''പതിറ്റാണ്ടുകള്‍ക്ക് ശേഷം ഇന്ത്യന്‍ പതാക ദൃഢമായി പാറിച്ച മുഴുവന്‍ ടീമിനെയും രാജ്യത്തിന് വേണ്ടി ഞാന്‍ അഭിനന്ദിക്കുന്നു. ഇതൊരു ചെറിയ കാര്യമല്ല'
'ഇന്ത്യക്ക് ഇപ്പോള്‍ പിന്നിലാകാന്‍ കഴിയില്ല. നിങ്ങളുടെ വിജയങ്ങള്‍ തലമുറകളെ കായികരംഗത്തേക്ക് പ്രചോദിപ്പിക്കുന്നു.
'ഇത്തരം വിജയങ്ങള്‍ രാജ്യത്തിന്റെ മുഴുവന്‍ കായിക ആവാസവ്യവസ്ഥയിലും വലിയ ഊര്‍ജ്ജവും ആത്മവിശ്വാസവും പകരുന്നു'
''നമ്മുടെ വനിതാ ടീം അവരുടെ മികവു് വീണ്ടും വീണ്ടും പ്രകടമാക്കി. ഇത് സമയത്തിന്റെ കാര്യം മാത്രമാണ്, ഇത്തവണ ഇല്ലെങ്കില്‍, അടുത്ത തവണ നമ്മള്‍ തീര്‍ച്ചയായും വിജയിക്കും'
'അഭി തോ ബഹുത് ഖേല്‍നാ ഭി ഹേ ഔര്‍ ഖില്‍നാ ഭീ ഹൈ - നിങ്ങള്‍ ഒരുപാട് കളിക്കണം, ഇനിയും ഒരുപാട് ശോഭിക്കണം'
''എനിക്ക് അത് ചെയ്യാന്‍ കഴിയും' എന്നതാണ് പുതിയ ഇന്ത്യയുടെ മനോഭാവം''
'ഇത് ഇന്ത്യയുടെ കായിക ചരിത്രത്തിലെ ഒരു സുവര്‍ണ്ണ അധ്യായം പോലെയാണ്, നിങ്ങളെപ്പോലുള്ള ചാമ്പ്യന്മാരും നിങ്ങളുടെ തലമുറയിലെ കളിക്കാരുമാണ് ഇതിന്റെ രചയിതാക്കള്‍. നമുക്ക് ഈ ആക്കം തുടരണം'
ഫോണ്‍ സംസാരത്തിനിടെ വാഗ്ദാനം ചെയ്തതുപോലെ 'ബാല്‍ മിഠായി' കൊണ്ടുവന്നതിന് ലക്ഷ്യ സെന്നിന് പ്രധാനമന്ത്രി നന്ദി പറഞ്ഞു

പ്രധാനമന്ത്രി: ശരി, ശ്രീകാന്ത്, പറയൂ.

ശ്രീകാന്ത് : സര്‍, ആദ്യം തന്നെ വളരെ നന്ദി. ടൂര്‍ണമെന്റിന് ശേഷം ഉടന്‍ തന്നെ ഞങ്ങളെ വിളിക്കാന്‍ നിങ്ങളുടെ തിരക്കിനിടെ സമയം കണ്ടെത്തി. സര്‍, എനിക്ക് അഭിമാനത്തോടെ പറയാന്‍ കഴിയും, ലോകത്തിലെ മറ്റൊരു കായിക താരത്തിനും ഇതില്‍ അഭിമാനിക്കാന്‍ കഴിയില്ല. വിജയിച്ച ഉടന്‍ തന്നെ നിങ്ങളോട് സംസാരിക്കാനുള്ള അവസരം ഞങ്ങള്‍ക്കു മാത്രമേ ലഭിച്ചുള്ളൂ, സര്‍.

പ്രധാനമന്ത്രി: ഇതു പറയൂ, ശ്രീകാന്ത്. പൊതുവേ, ബാഡ്മിന്റന്‍ ജനങ്ങളുടെ ഹൃദയത്തോട് അത്ര അടുത്തല്ല. നിങ്ങളെ ടീമിന്റെ ക്യാപ്റ്റന്‍ ആക്കിയപ്പോള്‍ നിങ്ങള്‍ക്ക് എന്ത് തോന്നി? വലിയ വെല്ലുവിളികളും ഉത്തരവാദിത്തങ്ങളും നിങ്ങളുടെ മുന്നില്‍ ഇത്രയും വലിയ ലക്ഷ്യവും ഉണ്ടായിരുന്നു?
ശ്രീകാന്ത്: സര്‍, എല്ലാവരും നന്നായി കളിക്കുന്നുണ്ടായിരുന്നു. ടീം ഇവന്റുകള്‍ക്കായി എല്ലാവരേയും ഒരുമിച്ച് കൊണ്ടുവരികയും അവസാനം വരെ പോരാടുകയും മാത്രമേ ഞങ്ങള്‍ ചെയ്യേണ്ടിയിരുന്നുള്ളൂ. എല്ലാ കളിക്കാരും ഒരുമിച്ച് ചര്‍ച്ച ചെയ്യാറുണ്ടായിരുന്നു. എല്ലാ കളിക്കാരും നന്നായി കളിച്ചതിനാല്‍ ക്യാപ്റ്റനെന്ന നിലയില്‍ എനിക്ക് കാര്യമായൊന്നും ചെയ്യേണ്ടിവന്നില്ല.

