരസ്പര പ്രവർത്തനക്ഷമതയിലും അന്താരാഷ്ട്ര സഹകരണം കൂടുതൽ ആഴത്തിലാക്കാൻ ക്വാഡ് ശ്രമിക്കുന്നു.
അന്താരാഷ്ട്ര സ്റ്റാൻഡേർഡൈസേഷൻ സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനായി സ്റ്റാൻഡേർഡ് സബ് ഗ്രൂപ്പിലൂടെ ക്വാഡ് രാജ്യങ്ങൾ നിർമിതബുദ്ധി, അ‌ത്യാധുനിക ആശയവിനിമയ സാങ്കേതികവിദ്യകൾ എന്നിവയെക്കുറിച്ച് രണ്ട് ട്രാക്ക് 1.5 സംഭാഷണങ്ങൾ ആരംഭിച്ചു.

ക്വാഡ് രാജ്യങ്ങൾ, സ്റ്റാൻഡേർഡ് സബ്-ഗ്രൂപ്പിലൂടെ, AI അനുരൂപീകരണ വിലയിരുത്തലിനുള്ള ചട്ടക്കൂടുകൾ ഉൾപ്പെടെ, അന്താരാഷ്ട്ര സ്റ്റാൻഡേർഡൈസേഷൻ സഹകരണം പ്രോത്സാഹിപ്പിക്കുന്നതിന് AI, അഡ്വാൻസ്ഡ് കമ്മ്യൂണിക്കേഷൻസ് ടെക്നോളജീസ് എന്നിവയിൽ രണ്ട് ട്രാക്ക് 1.5 ഡയലോഗുകൾ പുറത്തിറക്കി.

ജൈവസാങ്കേതികവിദ്യ

നാല് രാജ്യങ്ങളിലെയും ജൈവ ആവാസവ്യവസ്ഥകളെക്കുറിച്ച് പഠിക്കുന്നതിനും വിശകലനം ചെയ്യുന്നതിനും നിർമിതബുദ്ധി സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനുള്ള 2 ദശലക്ഷം ഡോളറിന്റെ പ്രാരംഭ ധനസഹായത്തിന്റെ പിന്തുണയുള്ള സംയുക്ത ശ്രമമായ ബയോഎക്സ്പ്ലോർ ഇനിഷ്യേറ്റീവ് ആരംഭിക്കാൻ ക്വാഡ് പങ്കാളികൾ ആഗ്രഹിക്കുന്നു. രോഗം കണ്ടുപിടിക്കുന്നതിനും ചികിത്സിക്കുന്നതിനും അ‌തിജീവനശേഷിയുള്ള വിളകൾ വികസിപ്പിക്കുന്നതിനും സംശുദ്ധ ഊർജം ഉൽപ്പാദിപ്പിക്കുന്നതിനും അ‌തിലേറെയും ശേഷിയുള്ള പുതിയ ഉൽപ്പന്നങ്ങളും കണ്ടുപിടുത്തങ്ങളും നൽകുന്നതിന് ജീവജാലങ്ങളിൽ കാണപ്പെടുന്ന വൈവിധ്യമാർന്ന കഴിവുകൾ കണ്ടെത്താനും ഉപയോഗിക്കാനുമുള്ള നമ്മുടെ കഴിവ് മെച്ചപ്പെടുത്താൻ ഈ സംരംഭം സഹായിക്കും. ക്വാഡ് രാജ്യങ്ങളിൽ ഉടനീളം സാങ്കേതിക ശേഷി വളർത്തിയെടുക്കാനും ഈ സംരംഭം ലക്ഷ്യമിടുന്നു.

ബയോടെക്‌നോളജിയിലും മറ്റ് നിർണായക സാങ്കേതികവിദ്യകളിലും ക്വാഡിലും മേഖലയിലുടനീളമുള്ള സുസ്ഥിരവും ഉത്തരവാദിത്വപൂർണവും സുരക്ഷിതവുമായ സഹകരണം വികസിപ്പിച്ചെടുക്കുന്ന നിർണായകവും ഉയർന്നുവരുന്നതുമായ സാങ്കേതികവിദ്യകളിലെ ഗവേഷണ വികസന സഹകരണങ്ങൾക്കായുള്ള വരാനിരിക്കുന്ന ക്വാഡ് തത്വങ്ങളും ഈ പദ്ധതിക്ക് അ‌ടിവരയിടും.

സെമികണ്ടക്ടറുകൾ

സെമികണ്ടക്ടർ വിതരണ ശൃംഖലയിലെ അ‌പായസാധ്യതകൾ പരിഹരിക്കുന്നതിനുള്ള സഹകരണം സുഗമമാക്കുന്നതിന് സെമികണ്ടക്ടർ വിതരണ ശൃംഖലയുടെ ആകസ്മിക ശൃംഖലയ്ക്കായുള്ള സഹകരണ പത്രം അന്തിമമാക്കിയതിനെ ക്വാഡ് നേതാക്കൾ സ്വാഗതം ചെയ്യുന്നു.

