നമോ ബുദ്ധായ!

നേപ്പാള്‍ പ്രധാനമന്ത്രി ബഹുമാനപ്പെട്ട ശ്രീ ഷേര്‍ ബഹാദൂര്‍ ദ്യൂബ ജി,
ബഹുമാനപ്പെട്ട ശ്രീമതി അര്‍സു ദ്യുബ ജി,
യോഗത്തില്‍ പങ്കെടുക്കുന്ന നേപ്പാള്‍ ഗവണ്‍മെന്റിലെ മന്ത്രിമാരെ, ഇവിടെ എത്തിയിരിക്കുന്ന വളരെയധികം ബുദ്ധ സന്യാസിമാരെ, ബുദ്ധമത വിശ്വാസികളെ, വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രമുഖരെ, മഹതികളെ മാന്യന്മാരെ!

മംഗളകരമായ ഈ ബുദ്ധജയന്തി വേളയില്‍, ഇവിടെ സന്നിഹിതരായ എല്ലാവര്‍ക്കും, എല്ലാ നേപ്പാളികള്‍ക്കും, ലോകത്തിലെ എല്ലാ ഭക്തജനങ്ങള്‍ക്കും പുണ്യഭൂമിയായ ലുംബിനിയില്‍ നിന്ന് ബുദ്ധപൂര്‍ണിമ ആശംസകള്‍ നേരുന്നു.

പണ്ടും വൈശാഖ പൂര്‍ണിമ നാളില്‍ ശ്രീബുദ്ധനുമായി ബന്ധപ്പെട്ട പരിപാടികള്‍ക്കായി അദ്ദേഹവുമായി ബന്ധപ്പെട്ട ദൈവിക സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ എനിക്ക് അവസരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇന്ന്, ഇന്ത്യയുടെ സുഹൃത്തായ നേപ്പാളിലെ ബുദ്ധന്റെ വിശുദ്ധ ജന്മസ്ഥലമായ ലുംബിനി സന്ദര്‍ശിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായി. അല്‍പം മുമ്പ് മായാദേവി ക്ഷേത്രം സന്ദര്‍ശിക്കാന്‍ ലഭിച്ച അവസരവും അവിസ്മരണീയമാണ്. ഭഗവാന്‍ ബുദ്ധന്‍ ജനിച്ച സ്ഥലം, അവിടെയുള്ള ഊര്‍ജ്ജം, അവിടെയുള്ള ബോധം, അത് മറ്റൊരു വികാരമാണ്. 2014ല്‍ ഈ സ്ഥലത്ത് ഞാന്‍ സമ്മാനിച്ച മഹാബോധി വൃക്ഷത്തിന്റെ തൈ ഇപ്പോള്‍ മരമായി വളരുന്നത് കാണുന്നതില്‍ എനിക്കും സന്തോഷമുണ്ട്.

സുഹൃത്തുക്കളെ,
പശുപതിനാഥ്ജിയോ മുക്തിനാഥ് ജിയോ ജനക്പൂര്‍ ധാമോ ലുംബിനിയോ ആകട്ടെ, ഞാന്‍ നേപ്പാളില്‍ വരുമ്പോഴെല്ലാം, നേപ്പാള്‍ അതിന്റെ ആത്മീയ അനുഗ്രഹങ്ങളാല്‍ എന്നെ തൃപ്തിപ്പെടുത്തുന്നു.

സുഹൃത്തുക്കളെ,
'നേപ്പാള്‍ ഇല്ലാതെ നമ്മുടെ രാമനും അപൂര്‍ണ്ണമാണ്' എന്ന് ഞാന്‍ ജനക്പൂരില്‍ പറഞ്ഞിരുന്നു. ഇന്ന് ഇന്ത്യയില്‍ ശ്രീരാമന്റെ മഹത്തായ ക്ഷേത്രം നിര്‍മ്മിക്കപ്പെടുമ്പോള്‍ നേപ്പാളിലെ ജനങ്ങള്‍ക്ക് സമാനമായ സന്തോഷമുണ്ടെന്ന് എനിക്കറിയാം.