പ്രധാനമന്ത്രി: അല്ല, അല്ല! എല്ലാവരും നന്നായി കളിച്ചെങ്കിലും അതൊരു ചെറിയ പണിയായിരുന്നില്ല. നിങ്ങള്‍ വിനയാന്വിതനായിരുന്നു. എന്നാല്‍ ഒരു ഘട്ടത്തില്‍ നിങ്ങള്‍ സമ്മര്‍ദ്ദം അനുഭവിച്ചിരിക്കണം; കാരണം ഒരു ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനും അവസാന ഓവറില്‍ ലിറ്റ്മസ് ടെസ്റ്റ് നേരിടുന്നു.

ശ്രീകാന്ത്: ഫൈനലില്‍ ഇന്ത്യന്‍ ടീമിനു നിര്‍ണ്ണായകമായതിനാല്‍ അവസാന മത്സരം വളരെ പ്രധാനമായിരുന്നു. ആ മത്സരം കളിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. ഞാന്‍ കോര്‍ട്ടില്‍ കയറിയപ്പോള്‍, ഏറ്റവും മികച്ച നിലയില്‍ കളിക്കണമെന്നും 100 ശതമാനം പ്രയത്‌നിക്കണമെന്നും ഞാന്‍ കരുതി.

പ്രധാനമന്ത്രി: ശരി, നിങ്ങള്‍ ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനത്താണ്, തോമസ് കപ്പില്‍ സ്വര്‍ണം നേടിയിട്ടുണ്ട്. ഓരോ വിജയത്തിനും അതിന്റേതായ മൂല്യമുള്ളതിനാല്‍ ഞാന്‍ ഇത് ചോദിക്കേണ്ടതില്ലെങ്കിലും, മാധ്യമപ്രവര്‍ത്തകര്‍ പലപ്പോഴും ചെയ്യുന്നതുപോലെ ഞാന്‍ ചോദിക്കാന്‍ ആഗ്രഹിക്കുന്നു. ഈ രണ്ട് വിജയങ്ങളില്‍ ഏതാണ് ഏറ്റവും പ്രധാനപ്പെട്ടതായി നിങ്ങള്‍ കണക്കാക്കുന്നത്?

ശ്രീകാന്ത്: സര്‍, രണ്ടും എന്റെ സ്വപ്നങ്ങളായിരുന്നു. ലോക ഒന്നാം നമ്പര്‍ ആവുക എന്നത് എല്ലാ കളിക്കാരുടെയും സ്വപ്നമാണ്. പത്ത് കളിക്കാര്‍ ഒരു ടീമിനെ പോലെ കളിക്കുന്ന ഒരു ടീം ടൂര്‍ണമെന്റാണ് തോമസ് കപ്പ്. ഇത് ഒരു സ്വപ്നമായിരുന്നു. കാരണം ഇന്ത്യ ഒരിക്കലും തോമസ് കപ്പില്‍ മെഡല്‍ നേടിയിട്ടില്ല. ഈ വര്‍ഷം ഞങ്ങള്‍ക്ക് ഇത് ഒരു വലിയ അവസരമായിരുന്നു. കാരണം ഞങ്ങളെല്ലാം മികച്ച രീതിയില്‍ കളിച്ചു. എന്റെ രണ്ട് സ്വപ്നങ്ങളും നിറവേറ്റാന്‍ കഴിഞ്ഞതില്‍ എനിക്ക് സന്തോഷം തോന്നി.