ക്വാഡ് നിക്ഷേപക ശൃംഖല 

2023-ലെ ക്വാഡ് നേതൃ ഉച്ചകോടിയിൽ ആരംഭിച്ച ലാഭേച്ഛയില്ലാത്ത സംരംഭമാണ് ക്വാഡ് നിക്ഷേപക ശൃംഖല (QUIN). ക്വാഡിന്റെ പൊതുമൂല്യങ്ങളുമായി യോജിക്കുന്നതും സാമ്പത്തിക വളർച്ച, പുനരുജ്ജീവനം, പ്രാദേശിക സ്ഥിരത എന്നിവ പ്രോത്സാഹിപ്പിക്കുന്നതുമായ നവീകരണത്തെ പിന്തുണയ്ക്കുന്നതിനായി ക്വാഡ് രാജ്യങ്ങളിൽ നിന്നുള്ള നിക്ഷേപകർ, സംരംഭകർ, സാങ്കേതിക വിദഗ്ധർ, പൊതു സ്ഥാപനങ്ങൾ എന്നിവരെ ഒരുമിച്ച് കൊണ്ടുവരുന്നതിലൂടെ ഇന്തോ-പസഫിക് മേഖലയിലുടനീളമുള്ള നിർണായകവും വളർന്നുവരുന്നതുമായ സാങ്കേതികവിദ്യകളിൽ നിക്ഷേപം ത്വരിതപ്പെടുത്തുകയാണ് QUIN ലക്ഷ്യമിടുന്നത്. ഈ വർഷം, നിർണായക ധാതുക്കൾ, പുനരുപയോഗ ഊർജം, സൈബർ സുരക്ഷ, എയ്‌റോസ്‌പേസ് മേഖലകളിൽ ക്വാഡിലുടനീളം പത്ത് പ്രധാന തന്ത്രപരമായ നിക്ഷേപങ്ങളെയും പങ്കാളിത്തങ്ങളെയും QUIN പിന്തുണച്ചു.

QUIN, ചിബ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ സെന്റർ ഫോർ റാഡിക്കൽ ട്രാൻസ്ഫർമേഷൻ എന്നിവയുടെ പിന്തുണയോടെ ടോക്കിയോയിൽ സ്റ്റാർട്ടപ്പ് ക്യാമ്പസ് സൃഷ്ടിക്കുന്നതിനുള്ള ധാരണാപത്രത്തിന് അന്തിമരൂപം നൽകുന്നതുൾപ്പെടെ, പുതിയ സാങ്കേതികവിദ്യകളുടെ വികസനം പ്രോത്സാഹിപ്പിക്കുന്നതിനും വളർന്നുവരുന്ന സ്റ്റാർട്ടപ്പുകൾക്ക് നിക്ഷേപ പങ്കാളിത്തം സുഗമമാക്കുന്നതിനും QUIN വിപുലമായ അധിക ചട്ടക്കൂടുകൾ വികസിപ്പിച്ചിട്ടുണ്ട്.

ടോക്കിയോ യൂണിവേഴ്‌സിറ്റി, നോർത്ത് ഈസ്റ്റേൺ യൂണിവേഴ്‌സിറ്റി, QUIN എന്നിവയുടെ സഹകരണത്തിലൂടെ ടോക്കിയോയിൽ ഒരു പുതിയ വെഞ്ച്വർ ആക്‌സിലറേറ്റർ സ്ഥാപിക്കാനും QUIN പ്രവർത്തിക്കുന്നു. ഈ സഹകരണങ്ങൾ സാങ്കേതിക മുന്നേറ്റങ്ങൾ മാത്രമല്ല, ക്വാഡ് രാജ്യങ്ങൾ തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങൾ ശക്തിപ്പെടുത്തുകയും, കൂടുതൽ സംയോജിതവും അ‌തിജീവനശേഷിയുള്ളതുമായ ഇന്തോ-പസഫിക് മേഖലയ്ക്ക് സംഭാവന നൽകുകയും ചെയ്യും.

അവസാനമായി, QUIN ഒരു ക്വാണ്ടം മികവിന്റെ കേന്ദ്രം വികസിപ്പിച്ചെടുത്തു. അത് ഈ വർഷം ഓരോ ക്വാഡ് രാജ്യത്തിൻ്റെയും ക്വാണ്ടം ആവാസവ്യവസ്ഥയ്ക്കും മൂലധനവും വൈദഗ്ധ്യവും കൂട്ടായി പ്രയോജനപ്പെടുത്തുന്നതിന് ഒരുമിച്ച് പ്രവർത്തിക്കാൻ കഴിയുന്ന വഴികൾ എടുത്തുകാട്ടുന്ന റിപ്പോർട്ട് തയ്യാറാക്കി.

