ഫിക്കിയുടെ പ്രസിഡന്റ് ശ്രീ പങ്കജ് ആര്‍. പട്ടേല്‍ജീ, നിയുക്തപ്രസിഡന്റ് ശ്രീ രമേഷ് ഷാ ജീ, സെക്രട്ടറി ജനറല്‍ ഡോ: സജ്ഞയ് ബാറു ജീ, ഇവിടെ സന്നിഹിതരായിരിക്കുന്ന മറ്റ് വിശിഷ്ടാതിഥികളെ,
കഴിഞ്ഞ വര്‍ഷം നിങ്ങള്‍ നടത്തിയ പ്രയത്‌നത്തിന്റെ കണക്കെടുപ്പിനാണ് നിങ്ങള്‍ ഇവിടെ കൂടിയിരിക്കുന്നത്. ഈ വര്‍ഷം ഫിക്കി അതിന്റെ തൊണ്ണൂറാം വര്‍ഷവും പൂര്‍ത്തിയാക്കുകയാണ്. ഇത് ഏതൊരു സംഘടനയെ സംബന്ധിച്ചിടത്തോളവും അഭിമാനകരമായ നേട്ടമാണ്. എന്റെ എല്ലാ ശുഭാംശസകളും നിങ്ങള്‍ക്ക് നേരുന്നു.
സുഹൃത്തുക്കളെ,
സൈമണ്‍ കമ്മിഷന്‍ രൂപീകരിക്കപ്പെട്ടത് 1927 ഓടെയാണ്. അന്ന് ആ കമ്മിഷനെതിരായി ഇന്ത്യന്‍ വ്യവസായമേഖല ഉണര്‍ന്ന് നിലകൊണ്ടത് തീര്‍ച്ചയായും പ്രചോദനകരവും ചരിത്രപരവുമായ സംഭവമാണ്. സ്വന്തം താല്‍പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് വ്യവസായമേഖല കമ്മിഷനെതിരെ പ്രതിഷേധസ്വരമുയര്‍ത്തിയത്. ഇന്ത്യന്‍ വ്യവസായത്തിന്റെ ഓരോ ഭാഗവും ദേശീയതാല്‍പര്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് മുന്നോട്ടുവരികയും അതോടൊപ്പം ഇന്ത്യന്‍ വ്യവസായികള്‍ രാഷ്ട്ര നിര്‍മ്മാണത്തിനായി തങ്ങളുടെ ഊര്‍ജ്ജം വിനിയോഗിക്കുകയും ചെയ്തു.
സഹോദരീ, സഹോദരന്മാരെ,
90 വര്‍ഷങ്ങള്‍ക്ക് മുമ്പ് തങ്ങളുടെ പൊതുവായ ഉത്തരവാദിത്വങ്ങള്‍ക്കൊപ്പം രാജ്യത്തിന്റെ ഉത്തരവാദിത്വവും ഏറ്റെടുക്കാന്‍ സാധാരണക്കാരായ ജനങ്ങള്‍ മുന്നോട്ടുവന്നിരുന്നു. അതേപോലൊരു കാലഘട്ടം ഇപ്പോള്‍ വീണ്ടും ആരംഭിച്ചിരിക്കുകയാണ്. ഈ കാലത്ത് ജനങ്ങളുടെ പ്രത്യാശകളുടെയും പ്രതീക്ഷകളുടെയും തലത്തിന്റെ അളവിനെക്കുറിച്ച് നിങ്ങള്‍ക്ക് അറിയാമായിരിക്കും. ആഭ്യന്തര തിന്മകള്‍, അഴിമതി, കള്ളപ്പണം എന്നിവ മൂലം വശംകെട്ടിരിക്കുകയും അവര്‍ അതില്‍ നിന്ന് മോചനത്തിനായി ആഗ്രഹിക്കുകയുമാണ്.
അതുകൊണ്ട് ഇന്ന് രാഷ്ട്രീയ പാര്‍ട്ടിയായിക്കോട്ടെ, അല്ലെങ്കില്‍ ഫിക്കിയെപോലുള്ള ഒരു വ്യവസായ സംഘടനയാകട്ടെ, എല്ലാ സ്ഥാപനങ്ങളും രാജ്യത്തെ ജനങ്ങളുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും മനസിലാക്കി ആലോചനാപൂര്‍വ്വം ഭാവിയിലേക്കുള്ള തന്ത്രങ്ങള്‍ക്ക് രൂപം നല്‍കണം.
സുഹൃത്തുക്കളെ,
സ്വാതന്ത്ര്യത്തെത്തുടര്‍ന്ന് നിരവധി കാര്യങ്ങള്‍ രാജ്യം നേടിയെങ്കിലും ഈ വര്‍ഷങ്ങളിലൊക്കെ നമ്മുടെ മുന്നില്‍ നിരവധിവെല്ലുവിളികള്‍ വന്നുവെന്നതും സത്യമാണ്. സ്വാതന്ത്ര്യത്തിന് ശേഷം 70 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പാവപ്പെട്ടവര്‍ക്ക് നമ്മുടെ സംവിധാനത്തിനെതിരെ അതിന് കീഴില്‍ നിന്നുകൊണ്ട് അതേ രീതിയിലോ അല്ലെങ്കില്‍ വേറൊരു മാര്‍ഗ്ഗത്തിലോ പോരാടേണ്ട സ്ഥിതിയാണ്. അവര്‍ ചെറിയ കാര്യങ്ങള്‍ക്കുപോലും വിഷമിക്കുകയാണ്. ഒരു പാവപ്പെട്ട മനുഷ്യന്‍ ഒരു ബാങ്ക് അക്കൗണ്ട് തുടങ്ങണമെന്ന് വിചാരിച്ചാല്‍ സംവിധാനം അതിന് തടസം സൃഷ്ടിക്കും. അയാള്‍ക്ക് ഒരു പാചകവാതക കണക്ഷന്‍ വേണ്ടിവന്നാല്‍ അപ്പോള്‍ അയാള്‍ക്ക് വിവിധ വാതിലുകളില്‍ മുട്ടേണ്ടിവരും. അവര്‍ക്ക് സ്വന്തമായ സ്‌കോളര്‍ഷിപ്പോ, പെന്‍ഷനോ ലഭിക്കണമെങ്കില്‍ വിവിധ സ്ഥലങ്ങളില്‍ കൈമടക്ക് നല്‍കേണ്ടതായും വരും.
സംവിധാനത്തിനെതിരെയുള്ള ഈ പോരാട്ടം അവസാനിപ്പിക്കുന്നതിനുള്ള ജോലി പല ഗവണ്‍മെന്റുകളും ചെയ്തിരുന്നു. എന്നാല്‍ ഞങ്ങള്‍ സുതാര്യമായതുമാത്രമല്ല, വളരെ സംവേദനക്ഷമമായതുമായ ഒരു സംവിധാനമാണ് സൃഷ്ടിച്ചത്. ജനങ്ങള്‍ അഭിമുഖീകരിക്കുന്ന എല്ലാ പ്രശ്‌നങ്ങളും പരിഗണിക്കുന്ന തരത്തിലുള്ള ഒരു സംവിധാനം.