പ്രധാനമന്ത്രി: തോമസ് കപ്പിലെ നമ്മുടെ പ്രകടനം മുമ്പ് നിലവാരം കുറഞ്ഞതായിരുന്നു. രാജ്യത്ത് ആരും അത്തരം ടൂര്‍ണമെന്റുകള്‍ ചര്‍ച്ച ചെയ്തിട്ടില്ല എന്നത് ശരിയാണ്. ഇത്രയും വലിയൊരു ടൂര്‍ണമെന്റിനെക്കുറിച്ച് അധികമാരും അറിഞ്ഞിരുന്നില്ല. അതിനാല്‍, നിങ്ങള്‍ എന്താണ് നേടിയതെന്ന് അറിയാന്‍ ഇന്ത്യയില്‍ 4-6 മണിക്കൂര്‍ എടുക്കുമെന്ന് പറയാന്‍ ഞാന്‍ നിങ്ങളെ ടെലിഫോണില്‍ വിളിച്ചു. നിങ്ങള്‍ ഇന്ത്യയുടെ പതാക ഉയര്‍ത്തി. അതിനാല്‍ ഞാന്‍ നിങ്ങളെയും മുഴുവന്‍ ടീമിനെയും രാജ്യത്തിന് വേണ്ടി അഭിനന്ദിക്കുന്നു. അതൊരു ചെറിയ നേട്ടമല്ല.

ശ്രീകാന്ത്: നന്ദി സര്‍!

പ്രധാനമന്ത്രി: ഒരു കളിക്കാരനെന്ന നിലയിലും ക്യാപ്റ്റന്‍ എന്ന നിലയിലും അവസാന നിമിഷം നിങ്ങള്‍ക്ക് ഉണ്ടായിരിക്കേണ്ട സമ്മര്‍ദ്ദം എനിക്ക് തിരിച്ചറിയാന്‍ കഴിയും. എന്നാല്‍ ടീമിനെ മുഴുവന്‍ സഹിഷ്ണുതയോടെ കൈകാര്യം ചെയ്ത് നിങ്ങള്‍ രാജ്യത്തിന് നേട്ടങ്ങള്‍ സമ്മാനിച്ച രീതി ശ്രദ്ധേയമാണ്. ഞാന്‍ നിങ്ങളെ ഫോണില്‍ അഭിനന്ദിച്ചിരുന്നു. ഇപ്പോള്‍ നേരില്‍ നിങ്ങളെ അഭിനന്ദിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്.

ശ്രീകാന്ത്: നന്ദി സര്‍!

പ്രധാനമന്ത്രി: സാത്വിക്, കളിയെക്കുറിച്ച് പറയൂ. നിങ്ങളുടെ അനുഭവം പറയൂ.

സാത്വിക്: തീര്‍ച്ചയായും! കഴിഞ്ഞ 10 ദിവസങ്ങള്‍ എന്റെ ജീവിതത്തിലെ മറക്കാനാവാത്ത നിമിഷങ്ങളായിരുന്നു. കളിക്കുമ്പോള്‍ സപ്പോര്‍ട്ട് സ്റ്റാഫില്‍ നിന്ന് എനിക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നത്. ഞങ്ങള്‍ക്ക് ഇന്ത്യയുടെ പിന്തുണയും ലഭിച്ചു. ശാരീരികമായി ഞങ്ങള്‍ ഇവിടെയാണെങ്കിലും എന്റെ മനസ്സ് ഇപ്പോഴും തായ്ലന്‍ഡിലാണ്. ശ്രീകാന്ത്ഭായി അവസാനമായി നേടിയ പോയിന്റ് ഇപ്പോഴും എന്റെ കണ്‍മുന്നിലുണ്ട്. ഇപ്പോഴും ഞങ്ങള്‍ ആ നിമിഷം ആസ്വദിക്കുകയാണ് സര്‍.

പ്രധാനമന്ത്രി: രാത്രിയില്‍ നിങ്ങളുടെ ക്യാപ്റ്റന്‍ നിങ്ങളെ ശകാരിക്കുന്നത് നിങ്ങള്‍ സ്വപ്നം കാണുന്നുണ്ടോ?

സാത്വിക്: ഫൈനലിന് ശേഷം ഞങ്ങളെല്ലാം മെഡലുകളുമായി ഉറങ്ങി. ആരും അദ്ദേഹത്തിന്റെ മെഡല്‍ നീക്കം ചെയ്തില്ല.

പ്രധാനമന്ത്രി: ഒരാളുടെ ട്വീറ്റ് ഞാന്‍ കണ്ടു. ഒരു പക്ഷേ, മെഡലുമായി ഇരുന്നു ഉറക്കം വരുന്നില്ല എന്ന് പറഞ്ഞത് പ്രണോയ് തന്നെയായിരിക്കാം. നിങ്ങളുടെ പ്രകടനം മികച്ചതായിരുന്നെങ്കിലും വീഡിയോ കണ്ടതിന് ശേഷം നിങ്ങള്‍ എപ്പോഴെങ്കിലും നിങ്ങളുടെ പോരായ്മകള്‍ വിശകലനം ചെയ്യാറുണ്ടോ?