കാലാവസ്ഥയും സംശുദ്ധ ഊർജവും

ലോകത്തിനും ഇന്തോ-പസഫിക്കിനും, പ്രത്യേകിച്ച് പസഫിക്കിലെയും ഇന്ത്യൻ മഹാസമുദ്ര മേഖലയിലെയും ദ്വീപ് രാഷ്ട്രങ്ങൾക്ക്, കാലാവസ്ഥാ വ്യതിയാനം ഉയർത്തുന്ന അസ്തിത്വപരമായ ഭീഷണി ക്വാഡ് തിരിച്ചറിയുന്നു. കൂടാതെ കാലാവസ്ഥാ വ്യതിയാനത്തിൻ്റെ പ്രത്യാഘാതങ്ങൾ ലഘൂകരിക്കാനും പൊരുത്തപ്പെടുത്താനും സംശുദ്ധ ഊർജ നവീകരണവും സ്വീകാര്യതയും പ്രോത്സാഹിപ്പിക്കുന്നതിനും സുസ്ഥിര വികസനത്തിന് പിന്തുണയേകുന്നതിനും അഭിലഷണീയമായ നടപടികൾ കൈക്കൊള്ളുന്നു. 

കാലാവസ്ഥയോട് പൊരുത്തപ്പെടൽ

2023 ലെ നേതൃ ഉച്ചകോടിയിൽ പ്രഖ്യാപിച്ച ക്വാഡിന്റെ കാലേക്കൂട്ടിയുള്ള മുന്നറിയിപ്പു സംവിധാനങ്ങളും കാലാവസ്ഥ വിവര സേവന സംരംഭവും  (സിഐഎസ്) വിപുലീകരിക്കാൻ ക്വാഡ് ഉദ്ദേശിക്കുന്നു. ഇത് പസഫിക് ദ്വീപ് രാജ്യങ്ങളുടെ ഉയർന്ന നിലവാരമുള്ള കാലാവസ്ഥാ ഡാറ്റയിലേക്കും സേവനങ്ങളിലേക്കും പ്രവേശനം മെച്ചപ്പെടുത്താനും കാലാവസ്ഥാ വ്യതിയാനത്തിനും അതിൻ്റെ പ്രത്യാഘാതങ്ങൾക്കും തയ്യാറെടുക്കാനും പ്രതികരിക്കാനുമുള്ള പങ്കാളികളുടെ ശേഷി വർദ്ധിപ്പിക്കാനും സഹായിക്കും.

പ്രാദേശിക കാലാവസ്ഥയെയും കാലാവസ്ഥാ പ്രവചനങ്ങളെയും പിന്തുണയ്ക്കുന്നതിനായി 2025-ൽ പസഫിക്കിലേക്ക് 3D പ്രിൻ്റഡ് ഓട്ടോമാറ്റിക് കാലാവസ്ഥാ സ്റ്റേഷനുകൾ നൽകാനും ഈ സാങ്കേതികവിദ്യ വികസിപ്പിക്കാനും വിന്യസിക്കാനും പ്രാദേശിക കേന്ദ്രം പ്രവർത്തിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഫിജിയിലെ വിദഗ്ധരെ പരിശീലിപ്പിക്കാനും അ‌മേരിക്ക പദ്ധതിയിടുന്നു.

പസഫിക് ദ്വീപ് വേദി നേതാക്കൾ 2021-ൽ പിന്തുണച്ച പസഫിക് നേതൃത്വത്തിലുള്ള വെതർ റെഡി പസഫിക്ക് സംരംഭത്തിലൂടെ ഓസ്‌ട്രേലിയ കാലേക്കൂട്ടിയുള്ള മുന്നറിയിപ്പ് സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നു. ഇത് പസഫിക്കിലെ EWS4ALL യുഎൻ സംരംഭം വിതരണം ചെയ്യുകയും നയിക്കുകയും ചെയ്യുന്നു.

ഉപഗ്രഹ സാങ്കേതികവിദ്യയിലൂടെ ദുരന്തസാധ്യത കുറയ്ക്കലും തയ്യാറെടുപ്പും ശക്തിപ്പെടുത്തുന്നതിലൂടെയും ശേഷി വർദ്ധിപ്പിക്കുന്നതിലൂടെയും പുനരുപയോഗ ഊർജം സ്ഥാപിക്കുന്നതിലൂടെയും സംശുദ്ധ ഊർജം പ്രോത്സാഹിപ്പിക്കുന്നതിലൂടെയും "പസഫിക് ക്ലൈമറ്റ് റെസിലിയൻസ് ഇനിഷ്യേറ്റീവ്" പ്രകാരം ജപ്പാൻ പസഫിക് ദ്വീപ് രാജ്യങ്ങളുമായുള്ള സഹകരണം വർദ്ധിപ്പിക്കുന്നു.

കിരിബാസ്, സമോവ, സോളമൻ ദ്വീപുകൾ, ടോംഗ, വാനുവാട്ടു എന്നിവിടങ്ങളിലെ വിദഗ്ധരെ മിന്നൽ വെള്ളപ്പൊക്കം നിരീക്ഷിക്കാനും പ്രവചിക്കാനും സമയബന്ധിതവും കൃത്യവുമായ മുന്നറിയിപ്പുകൾ നൽകാനും മിന്നൽ വെള്ളപ്പൊക്കത്തിൽ നിന്നുള്ള മാനുഷികവും സാമ്പത്തികവുമായ നഷ്ടങ്ങൾ കുറയ്ക്കുന്നതിനും പരിശീലനം നൽകാനും ക്വാഡ് പദ്ധതിയിടുന്നു.