അതുകൊണ്ടാണ് ഞങ്ങള്‍ ജന്‍ധന്‍ യോജന ആരംഭിച്ചപ്പോള്‍ ഇത്രയും ഉജ്ജ്വലമായ ഒരു പ്രതികരണം ഉണ്ടായത്. പാവപ്പെട്ട ജനങ്ങളുടെ എത്ര അക്കൗണ്ടുകള്‍ ആരംഭിക്കണമെന്നുള്ള ഒരു ലക്ഷ്യം നിശ്ചയിക്കാന്‍ പോലും ഞങ്ങള്‍ക്കായില്ല. അതിവ് വേണ്ട ഒരു വിവരവും അറിവും ഗവണ്‍മെന്റിന്റെ പക്കലുണ്ടായിരുന്നില്ല.
പാവപ്പെട്ടവരെ ബാങ്കുകള്‍ ചിലപ്പോള്‍ വഴക്കുപറഞ്ഞും അല്ലെങ്കില്‍ അവരുടെ രേഖകളില്‍ എന്തെങ്കിലും കുറവുകള്‍ കണ്ടെത്തിയും നിരുത്സാഹപ്പെടുത്തുമെന്ന വിവരം മാത്രമാണ് ഞങ്ങളുടെ പക്കലുണ്ടായിരുന്നത്. എന്നാല്‍ ഇന്ന് 30 കോടിയിലധികം പാവപ്പെട്ട ആളുകള്‍ ജന്‍ധന്‍ പദ്ധതിയിലൂടെ ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങിയതായി എനിക്ക് കണാന്‍ കഴിഞ്ഞു. അപ്പോഴാണ് ജനങ്ങളുടെ എത്രവലിയ ഒരു ആവശ്യമാണ് സഫലീകരിച്ചതെന്ന് ഞാന്‍ മനസിലാക്കിയത്. വലിയതോതില്‍ ഇത്തരം അക്കൗണ്ടുകള്‍ തുടങ്ങിയ ഗ്രാമീണമേഖലകളില്‍ വിലക്കയറ്റ നിരക്ക് കുറഞ്ഞതായി ഒരു പഠനം വെളിവാക്കുന്നുമുണ്ട്. പാവപ്പെട്ട ജനങ്ങളുടെ ജീവിതത്തില്‍ ഈ പദ്ധതി എത്രവലിയ മാറ്റമാണ് കൊണ്ടുവന്നതെന്നാണ് ഇത് വ്യക്തമാക്കുന്നത്.
സഹോദരീ, സഹോദരന്മാരെ,
നമ്മുടെ ജനങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളും അവരുടെ ആവശ്യങ്ങളും പരിഗണിച്ചാണ് ഞങ്ങളുടെ ഗവണ്‍മെന്റ് പദ്ധതികള്‍ രൂപീകരിക്കുന്നത്. ജനങ്ങളുടെ ജീവിതം സുഖകരമാക്കണമെന്നും ജീവിതം സുഖകരമാക്കുന്നത് വര്‍ദ്ധിപ്പിക്കുന്നതിലേക്ക് നയിക്കണമെന്നുമുള്ള വീക്ഷണത്തിനാണ് പ്രാമുഖ്യം നല്‍കുന്നത്.
പാവപ്പെട്ട ആളുകള്‍ക്ക് പുകരഹിത അടുക്കള ഒരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഉജ്ജ്വല പദ്ധതി ആരംഭിച്ചത്. ഏകദേശം 3 കോടിയിലധികം പാവപ്പെട്ട വനിതകള്‍ക്ക് ഞങ്ങള്‍ സൗജന്യമായി പാചകവാതകം വിതരണം ചെയ്തുകഴിഞ്ഞു. ഈ പദ്ധതി ആരംഭിച്ച ശേഷം ഗ്രാമീണമേഖലയില്‍ ഇന്ധനത്തിന്റെ വിലയില്‍ വലിയ കുറവുണ്ടായതായി മറ്റൊരു പഠനം വെളിവാക്കുന്നുണ്ട്.
പാവപ്പെട്ടവര്‍ക്ക് ഇപ്പോള്‍ കുറച്ച് ഇന്ധനം ചിലവാക്കിയാല്‍ മതിയാകുമെന്നാണ് ഇത് വ്യക്തമാക്കുന്നത്.
പാവപ്പെട്ട ജനങ്ങളുടെ ഓരോ ആവശ്യങ്ങളും അവര്‍ അഭിമുഖീകരിക്കുന്ന ഓരോ പ്രശ്‌നങ്ങളും എന്തെന്ന് മനസിലാക്കി അത് പരിഹരിക്കുന്നതിനുളള പ്രവര്‍ത്തനത്തിലാണ് ഞങ്ങള്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഇതിനകം അഞ്ചുകോടി ശൗചാലയങ്ങള്‍ നിര്‍മ്മിച്ചുകഴിഞ്ഞു. അതുമൂലം ഇന്ന് നമ്മുടെ പാവപ്പെട്ട വനിതകള്‍ക്ക് അപമാനം സഹിക്കേണ്ടിവരുന്നില്ലെന്ന് മാത്രമല്ല, അവരുടെ ആരോഗ്യവും സുരക്ഷയും അപകടത്തിലാകുന്നുമില്ല.
പാവപ്പെട്ടവര്‍ക്ക് സ്വന്തമായി പാര്‍പ്പിടം എന്ന ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രി ആവാസ് യോജന ആരംഭിച്ചത്. അതിലൂടെ അവര്‍ വാടകയ്ക്ക് ചെലവിടുന്ന അതേ തുകയില്‍ തന്നെ അവര്‍ക്ക് സ്വന്തമായി ഒരു വീട് നല്‍കാന്‍ കഴിയും.
സുഹൃത്തുക്കളെ,
വിദൂരസ്ഥ സ്ഥലങ്ങളില്‍, രാജ്യത്തെ ഗ്രാമങ്ങളില്‍ ആകപ്പാടെ വ്യത്യസ്തമായ ഒരു ലോകമാണ് നിങ്ങള്‍ക്ക് കാണാന്‍ കഴിയുക. ജ്വലിച്ചുനില്‍ക്കുന്ന ഈ വിജ്ഞാന്‍ ഭവനെക്കാള്‍ വ്യത്യസ്തമാണ്, ഈ മോടിപിടിപ്പിലില്‍ നിന്നും അന്തരീക്ഷത്തില്‍ നിന്നും വ്യത്യസ്തമാണ് അവിടങ്ങള്‍. ഞാന്‍ നിങ്ങളോടൊരുമിച്ച് ഇവിടെയിരിക്കുന്നെങ്കിലും ദാരിദ്ര്യത്തിന്റെ ലോകത്ത് നിന്നാണ് വന്നത്. പരിമിതമായ വിഭവങ്ങള്‍, പരിമിതമായ വിദ്യാഭ്യാസം, എന്നാല്‍ അന്തമായതും നിയന്ത്രണമില്ലാത്തതുമായ സ്വപ്‌നങ്ങളും. ആ ലോകമാണ് എന്നെ പ്രയത്‌നിക്കാന്‍ പഠിപ്പിച്ചത്, തീരുമാനങ്ങള്‍ എടുക്കാനും രാജ്യത്തെ പാവപ്പെട്ട ജനങ്ങളുടെ ആശയും അഭിലാഷവും അറിഞ്ഞ് അവ നടപ്പാക്കാനും എന്നെ പഠിപ്പിച്ചത്.