സാത്വിക്: ഉണ്ട് സര്‍. മത്സരത്തിന് മുമ്പ്, ഞങ്ങള്‍ പരിശീലകനൊപ്പം ഇരുന്ന് അടുത്തതായി എതിരിടാന്‍ പോകുന്ന ടീമിന്റെ കളി വിശകലനം ചെയ്യുന്നുണ്ട്.

പ്രധാനമന്ത്രി: സാത്വിക്, നിങ്ങളുടെ വിജയം നിങ്ങളുടെ പരിശീലകന്‍ ശരിയാണെന്ന് മാത്രമല്ല, നിങ്ങള്‍ വളരെ മികച്ച കളിക്കാരനാണെന്നും തെളിയിച്ചു. കളിയുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് സ്വയം തയ്യാറെടുക്കുകയും സ്വയം വാര്‍ത്തെടുക്കുകയും മാറ്റം സ്വീകരിക്കുകയും ചെയ്യുന്നവനാണ് നല്ല കളിക്കാരന്‍. അപ്പോള്‍ മാത്രമേ അവന് നേടാന്‍ കഴിയൂ. സ്വയം വളരാന്‍ ആവശ്യമായ എല്ലാ മാറ്റങ്ങളും നിങ്ങള്‍ വരുത്തി. തല്‍ഫലമായി, രാജ്യം നിങ്ങളെയോര്‍ത്ത് അഭിമാനിക്കുന്നു. നിങ്ങള്‍ക്ക് എന്റെ ആശംസകള്‍. നിങ്ങള്‍ക്ക് ഒരുപാട് ദൂരം പോകാനുണ്ട്, നിര്‍ത്തരുത്. അതേ ശക്തിയില്‍ തുടരുക. ഏറെ ആശംസകള്‍!

അനൗണ്‍സര്‍: ചിരാഗ് ഷെട്ടി.

പ്രധാനമന്ത്രി: സാത്വിക് നിങ്ങളെ ഒരുപാട് പ്രശംസിച്ചു, ചിരാഗ്.

ചിരാഗ് ഷെട്ടി: സര്‍, നമസ്‌തേ. കഴിഞ്ഞ വര്‍ഷം ഞങ്ങള്‍ ഇവിടെ വന്നത് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. ഒളിമ്പിക്സിന് ശേഷം നിങ്ങള്‍ ഞങ്ങളെ വിളിച്ചു. 120 അത്ലറ്റുകള്‍ ഉണ്ടായിരുന്നു. എല്ലാവരേയും നിങ്ങളുടെ വീട്ടിലേക്ക് ക്ഷണിച്ചു. മെഡല്‍ നേടാത്തവരും ഇവിടെയെത്തി. രാജ്യത്തിന് വേണ്ടി മെഡലുകള്‍ നേടാനാകാത്തതില്‍ ഞങ്ങള്‍ വളരെ സങ്കടപ്പെട്ടിരുന്നു എന്നാല്‍ ഇത്തവണ തോമസ് കപ്പിന് പോയപ്പോള്‍ മെഡല്‍ നേടാന്‍ എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം ഉണ്ടായിരുന്നു. അത് സ്വര്‍ണ്ണമാകുമെന്ന് ഞങ്ങള്‍ കരുതിയിരിക്കില്ല, പക്ഷേ ഒരു മെഡലിനെ കുറിച്ച് ഞങ്ങള്‍ ചിന്തിച്ചു. ഇതിലും നല്ല സന്തോഷം നമ്മുടെ രാജ്യത്തിന് നല്‍കാന്‍ കഴിയില്ലെന്ന് ഞാന്‍ കരുതുന്നു.

പ്രധാനമന്ത്രി: കഴിഞ്ഞ തവണ നിങ്ങള്‍ വന്നപ്പോള്‍ പല മുഖങ്ങളിലും നിരാശ കാണാമായിരുന്നു. നിങ്ങളില്‍ മിക്കവരും കരുതിയത് തങ്ങള്‍ മെഡലുകളില്ലാതെ വന്നു എന്നാണ്. അവിടെ എത്തുന്നത് ഒരു മെഡലിന് തുല്യമാണെന്ന് അന്നു ഞാന്‍ പറഞ്ഞിരുന്നു. എന്നാല്‍ തോല്‍വി തോല്‍വിയല്ലെന്നും ജീവിതത്തില്‍ വിജയിക്കാന്‍ ധൈര്യവും ആവേശവും മതിയെന്നും വിജയം നിങ്ങളുടെ ചുവടുകളെ ചുംബിക്കുമെന്നും ഇന്ന് നിങ്ങള്‍ തെളിയിച്ചു. ടോക്കിയോ ഒളിമ്പിക്സിന് ശേഷം നിങ്ങള്‍ ഇവിടെ വന്നപ്പോള്‍ നിസ്സംഗത പുലര്‍ത്തിയിരുന്നെന്ന് എനിക്കറിയാം. എന്നാല്‍ ഇന്ന് നിങ്ങള്‍ പലിശസഹിതം നഷ്ടപരിഹാരം നല്‍കി രാജ്യത്തെ മഹത്തരമാക്കി. ഒളിമ്പിക്സ് നിരാശ കഴിഞ്ഞിട്ട് അധിക നാളായിട്ടില്ല. എന്നാല്‍ എന്താണ് ഇത്ര ചുരുങ്ങിയ സമയത്തിനുള്ളില്‍ നിങ്ങളെ വിജയത്തിലെത്തിച്ചത്? എന്തായിരുന്നു കാരണം?