സുഹൃത്തുക്കളെ,
നേപ്പാള്‍ എന്നാല്‍ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പര്‍വതമായ സാഗര്‍മാത ഉള്‍പ്പെടുന്ന രാജ്യം എന്നാണ് അര്‍ത്ഥമാക്കുന്നത്.
നേപ്പാള്‍ എന്നാല്‍ ലോകത്തിലെ നിരവധി വിശുദ്ധ തീര്‍ത്ഥാടനങ്ങളുടെയും ക്ഷേത്രങ്ങളുടെയും ആശ്രമങ്ങളുടെയും രാജ്യം എന്നാണ് അര്‍ത്ഥമാക്കുന്നത്!
നേപ്പാള്‍ എന്നാല്‍ ലോകത്തിലെ പൗരാണിക നാഗരിക സംസ്‌കാരം കാത്തുസൂക്ഷിക്കുന്ന രാജ്യം എന്നാണ് അര്‍ത്ഥമാക്കുന്നത്!
ഞാന്‍ നേപ്പാളില്‍ വരുമ്പോള്‍, മറ്റേതൊരു രാഷ്ട്രീയ സന്ദര്‍ശനത്തേക്കാളും വ്യത്യസ്തമായ ആത്മീയ അനുഭവമാണ് എനിക്കുള്ളത്.

ആയിരക്കണക്കിന് വര്‍ഷങ്ങളായി ഈ കാഴ്ചപ്പാടോടെയും വിശ്വാസത്തോടെയുമാണ് ഇന്ത്യയും ഇന്ത്യയിലെ ജനങ്ങളും നേപ്പാളിനെ നോക്കിക്കാണുന്നത്. ഞാന്‍ വിശ്വസിക്കുന്നു, കുറച്ച് മുമ്പ് ഷേര്‍ ബഹാദൂര്‍ ദ്യൂബ ജിയും ശ്രീമതി അര്‍സൂ ദ്യൂബ ജിയും ഇന്ത്യയില്‍ വന്ന് ബനാറസിലെ കാശി വിശ്വനാഥ് ധാം സന്ദര്‍ശിച്ചപ്പോള്‍, ദ്യൂബ ജി വിവരിച്ചതുപോലെ അദ്ദേഹത്തിന് ഇന്ത്യയോട് സമാനമായ ഒരു വികാരം ഉണ്ടായത് വളരെ സ്വാഭാവികമാണ്.

സുഹൃത്തുക്കളെ,
ഈ പൊതു പൈതൃകം, പൊതു സംസ്‌കാരം, പൊതു വിശ്വാസം, പൊതു സ്‌നേഹം, ഇതാണ് നമ്മുടെ ഏറ്റവും വലിയ സമ്പത്ത്. കൂടുതല്‍ ഫലപ്രദമായി ഒരുമിച്ച് നമുക്ക് ഭഗവാന്‍ ബുദ്ധന്റെ സന്ദേശം ലോകത്തിലേക്ക് കൊണ്ടുവരാനും ലോകത്തിന് ദിശാബോധം നല്‍കാനും കഴിയുമെന്നതാണ് ഈ സമ്പത്തിന്റെ മൂല്യം പിന്നെയും വര്‍ധിപ്പിക്കുന്നത്. ഇന്ന് സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുന്ന തരത്തിലുള്ള ആഗോള സാഹചര്യങ്ങളില്‍, ഇന്ത്യയുടെയും നേപ്പാളിന്റെയും എക്കാലത്തെയും ദൃഢമായ സൗഹൃദവും നമ്മുടെ സാമീപ്യവും മുഴുവന്‍ മനുഷ്യരാശിക്കും പ്രയോജനം ചെയ്യും. ഇതില്‍, ബുദ്ധനോടുള്ള നമ്മുടെ ഇരു രാജ്യങ്ങളുടെയും വിശ്വാസം, അവനോടുള്ള അതിരുകളില്ലാത്ത ഭക്തി, നമ്മെ ഒരു നൂലില്‍ ഒന്നിപ്പിക്കുകയും നമ്മെ ഒരു കുടുംബത്തിലെ അംഗങ്ങളാക്കുകയും ചെയ്യുന്നു.

