ബഹുമാനപ്പെട്ട പ്രസിഡന്റ് ജോക്കോ വിദോദോ,
ആദരണീയരായ മഹത് വ്യക്തികളെ,
നമസ്കാരം.
നമ്മുടെ പങ്കാളിത്തം നാലാം ദശകത്തിലേക്ക് കടക്കുകയാണ്.
ഈ അവസരത്തിൽ ഇന്ത്യ ആസിയാൻ ഉച്ചകോടിയിൽ സഹ – അധ്യക്ഷത വഹിക്കാൻ സാധിച്ചതിൽ എനിക്ക് വളരെയധികം സന്തോഷമുണ്ട്.
ഈ ഉച്ചകോടിയുടെ ഗംഭീരമായ നടത്തിപ്പിന് പ്രസിഡന്റ് ജോക്കോ വിദോദോയെ ഞാൻ എന്റെ സന്തോഷം അറിയിക്കുകയും ഹൃദയപൂർവം അഭിനന്ദിക്കുകയും ചെയ്യുന്നു.
ആദരണീയരേ,
ആസിയാൻ സംഘത്തിന്റെ കാര്യക്ഷമമായ നേതൃത്വത്തിനും ഞാൻ എന്റെ അഭിനന്ദനങ്ങൾ അറിയിക്കുന്നു.
അടുത്തിടെ പ്രധാനമന്ത്രിപദം ഏറ്റെടുത്ത കമ്പോഡിയയുടെ ഹുൻ മാനെറ്റിനും ഞാൻ ഹൃദയംഗമമായ ആശംസകൾ നേരുന്നു.
ഈ യോഗത്തിന്റെ നിരീക്ഷണ പദവി അലങ്കരിക്കുന്ന ബഹുമാനപ്പെട്ട തിമോർ-ലെസ്റ്റെ പ്രധാനമന്ത്രി സനാന ഗുസ്മാവോയെയും ഞാൻ സ്വാഗതം ചെയ്യുന്നു.
ബഹുമാന്യരേ,
നമ്മുടെ ചരിത്രവും ഭൂമിശാസ്ത്രവും ഇന്ത്യയെയും ആസിയാനെയും പരസ്പരം ബന്ധപ്പെടുത്തിയിരിക്കുന്നു. പങ്കിടുന്ന മൂല്യങ്ങൾക്കൊപ്പം, പ്രാദേശിക ഐക്യം, സമാധാനം, സമൃദ്ധി, ബഹുധ്രുവലോകത്തിലുള്ള സംയുക്തമായ വിശ്വാസം എന്നിവയും നമ്മെ ഒരുമിപ്പിക്കുന്നു.
ഇന്ത്യയുടെ ‘ആക്ട് ഈസ്റ്റ്’ നയത്തിന്റെ കേന്ദ്ര ബിന്ദുവാണ് ആസിയാൻ.
ആസിയാൻ കേന്ദ്രീകരണത്തെയും ആസിയാന്റെ ഇന്തോ-പസഫിക്ക് കാഴ്ചപ്പാടിനെയും ഇന്ത്യ പൂർണമായി പിന്തുണയ്ക്കുന്നു.
ഇന്ത്യയുടെ ഇന്തോ-പസഫിക് സംരംഭത്തിൽ ആസിയാന് പ്രമുഖ സ്ഥാനമുണ്ട്.
കഴിഞ്ഞ വർഷം, നമ്മൾ ഇന്ത്യ-ആസിയാൻ സൗഹൃദ വർഷമായി ആഘോഷിക്കുകയും നമ്മുടെ ബന്ധം സമഗ്ര നയതന്ത്ര പങ്കാളിത്തത്തിലേക്ക് ഉയർത്തുകയും ചെയ്തു.
ആദരണീയരേ,
ഇന്ന്, ആഗോള തലത്തിൽ അനിശ്ചിതത്വങ്ങളുടെ ചുറ്റുപാടിൽ നിൽക്കുമ്പോൾ പോലും, നമ്മുടെ പരസ്പര സഹകരണത്തിന്റെ എല്ലാ മേഖലകളിലും തുടർച്ചയായ പുരോഗതിയുണ്ട്.
ഇത് നമ്മുടെ ബന്ധത്തിന്റെ ശക്തിയുടെയും ദൃഢതയുടെയും തെളിവാണ്. ‘ആസിയാൻ പ്രസക്തമാണ്: വളർച്ചയുടെ പ്രഭവകേന്ദ്രം’ എന്നതാണ് ഈ വർഷത്തെ ആസിയാൻ ഉച്ചകോടിയുടെ പ്രമേയം. ആസിയാൻ പ്രാധാന്യമർഹിക്കുന്നു. കാരണം ഇവിടെ എല്ലാവരുടെയും അഭിപ്രായങ്ങൾ കേൾക്കുന്നു. ആസിയാൻ വളർച്ചയുടെ പ്രഭവകേന്ദ്രമാണ്, കാരണം ആസിയാൻ മേഖല ആഗോള വികസനത്തിൽ നിർണായക പങ്ക് വഹിക്കുന്നു.
‘വസുധൈവ കുടുംബകം’ – ‘ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി’, ഈ വികാരമാണ് ഇന്ത്യയുടെ ജി-20 അധ്യക്ഷതയുടെ പ്രമേയം.
ബഹുമാന്യരേ,
ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഏഷ്യയുടെ നൂറ്റാണ്ട് ആണ്. അത് നമ്മുടെ നൂറ്റാണ്ടാണ്.
ഇതിനായി, കോവിഡിന് ശേഷമുള്ള നിയമാധിഷ്ഠിതമായ ലോകക്രമവും മനുഷ്യക്ഷേമത്തിനായി എല്ലാവരുടെയും പരിശ്രമവും ആവശ്യമാണ്.
സ്വതന്ത്രവും തുറന്നതുമായ ഇന്തോ-പസഫിക്കിന്റെ പുരോഗതിയും, ഗ്ലോബൽ സൗത്ത് രാജ്യങ്ങളുടെ ശബ്ദം ഉയരണം എന്നതും ഏവർക്കും അഭികാമ്യമായ കാര്യമാണ്. ഇന്നത്തെ ചർച്ചകൾ ഇന്ത്യയുടെയും ആസിയാൻ മേഖലയുടെയും ഭാവി ശക്തിപ്പെടുത്തുന്നതിനുള്ള പുതിയ തീരുമാനങ്ങളിലേക്ക് നയിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു.
യോഗത്തിന്റെ സംഘാടക രാജ്യം സിംഗപ്പൂരിനും അടുത്ത അധ്യക്ഷ രാജ്യമായ ലാവോസിനും ഞങ്ങളുടെ എല്ലാവിധ പിന്തുണയും അറിയിക്കുന്നു. നിങ്ങളോട് തോളോട് തോൾ ചേർന്നു പ്രവർത്തിക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്.
നന്ദി.