ചിരാഗ് ഷെട്ടി: ഞാന്‍ നേരത്തെ പറഞ്ഞതുപോലെ, ഒളിമ്പിക്‌സിലെ പ്രകടനത്തില്‍ ഞങ്ങള്‍ വളരെ നിരാശരായിരുന്നു, കാരണം ഞങ്ങള്‍ തോല്‍പ്പിച്ച എതിരാളി ഒടുവില്‍ സ്വര്‍ണ്ണ മെഡല്‍ നേടി. അവര്‍ ഞങ്ങളോട് തോറ്റത് ഒരു കളി മാത്രമാണ്. അതിനുമുമ്പ് അവര്‍ ആരോടും തോറ്റിട്ടില്ല. എന്നാല്‍ ഇത്തവണ നേരെ മറിച്ചാണ് സംഭവിച്ചത്. പ്രീ ക്വാര്‍ട്ടര്‍ ഫൈനല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഞങ്ങള്‍ അവരോട് തോറ്റു. പക്ഷേ ഞങ്ങള്‍ സ്വര്‍ണ്ണ മെഡല്‍ നേടി. അത് ശരിക്കും വളരെ നല്ലതായിരുന്നു. വിധിയെന്നോ മറ്റെന്തെങ്കിലുമോ വിളിക്കാം. എങ്കിലും എന്തെങ്കിലും ചെയ്യണം എന്ന ആവേശം ഞങ്ങള്‍ക്കുണ്ടായി. എനിക്ക് മാത്രമല്ല, ഇവിടെ ഇരിക്കുന്ന 10 പേര്‍ക്കും ഈ തോന്നല്‍ ഉണ്ടായിരുന്നു. ഞങ്ങള്‍ ഒരുമിച്ചായിരുന്നു. ഈ 10 കളിക്കാര്‍ യഥാര്‍ത്ഥത്തില്‍ ഇന്ത്യയുടെ ജനസംഖ്യയെ പ്രതിനിധീകരിക്കുന്നവരാണെന്ന് ഞാന്‍ കരുതുന്നു, എന്ത് സംഭവിച്ചാലും ഞങ്ങള്‍ തിരിച്ചടിക്കും.

പ്രധാനമന്ത്രി: കൊള്ളാം! ചിരാഗിനോടും നിങ്ങളുടെ മുഴുവന്‍ ടീമിനോടും നിങ്ങള്‍ക്ക് ഇനിയും നിരവധി മെഡലുകള്‍ ലഭിക്കേണ്ടതുണ്ട് എന്നു ഞാന്‍ പറയും. നിങ്ങള്‍ക്ക് കളിക്കാനും അഭിവൃദ്ധിപ്പെടാനും രാജ്യത്തെ കായിക ലോകത്തേക്ക് കൊണ്ടുപോകാനും ഒരുപാട് ദൂരമുണ്ട്. കാരണം ഇപ്പോള്‍ ഇന്ത്യക്ക് പിന്നിലാകാന്‍ കഴിയില്ല. വിജയങ്ങള്‍ നേടുന്ന നിങ്ങളെല്ലാം ഭാവി തലമുറയെ കായികരംഗത്തേക്ക് പ്രചോദിപ്പിക്കുകയാണ്. ഇത് തന്നെ ഒരു വലിയ നേട്ടമായി ഞാന്‍ കരുതുന്നു. സുഹൃത്തേ, നിങ്ങള്‍ക്ക് ഒരുപാട് ആശംസകള്‍.

ചിരാഗ് ഷെട്ടി: വളരെ നന്ദി സര്‍.

അനൗണ്‍സര്‍: ലക്ഷ്യ സെന്‍.

പ്രധാനമന്ത്രി: ഞാന്‍ ആദ്യം ലക്ഷ്യയോട് എന്റെ നന്ദി അറിയിക്കട്ടെ. കാരണം ഞാന്‍ അഭിനന്ദിക്കുന്നതിനിടെ 'ബാല്‍ മിഠായി' കഴിക്കുമെന്ന് നിങ്ങളോട് ഫോണില്‍ പറഞ്ഞിരുന്നു. അയാള്‍ അതോര്‍ത്ത് ഇന്ന് അതുമായാണ് വന്നത്. അതെ, ലക്ഷ്യ, പറയൂ.