അങ്ങനെയാണ് മുദ്രാ പദ്ധതി യുവാക്കളുടെ വലിയ അഭിലാഷങ്ങളെ പൂര്‍ത്തീകരിക്കുന്നത്. ഇത് ഒരു ബാങ്ക് ഗ്യാരന്റിയുടെ ആവശ്യകതയായിരുന്നു. ഏതെങ്കിലും ഒരു യുവാവ് എന്തെങ്കിലും സ്വന്തമായി ചെയ്യണമെന്ന് ആഗ്രഹിച്ചാല്‍ ആദ്യം അയാള്‍ നേരിടേണ്ടിവരുന്ന ചോദ്യം ഇതിന് വേണ്ട ഫണ്ട് എവിടെ നിന്നും കണ്ടെത്തുമെന്നതാണ്? എന്നാല്‍ മുദ്രാ പദ്ധതിയിലൂടെ ഗവണ്‍മെന്റ് ഈ ഉറപ്പ് നല്‍കുകയാണ്. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍കൊണ്ട് ഞങ്ങള്‍ ഏകദേശം 9.75 കോടി വായ്പകള്‍ ഇതിലൂടെ അംഗീകരിച്ചുകഴിഞ്ഞു. ഇതില്‍ 4ലക്ഷം കോടിയിലേറെ രൂപ ഒരു ഈടുമില്ലാതെ യുവജനങ്ങള്‍ക്ക് വിതരണം ചെയ്തുകഴിഞ്ഞു. യുവജനങ്ങളുടെ ഏറ്റവും വലിയ ആവശ്യത്തിനായി അവരോടൊപ്പമാണ് ഇന്ത്യാ ഗവണ്‍മെന്റ് നിലകൊള്ളുന്നത്. ഇതിന്റെ ഫലമായി രാജ്യത്തിന് കഴിഞ്ഞ മൂന്നുവര്‍ഷം കൊണ്ട് ഏകദേശം മൂന്നുകോടി പുതിയ സംരംഭകരെ ലഭിച്ചു.
മുദ്രാ വായ്പാ പദ്ധതിയിലൂടെ ആദ്യമായി വായ്പ ലഭിച്ചവരാണ് ഈ സംരംഭകര്‍. ഈ മൂന്നു കോടി ജനങ്ങള്‍ രാജ്യത്തിന്റെ ഇടത്തരം ചെറുകിട, സൂക്ഷമ വ്യവസായ മേഖലകളെ കൂടുതല്‍ വിപുലമാക്കുകയും ശക്തിപ്പെടുത്തുകയും ചെയ്തു.
ഗവണ്‍െമന്റ് സ്റ്റാര്‍ട്ട്-അപ്പുകളേയും പ്രോത്സാഹിപ്പിക്കുകയാണ്. സ്റ്റാര്‍ട്ട്-അപ്പുകള്‍ക്ക് ഏറ്റവും ആവശ്യം സന്ദേഹമൂലധനമാണ്(റിസ്‌ക് കാപ്പിറ്റല്‍). ഈ ആവശ്യം പരിഹരിക്കുന്നതിനായി സിഡ്ബിയുടെ കീഴില്‍ ഫണ്ടുകളുടെ ഒരു ഫണ്ട് ഗവണ്‍മെന്റ് സൃഷ്ടിച്ചു. ഈ തീരുമാനത്തെത്തുടര്‍ന്ന് മറ്റ് നിക്ഷേപകരുടെ സഹായത്തോടെ സിഡ്ബിനടത്തിയ നിക്ഷേപം നാലിരിട്ടിയായി മാറി. ഇതമൂലം പുതിയ ആശയങ്ങളുള്ള സ്റ്റാര്‍ട്ട്-അപ്പുകള്‍ക്ക് കാര്യങ്ങള്‍ ലളിതമായി.
സഹോദരീ, സഹോദരന്മാരെ,
സ്റ്റാര്‍ട്ട് അപ്പുകളുടെ പരിസ്ഥിതിക്ക് ബദല്‍ നിക്ഷേപ ഫണ്ടുകള്‍( ഓള്‍ട്ടര്‍നേറ്റീവ്-ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട്) വഴിയുളള നിക്ഷേപം പ്രധാനമാണ്. ഇത്തരത്തിലുള്ള നയപരമായ തീരുമാനം ഗവണ്‍മെന്റ് എടുത്തതുമൂലം കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടയില്‍ നിക്ഷേപത്തില്‍ ഗണ്യമായ വര്‍ദ്ധനയാണ് ഉണ്ടായത്. യുവജനങ്ങളെ കണക്കിലെടുത്തുകൊണ്ട് ഗവണ്‍മെന്റ് തീരുമാനങ്ങള്‍ എടുക്കുന്നതും നയങ്ങള്‍ രൂപീകരിക്കുന്നതും നിങ്ങള്‍ ശ്രദ്ധിച്ചുകാണും. മുന്‍കാല ഗവണ്‍മെന്റില്‍ നിന്നും ഇത് വ്യത്യസ്തമാണെന്നതും നിങ്ങള്‍ ശ്രദ്ധിച്ചുകാണും. ആ കാലഘട്ടത്തില്‍ കോടാനുകോടി രൂപയുടെ വായ്പകള്‍ ചില വലിയ വ്യവസായികള്‍ക്കാണ് നല്‍കിയിരുന്നത്. ബാങ്കുകളിന്‍മേല്‍ സമ്മര്‍ദ്ദം ചെലുത്തിയാണ് അത്തരം വായ്പകള്‍ അനുവദിച്ചിരുന്നതും.
സുഹൃത്തുക്കളെ,
നയങ്ങളുടെ മാറ്റത്തിനുള്ള വ്യവസായമേഖലയുടെ ശബ്ദം-എന്നാണ് ഫിക്കി സ്വയം വിശേഷിപ്പിക്കുന്നത്. നിങ്ങള്‍ വ്യവസായമേഖലയുടെ ശബ്ദം ഗവണ്‍മെന്റിനെ അറിയിക്കുന്നു. നിങ്ങള്‍ നിങ്ങളുടെ സര്‍വേഫലങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു, സെമിനാറുകള്‍ സംഘടിപ്പിക്കുന്നു. എന്നാല്‍ കഴിഞ്ഞ ഗവണ്‍മെന്റിന്റെ നയങ്ങള്‍ ബാങ്കിംഗ് മേഖലയെ എങ്ങനെ രൂപപ്പെടുത്തിയെന്നതിനെക്കുറിച്ച് ഫിക്കി എന്തെങ്കിലും സര്‍വേ നടത്തിയിട്ടുണ്ടോയെന്ന് എനിക്കറിയില്ല. ഇക്കാലത്ത് നിഷ്‌ക്രിയാസ്തിയെക്കുറിച്ച് വലിയ ശബ്ദകോലാഹലങ്ങള്‍ നാം കേള്‍ക്കുന്നു.