സംശുദ്ധ ഊർജം

നമ്മുടെ കൂട്ടായ ഊർജ സുരക്ഷ വർദ്ധിപ്പിക്കുകയും മേഖലയിലുടനീളം പുതിയ സാമ്പത്തിക അവസരങ്ങൾ സൃഷ്ടിക്കുകയും പ്രാദേശിക തൊഴിലാളികൾക്കും സമൂഹങ്ങൾക്കും പ്രയോജനമേകുന്നതുമായ ഉയർന്ന ഗുണമേന്മയുള്ളതും വൈവിധ്യമാർന്നതുമായ സംശുദ്ധ ഊർജ വിതരണ ശൃംഖലകൾ സൃഷ്ടിക്കുന്നതിനുള്ള നയങ്ങൾ, പ്രോത്സാഹനങ്ങൾ, മാനദണ്ഡങ്ങൾ, നിക്ഷേപങ്ങൾ എന്നിവ വിന്യസിക്കുന്നതിന് ലോകമെമ്പാടും, പ്രത്യേകിച്ച് ഇന്തോ-പസഫിക്കിലുടനീളം, സഹകരണം ശക്തിപ്പെടുത്താൻ ഞങ്ങളുടെ രാജ്യങ്ങൾ ഉദ്ദേശിക്കുന്നു. സംശുദ്ധ ഊർജ വിതരണ ശൃംഖലകളിൽ പരസ്പര പൂരകവും ഉയർന്ന നിലവാരമുള്ളതുമായ സ്വകാര്യമേഖല നിക്ഷേപം ഉത്തേജിപ്പിക്കുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധത പ്രവർത്തനക്ഷമമാക്കുന്നതിന് നയത്തിലൂടെയും പൊതു ധനകാര്യത്തിലൂടെയും ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും. ബാറ്ററി വിതരണ ശൃംഖലയിലുടനീളം ക്വാഡ് പങ്കാളികൾ പങ്കിടുന്ന അതുല്യവും പരസ്പരപൂരകവുമായ കഴിവുകൾ ഞങ്ങൾ വിലയിരുത്തുന്നു. നമ്മുടെ വ്യവസായങ്ങളിലുടനീളം ധാതു ഉൽപ്പാദനം, പുനരുപയോഗം, ബാറ്ററി നിർമ്മാണം എന്നിവ ശക്തിപ്പെടുത്തുന്നതിന് സമീപകാല ശ്രമങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്നു.

ഇൻഡോ-പസഫിക് മേഖലയിലെ സുരക്ഷിതവും വൈവിധ്യപൂർണ്ണവുമായ സംശുദ്ധ ഊർജ വിതരണ ശൃംഖലകളുടെ വികസനത്തെ പിന്തുണയ്ക്കാൻ ലക്ഷ്യമിട്ട്, ക്വാഡ് നേതാക്കൾ കഴിഞ്ഞ വർഷം ക്വാഡ് സംശുദ്ധ ഊർജ വിതരണശൃംഖല വൈവിധ്യവൽക്കരണ പരിപാടി പ്രഖ്യാപിച്ചു. സൗരോർജ പാനൽ, ഹൈഡ്രജൻ ഇലക്‌ട്രോലൈസർ, ബാറ്ററി വിതരണ ശൃംഖലകൾ എന്നിവ വികസിപ്പിക്കുകയും വൈവിധ്യവൽക്കരിക്കുകയും ചെയ്യുന്ന പദ്ധതികളെ പിന്തുണയ്ക്കുന്നതിന് ഓസ്‌ട്രേലിയ 50 ദശലക്ഷം യുഎസ് ഡോളർ നൽകുന്ന ക്വാഡ് സംശുദ്ധ ഊർജ വിതരണ ശൃംഖല വൈവിധ്യവൽക്കരണ പരിപാടിക്കായി ഓസ്ട്രേലിയ നവംബറിൽ അപേക്ഷകൾ ക്ഷണിക്കും. ഇൻഡോ-പസഫിക്കിൻ്റെ കൂട്ടായ ഊർജ സുരക്ഷ, കാർബൺ പുറന്തള്ളൽ കുറയ്ക്കൽ ലക്ഷ്യങ്ങൾ, നെറ്റ് സീറോ ഭാവിയിലേക്കുള്ള മാറ്റം എന്നിവ കൈവരിക്കുന്നതിൻ്റെ അവിഭാജ്യ ഘടകമാണ് സുരക്ഷിതവും വൈവിധ്യപൂർണവുമായ സംശുദ്ധ ഊർജ വിതരണ ശൃംഖലകൾ.

ഫിജി, കൊമോറോസ്, മഡഗാസ്കർ, സീഷെൽസ് എന്നിവിടങ്ങളിൽ പുതിയ സോളാർ പദ്ധതികളിൽ 2 ദശലക്ഷം ഡോളർ നിക്ഷേപിക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്.