ലക്ഷ്യ സെന്‍: നമസ്‌തേ, സര്‍! യൂത്ത് ഒളിമ്പിക്സില്‍ സ്വര്‍ണം നേടിയപ്പോള്‍ ഞാന്‍ നിങ്ങളെ ആദ്യമായി കണ്ടുമുട്ടി. ഇന്ന് രണ്ടാം തവണയാണ് ഞാന്‍ നിങ്ങളെ കാണുന്നത്. നിങ്ങള്‍ ഞങ്ങളെ കണ്ടുമുട്ടുമ്പോള്‍ ഞങ്ങള്‍ക്ക് വളരെയധികം പ്രചോദനം തോന്നുന്നുവെന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇന്ത്യയ്ക്കായി മെഡലുകള്‍ നേടുന്നത് തുടരാനും നിങ്ങളെ കാണാനും നിങ്ങള്‍ക്കായി 'ബാല്‍ മിഠായി' കൊണ്ടുവരാനും ഞാന്‍ ആഗ്രഹിക്കുന്നു.

പ്രധാനമന്ത്രി: നിങ്ങള്‍ക്ക് അവിടെവെച്ചു ഭക്ഷ്യവിഷബാധയേറ്റതായി ഞാന്‍ അറിഞ്ഞിരുന്നു.

ലക്ഷ്യ സെന്‍: അതെ സര്‍! അവിടെ എത്തിയ ദിവസം ഭക്ഷ്യവിഷബാധയേറ്റു. രണ്ടു ദിവസം കളിക്കാന്‍ കഴിഞ്ഞില്ല, പക്ഷേ ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങള്‍ തുടങ്ങിയപ്പോള്‍ എനിക്ക് അസുഖം ഭേദപ്പെട്ടുതുടങ്ങി. ഞാന്‍ ഒരു മത്സരത്തില്‍ കളിച്ചു. പക്ഷേ, ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് മറ്റൊരു മത്സരത്തില്‍ വിശ്രമിക്കാന്‍ നിര്‍ബന്ധിതനായി.

പ്രധാനമന്ത്രി: എന്തെങ്കിലും കഴിച്ചതുകൊണ്ടാണോ?

ലക്ഷ്യ സെന്‍: ഇല്ല സര്‍. വിമാനത്താവളത്തില്‍ നിന്ന് എന്തോ കഴിച്ചതിനെത്തുടര്‍ന്നു വയറുവേദന അനുഭവപ്പെട്ടിരുന്നു. എന്നാല്‍ ടൂര്‍ണമെന്റ് പുരോഗമിക്കുമ്പോള്‍, എനിക്ക് അനുദിനം അസുഖം ഭേദപ്പെട്ടുതുടങ്ങി.

പ്രധാനമന്ത്രി: ഇപ്പോള്‍ രാജ്യത്തെ കൊച്ചുകുട്ടികള്‍ക്കും പോയി കളിക്കാന്‍ ആഗ്രഹമുണ്ട്. 8-10 വയസ്സ് പ്രായമുള്ള കുട്ടികള്‍ക്കുള്ള നിങ്ങളുടെ സന്ദേശം എന്തായിരിക്കും?

ലക്ഷ്യ സെന്‍: വിമല്‍ സര്‍ പറഞ്ഞതുപോലെ ഞാന്‍ വളരെ വികൃതിയായിരുന്നു, ഒരുപാട് കുസൃതികള്‍ ചെയ്യാറുണ്ടായിരുന്നു. ഞാന്‍ എന്നെക്കുറിച്ച് പറയാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ കുറച്ച് വികൃതികള്‍ ചെയ്ത് കളിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നെങ്കില്‍ അത് നന്നായിരുന്നു. എന്നാല്‍ ബാക്കിയുള്ളവരോട് പറയാന്‍ ആഗ്രഹിക്കുന്നത് അവര്‍ എന്ത് ചെയ്താലും അതില്‍ മനസ്സ് വെച്ചിരിക്കണം എന്നാണ്. പൂര്‍ണ്ണ ശ്രദ്ധയോടെ പ്രവര്‍ത്തിക്കുക.

