ആദരണീയരേ,
വിലയേറിയ ഉൾക്കാഴ്ചകൾക്കും നിർദേശങ്ങൾക്കും നിങ്ങൾക്കേവർക്കും നന്ദി. ഇന്ത്യയും ആസിയാനും തമ്മിലുള്ള സമഗ്ര തന്ത്രപ്രധാന പങ്കാളിത്തത്തിനു കരുത്തേകാൻ നാം പ്രതിജ്ഞാബദ്ധരാണ്. മനുഷ്യക്ഷേമം, പ്രാദേശിക സമാധാനം, സ്ഥിരത, സമൃദ്ധി എന്നിവയ്ക്കായി നാം തുടർന്നും കൂട്ടായി യത്നിക്കുമെന്ന് എനിക്കുറപ്പുണ്ട്.
നേരിട്ടുള്ള ബന്ധം മാത്രമല്ല, സാമ്പത്തിക-ഡിജിറ്റൽ-സാംസ്കാരിക-ആത്മീയ ബന്ധങ്ങളും മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ നാം തുടരും.
സുഹൃത്തുക്കളേ,
ഈ വർഷത്തെ ആസിയാൻ ഉച്ചകോടിയുടെ പ്രമേയമായ “സമ്പർക്കസൗകര്യവും പുനരുജ്ജീവനവും മെച്ചപ്പെടുത്തൽ” എന്ന വിഷയത്തിൽ ചില ചിന്തകൾ പങ്കുവയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
ഇന്ന് പത്താം മാസത്തിലെ പത്താം ദിവസമാണ്, അതിനാൽ പത്തു നിർദേശങ്ങൾ പങ്കിടാൻ ഞാൻ ആഗ്രഹിക്കുന്നു.
ആദ്യമായി, നമുക്കിടയിൽ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്, 2025നെ “ആസിയാൻ-ഇന്ത്യ വിനോദസഞ്ചാരവർഷ”മായി പ്രഖ്യാപിക്കാം. ഈ ഉദ്യമത്തിനായി ഇന്ത്യ 5 ദശലക്ഷം യുഎസ് ഡോളർ വാഗ്ദാനം ചെയ്യുന്നു.
രണ്ടാമതായി, ഇന്ത്യയുടെ ആക്റ്റ് ഈസ്റ്റ് നയത്തിന്റെ ദശാബ്ദത്തിന്റെ ഓർമപ്പെടുത്തലായി, ഇന്ത്യയുടെയും ആസിയാൻ രാജ്യങ്ങളുടെയും നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കാം. നമ്മുടെ കലാകാരന്മാർ, യുവാക്കൾ, സംരംഭകർ, ചിന്തകർ തുടങ്ങിയവരെ കൂട്ടിയിണക്കി, ഈ ആഘോഷത്തിന്റെ ഭാഗമായി സംഗീതോത്സവം, യുവജന ഉച്ചകോടി, ഹാക്കത്തോൺ, സ്റ്റാർട്ട്-അപ്പ് മേള തുടങ്ങിയ സംരംഭങ്ങൾ ഉൾപ്പെടുത്താം.
മൂന്നാമതായി, “ഇന്ത്യ-ആസിയാൻ ശാസ്ത്ര-സാങ്കേതിക നിധി”ക്കു കീഴിൽ, നമുക്കു വനിതാ ശാസ്ത്രജ്ഞരുടെ വാർഷിക സമ്മേളനം നടത്താം.
നാലാമതായി, പുതുതായി സ്ഥാപിതമായ നാളന്ദ സർവകലാശാലയിൽ ആസിയാൻ രാജ്യങ്ങളിൽനിന്നുള്ള വിദ്യാർഥികൾക്കുള്ള മാസ്റ്റേഴ്സ് സ്കോളർഷിപ്പുകളുടെ എണ്ണം ഇരട്ടിയായി വർധിപ്പിക്കും. കൂടാതെ, ഇന്ത്യയിലെ കാർഷിക സർവകലാശാലകളിലെ ആസിയാൻ വിദ്യാർഥികൾക്കായി പുതിയ സ്കോളർഷിപ്പ് പദ്ധതിയും ഈ വർഷം ആരംഭിക്കും.