സഹോദരീ സഹോദരന്മാരേ,
മനുഷ്യത്വത്തിന്റെ പൊതുബോധത്തിന്റെ അവതാരമാണ് ബുദ്ധന്‍. ബൗദ്ധിക ധാരണകളുണ്ട്, ബൗദ്ധിക ഗവേഷണങ്ങളും ഉണ്ട്. ബൗദ്ധിക ചിന്തകളും ബൗദ്ധിക സംസ്‌കാരങ്ങളും ഉണ്ട്. പ്രസംഗിക്കുക മാത്രമല്ല, മനുഷ്യരാശിക്ക് അറിവ് പകരുകയും ചെയ്തതുകൊണ്ടാണ് ബുദ്ധന്‍ വ്യത്യസ്തനായത്. മഹത്തായ രാജ്യവും സുഖസൗകര്യങ്ങളും ഉപേക്ഷിക്കാന്‍ അദ്ദേഹം ധൈര്യപ്പെട്ടു. തീര്‍ച്ചയായും, അദ്ദേഹം ഒരു സാധാരണ കുട്ടിയായല്ല ജനിച്ചത്. എന്നാല്‍ നേട്ടത്തേക്കാള്‍ ത്യാഗമാണ് പ്രധാനമെന്ന് അവന്‍ നമുക്കു മനസ്സിലാക്കിത്തന്നു. പരിത്യാഗത്തിലൂടെ മാത്രമേ സാക്ഷാത്കാരം പൂര്‍ണമാകൂ. അതുകൊണ്ടാണ് അദ്ദേഹം വനങ്ങളില്‍ അലഞ്ഞുനടന്നതും തപസ്സു ചെയ്തതും ഗവേഷണം നടത്തിയതും. ആ ആത്മപരിശോധനയ്ക്ക് ശേഷം, അറിവിന്റെ പരകോടിയില്‍ എത്തിയപ്പോള്‍, ജനങ്ങളുടെ ക്ഷേമത്തിനായി എന്തെങ്കിലും അത്ഭുതം ചെയ്യുമെന്ന് അദ്ദേഹം ഒരിക്കലും അവകാശപ്പെട്ടില്ല. മറിച്ച്, താന്‍ ജീവിച്ച വഴിയാണ് ബുദ്ധന്‍ നമുക്ക് കാണിച്ചുതന്നത്. 'ആപ് ദീപോ ഭവ ഭിഖ്വേ' 'പരീക്ഷയ് ഭിക്ഷ്വോ, ഗ്രാഹ്യം മദ്ദച്ചോ, ന തു ഗൗരവത്' എന്ന മന്ത്രം അദ്ദേഹം നമുക്കു നല്‍കിയിരുന്നു. അതായത്, നിങ്ങളുടെ സ്വന്തം വിളക്കായിരിക്കുക. എന്നോടുള്ള ബഹുമാനം കൊണ്ട് എന്റെ വാക്കുകളെ എടുക്കരുത്. പകരം അവ പരീക്ഷിച്ചറിഞ്ഞ് അവയെ സ്വാംശീകരിക്കുക.