നിഷ്‌ക്രീയാസ്തി (എന്‍.പി.എ) അതാണ് കഴിഞ്ഞ ഗവണ്‍മെന്റിലുണ്ടായിരുന്ന ചില സാമ്പത്തികവിദഗ്ധര്‍ ഈ ഗവണ്‍ശമന്റിന് കൈമാറിയ ഏറ്റവും വലിയ ബാദ്ധ്യത.
ഗവണ്‍മെന്റിലിരിക്കുന്ന ചില ആളുകള്‍ ബാങ്കുകളില്‍ സമ്മര്‍ദ്ദം ചെലുത്തി ചില വ്യവസായികള്‍ക്ക് മാത്രം വായ്പ തരപ്പെടുത്തികൊടുക്കുമ്പോള്‍ ഫിക്കിപോലുള്ള ഒരു സംഘടന എന്തുചെയ്യുകയായിരുന്നുവെന്ന് എന്നറിയാന്‍ എനിക്ക് ആഗ്രഹമുണ്ട്. കഴിഞ്ഞ ഗവണ്‍മെന്റിലുണ്ടായിരുന്നവര്‍ക്ക് ഇത് തെറ്റാണെന്ന് അറിയാമായിരുന്നു, ബാങ്കുകള്‍ക്കും അതറിയാമായിരുന്നു, വ്യവസായമേഖലയ്ക്കും അറിയാമായിരുന്നു, വിപണിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്കും ഇത് തെറ്റാണെന്ന് അറിയാമായിരുന്നു.
ഇതാണ് യു.പി.എ ഗവണ്‍മെന്റിന്റെ കാലത്തെ ഏറ്റവും വലിയ അഴിമതി. കോമണ്‍വെല്‍ത്ത്, 2 ജി, കല്‍ക്കരി കുംഭകോണങ്ങളെക്കാളും ഇതാണ് വലുത്. ഒരു വിധത്തില്‍ പറഞ്ഞാല്‍ ഗവണ്‍മെന്റിലുണ്ടായിരുന്നവര്‍ ബാങ്കുകളിലൂടെ പൊതുജനങ്ങള്‍ കഷ്ടപ്പെട്ടുണ്ടാക്കിയ പണമാണ് കൊള്ളയടിച്ചത്. ഇത് ഏതെങ്കിലും സര്‍വേയിലോ, ഒരിക്കെലെങ്കിലും ഏതെങ്കിലും പഠനത്തിലോ പ്രതിപാദിച്ചിട്ടുണ്ടോ? എല്ലാം മൗനമായി നീരീക്ഷിച്ചുകൊണ്ടിരിക്കുന്ന ജനങ്ങളെ ഉണര്‍ത്തുന്നതിനായി ഏതെങ്കിലും ഒരു സ്ഥാപനം എന്തെങ്കിലും പരിശ്രമം നടത്തിയിട്ടുണ്ടോ?
സുഹൃത്തുക്കളെ,
നമ്മുടെ ബാങ്കുകളുടെ സങ്കടാവസ്ഥയെ ശരിയാക്കുന്നതിനും ബാങ്കിംഗ് മേഖലയെ ശക്തിപ്പെടുത്തുന്നതിനുമായി വേണ്ട നടപടികള്‍ ഗവണ്‍മെന്റ് നിരന്തം നടപടികള്‍ സ്വീകരിക്കുന്നുണ്ട്. ബാങ്കുകളുടെയും ജനങ്ങളുടെയും താല്‍പര്യം സംരക്ഷിക്കുമ്പോഴാണ് രാജ്യത്തിന്റെ താല്‍പര്യം സുരക്ഷിതമാകുന്നത്.
ഈ അവസ്ഥയില്‍ ജനങ്ങള്‍ക്കും വ്യാവസായികമേഖലയ്ക്കും കൃത്യമായ വിവരങ്ങള്‍ നല്‍കുന്നതിനുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതുപോലുള്ള സുപ്രധാനമായ പങ്ക് ഫിക്കിപോലുള്ള സ്ഥാപനങ്ങള്‍ക്ക് വഹിക്കാനാകും. ഉദാഹരണത്തിന് കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഫിനാന്‍ഷ്യല്‍ റസലൂഷന്‍ ആന്റ് ഡെപ്പോസിറ്റ് ഇന്‍ഷ്വറന്‍സ് ബില്ലി (എഫ്.ആര്‍.ഡി.ഐ ബില്‍)നെക്കുറിച്ച് ചില കിംവദന്തികള്‍ പരക്കുന്നുണ്ട്.
ഉപഭോക്താക്കളുടെ താല്‍പര്യം സംരക്ഷിക്കുന്നതിന് അവരുടെ നിക്ഷേപത്തിന് സുരക്ഷിത്വം ഉറപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനമാണ് ഗവണ്‍മെന്റ് നടത്തുന്നത്. എന്നാല്‍ അതിന് കടകവിരുദ്ധമായ വാര്‍ത്തകളാണ് പ്രചരിക്കുന്നത്. വ്യവസായ മേഖലയേയും ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം നീക്കങ്ങളെ നിഷ്ഫലമാക്കുന്നതിന് ഫിക്കിയെപ്പോലുളള സ്ഥാപനങ്ങളുടെ സംഭാവനകള്‍ അത്യാവശ്യമാണ്.
ഗവണ്‍മെന്റിന്റെ ശബ്ദം വ്യവസായമേഖലയുടെ ശബ്ദം ഒപ്പം പൊതുജനങ്ങളുടെ ശബ്ദം ഇവയെല്ലാം തമ്മില്‍ ഒരു സന്തുലിതാവസ്ഥ എങ്ങനെ നിലനിര്‍ത്താനാകുമെന്നതിനെക്കുറിച്ച് നിങ്ങള്‍ ചിന്തിക്കണം. ഈ ഏകോപനത്തിന്റെ ആവശ്യകതയെന്തിനെന്നുള്ളതിന് ഞാന്‍ നിങ്ങളുടെ മുന്നില്‍ ഒരു ഉദാഹരണം ചൂണ്ടിക്കാട്ടാം.
സുഹൃത്തുക്കളെ,
ജി.എസ്.ടി നിയമം പാസാക്കണമെന്നതും അത് നടപ്പിലാക്കണമെന്നതും വ്യാവസായികമേഖലയുടെ വളരെകാലത്തെ ആവശ്യമായിരുന്നു. എന്നാല്‍ അത് നടപ്പാക്കിയപ്പോള്‍ അത് കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് നിങ്ങളുടെ സംഘടന എന്ത് പങ്കുവഹിച്ചു? സാമൂഹികമാധ്യമങ്ങളില്‍ സജീവമായവര്‍ വിവിധ റെസ്‌റ്റോറെന്റുകള്‍ നല്‍കിയ ബില്ലുകള്‍ പൊതുജനങ്ങള്‍ അനവധി ദിവസം പോസ്റ്റ് ചെയ്തത് കണ്ടിരിക്കും. ഈ ബില്ലുകളില്‍ നികുതി കുറഞ്ഞിരിക്കും, എന്നാല്‍ ചില റെസ്‌റ്റോറന്റുകള്‍ അടിസ്ഥാനവിലയില്‍ വര്‍ദ്ധനവരുത്തി ബില്ലില്‍ കുറവു നല്‍കിയുമില്ല. ഇത് വ്യക്തമാക്കുന്നത് ഈ തീരുമാനത്തിന്റെ ആനുകൂല്യം ഉപഭോക്താവിന് കൈമാറിയിട്ടില്ലെന്നാണ്.