ഇൻഡോ-പസഫിക്കിലെ പുനരുപയോഗ ഊർജ പദ്ധതികളിൽ പൊതു-സ്വകാര്യ മേഖലകളിൽ നിന്ന് 122 ദശലക്ഷം ഡോളർ ധനസഹായവും  വായ്പകളും നൽകാൻ ജപ്പാൻ പ്രതിജ്ഞാബദ്ധമാണ്.

അ‌മേരിക്ക, DFC മുഖേന, ടാറ്റ പവർ സോളാറിന് സൗരോർജ സെൽ നിർമ്മാണ കേന്ദ്രം സജ്ജമാക്കാൻ 250 ദശലക്ഷം ഡോളർ വായ്പയും, ഇന്ത്യയിൽ സോളാർ മൊഡ്യൂൾ നിർമ്മാണ കേന്ദ്രം സജ്ജമാക്കാനും പ്രവർത്തിപ്പിക്കാനും ഫസ്റ്റ് സോളാറിന് 500 ദശലക്ഷം ഡോളർ വായ്പയും നൽകി. ശേഷി വികസിപ്പിക്കുന്നതിനും വിതരണ ശൃംഖല വൈവിധ്യവത്കരിക്കുന്നതിനും സ്വകാര്യ മൂലധനം സൗരോർജത്തിലേക്കും കാറ്റ്, ശീതീകരണം, ബാറ്ററികൾ, നിർണായക ധാതുക്കൾ എന്നിവയിലേക്ക് സമാഹരിക്കാനുള്ള അവസരങ്ങൾ തേടുന്നത് തുടരുകയാണ്. കാലാവസ്ഥാ വെല്ലുവിളികൾ നേരിടുന്ന സമൂഹങ്ങളെ വർദ്ധിച്ചുവരുന്ന താപനിലയുമായി പൊരുത്തപ്പെടാൻ പ്രാപ്തരാക്കുന്നതിനും ഊർജശൃംഖലയിലെ സമ്മർദ്ദം കുറയ്ക്കുന്നതിനും താങ്ങാനാകുന്നതും ഉയർന്ന കാര്യക്ഷമതയുള്ളതുമായ ശീതീകരണ സംവിധാനങ്ങളുടെ വിന്യാസവും നിർമ്മാണവും ഉൾപ്പെടെ ഊർജ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനുള്ള ഒരു സംരംഭം ക്വാഡ് പ്രഖ്യാപിച്ചു. ഈ ശ്രമത്തിനായി 1.25 ദശലക്ഷം ഡോളർ സാങ്കേതിക സഹായധനമായി നിക്ഷേപിക്കാൻ അമേരിക്ക ഉദ്ദേശിക്കുന്നു.

സൈബർ സുരക്ഷ 

ക്വാഡ് രാജ്യങ്ങൾക്കും പങ്കാളികൾക്കുമായി കൂടുതൽ അ‌തിജീവനശേഷിയുള്ളതും സുരക്ഷിതവും പരസ്പര പൂരകവുമായ സൈബർ സുരക്ഷാ അന്തരീക്ഷം കെട്ടിപ്പടുക്കാൻ ക്വാഡ് ഒരുമിച്ച് പ്രവർത്തിക്കുന്നു.

ഭാവിയിലെ ഡിജിറ്റൽ കണക്റ്റിവിറ്റി, ആഗോള വാണിജ്യം, സമൃദ്ധി എന്നിവയ്ക്കായി ക്വാഡിൻ്റെ പൊതുവായ കാഴ്ചപ്പാട് മുന്നോട്ട് കൊണ്ടുപോകുന്നതിനായി, വാണിജ്യ ആവശ്യത്തിനായുള്ള സമുദ്രാന്തർ ടെലികമ്മ്യൂണിക്കേഷൻ കേബിളുകൾ സംരക്ഷിക്കുന്നതിനുള്ള ക്വാഡ് പ്രവർത്തന പദ്ധതി  ക്വാഡ് വികസിപ്പിച്ചു/പുറത്തിറക്കി.

ക്വാഡിൻ്റെ 2023 ലെ സംയുക്ത സുരക്ഷിത സോഫ്‌റ്റ്‌വെയർ തത്വങ്ങളിൽ അംഗീകരിച്ചതുപോലെ, സുരക്ഷിത സോഫ്‌റ്റ്‌വെയർ വികസന മാനദണ്ഡങ്ങളും സർട്ടിഫിക്കേഷനും പിന്തുടരുന്നതിനുള്ള ക്വാഡിൻ്റെ പ്രതിബദ്ധത വിപുലീകരിക്കാൻ ക്വാഡ് രാജ്യങ്ങൾ സോഫ്റ്റ്‌വെയർ നിർമ്മാതാക്കൾ, വ്യവസായ വ്യാപാര ഗ്രൂപ്പുകൾ, ഗവേഷണ കേന്ദ്രങ്ങൾ എന്നിവരുമായി സഹകരിക്കുന്നു.