സുഹൃത്തുക്കളെ,
ഭഗവാന്‍ ബുദ്ധനുമായി ബന്ധപ്പെട്ട മറ്റൊരു വിഷയമുണ്ട്; അത് ഞാന്‍ ഇന്ന് പരാമര്‍ശിക്കേണ്ടതുണ്ട്. വൈശാഖപൂര്‍ണിമ നാളില്‍ ലുംബിനിയിലാണ് സിദ്ധാര്‍ത്ഥനായി ബുദ്ധന്‍ ജനിച്ചത്. ഈ ദിവസം ബോധഗയയില്‍ വെച്ച് അദ്ദേഹം സാക്ഷാത്കാരം നേടി ഭഗവാന്‍ ബുദ്ധനായി. ഈ ദിവസം കുശിനഗറില്‍ അദ്ദേഹത്തിന്റെ മഹാപരിനിര്‍വാണം നടന്നു. അതേ തീയതി, അതേ വൈശാഖ പൂര്‍ണിമ- ഭഗവാന്‍ ബുദ്ധന്റെ ജീവിതയാത്രയുടെ ഈ ഘട്ടങ്ങള്‍ കേവലം യാദൃച്ഛികമായിരുന്നില്ല. ജീവിതവും അറിവും നിര്‍വാണവും എല്ലാം ഒന്നിച്ചിരിക്കുന്ന ബൗദ്ധിക ദാര്‍ശനിക സന്ദേശവും ഇതിലുണ്ട്. മൂന്നും ഒരുമിച്ച് ബന്ധിപ്പിച്ചിരിക്കുന്നു. ഇതാണ് മനുഷ്യജീവിതത്തിന്റെ പൂര്‍ണ്ണത, അതുകൊണ്ടായിരിക്കാം ബുദ്ധന്‍ പൂര്‍ണ്ണചന്ദ്രന്റെ ഈ വിശുദ്ധ തീയതി തിരഞ്ഞെടുത്തത്. മനുഷ്യജീവിതത്തെ ഈ പൂര്‍ണ്ണതയില്‍ കാണാന്‍ തുടങ്ങുമ്പോള്‍, വിഭജനത്തിനും വിവേചനത്തിനും ഇടമില്ല. അപ്പോള്‍ നാം സ്വയം ജീവിക്കാന്‍ തുടങ്ങുന്നു, അത് 'സര്‍വേ ഭവന്തു സുഖിന' മുതല്‍ 'ഭവതു സബ് മംഗളം' എന്ന ബൗദ്ധ പ്രബോധനം വരെ പ്രതിഫലിക്കുന്ന 'വസുധൈവ കുടുംബകം'. അതുകൊണ്ടാണ്, ഭൂമിശാസ്ത്രപരമായ അതിരുകള്‍ക്കപ്പുറത്തേക്ക് ഉയര്‍ന്ന് ബുദ്ധന്‍ എല്ലാവരുടെയും സ്വന്തമായിത്തീരുന്നത്.