ഇത്തരം അവസരങ്ങളെ നേരിടുന്നതിന് ഗവണ്‍മെന്റ് അതിന്റേതായ പരിശ്രമം നടത്തുന്നുണ്ട്. എന്നാല്‍ ഇതേക്കുറിച്ച് പൊതുജനങ്ങളിലും വ്യാപാരമേഖലയിലും ബോധവല്‍ക്കരണമുണ്ടാക്കാന്‍ ഫിക്കി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?
സഹോദരീ, സഹോദരന്മാരെ,
ജി.എസ്.ടി പോലുള്ള ഒരു സംവിധാനമൊന്നും ഒരു രാത്രികൊണ്ട് സൃഷ്ടിക്കാന്‍ കഴിയില്ല. കഴിഞ്ഞ 70 വര്‍ഷമായി സൃഷ്ടിച്ചിരിക്കുന്ന സംവിധാനത്തെ തന്നെ മാറ്റാനാണ് ഞങ്ങള്‍ പരിശ്രമിക്കുന്നത്. പരമാവധി ഏണ്ണം വ്യാപാര സ്ഥാപനങ്ങളെ ഇതുമായി ബന്ധിപ്പിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം.
വിറ്റുവരവ് ഒരുലക്ഷം രൂപയോ, പത്തുലക്ഷം രൂപയോ ആയിക്കോട്ടെ, ചെറുകിട വ്യാപാരികളെപ്പോലും ഔപചാരികസംവിധാനത്തില്‍ കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. ഗവണ്‍മെന്റിന് നികുതിപിരിയ്ക്കാനും കുറച്ച് പണം ശേഖരിക്കാനും വേണ്ടിയല്ല ഇത്. ഗവണ്‍മെന്റ് ഇതൊക്കെ ചെയ്യുന്നത് സംവിധാനം എത്രത്തോളം ഔപചാരികമാകുന്നുവോ, അത്രയ്ക്കും സുതാര്യമായിരിക്കുമെന്നതുകൊണ്ടാണ്. അത് നമ്മുടെ പാവപ്പെട്ട ജനങ്ങള്‍ക്ക് തുല്യമായി ഗുണകരവുമായിരിക്കും. അതിന് പുറമെ ഔപചാരിക സംവിധാനത്തിന്റെ ഭാഗമാകുന്നതോടെ ബാങ്കുകളില്‍ നിന്ന് അവര്‍ക്ക് എളുപ്പത്തില്‍ വായ്പലഭിക്കും, അസംസ്‌കൃത വസ്തുക്കളുടെ ഗുണനിലവാരം മെച്ചപ്പെടും, കൂടാതെ ചരക്കുനീക്കത്തിനുള്ള ചെലവില്‍ ഗണ്യമായ കുറവുണ്ടാകുകയും ചെയ്യും. അതായത് ഒരു ചെറിയ വ്യാപാരംപോലും ആഗോള വ്യാപാരമേഖലയില്‍ കൂടുതല്‍ മത്സരിക്കാന്‍ കഴിവുനേടും. ചെറുകിട വ്യാപാരമേഖലയ്ക്ക് വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിന് ഒരു വലിയ പദ്ധതിക്ക് ഫിക്കി രൂപം നല്‍കിയിട്ടുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.
സഹോദരീ, സഹോദരന്മാരെ,
ഫിക്കിക്ക് സമാനമായ കേന്ദ്ര സൂക്ഷമ ചെറുകിട ഇടത്തര സംരംഭകത്വ മന്ത്രാലയം (എം.എസ്.എം.ഇ) 2013ലാണ് രൂപീകൃതമായത്. 90 വര്‍ഷം പഴക്കമുള്ള ഈ സ്ഥാപനത്തിന് ലംബമായ പ്രതിരൂപം ഉണ്ടായിട്ട് നാലുവര്‍ഷമാണായിട്ടുള്ളത്. ഇതിനെക്കുറിച്ച് ഞാന്‍ കൂടുതലൊന്നും പറയാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ നിങ്ങളുടെ ഈ ലംബപ്രതിരൂപത്തിന് മുദ്രായോജന, സ്റ്റാര്‍ട്ട്-അപ്പ് ഇന്ത്യ, സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ പോലുള്ള പദ്ധതികളെ വിപുലമാക്കുന്നതിന് എത്രത്തോളം കഴിയുമെന്ന് കാണാന്‍ എനിക്ക് ആഗ്രഹമുണ്ട്. ഇത്തരത്തില്‍ പരിചിതമായ ഒരു സ്ഥാപനം കൈകൊടുക്കാനുണ്ടാുകുമ്പോള്‍ നമ്മുടെ ചെറുകിട വ്യവസായങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജസ്വലമായി പ്രവര്‍ത്തിക്കാന്‍ കഴിയും.
ജെം-‘ഗവണ്‍മെന്റ് ഇ-മാര്‍ക്കറ്റ് പ്ലേസ്’; എന്നപേരില്‍ ഗവണ്‍മെന്റ് രൂപീകരിച്ചിട്ടുള്ള സംവിധാനത്തില്‍ രാജ്യത്തെ ചെറുകിട വ്യാവസായസ്ഥാപനങ്ങളെ ബന്ധിപ്പിക്കാനുള്ള പരിശ്രമം ഊര്‍ജ്ജിതമാക്കണം. ‘ജെ’മ്മിലൂടെ ഒരു ചെറുകിടവ്യാപാരിക്കുപോലും തങ്ങളുടെ ഉല്‍പ്പന്നം ഗവണ്‍മെന്റിന് വില്‍ക്കാന്‍ കഴിയും.
നിങ്ങളില്‍ നിന്ന് ഞാന്‍ മറ്റൊന്നുകൂടി പ്രതീക്ഷിക്കുന്നു. ചെറുകിട കമ്പനികള്‍ക്ക് വന്‍കിട കമ്പനികളില്‍ നിന്നും ലഭിക്കാനുള്ള പണം സമയത്തിന് കൊടുക്കുന്നതിന് നിങ്ങള്‍ എന്തെങ്കിലും ചെയ്യണം. ഇവിടെ നിയമങ്ങള്‍ നിലവിലുണ്ട് എന്നാല്‍ അതേസമയം ചെറുകിട കമ്പനികള്‍ക്ക് വന്‍കിട കമ്പനികള്‍ വലിയ അളവില്‍ പണം നല്‍കാനുണ്ടെന്നുള്ളതും സത്യമാണ്. മൂന്ന്-നാല് മാസം കഴിയുമ്പോഴാണ് ഈ ഗഡു തീര്‍ക്കുന്നത്. വ്യാപാര ബന്ധത്തെ മോശമാക്കുമെന്ന് ഭയന്ന് അവര്‍ പണം ആവശ്യപ്പെടാന്‍ മടിക്കുകയും ചെയ്യും. ഇത്തരം പീഢനങ്ങളുടെ തീവ്രതകുറയ്ക്കുന്നതിന് ഇനങ്ങള്‍ ചില പ്രയ്തനങ്ങള്‍ നടത്തണം.