ഗവൺമെൻ്റ് ശൃംഖലകൾക്കായുള്ള  സോഫ്റ്റ്‌വെയറിൻ്റെ വികസനം, സംഭരണം, അന്തിമ ഉപയോഗം എന്നിവ കൂടുതൽ സുരക്ഷിതമാണെന്ന് ഉറപ്പാക്കും. മാത്രമല്ല, നമ്മുടെ വിതരണ ശൃംഖലകൾ, ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥകൾ, സമൂഹം എന്നിവയുടെ സൈബർ പ്രതിരോധശേഷി കൂട്ടായി മെച്ചപ്പെടുത്തുന്നുവെന്ന് ഉറപ്പാക്കാൻ ക്വാഡ് പങ്കാളികൾ ഈ മാനദണ്ഡങ്ങൾ സമന്വയിപ്പിക്കാൻ പ്രവർത്തിക്കും.

ഉത്തരവാദിത്വമുള്ള സൈബർ ആവാസവ്യവസ്ഥകൾ, പൊതു വിഭവങ്ങൾ, സൈബർ സുരക്ഷാ അവബോധം എന്നിവ പ്രോത്സാഹിപ്പിക്കുന്ന വാർഷിക ക്വാഡ് സൈബർ ചലഞ്ച് സംരംഭത്തിൽ  ഓരോ ക്വാഡ് രാജ്യവും പരിപാടികൾ സംഘടിപ്പിക്കാൻ പദ്ധതിയിടുന്നു.  അതിവേഗം വളരുന്ന ഈ മേഖലയിൽ സ്ത്രീകളുടെ വർധിച്ച പങ്കാളിത്തം ഉൾപ്പെടെ, ആഗോള സൈബർ സുരക്ഷാ പ്രൊഫഷണലുകളുടെ എണ്ണവും വൈവിധ്യവും വർദ്ധിപ്പിക്കുന്നതിന് കരിയർ വികസന മാർഗങ്ങൾ സ്ഥാപിക്കുന്നതിലാണ് ഈ വർഷത്തെ സൈബർ ചലഞ്ച് കാമ്പെയ്‌നുകൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കഴിഞ്ഞ വർഷത്തെ ക്വാഡ് സൈബർ ചലഞ്ചിൽ ഇന്തോ-പസഫിക് മേഖലയിലുടനീളം 85,000-ത്തിലധികം പേർ പങ്കെടുത്തു.

ക്വാഡ് സൈബർ ബൂട്ട്‌ക്യാമ്പ്, ഫിലിപ്പൈൻസിലെ സൈബർ വിഭവശേഷി വികസനത്തെക്കുറിച്ചുള്ള അന്താരാഷ്ട്ര സമ്മേളനം തുടങ്ങിയ  പദ്ധതികൾ ഇൻഡോ-പസഫിക് മേഖലയിലെ സൈബർ സുരക്ഷയും തൊഴിൽ ശക്തി വികസനവും വർദ്ധിപ്പിക്കുന്നതിനുള്ള പ്രധാന സംരംഭങ്ങളാണ്.

ദേശീയ സുരക്ഷയ്ക്കും നിർണായക അടിസ്ഥാന സൗകര്യ ശൃംഖലകളുടെ സംരക്ഷണത്തിനുമുള്ള വെല്ലുവിളികൾ   തിരിച്ചറിയുന്നതിനും ലഘൂകരിക്കുന്നതിനുമുള്ള സംയുക്ത ശ്രമങ്ങൾ ക്വാഡ് ഏറ്റെടുക്കുന്നു, ഒപ്പം ക്വാഡ് മുൻഗണനകളെ ബാധിക്കുന്ന സുപ്രധാന സൈബർ സുരക്ഷാ ഭീഷണി വിവരങ്ങൾ പങ്കിടുന്നതിനുള്ള നയപരമായ പ്രതികരണങ്ങൾ ഉൾപ്പെടെ കൂടുതൽ  ഏകോപിപ്പിക്കുന്നു.

തെറ്റായ വിവരങ്ങളെ പ്രതിരോധിക്കൽ

മാധ്യമസ്വാതന്ത്ര്യത്തെ പിന്തുണയ്ക്കാനും അന്തർദേശീയ സമൂഹത്തിൽ വിശ്വാസത്തെ ദുർബലപ്പെടുത്തുകയും ഭിന്നത വിതയ്ക്കുകയും ചെയ്യുന്ന, തെറ്റായ വിവരങ്ങൾ ഉൾപ്പെടെയുള്ള വിദേശ വിവര കൃത്രിമത്വവും ഇടപെടലുകളും അഭിസംബോധന ചെയ്യാനും ക്വാഡ് സജ്ജമാണ്. വ്യാജവാർത്തകളെ പ്രതിരോധിക്കുന്നതിന് അതിനായുള്ള  പ്രത്യേക കർമസമിതിയിലൂടെ പ്രവർത്തിക്കുന്നു. ഇങ്ങനെ പ്രതിരോധശേഷിയുള്ള വിവര അന്തരീക്ഷം വളർത്തിയെടുക്കാൻ ക്വാഡ് ഒരുമിച്ച് പ്രവർത്തിക്കുന്നു.

ജനങ്ങൾ തമ്മിലുള്ള ബന്ധം

ക്വാഡ് രാജ്യങ്ങൾ അവരുടെ ജനങ്ങൾക്കിടയിൽ സുസ്ഥിര ബന്ധം കെട്ടിപ്പടുക്കുകയാണ്. സൈബർ സുരക്ഷ, നിർണായകവും ഉയർന്നുവരുന്നതുമായ സാങ്കേതികവിദ്യകൾക്കുള്ള തൊഴിൽശക്തി വികസനം, STEM-ലെ സ്ത്രീകൾ, ഗവൺമെന്റിന്റെ സുതാര്യതയും ഉത്തരവാദിത്വവും, തെറ്റായ വിവരങ്ങൾ ചെറുക്കൽ, പ്രാദേശിക സമുദ്ര പരിപാലനം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ക്വാഡ് രാജ്യങ്ങളിൽ നിന്നുള്ള പങ്കാളികൾ ഇൻ്റർനാഷണൽ വിസിറ്റർ ലീഡർഷിപ്പ് പ്രോഗ്രാമിലും (IVLP) മറ്റ് വിനിമയ പരിപാടികളിലും  പങ്കെടുത്തിട്ടുണ്ട്.

 ദി ക്വാഡ് ഫെലോഷിപ്പ്

ക്വാഡ് ഫെലോഷിപ്പ് നടപ്പിലാക്കുന്നതിന് നേതൃത്വം നൽകുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻ്റർനാഷണൽ എജ്യുക്കേഷനുമായി ചേർന്ന്, ക്വാഡ് ഗവൺമെൻ്റുകൾ ക്വാഡ് ഫെലോകളുടെ രണ്ടാമത്തെ കൂട്ടായ്മയെയും ആസിയാൻ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളെ ആദ്യമായി ഉൾപ്പെടുത്തുന്നതിനുള്ള പരിപാടിയുടെ വിപുലീകരണത്തെയും സ്വാഗതം ചെയ്യുന്നു.  ക്വാഡ് ഫെല്ലോകളെ ജപ്പാനിൽ പഠിക്കാൻ പ്രാപ്തമാക്കുന്നതിനുള്ള പദ്ധതിയെ ജപ്പാൻ ഗവണ്മെന്റ് പിന്തുണയ്ക്കുന്നു.അടുത്ത കൂട്ടായ്‌മയ്‌ക്കായി  സ്വകാര്യ മേഖലയിലെ പങ്കാളികളായ ഗൂഗിൾ, പ്രാറ്റ് ഫൗണ്ടേഷൻ, വെസ്റ്റേൺ ഡിജിറ്റൽ എന്നിവയുൾപ്പെടെയുള്ളവയുടെ  ഉദാരമായ പിന്തുണയെ ക്വാഡ് സ്വാഗതം ചെയ്യുന്നു.

ഒക്ടോബറിൽ വാഷിംഗ്ടൺ ഡിസിയിൽ നടക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻ്റർനാഷണൽ എജ്യുക്കേഷൻ സംഘടിപ്പിക്കുന്ന ക്വാഡ് ഫെലോഷിപ്പ് ഉച്ചകോടിക്കായി ക്വാഡ് കാത്തിരിക്കുന്നു.

കൂടുതൽ ജനകേന്ദ്രീകൃത സംരംഭങ്ങൾ

ഇൻഡോ-പസഫിക്കിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് ഇന്ത്യാ ഗവൺമെൻ്റ് ധനസഹായമുള്ള സാങ്കേതിക സ്ഥാപനത്തിൽ 4 വർഷത്തെ ബിരുദ എഞ്ചിനീയറിംഗ് പ്രോഗ്രാമിൽ  ഭാഗമാകുന്നതിന്  $500,000 മൂല്യമുള്ള അമ്പത് ക്വാഡ് സ്‌കോളർഷിപ്പുകൾ നൽകുന്നതിനുള്ള ഒരു പുതിയ സംരംഭം ഇന്ത്യ പ്രഖ്യാപിച്ചു.

ബഹിരാകാശം 

ബഹിരാകാശവുമായി ബന്ധപ്പെട്ട ഇന്തോ-പസഫിക്കിൽ നിന്നുള്ള ആപ്ലിക്കേഷനുകളുടെയും സാങ്കേതികവിദ്യകളുടെയും അനിവാര്യമായ സംഭാവന ക്വാഡ് അംഗീകരിക്കുന്നു. കാലാവസ്ഥാ പ്രവചന  മുന്നറിയിപ്പ് സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനും തീവ്ര കാലാവസ്ഥാ സംഭവങ്ങളുടെ ആഘാതങ്ങൾ മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്നതിനും ഇന്തോ-പസഫിക്കിലുടനീളം രാജ്യങ്ങളെ സഹായിക്കുന്നതിന് ഭൗമ നിരീക്ഷണ ഡാറ്റയും മറ്റ് ബഹിരാകാശ സംബന്ധമായ ആപ്ലിക്കേഷനുകളും വിതരണം ചെയ്യുന്നത് തുടരാൻ നാല് രാജ്യങ്ങളും പദ്ധതിയിടുന്നു.