സുഹൃത്തുക്കളെ,
ഭഗവാന്‍ ബുദ്ധനുമായി എനിക്ക് മറ്റൊരു ബന്ധമുണ്ട്, അത് അതിശയകരമായ ഒരു യാദൃച്ഛികതയാണ്, അത് വളരെ മനോഹരവുമാണ്. ഞാന്‍ ജനിച്ച സ്ഥലം, ഗുജറാത്തിലെ വഡ്നഗര്‍, നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ബുദ്ധമത പഠനത്തിന്റെ മഹത്തായ കേന്ദ്രമായിരുന്നു. ഇന്നും, പുരാതന അവശിഷ്ടങ്ങള്‍ അവിടെ ഖനനം ചെയ്യപ്പെടുന്നു, അവയുടെ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. ഇന്ത്യയില്‍ അത്തരം നിരവധി പട്ടണങ്ങള്‍ ഉണ്ടെന്ന് നമുക്കറിയാം. നിരവധി നഗരങ്ങള്‍, നിരവധി സ്ഥലങ്ങള്‍- ആ സംസ്ഥാനത്തിന്റെ കാശി എന്ന് ആളുകള്‍ അഭിമാനത്തോടെ പറയുന്നു. ഇത് ഇന്ത്യയുടെ പ്രത്യേകതയാണ്. അതിനാല്‍ കാശിക്കടുത്തുള്ള സാരാനാഥുമായുള്ള എന്റെ അടുപ്പവും നിങ്ങള്‍ക്കറിയാം. ഇന്ത്യയിലെ സാരാനാഥ്, ബോധഗയ, കുശിനഗര്‍ എന്നീ സ്ഥലങ്ങള്‍ മുതല്‍ നേപ്പാളിലെ ലുംബിനി വരെയുള്ള ഈ പുണ്യസ്ഥലങ്ങള്‍ നമ്മുടെ പൊതു പൈതൃകത്തെയും പൊതു മൂല്യങ്ങളെയും പ്രതീകപ്പെടുത്തുന്നു. ഈ പൈതൃകം നമ്മള്‍ ഒരുമിച്ച് വികസിപ്പിക്കുകയും അതിനെ കൂടുതല്‍ സമ്പന്നമാക്കുകയും വേണം. ഇപ്പോള്‍ നമ്മുടെ ഇരു രാജ്യങ്ങളിലെയും പ്രധാനമന്ത്രിമാര്‍ ഇവിടെ ഇന്ത്യ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ബുദ്ധ കള്‍ച്ചര്‍ ആന്‍ഡ് ഹെറിറ്റേജിനു തറക്കല്ലിട്ടു. ഇന്റര്‍നാഷണല്‍ ബുദ്ധിസ്റ്റ് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യയാണ് ഇത് നിര്‍മ്മിക്കുക. നമ്മുടെ സഹകരണത്തിന്റെ പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഈ സ്വപ്നം സാക്ഷാത്കരിക്കുന്നതില്‍ പ്രധാനമന്ത്രി ദ്യൂബ ജിയുടെ ഒരു പ്രധാന സംഭാവനയുണ്ട്. ലുംബിനി ഡെവലപ്മെന്റ് ട്രസ്റ്റിന്റെ ചെയര്‍മാനെന്ന നിലയില്‍ അദ്ദേഹം ഭൂമി അന്താരാഷ്ട്ര ബുദ്ധിസ്റ്റ് കോണ്‍ഫെഡറേഷന് നല്‍കാന്‍ തീരുമാനിച്ചിരുന്നു. ഇപ്പോള്‍ ഈ പദ്ധതിയും പൂര്‍ത്തീകരിക്കുന്നതിന് അദ്ദേഹത്തിന്റെ ഭാഗത്തുനിന്നു പൂര്‍ണ സഹകരണം ലഭിക്കുന്നുണ്ട്. ഇതിന് നാമെല്ലാവരും അദ്ദേഹത്തോട് അഗാധമായ നന്ദിയുള്ളവരാണ്. വികസനത്തിന്റെ എല്ലാ സാധ്യതകളും മനസ്സിലാക്കി ബുദ്ധ സര്‍ക്യൂട്ടിന്റെയും ലുംബിനിയുടെയും വികസനത്തിനായുള്ള എല്ലാ ശ്രമങ്ങളെയും നേപ്പാള്‍ ഗവണ്‍മെന്റ്  പിന്തുണയ്ക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. നേപ്പാളിലെ ലുംബിനി മ്യൂസിയത്തിന്റെ നിര്‍മ്മാണവും ഇരുരാജ്യങ്ങളും തമ്മിലുള്ള സംയുക്ത സഹകരണത്തിന്റെ ഉദാഹരണമാണ്. ലുംബിനി ബൗദ്ധ സര്‍വ്വകലാശാലയില്‍ ബുദ്ധമത പഠനത്തിനായി ഡോ. ബാബാസാഹേബ് അംബേദ്കര്‍ ചെയര്‍ സ്ഥാപിക്കാനും ഇന്ന് നാം തീരുമാനിച്ചു.