സുഹൃത്തുക്കളെ,
കഴിഞ്ഞ നൂറ്റാണ്ടിലെ വ്യാവസായികവിപ്ലവത്തിന്റെ സമ്പൂര്‍ണ്ണമായ നേട്ടം എടുക്കാന്‍ നമ്മുടെ രാജ്യത്തിന് കഴിയാതെപോയതിന് നിരവധി കാരണങ്ങളുണ്ട്. ഇന്ന് ഇന്ത്യയ്ക്ക് ഒരു പുതിയ വിപ്ലവം ആരംഭിക്കാന്‍ കഴിയുന്നതിനുള്ള നിരവധി ഘടകങ്ങളുണ്ടുതാനും.
രാജ്യത്തിന്റെ ആവശ്യവും അഭിലാഷവും കണക്കിലെടുത്താണ് ഈ ഗവണ്‍മെന്റ് നയങ്ങള്‍ രൂപീകരിക്കുന്നത്. കാലഹരണപ്പെട്ട നിയമങ്ങള്‍ പിന്‍വലിക്കുകയും പുതിയവ കൊണ്ടുവരികയും ചെയ്യുകയാണ്.
അടുത്തിടെ മുളയുമായി ബന്ധപ്പെട്ട് നാം വളരെ സുപ്രധാനമായ ഒരു തീരുമാനം എടുക്കുകയുണ്ടായി. മുള ഒരു മരമാണോ അല്ലയോ എന്ന് തീരുമാനിക്കുന്നതിന് നമ്മുടെ രാജ്യത്ത് രണ്ടു നിയമങ്ങളാണുണ്ടായിരുന്നത്. വനത്തിന് പുറത്ത് വളരുന്ന മുളകള്‍ മരങ്ങളല്ല, എന്ന് വ്യക്തമാക്കികൊണ്ട് ഗവണ്‍മെന്റ് ഇന്ന് ഈ പ്രശ്‌നംപരിഹരിച്ചു. ഈ തീരുമാനം മുളയുമായി ബന്ധപ്പെട്ട വ്യവസായങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ലക്ഷക്കണക്കിന് ചെറുകിട വ്യാപാരികള്‍ക്ക് ഗുണംചെയ്യും.
സുഹൃത്തുക്കളെ,
ഫിക്കിയുടെ അംഗസംഖ്യയില്‍ ഭൂരിപക്ഷവും ഉല്‍പ്പാദനമേഖയുമായി ബന്ധപ്പെട്ടവരാണെന്ന് എനിക്ക് അറിയാന്‍ കഴിഞ്ഞു. ഫിക്കി കുടുംബത്തിലെ നാലിലൊന്ന് അംഗങ്ങള്‍ എഞ്ചിനീയറിംഗ് ചരക്കുകള്‍, അടിസ്ഥാനസൗകര്യം, റിയല്‍ എസ്‌റ്റേറ്റ് വ്യാപാരമേഖല, നിര്‍മ്മാണമേഖല എന്നിവിങ്ങളില്‍ നിന്നാണ്.
സഹോദരീ, സഹോദരന്മാരെ,
എന്നാല്‍ എന്തുകൊണ്ടാണ് കെട്ടിടനിര്‍മ്മാതാക്കളുടെ തോന്ന്യാസം മൂന്‍ ഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍വരാത്തത്? ഇടത്തരക്കാര്‍ വല്ലാതെ ബുദ്ധിമുട്ടുകയായിരുന്നു, തങ്ങളുടെ ആജീവനാന്ത സമ്പാദ്യം മുഴുവനും കെട്ടിടനിര്‍മ്മാതാക്കള്‍ക്ക് നല്‍കിയിട്ടും വീട് ലഭിക്കാതെ വിഷമിക്കുകയായിരുന്നു? എന്തുകൊണ്ട് ശക്തമായ നടപടി എടുത്തില്ല? എന്തുകൊണ്ട്? ആര്‍.ഇ.ആര്‍.എ പോലുള്ള നിയമങ്ങള്‍ നേരത്തെ പാസ്സാക്കാമായിരുന്നു, എന്നാല്‍ അവ കൊണ്ടുവന്നില്ല. ഈ ഗവണ്‍മെന്റിന് മാത്രമാണ് ഇടത്തരക്കാര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് മനസിലായത്. അതുകൊണ്ടുതന്നെ നിയമത്തിലൂടെ കെട്ടിടനിര്‍മ്മാതാക്കളുടെ തോന്ന്യാസം അവസാനിപ്പിക്കുകയും ചെയ്തു.
സഹോദരീ, സഹോദരന്മാരെ,
മാര്‍ച്ചില്‍ ബജറ്റ് അവതരിപ്പിച്ച് ഒരുവര്‍ഷം കഴിഞ്ഞിട്ടും ഗവണ്‍മെന്റ് പദ്ധതികള്‍ പൂര്‍ത്തിയാകുന്നില്ലെന്ന് ഞങ്ങള്‍ക്ക് മനസിലായി. മണ്‍സൂണ്‍ മൂലം മൂന്ന് നാല് മാസങ്ങള്‍ നഷ്ടപ്പെടുന്നു. അതുകൊണ്ടാണ് ഈ വര്‍ഷത്തെ ബജറ്റ് തീയതി ഒരുമാസം മുമ്പോട്ടാക്കിയത്. അതിന്റെ ഫലമായി വകുപ്പുകള്‍ക്ക് കൃത്യസമയത്ത് ഫണ്ടുകള്‍ ലഭിക്കുകയും അവര്‍ക്ക് പദ്ധതി പ്രവര്‍ത്തനത്തിനായി ഒരു സമ്പൂര്‍ണ്ണവര്‍ഷം ലഭിക്കുകയും ചെയ്യും.
സുഹൃത്തുക്കളെ,
യൂറിയ, തുണിവ്യവസായമേഖല(ടെക്‌സ്‌റ്റൈല്‍സ് മേഖല), വ്യോമയാനമേഖല, എന്നീ രംഗങ്ങളില്‍ ഈ ഗവണ്‍മെന്റ് പുതിയ നയങ്ങള്‍ രൂപീകരിച്ചു. ഗതാഗതമേഖലയ്ക്കായി ഒരു സംയോജിത നയവും ആരോഗ്യമേഖലയ്ക്കായി മറ്റൊന്നും രൂപീകരിച്ചു. നയങ്ങള്‍ക്ക് വേണ്ടി നയങ്ങള്‍ എന്ന രീതിയിലല്ല ഇവയൊക്കെ സൃഷ്ടിച്ചിരിക്കുന്നതും.
