മിസ്റ്റർ പ്രസിഡന്റ്,
ഞാൻ നിങ്ങളോട് എന്റെ ഹൃദയംഗമമായ നന്ദി പ്രകടിപ്പിക്കുന്നു, ഒപ്പം ജിൽ ബൈഡനോടും ഞാൻ എന്റെ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു. നിങ്ങൾ എന്നെയും ഞങ്ങളുടെ പ്രതിനിധികളെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്ത രീതി, അതിന് ഞാൻ നിങ്ങളോട് എന്റെ നന്ദി രേഖപ്പെടുത്തുന്നു, കൂടാതെ ഇന്ന് നിങ്ങൾ ഇന്ത്യൻ സമൂഹത്തിന് വൈറ്റ് ഹൗസിന്റെ വാതിലുകൾ തുറന്നിട്ടതിനാലും അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ഭാവി തന്ത്രപരമായ ബന്ധങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ ആയിരക്കണക്കിന് ഇന്ത്യക്കാർ നമു ക്കിടയിലുണ്ടായിരുന്നു.
ശ്രേഷ്ഠരേ ,
താങ്കൾ എല്ലായ്‌പ്പോഴും ഇന്ത്യയുടെ അഭ്യുദയകാംക്ഷിയാണ്, താങ്കൾക്ക് എപ്പോൾ, എവിടെ അവസരം ലഭിച്ചാലും, ഇന്ത്യ-യുഎസ് ബന്ധത്തിന്റെ പ്രാധാന്യത്തിന് താങ്കൾ എല്ലായ്പ്പോഴും വലിയ ഊന്നൽ നൽകിയിട്ടുണ്ട്. 8 വർഷം മുമ്പ്, യുഎസ്-ഇന്ത്യ ബിസിനസ് കൗൺസിലിനെ അഭിസംബോധന ചെയ്യുമ്പോൾ താങ്കൾ വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറഞ്ഞതായി ഞാൻ ഇപ്പോഴും ഓർക്കുന്നു. താങ്കൾ പറഞ്ഞു - "ഞങ്ങളുടെ ലക്ഷ്യം ഇന്ത്യയുടെ ഉറ്റ ചങ്ങാതിയാകുക എന്നതാണ്." താങ്കളുടെ ഈ വാക്കുകൾ ഇന്നും പ്രതിധ്വനിക്കുന്നു. ഇന്ത്യയോടുള്ള താങ്കളുടെ വ്യക്തിപരമായ പ്രതിബദ്ധത ധീരവും ഉത്കര്‍ഷേച്ഛ നിറഞ്ഞതു മായ നിരവധി നടപടികൾ സ്വീകരിക്കാൻ ഞങ്ങളെ പ്രേരിപ്പിക്കുന്നു.
ഇന്ന്, ഇന്ത്യയും അമേരിക്കയും ബഹിരാകാശത്തിന്റെ ഉയരങ്ങളിൽ നിന്ന് സമുദ്രത്തിന്റെ ആഴങ്ങളിലേക്ക്, പുരാതന സംസ്കാരം മുതൽ കൃത്രിമ ബുദ്ധി വരെ എല്ലാ മുന്നണികളിലും തോളോട് തോൾ ചേർന്ന് നടക്കുന്നു.
നയതന്ത്ര വീക്ഷണകോണിൽ നിന്ന് ഏതെങ്കിലും രണ്ട് രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തിന്റെ കാര്യം വരുമ്പോൾ, അത് സാധാരണയായി ഔപചാരിക സംയുക്ത പ്രസ്താവനകൾ, വർക്കിംഗ് ഗ്രൂപ്പുകൾ, ധാരണാപത്രങ്ങൾ എന്നിവയെക്കുറിച്ചാണ്. തീർച്ചയായും, അതിന് അതിന്റേതായ പ്രാധാന്യമുണ്ട്, എന്നാൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം മുന്നോട്ട് കൊണ്ടുപോകുന്ന യഥാർത്ഥ എഞ്ചിൻ നമ്മുടെ ജനതകൾ തമ്മിലുള്ള ശക്തമായ ബന്ധമാണ്. വൈറ്റ് ഹൗസിന്റെ പുൽത്തകിടിയിൽ ഈ എഞ്ചിന്റെ ഉച്ചത്തിലുള്ള മുഴക്കം ഞങ്ങൾ കേട്ടു.
ശ്രേഷ്ഠരേ ,
താങ്കൾ പറഞ്ഞ കാര്യം ആവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഇന്നത്തെ ആഗോള സാഹചര്യത്തിൽ, എല്ലാവരുടെയും കണ്ണുകൾ ലോകത്തിലെ ഏറ്റവും വലിയ രണ്ട് ജനാധിപത്യ രാജ്യങ്ങളിലാണ്, അതായത് ഇന്ത്യയിലും അമേരിക്കയിലും. ആഗോള സമാധാനത്തിനും സുസ്ഥിരതയ്ക്കും അതുപോലെ മനുഷ്യരാശിയുടെ ക്ഷേമത്തിനും ജനാധിപത്യ മൂല്യങ്ങളിൽ വിശ്വസിക്കുന്ന എല്ലാ ശക്തികൾക്കും നമ്മുടെ തന്ത്രപരമായ പങ്കാളിത്തം വളരെ നിർണായകവും പ്രാധാന്യമുള്ളതുമാണെന്ന് ഞാൻ വിശ്വസിക്കുന്നു.
ലോകത്തിന്റെ മുഴുവൻ സാധ്യതകളും വർധിപ്പിക്കുന്നതിൽ നമ്മൾ ഒരുമിച്ച് വിജയിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.
ഇന്ന് ഞങ്ങളുടെ സംഭാഷണത്തിനിടയിൽ, അത്തരം നിരവധി വിഷയങ്ങൾ ഞങ്ങൾ ചർച്ച ചെയ്യുകയും ഞങ്ങളുടെ തന്ത്രപരമായ ബന്ധങ്ങൾക്ക് ഒരു പുതിയ മാനം നൽകുകയും ചെയ്യും. നമ്മുടെ സൗഹൃദത്തിന് ഒരിക്കൽ കൂടി ഞാൻ നിങ്ങളോട് ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു.