പ്രഥമ വനിത, ഡോ. ജില്‍ ബൈഡന്‍,
ഡോ.: പഞ്ചനാഥന്‍,
ശ്രീ മെഹ്രോത്ര,
ഡോ: വില്യംസ്
മഹതികളെ മാന്യരെ,
എന്റെ പ്രിയ യുവ സുഹൃത്തുക്കളെ,
വാഷിംഗ്ടണില്‍ എത്തിയതിന് ശേഷം നിരവധി യുവജനങ്ങളും സര്‍ഗ്ഗാത്മക മനസ്സുകളുമായി ബന്ധപ്പെടാന്‍ ഇന്ന് എനിക്ക് അവസരം ലഭിച്ചതില്‍ ഞാന്‍ സന്തുഷ്ടനാണ്. വിവിധ പദ്ധതികളില്‍ നാഷണല്‍ സയന്‍സ് ഫൗണ്ടേഷനുമായി ഇന്ത്യ സഹകരിക്കുന്നുണ്ട്, അത് തന്നെ ഈ വേദിയെ കൂടുതല്‍ സവിശേഷമാക്കുന്നു.
ഡോ. ബൈഡന്‍,
നിങ്ങളുടെ ജീവിതം, നിങ്ങളുടെ പരിശ്രമങ്ങള്‍, നിങ്ങളുടെ നേട്ടങ്ങള്‍ എല്ലാം എല്ലാവര്‍ക്കും പ്രചോദനത്തിന്റെ ഉറവിടമാണ്. നമ്മുടെ വര്‍ത്തമാന-ഭാവി തലമുറകള്‍ക്ക് മികച്ച ഭാവി ഉറപ്പാക്കുക എന്നത് നമ്മുടെ കൂട്ടായ ഉത്തരവാദിത്തമാണ്.
വിദ്യാഭ്യാസവും വൈദഗ്ധ്യവും നൂതനാശയങ്ങളും ഈ ശോഭനമായ ഭാവിക്കഅനിവാര്യമാണ്, ഇന്ത്യയില്‍ ഈ ദിശയില്‍ നിരവധി പരിശ്രമങ്ങള്‍ ഞങ്ങള്‍ നടത്തിയിട്ടുമുണ്ട്. ദേശീയ വിദ്യാഭ്യാസ നയത്തില്‍ വിദ്യാഭ്യാസത്തേയും നൈപുണ്യത്തേയും നാം സംയോജിപ്പിച്ചു. സ്‌കൂളുകളില്‍ 10,000-ത്തോളം അടല്‍ ടിങ്കറിംഗ് ലാബുകള്‍ ഞങ്ങള്‍ സ്ഥാപിച്ചു, അവിടെ കുട്ടികള്‍ക്ക് വ്യത്യസ്ത തരം നൂതനാശയങ്ങള്‍ പര്യവേക്ഷണം ചെയ്യുന്നതിനുള്ള വിവിധ സൗകര്യങ്ങളും നല്‍കുന്നു. യുവസംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി ഞങ്ങള്‍ സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ മിഷന്‍ ആരംഭിച്ചു. ഈ ദശാബ്ദത്തെ ഒരു ''ടെക് ദശകം'' അല്ലെങ്കില്‍ ടെക്കേഡ് ആക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
സുഹൃത്തുക്കളെ,
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വളര്‍ച്ചയുടെ വേഗത നിലനിര്‍ത്താന്‍ പ്രതിഭകളുടെ ഒരു പൈപ്പ്‌ലൈന്‍ ആനിവാര്യമാണ്. അമേരിക്കയില്‍ പ്രശസ്തമായ വിദ്യാഭ്യാസ സ്ഥാപനങ്ങളും നൂതന സാങ്കേതികവിദ്യകളും ഉള്ളപ്പോള്‍, ഇന്ത്യയ്ക്ക് ലോകത്തിലെ ഏറ്റവും വലിയ യുവജന ഫാക്ടറിയുണ്ട്. അതുകൊണ്ട്, സുസ്ഥിരവും ഉള്‍ച്ചേര്‍ക്കുന്നതുമായ ആഗോള വളര്‍ച്ചയ്ക്കുള്ള എഞ്ചിന്‍ ആണ് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പങ്കാളിത്തം എന്ന് ഞാന്‍ വിശ്വസിക്കുന്നു. അമേരിക്കയിലെ കമ്മ്യൂണിറ്റി കോളേജുകള്‍ വഹിക്കുന്ന നിര്‍ണ്ണായക പങ്കിന് ഞാന്‍ നിങ്ങളെ എല്ലാവരെയും പൂര്‍ണ്ണഹൃദയത്തോടെ അഭിനന്ദിക്കുന്നു.