പ്രധാനമന്ത്രി: ശാരീരിക പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ടാവണം. പക്ഷേ ഭക്ഷ്യവിഷബാധയേറ്റതിന് ശേഷം നിങ്ങള്‍ ഒരുപാട് മാനസിക പ്രശ്നങ്ങള്‍ അനുഭവിച്ചിട്ടുണ്ടാകും. കാരണം കളി നടക്കുമ്പോള്‍ പാലിക്കേണ്ട സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ ശരീരത്തിനു സാധിച്ചിട്ടുണ്ടാവില്ല. ഭക്ഷ്യവിഷബാധയും ശാരീരിക തളര്‍ച്ചയും ഉണ്ടായിട്ടും നിങ്ങളെ വെറുതെയിരിക്കാന്‍ അനുവദിക്കാത്ത ആ ശക്തിയോ പരിശീലനമോ എന്താണെന്ന് നിങ്ങള്‍ പിന്നീട് ചിന്തിക്കുക. നിങ്ങള്‍ അതില്‍ നിന്ന് പുറത്തുവന്നു. ആ നിമിഷം ഒരിക്കല്‍ കൂടി ഓര്‍ക്കുക: ഈ നേട്ടമുണ്ടാക്കാന്‍ നിങ്ങളെ സഹായിച്ച ശക്തിയെക്കുറിച്ച് ഓര്‍ക്കുക. വിഷമിക്കേണ്ട എന്ന് പത്ത് പേര്‍ പറഞ്ഞിട്ടുണ്ടാകണം, പക്ഷേ നിങ്ങളുടെ ഉള്ളില്‍ അന്തര്‍ലീനമായ ഒരു ശക്തി ഉണ്ടായിരിക്കണം. രണ്ടാമതായി, നിങ്ങളുടെ വികൃതികള്‍ ഉപേക്ഷിക്കരുത്. കാരണം അത് നിങ്ങളുടെ ശക്തി കൂടിയാണ്. നിങ്ങളുടെ ജീവിതം രസകരമായി ജീവിക്കുക. ഒരുപാട് അഭിനന്ദനങ്ങള്‍.

പ്രധാനമന്ത്രി: അതെ, പ്രണോയ്. നിങ്ങളുടെ ട്വീറ്റായിരുന്നു അത്.

പ്രണോയ്: അതെ സര്‍. അതെന്റെ ട്വീറ്റായിരുന്നു. സര്‍, ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഇത് വളരെ സന്തോഷകരമായ നിമിഷമാണ്, കാരണം 73 വര്‍ഷത്തിന് ശേഷം ഞങ്ങള്‍ തോമസ് കപ്പ് നേടി, ഇത് അതിലും അഭിമാനകരമായ നിമിഷമാണെന്ന് ഞാന്‍ കരുതുന്നു. കാരണം നമ്മുടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷത്തില്‍ ഇത് നമ്മുടെ രാജ്യത്തിനായി നേടിയെടുക്കാന്‍ കഴിഞ്ഞു. അതുകൊണ്ട് ഇത് രാജ്യത്തിനുള്ള വലിയൊരു സമ്മാനമായി ഞാന്‍ കരുതുന്നു. ഞാന്‍ വളരെ സന്തോഷവാനാണ്.

പ്രധാനമന്ത്രി: പ്രണോയ്, മലേഷ്യ, ഡെന്മാര്‍ക്ക് എന്നിവ വളരെ ശക്തമായ ടീമുകളാണ്. ക്വാര്‍ട്ടര്‍ ഫൈനലിലും സെമിഫൈനലിലും അവര്‍ക്കെതിരായ നിര്‍ണായക മത്സരങ്ങളില്‍ എല്ലാ കണ്ണുകളും നിങ്ങളിലേക്കായിരുന്നിരിക്കണം. നിങ്ങള്‍ എങ്ങനെ ആ സമ്മര്‍ദ്ദം കൈകാര്യം ചെയ്യുകയും മികച്ച ഫലം നേടുകയും ചെയ്തു?

പ്രണോയ്: സര്‍, അന്ന് സമ്മര്‍ദ്ദം വളരെ കൂടുതലായിരുന്നു; പ്രത്യേകിച്ച് ക്വാര്‍ട്ടര്‍ ഫൈനല്‍ ദിവസം. കാരണം ഈ മത്സരത്തില്‍ തോറ്റാല്‍ പിന്നെ മെഡല്‍ കിട്ടില്ല. മെഡല്‍ കിട്ടാതെ മടങ്ങേണ്ടി വരുമെന്ന് എനിക്കറിയാമായിരുന്നു. എന്നാല്‍ ഒരു മെഡല്‍ നേടണ ആവേസം ടൂര്‍ണമെന്റിലുടനീളം ടീമിന് ഉണ്ടായിരുന്നു, അത് ആദ്യ ദിവസം മുതല്‍ ഞങ്ങള്‍ക്ക് ഊര്‍ജം പകരുന്നതായിരുന്നു. എങ്ങനെയെങ്കിലും ജയിച്ചേ മതിയാവൂ എന്ന് കോര്‍ട്ടില്‍ കയറിയപ്പോള്‍ തോന്നി. സെമി ഫൈനലിലും ഇതേ അവസ്ഥയായിരുന്നു. ഫൈനലില്‍ എത്തിയാല്‍ സ്വര്‍ണം നേടാനാകുമെന്ന് അറിയാമായിരുന്നതിനാല്‍ കടുത്ത സമ്മര്‍ദ്ദമുണ്ടായിരുന്നു. അതുകൊണ്ട് ആ മത്സരം എനിക്ക് ജയിക്കണമായിരുന്നു. പിന്തുണയ്ക്കും ഊര്‍ജത്തിനും ഞാന്‍ മുഴുവന്‍ ടീമിനും നന്ദി പറയുന്നു!