തീവ്രമായ കാലാവസ്ഥാ മാറ്റവും  കാലാവസ്ഥാ ആഘാതങ്ങളും ബഹിരാകാശത്തെ അടിസ്ഥാനമാക്കി നിരീക്ഷിക്കുന്നതിന് ഓപ്പൺ സയൻസ് എന്ന ആശയത്തെ പിന്തുണയ്ക്കുന്നതിനായി മൗറീഷ്യസിനായി ബഹിരാകാശ അധിഷ്ഠിത വെബ് പോർട്ടൽ ഇന്ത്യ സ്ഥാപിച്ചതിനെ ക്വാഡ് സ്വാഗതം ചെയ്യുന്നു.

ബഹിരാകാശ സാഹചര്യ ബോധവൽക്കരണ സംരംഭം

ബഹിരാകാശ പരിസ്ഥിതിയുടെ ദീർഘകാല സുസ്ഥിരതയ്ക്ക് സംഭാവന നൽകുന്ന ബഹിരാകാശ സാഹചര്യ അവബോധത്തിൽ (എസ്എസ്എ) വൈദഗ്ധ്യവും അനുഭവവും പങ്കിടാൻ ക്വാഡ് പങ്കാളികൾ ഉദ്ദേശിക്കുന്നു. ബഹിരാകാശത്തെ കൂട്ടിയിടികൾ ഒഴിവാക്കാനും അവശിഷ്ടങ്ങൾ നിയന്ത്രിക്കാൻ സഹായിക്കുന്നതിനും ഉൾപ്പെടെ, സിവിൽ മേഖലയിലെ എസ്എസ്എയും ബഹിരാകാശ ട്രാഫിക് ഏകോപന കഴിവുകളും പ്രയോജനപ്പെടുത്തുന്നതിനാണ് സഹകരണം ഉദ്ദേശിക്കുന്നത്.

ഭീകരതയെ പ്രതിരോധിക്കൽ

2023-ൽ ക്വാഡ് അതിൻ്റെ ആദ്യത്തെ ഭീകരവാദ പ്രതിരോധ കർമസമിതിക്ക് (CTWG) ആതിഥേയത്വം വഹിച്ചു. കൂടാതെ ഭീകരവാദ ഭീഷണികൾ, ഭീകരവാദത്തെ പ്രതിരോധിക്കുന്നതിനുള്ള മികച്ച ക്വാഡ് രീതികൾ, വിവരങ്ങൾ പങ്കിടൽ, അനന്തരഫലങ്ങൾ കൈകാര്യം ചെയ്യൽ, തന്ത്രപരമായ സന്ദേശമയയ്‌ക്കൽ എന്നിവയിലൂടെ ഭീകരവാദ പ്രവർത്തനങ്ങൾ ലഘൂകരിക്കാൻ ക്വാഡിന് ഒരുമിച്ച് പ്രവർത്തിക്കാൻ കഴിയുന്ന വഴികൾ എന്നിവ ഉൾപ്പെടെ ചർച്ച ചെയ്യാൻ വർഷം തോറും ക്വാഡ് യോഗം ചേരും.  ക്വാഡ്  ആളില്ലാ വ്യോമ സംവിധാനങ്ങൾ (C-UAS), ജൈവ, രാസ റേഡിയോളജിക്കൽ, ന്യൂക്ലിയർ ഉപകരണങ്ങൾ (CBRN), ഭീകരവാദ ആവശ്യങ്ങൾക്കായി ഇൻ്റർനെറ്റ് എന്നിവയുടെ ഉപയോഗത്തെ ചെറുക്കുന്നതിൽ  CTWG നിലവിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ക്വാഡ് CTWG, സഹകരിക്കാനുള്ള പുതിയ മേഖലകൾ ചർച്ച ചെയ്യുന്നു. ഭീകരവാദ പ്രതിരോധത്തിന്റെ മികച്ച രീതികൾ സ്ഥാപിക്കുന്നതിനുള്ള സാങ്കേതിക ശിൽപ്പശാലകൾക്ക് ആതിഥേയത്വം വഹിക്കുന്നു. കൂടാതെ ഭീകരവാദ പ്രതിരോധത്തിന് വൈദഗ്ധ്യമുള്ള ക്വാഡ് സംവിധാനത്തിന്റെ ഭാഗമായി ക്വാഡ്  ഇതര അംഗങ്ങളെ ഉൾപ്പെടുത്താനുള്ള വഴികൾ പര്യവേക്ഷണം ചെയ്യുന്നു.

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Cabinet approves minimum support price for Copra for the 2025 season

Media Coverage

Cabinet approves minimum support price for Copra for the 2025 season
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 21
December 21, 2024

Inclusive Progress: Bridging Development, Infrastructure, and Opportunity under the leadership of PM Modi