ഞങ്ങള്‍ യൂറിയ നയം തിരുത്തിയതോടെ രാജ്യത്ത് പുതിയ യൂറിയ പ്ലാന്റുകള്‍ ആരംഭിക്കുകയും രാജ്യത്തെ യൂറിയ ഉല്‍പ്പാദനം 18-20 ലക്ഷം ടണ്‍ വര്‍ദ്ധിക്കുകയുംചെയ്തു. ടെക്‌സ്‌റ്റൈല്‍സ് മേഖലയിലെ പുതിയ നയം ഒരു കോടി (10 ദശലക്ഷം) തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. വ്യോമയാനമേഖലയിലെ നയമാറ്റം വിമാനത്തെ സാധാരണക്കാരായ ജനങ്ങളില്‍ എത്തിക്കുന്നതിന് വേണ്ട സൗകര്യങ്ങള്‍ നല്‍കുന്നതാണ്. സംയോജിത ഗതാഗത നയം വിവിധ വിഭാഗങ്ങളിലുള്ള ഗതാഗതമേഖലകളുടെ ചുമലിലെ ഭാരം കുറയ്ക്കും.
കഴിഞ്ഞ മൂന്നു വര്‍ഷം കൊണ്ട് 21 മേഖലകളില്‍ 87ലേറെ പരിഷ്‌ക്കാരങ്ങള്‍ നടപ്പാക്കി കഴിഞ്ഞു. പ്രതിരോധ മേഖല, നിര്‍മ്മാണമേഖല, സാമ്പത്തികസേവന മേഖല, ഭക്ഷ്യസംസ്‌ക്കരണം തുടങ്ങി നിരവധി മേഖലകളില്‍ പ്രധാനപ്പെട്ട പല മാറ്റങ്ങളൂം കൊണ്ടുവന്നു. സമ്പദ്ഘടനയുമായി ബന്ധപ്പെട്ട വിവിധ ഘടകങ്ങളില്‍ ഇതിന്റെ പ്രത്യാഘാതങ്ങള്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയും.
മൂന്നുവര്‍ഷം കൊണ്ട് ഇന്ത്യ നൂറ്റിനാല്‍പ്പത്തിരണ്ടാം സ്ഥാനത്തുനിന്നും നൂറാം സ്ഥാനത്ത് എത്തി. ഇന്ത്യയുടെ വിദേശനാണ്യനിക്ഷേപം 30,000 കോടി ഡോളറില്‍ നിന്നും 40,000കോടിയായി ഉയര്‍ന്നു. ഗ്ലോബല്‍ കോംപറ്റീറ്റീവ് ഇന്‍ഡക്‌സില്‍ ഇന്ത്യയുടെ റാങ്ക് 32 പോയിന്റ് ഉയര്‍ന്നു. ഗ്ലോബല്‍ ഇന്നവേഷന്‍ ഇന്‍ഡക്‌സില്‍ ഇന്ത്യയുടെ സ്ഥാനം 21 പോയിന്റ് കുതിച്ചുകയറി, ലോജിസ്റ്റിക്ക് പെര്‍ഫോമന്‍സ് ഇന്‍ഡക്‌സില്‍ 19 പോയിന്റു കയറി. നേരിട്ടുള്ള വിദേശ നിക്ഷേപമാണെങ്കില്‍ കഴിഞ്ഞ മൂന്നുവര്‍ഷം കൊണ്ട് 70% വളര്‍ച്ചയാണുണ്ടായിട്ടുള്ളത്.
സഹോദരീ, സഹോരന്മാരെ,
ഫിക്കിയിലെ അംഗങ്ങളിലെ നല്ലൊരു വിഭാഗം നിര്‍മ്മാണമേഖലയുമായി ബന്ധപ്പെട്ടവരാണ്. നിര്‍മ്മാണമേഖലയിലെ 75% നേരിട്ടുള്ള വിദേശനിക്ഷേപവും കഴിഞ്ഞ മൂന്നുവര്‍ഷത്തിനുള്ളിലാണ് വന്നതെന്നതിനെക്കുറിച്ച് നിങ്ങള്‍ക്ക് അറിവുണ്ടായിരിക്കും.
അതുപോലെ ഗതാഗതമേഖല, ഖനനമേഖല, കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയര്‍ ആന്റ് ഹാര്‍ഡ്‌വെയര്‍ മേഖലകള്‍ അല്ലെങ്കില്‍ ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍, എന്തുമായിക്കാട്ടേ, ഇവയിലെയൊക്കെ പകുതിയില്‍ പരം നേരിട്ടുള്ള വിദേശനിക്ഷേപം വന്നത് കഴിഞ്ഞ മൂന്നുവര്‍ഷത്തിനുള്ളിലാണ്.
സമ്പദ്ഘടന ശക്തിപ്പെടുത്തിയത് വ്യക്തമാക്കുന്ന കുറച്ചുകൂടി വിവരങ്ങള്‍ ഞാന്‍ ഇവിടെ വയ്ക്കാന്‍ ആഗ്രഹിക്കുകയാണ്. കഴിഞ്ഞ രണ്ടു മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് പുറത്തിറക്കിയ ഈ സൂചികകളെക്കുറിച്ച് നിങ്ങള്‍ക്ക് അറിവുണ്ടായിരിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്നാലും നിങ്ങളുടെ ശ്രദ്ധ അതിലേക്ക് കൊണ്ടുവരാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്.
സുഹൃത്തുക്കളെ,
ആഭ്യന്തരവിപണിയില്‍ യാത്രാ വാഹനങ്ങളുടെ വില്‍പ്പനയില്‍ നവംബറില്‍ 14% വര്‍ദ്ധനയാണുണ്ടായത്. രാജ്യത്തിന്റെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ പ്രതിഫലിക്കുന്ന വാണിജ്യവാഹനങ്ങളുടെ വില്‍പ്പനയില്‍ 50% വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തൊഴിലിന്റെ സൂചകമായ മുന്‍ച്ചക്രവാഹനങ്ങളുടെ വില്‍പ്പന്നയില്‍ നവംബറില്‍ 80% മാണ് വളര്‍ച്ച. ഇടത്തരക്കാരുടെയും ഗ്രാമീണമേഖലയുടെയും വരുമാന വര്‍ദ്ധനവിന്റെ സൂചകമായ ഇരുചക്രവാഹനങ്ങളുടെ വില്‍പ്പനയില്‍ 23% വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
സുഹൃത്തുക്കളെ,
സാധാരണക്കാര്‍ക്ക് സമ്പദ്ഘടനയിലുള്ള വിശ്വാസം വര്‍ദ്ധിക്കുമ്പോഴാണ് ഇത്തരത്തിലുള്ള വലിയ മാറ്റങ്ങള്‍ സംഭവിക്കുന്നതെന്ന് നിങ്ങള്‍ക്ക് അറിയാവുന്നതാണ്. താഴേത്തട്ടുമുതല്‍ ഗവണ്‍മെന്റ് ഭരണപരവും, ധനപരമായതും നിയമപരമായതുമായ നടപടികള്‍ സ്വീകരിക്കുന്നതിന്റെ വ്യക്തമായ തെളിവാണ് ഈ പരിഷ്‌ക്കാരങ്ങള്‍. ഗവണ്‍മെന്റ് കൈക്കൊള്ളുന്ന സാമൂഹികപരിഷ്‌ക്കരണങ്ങള്‍ സ്വാഭാവികമായി സാമ്പത്തിക പരിഷ്‌ക്കരണത്തിന് വഴിവയ്ക്കുന്നുവെന്നതിന്റെ സാക്ഷ്യപ്പെടുത്തലാണ് ഈ പരിവര്‍ത്തനങ്ങള്‍. തൊഴില്‍ സൃഷ്ടിക്കുന്നതിലും ഇവ പ്രധാനപ്പെട്ട പങ്കുവഹിക്കുന്നുണ്ട്.