സുഹൃത്തുക്കളെ,
ഇന്ത്യയും അമേരിക്കയും തമ്മില്‍ വിദ്യാഭ്യാസത്തിലും ഗവേഷണത്തിലുമുള്ള പരസ്പര സഹകരണത്തെക്കുറിച്ച് ചില ചിന്തകള്‍ പങ്കിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കൂട്ടായ ഈ പരിശ്രമത്തില്‍ ഗവണ്‍മെന്റ്, വ്യവസായം, അക്കാദമിയ, അദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരെ ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ഇക്കാര്യത്തില്‍ ഒരു ഇന്ത്യ-യു.എസ് അദ്ധ്യാപക വിനിമയ പരിപാടി ആരംഭിക്കുന്നത് നമുക്ക് പരിഗണിക്കാന്‍ കഴിയും.
ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞരും സംരംഭകരുമായും ഇടപഴകല്‍ വര്‍ദ്ധിപ്പിക്കുന്നതിനായി 2015-ല്‍ ഗ്ലോബല്‍ ഇനിഷ്യേറ്റീവ് ഓഫ് അക്കാദമിക് നെറ്റ്‌വര്‍ക്ക്‌സിന്(ജിയാന്‍) ഞങ്ങള്‍ തുടക്കം കുറിച്ചു. ഈ പരിപാടിക്ക് കീഴില്‍ അമേരിക്കയില്‍ നിന്ന് വിജയകരമായി 750 ഫാക്കല്‍റ്റി അംഗങ്ങളെ ഞങ്ങള്‍ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്തതായി നിങ്ങളെ അറിയിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. യുണൈറ്റഡ് സ്‌റ്റേറ്റ്‌സില്‍ വിദ്യാഭ്യാസം, ഗവേഷണം എന്നിവയുമായി ബന്ധപ്പെട്ട് സേവനമനുഷ്ഠിക്കുന്നവരോടും വിരമിച്ചവരോടും അവരുടെ അവധി ദിനങ്ങള്‍, പ്രത്യേകിച്ച് ശൈത്യകാല അവധിക്കാലം ഇന്ത്യയില്‍ ചെലവഴിക്കുന്നത് പരിഗണിക്കണമെന്ന് അഭ്യര്‍ത്ഥിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അങ്ങനെ ചെയ്യുന്നതിലൂടെ, അവര്‍ക്ക് ഇന്ത്യയെ പര്യവേക്ഷണം ചെയ്യാനാകുമെന്ന് മാത്രമല്ല, ഇന്ത്യയിലെ പുതുതലമുറയുമായി അവരുടെ വിജ്ഞാനം പങ്കിടാനും കഴിയും.
സര്‍ഗ്ഗാത്മകതയുടെയും നൂതനാശയങ്ങളുടെയും ചൈതന്യം യുവാക്കള്‍ക്കിടയില്‍ അവിശ്വസനീയമാണെന്നത് നിങ്ങള്‍ക്കറിയാം. ഇരു രാജ്യങ്ങളും വിവിധ വിഷയങ്ങളില്‍ ഹാക്കത്തോണ്‍ നടത്താന്‍ ഒന്നിച്ചുവരണമെന്നതില്‍ ഞാന്‍ വിശ്വസിക്കുന്നു. ഇതിന് നിലവിലുള്ള പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം നല്‍കാന്‍ കഴിയുമെന്ന് മാത്രമല്ല, ഭാവിയിലേക്ക് പുതിയ ആശയങ്ങള്‍ സൃഷ്ടിക്കാനും സഹായിക്കും. തൊഴിലധിഷ്ഠിത നൈപുണ്യ യോഗ്യതകളുടെ പരസ്പര അംഗീകാരം ചര്‍ച്ച ചെയ്യുന്നതും നമുക്ക് പരിഗണിക്കാം.
സുഹൃത്തുക്കളെ,
വിദ്യാര്‍ത്ഥി വിനിമയ പദ്ധതികള്‍ക്ക് കീഴില്‍ അമേരിക്കയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ഇന്ത്യയിലേക്ക് വരുന്നത് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, അവര്‍ക്ക് അവിടെ ഇന്ത്യയെ അനുഭവിക്കാനും പര്യവേക്ഷണം ചെയ്യാനും കഴിയും. ''നവാജോ നേഷനിലെ'' യുവജനങ്ങള്‍ ഇന്ത്യയിലെ നാഗാലാന്‍ഡില്‍ ആസനസ്ഥരാകുകയും ഒരു ആശയവും പദ്ധതിയും വികസിപ്പിക്കുന്നതിനായി അവരുടെ സുഹൃത്തുക്കളുമായി സഹകരിക്കുകയും ചെയ്യുന്ന ദിവസം വിദൂരമല്ലെന്നതില്‍ എനിക്ക് പ്രതീക്ഷയും ആത്മവിശ്വാസവുമുണ്ട്. എനിക്ക് നിരവധി ആശയങ്ങള്‍ നല്‍കിയതിന് ഈ രണ്ട് യുവ വ്യക്തികളോടും ഞാന്‍ എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദിയുള്ളവനാണ്.
പ്രഥമവനിത ഡോ. ജില്‍ ബൈഡന് ഒരിക്കല്‍ കൂടി എന്റെ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു. ഇവിടെ വന്നതിന് നാഷണല്‍ സയന്‍സ് ഫൗണ്ടേഷനും നിങ്ങള്‍ക്കും ഞാന്‍ നന്ദി പറയുന്നു.
നന്ദി.