അഞ്ചാമതായി, “ആസിയാൻ-ഇന്ത്യ ചരക്ക് വ്യാപാര കരാറിന്റെ” അവലോകനം 2025-ഓടെ പൂർത്തിയാക്കണം. ഇതു നമ്മുടെ സാമ്പത്തിക ബന്ധങ്ങൾക്കു കരുത്തേകുകയും സുരക്ഷിതവും സുസ്ഥിരവും വിശ്വസനീയവുമായ വിതരണശൃംഖല സൃഷ്ടിക്കാൻ സഹായിക്കുകയും ചെയ്യും.
ആറാമതായി, ദുരന്തനിവാരണത്തിനായി, “ആസിയാൻ-ഇന്ത്യ നിധി”യിൽനിന്ന് 5 ദശലക്ഷം യുഎസ് ഡോളർ അനുവദിക്കും. ഇന്ത്യയുടെ ദേശീയ ദുരന്ത നിവാരണ അതോറിറ്റിക്കും ആസിയാൻ മാനവപിന്തുണാ കേന്ദ്രത്തിനും ഈ മേഖലയിൽ കൂട്ടായ പ്രവർത്തനം നടത്താനാകും.
ഏഴാമതായി, ആരോഗ്യ പ്രതിരോധശേഷി ഉറപ്പാക്കാൻ, ആസിയാൻ-ഇന്ത്യ ആരോഗ്യമന്ത്രിമാരുടെ യോഗം വ്യവസ്ഥാപിതമാക്കാം. കൂടാതെ, ഇന്ത്യയുടെ ദേശീയ വാർഷിക ക്യാൻസർ ചട്ടക്കൂടായ ‘വിശ്വം സമ്മേളന’ത്തിൽ പങ്കെടുക്കാൻ ഓരോ ആസിയാൻ രാജ്യത്തുനിന്നും രണ്ടു വിദഗ്ധരെ ഞങ്ങൾ ക്ഷണിക്കുന്നു.
എട്ടാമതായി, ഡിജിറ്റൽ-സൈബർ പ്രതിരോധത്തിനായി, ഇന്ത്യയും ആസിയാനും തമ്മിലുള്ള സൈബർ നയസംഭാഷണം വ്യവസ്ഥാപിതമാക്കാം.
ഒമ്പതാമതായി, ഹരിതഭാവി പ്രോത്സാഹിപ്പിക്കുന്നതിന്, ഇന്ത്യയിൽനിന്നും ആസിയാൻ രാജ്യങ്ങളിൽനിന്നുമുള്ള വിദഗ്ധരെ ഉൾപ്പെടുത്തി ഹരിത ഹൈഡ്രജനെക്കുറിച്ചുള്ള ശിൽപ്പശാലകൾ സംഘടിപ്പിക്കാൻ ഞാൻ നിർദേശിക്കുന്നു.
പത്താമതായി, കാലാവസ്ഥാവ്യതിയാനം ചെറുക്കുന്നതിന്, “ഏക് പേഡ് മാ കേ നാം” (അമ്മയ്ക്കുവേണ്ടി ഒരു തൈ നടാം) എന്ന ഞങ്ങളുടെ യജ്ഞത്തിൽ അണിചേരാൻ ഞാൻ ഏവരോടും അഭ്യർഥിക്കുന്നു.
എന്റെ പത്ത് ആശയങ്ങൾക്കും നിങ്ങളുടെ പിന്തുണ ലഭിക്കുമെന്ന് എനിക്കുറപ്പുണ്ട്. അവ നടപ്പാക്കാൻ ഞങ്ങളുടെ കൂട്ടാളികൾ സഹകരിക്കുകയും ചെയ്യും.
വളരെ നന്ദി.