ഉദാഹരണത്തിന് ഞാന്‍ പ്രധാനമന്ത്രി ആവാസ് യോജന(പി.എം.എ.വൈ) യില്‍ എല്ലാ പാവപ്പെട്ടവര്‍ക്കും 2022 ഓടെ വീട് നല്‍കുന്നതിന്‌വേണ്ടി ഗവണ്‍മെന്റ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. ഈ ആവശ്യത്തിനായി ഗ്രാമങ്ങളിലും നഗരങ്ങളിലുമായി ലക്ഷക്കണക്കിന് വീടുകള്‍ നിര്‍മ്മിച്ചു. പ്രാദേശികതലത്തില്‍ നിന്നുള്ള മനുഷ്യശേഷിയാണ് ഇത്തരം ഭവനനിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത്. പ്രാദേശിക വിപണികളില്‍ നിന്ന് ലഭിക്കുന്ന ഉല്‍പ്പന്നങ്ങളാണ് ഈ നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്നത്. അതുപോലെ ഗ്യാസ് പൈപ്പ്‌ലൈന്‍ ഇടുന്ന പദ്ധതിയിലൂടെ നിരവധി നഗരങ്ങളില്‍ നഗര പാചകവാതക വിതരണ സംവിധാനം വികസിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. സി.എന്‍.ജി വിതരണം ചെയ്യുന്ന നഗരങ്ങളില്‍ തൊഴില്‍ വിപണിക്കുള്ള ഒരു പരിസ്ഥിതി സൃഷ്ടിക്കാനുമായിട്ടുണ്ട്.
സഹോദരീ, സഹോദരന്മാരെ,
രാജ്യത്തിന്റെ ആവശ്യകതകള്‍ മനസിലാക്കി നാമെല്ലാം ഒരുമിച്ച് പ്രവര്‍ത്തിച്ചാല്‍ മാത്രമേ പൊതുജനങ്ങളുടെ പ്രതീക്ഷകളും ആവശ്യകതകളും നിറവേറ്റാന്‍ കഴിയുകയുള്ളു. വിദേശത്തുനിന്നും ഇറക്കുമതി ചെയ്യാന്‍ നാം നിര്‍ബന്ധിതരാകുന്ന വസ്തുക്കള്‍ ഉല്‍പ്പാദിപ്പിക്കുന്നത് ഫിക്കിയുമായി ബന്ധപ്പെട്ട കമ്പനികള്‍ പരിഗണിക്കണം. ഇന്ന് നമുക്ക് വില്‍ക്കുന്ന പല പൂര്‍ത്തീകരിച്ച ഉല്‍പ്പന്നങ്ങളുടെ നമ്മുടെ അസംസ്‌കൃതവസ്തുക്കള്‍ കൊണ്ട് നിര്‍മ്മിച്ചവയാണ്. ഈ സാഹചര്യത്തില്‍ നിന്നും നമമുടെ രാജ്യത്തെ നമുക്ക് രക്ഷപ്പെടുത്തേണ്ടതുണ്ട്.
സുഹൃത്തുക്കളെ,
2022ല്‍ നമ്മുടെ രാജ്യം അതിന്റെ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കാന്‍പോകുകയാണ്. ഒരു നവ ഇന്ത്യ സൃഷ്ടിക്കാനായി നമുക്ക് പ്രതിജ്ഞയെടുക്കാം. ഫിക്കിയെ പോലുള്ള സംഘടനകളുടെ പ്രവൃത്തിയുടെ വ്യാപ്തി വളരെ വിശാലമാണ്, അവരുടെ ഉത്തരവാദിത്വങ്ങള്‍ വളരെ വലുതാണ്, അതുകൊണ്ടുതന്നെ നവ ഇന്ത്യയ്ക്ക് വേണ്ടിയുള്ള പുതിയ പ്രതിജ്ഞയുമായി അവര്‍ മുന്നോട്ടുവരുമെന്ന പ്രതീക്ഷയാണുള്ളതും. രാജ്യത്തിന്റെ ഭാവി ആവശ്യങ്ങള്‍ പരിഗണിക്കുമ്പോള്‍ തങ്ങള്‍ക്ക് എന്തൊക്കെ ചെയ്യാനാകുമെന്ന പ്രതിജ്ഞയാണ് ഫിക്കി പരിഗണിക്കേണ്ടത്. എന്തെങ്കിലും ചെയ്യാന്‍ വലിയ ശേഷിയുള്ള നിരവധി വിഭാഗങ്ങള്‍ നിങ്ങള്‍ക്കുണ്ട്. ഭക്ഷ്യസംസ്‌ക്കരണം, കൃത്രിമ ബുദ്ധി(ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്), സൗരോര്‍ജ്ജഗ, ആരോഗ്യസുരക്ഷ, തുടങ്ങിയ മേഖലകള്‍ക്ക് ഫിക്കിയുടെ പരിചയം ഗുണംചെയ്യും. നിങ്ങളുടെ സംഘടനയ്ക്ക് രാജ്യത്തെ എം.എസ്.എം.ഇ മേഖലയ്ക്ക് വേണ്ട ഉപദേശ-നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന ഒരു സംവിധാനമായി പ്രവര്‍ത്തിക്കാന്‍ കഴിയുമോ?
സഹോദരീ, സഹോദരന്മാരെ,
നമുക്ക് നിരവധി കാര്യങ്ങള്‍ ചെയ്യാനുണ്ട്, ഇപ്പോള്‍ നമുക്ക് വേണ്ടത് ഒരു പ്രതിജ്ഞയെടുക്കലും അത് പ്രാവര്‍ത്തികമാക്കലുമാണ്. നമ്മുടെ വാഗ്ദാനങ്ങള്‍ പാലിക്കപ്പെടുമ്പോള്‍ രാജ്യം വിജയിക്കും. എന്നാല്‍ ക്രിക്കറ്റില്‍ സംഭവിക്കുന്ന ഒരു കാര്യം ഓര്‍മ്മിച്ചുവയ്ക്കണം. ചില ബാറ്റ്‌സ്മാന്‍മാര്‍ 90 റണ്‍സ് കഴിയുമ്പോള്‍ ശതകം പ്രതീക്ഷിച്ച് വളരെ മെല്ലെ കളിക്കുന്ന ഒരു രീതിയുണ്ട്. ഫിക്കി അവരെ പിന്തുടരരുത്. നിങ്ങള്‍ ഉയര്‍ത്തെഴുന്നേറ്റ് ഒരു ഫോറോ, സിക്‌സോ അടിച്ച് 100 എന്ന കടമ്പ കടക്കണം.
ഫിക്കിക്കും അതിലെ അംഗങ്ങള്‍ക്കും എല്ലാ ഭാവുകങ്ങളും ആശംസിച്ചുകൊണ്ട് ഞാന്‍ എന്റെ പ്രസംഗം അവസാനിപ്പിക്കുന്നു.
നിങ്ങള്‍ക്കെല്ലാം വളരെയധികം നന്ദി!