സുഹൃത്തുക്കളെ,
ഇന്ത്യയില്‍ നിന്നും നേപ്പാളില്‍ നിന്നുമുള്ള നിരവധി തീര്‍ത്ഥാടനങ്ങള്‍ നൂറ്റാണ്ടുകളായി നാഗരികതയുടെയും സംസ്‌കാരത്തിന്റെയും അറിവിന്റെയും വിശാലമായ പാരമ്പര്യത്തിന് ആക്കം കൂട്ടി. ഇന്നും ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ഭക്തരാണ് ഈ ദേവാലയങ്ങളില്‍ വര്‍ഷം തോറും എത്തുന്നത്. ഭാവിയില്‍ നമ്മുടെ ശ്രമങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജം നല്‍കണം. ഭൈരഹവയിലും സോനൗലിയിലും സംയോജിത ചെക്ക് പോസ്റ്റുകള്‍ സൃഷ്ടിക്കുന്നത് പോലുള്ള തീരുമാനങ്ങളും നമ്മുടെ ഗവണ്‍മെന്റുകള്‍ എടുത്തിട്ടുണ്ട്. അതിന്റെ പ്രവര്‍ത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്. ഈ പോസ്റ്റുകള്‍ പൂര്‍ത്തിയാകുന്നതോടെ അതിര്‍ത്തിയില്‍ ആളുകളുടെ സഞ്ചാരത്തിനുള്ള സൗകര്യം വര്‍ധിക്കും. ഇന്ത്യയിലേക്ക് വരുന്ന അന്താരാഷ്ട്ര വിനോദ സഞ്ചാരികള്‍ക്ക് നേപ്പാളിലേക്ക് കൂടുതല്‍ എളുപ്പത്തില്‍ വരാനാകും. കൂടാതെ, ഇത് അവശ്യ വസ്തുക്കളുടെ വ്യാപാരവും ഗതാഗതവും വേഗത്തിലാക്കും. ഇന്ത്യയ്ക്കും നേപ്പാളിനും ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ഇത്രയും വലിയ സാധ്യതകളുണ്ട്. ഇരു രാജ്യങ്ങളിലെയും പൗരന്മാര്‍ക്ക് ഈ ശ്രമങ്ങള്‍ പ്രയോജനപ്പെടും.

സുഹൃത്തുക്കളെ,
ഇന്ത്യയും നേപ്പാളും തമ്മിലുള്ള ബന്ധം പര്‍വതത്തോളം സുസ്ഥിരവും പര്‍വതത്തോളം പഴക്കമുള്ളതുമാണ്. നമ്മുടെ സഹജവും സ്വാഭാവികവുമായ ബന്ധങ്ങള്‍ക്ക് ഹിമാലയം പോലെ ഒരു പുതിയ ഉയരം നല്‍കണം. ഭക്ഷണം, സംഗീതം, ഉത്സവങ്ങള്‍, ആചാരങ്ങള്‍ തുടങ്ങി കുടുംബ ബന്ധങ്ങള്‍ വരെയുള്ള ആയിരക്കണക്കിന് വര്‍ഷങ്ങളായി നാം തമ്മിലുള്ള ബന്ധം ഇപ്പോള്‍ ശാസ്ത്രം, സാങ്കേതികവിദ്യ, അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയ പുതിയ മേഖലകളുമായി ബന്ധിപ്പിക്കേണ്ടതുണ്ട്. ഈ ദിശയില്‍ ഇന്ത്യ നേപ്പാളുമായി തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതില്‍ ഞാന്‍ സംതൃപ്തനാണ്. ലുംബിനി ബൗദ്ധ സര്‍വ്വകലാശാല, കാഠ്മണ്ഡു സര്‍വകലാശാല, ത്രിഭുവന്‍ സര്‍വകലാശാല എന്നിവിടങ്ങളില്‍ ഇന്ത്യയുടെ സഹകരണവും പരിശ്രമവും ഇതിന് മഹത്തായ ഉദാഹരണങ്ങളാണ്. ഈ മേഖലയില്‍ നമ്മുടെ പരസ്പര സഹകരണം വിപുലീകരിക്കുന്നതിനുള്ള നിരവധി മികച്ച സാധ്യതകള്‍ ഞാന്‍ കാണുന്നു. ഈ സാധ്യതകളും ഇന്ത്യയുടെയും നേപ്പാളിന്റെയും സ്വപ്നങ്ങളും നമ്മള്‍ ഒരുമിച്ച് സാക്ഷാത്കരിക്കും. നമ്മുടെ കഴിവുള്ള യുവാക്കള്‍ വിജയത്തിന്റെ കൊടുമുടിയിലേക്ക് വളരുകയും ലോകമെമ്പാടും ബൗദ്ധ പാഠങ്ങളുടെ സന്ദേശവാഹകരായിത്തീരുകയും ചെയ്യും.
സുഹൃത്തുക്കളെ,
ഭഗവാന്‍ ബുദ്ധന്‍ പറയുന്നു: सुप्पबुद्धं पबुज्झन्ति, सदा गोतम-सावका। येसं दिवा च रत्तो च, भावनाये रतो मनो॥  അതായത് സദാ സൗഹൃദത്തില്‍, സുമനസ്സുകളില്‍ മുഴുകിയിരിക്കുന്ന ഗൗതമന്റെ അനുയായികള്‍ സദാ ഉണര്‍ന്നിരിക്കുന്നവരാണ്. അതായത്, അവരാണ് ബുദ്ധന്റെ യഥാര്‍ത്ഥ അനുയായികള്‍. ഇന്ന് നമ്മള്‍ മുഴുവന്‍ മനുഷ്യരാശിക്ക് വേണ്ടി പ്രവര്‍ത്തിക്കണം. ഈ ചൈതന്യത്തോടെ, ലോകത്തിലെ സൗഹൃദത്തിന്റെ ആത്മാവിനെ ശക്തിപ്പെടുത്തണം. ഈ മാനുഷിക ദൃഢനിശ്ചയം നിറവേറ്റുന്നതിനായി ഇന്ത്യ-നേപ്പാള്‍ സൗഹൃദം ഒരുമിച്ച് പ്രവര്‍ത്തിക്കുന്നത് തുടരുമെന്ന് എനിക്ക് ഉറപ്പുണ്ട്.

ഈ ആവേശത്തോടെ, വൈശാഖ പൂര്‍ണിമയില്‍ ഒരിക്കല്‍ കൂടി നിങ്ങള്‍ക്കെല്ലാവര്‍ക്കും ആശംസകള്‍.

നമോ ബുദ്ധായ!
നമോ ബുദ്ധായ!
നമോ ബുദ്ധായ!

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Snacks, Laughter And More, PM Modi's Candid Moments With Indian Workers In Kuwait

Media Coverage

Snacks, Laughter And More, PM Modi's Candid Moments With Indian Workers In Kuwait
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
PM to attend Christmas Celebrations hosted by the Catholic Bishops' Conference of India
December 22, 2024
PM to interact with prominent leaders from the Christian community including Cardinals and Bishops
First such instance that a Prime Minister will attend such a programme at the Headquarters of the Catholic Church in India

Prime Minister Shri Narendra Modi will attend the Christmas Celebrations hosted by the Catholic Bishops' Conference of India (CBCI) at the CBCI Centre premises, New Delhi at 6:30 PM on 23rd December.

Prime Minister will interact with key leaders from the Christian community, including Cardinals, Bishops and prominent lay leaders of the Church.

This is the first time a Prime Minister will attend such a programme at the Headquarters of the Catholic Church in India.

Catholic Bishops' Conference of India (CBCI) was established in 1944 and is the body which works closest with all the Catholics across India.