പ്രധാനമന്ത്രി: പ്രണോയ്, താങ്കള്‍ ഒരു യോദ്ധാവാണ്. കളിയേക്കാള്‍, ജയിക്കാനുള്ള ആവേശമാണു നിങ്ങളുടെ ഏറ്റവും വലിയ ശക്തി. ശാരീരികമായ പരിക്കുകളെക്കുറിച്ച് നിങ്ങള്‍ വിഷമിക്കുന്നില്ല, പ്രതിജ്ഞാബദ്ധരാണ്. അതിന്റെ ഫലമാണു ലഭിച്ചത്. നിങ്ങള്‍ക്ക് വലിയ ഊര്‍ജ്ജവും അഭിനിവേശവുമുണ്ട്. നിങ്ങള്‍ക്ക് നിരവധി ആശംസകള്‍!

പ്രണോയ്: വളരെ നന്ദി സര്‍.

അനൗണ്‍സര്‍: ഉന്നതി ഹൂഡ.

പ്രധാനമന്ത്രി: ഉന്നതി ഏറ്റവും പ്രായം കുറഞ്ഞയാളാണോ?

ഉന്നതി: ഗുഡ് ഈവനിംഗ്, സര്‍.

പ്രധാനമന്ത്രി: പറയൂ, ഉന്നതി.

ഉന്നതി: സര്‍, ഒന്നാമതായി എനിക്ക് ഇന്ന് വളരെ സന്തോഷം തോന്നുന്നു. എന്നെ പ്രചോദിപ്പിക്കുന്ന ഒരു കാര്യം മെഡല്‍ ജേതാവെന്നോ അല്ലാത്തവനെന്നോ ഉള്ള വിവേചനം നിങ്ങള്‍ കാണിക്കുന്നില്ല എന്നതാണ്.

പ്രധാനമന്ത്രി: കൊള്ളാം! ഇത്രയും ചെറുപ്പത്തില്‍ തന്നെ ഇത്രയധികം സീനിയര്‍മാരുള്ള ടീമിന്റെ ഭാഗമായപ്പോള്‍ നിങ്ങള്‍ക്ക് എന്തു തോന്നി? നിരവധി ഒളിമ്പിക് ജേതാക്കളും ടീമിലുണ്ട്. നിങ്ങളെ ഭയപ്പെടുത്തിയോ അതോ നിങ്ങളും അവര്‍ക്ക് തുല്യനാണെന്ന് തോന്നിയോ?

ഉന്നതി: സര്‍, ഞാന്‍ ഈ ടൂര്‍ണമെന്റില്‍ നിന്ന് ഒരുപാട് അനുഭവങ്ങള്‍ പഠിക്കുകയും അനുഭവങ്ങള്‍ നേടുകയും ചെയ്തു. ആണ്‍കുട്ടികളുടെ ടീം വിജയിച്ചപ്പോള്‍ നന്നായെന്നു തോന്നി. പെണ്‍കുട്ടികളുടെ ടീം അടുത്ത തവണ ജയിച്ച് മെഡല്‍ നേടണമെന്നും ഞാന്‍ കരുതി.

പ്രധാനമന്ത്രി: ശരി, എന്നോട് പറയൂ, ഇത്രയധികം നല്ല കളിക്കാര്‍ ഉയര്‍ന്നുവരാനുള്ള എന്തു സവിശേഷതയാണ് ഹരിയാനയുടെ മണ്ണിന് ഉള്ളത്?
ഉന്നതി : സാര്‍, ഏറ്റവും പ്രധാന കാര്യം പാലും തൈരും ആണ്.

പ്രധാനമന്ത്രി: ഉന്നതി, നിങ്ങള്‍ സ്വന്തം പേര് തീര്‍ച്ചയായും അര്‍ത്ഥപൂര്‍ണ്ണമാക്കുമെന്നാണ് എന്റെയും മുഴുവന്‍ രാജ്യത്തിന്റെയും വിശ്വാസം. ഇത്രയും ചെറിയ പ്രായത്തില്‍ തന്നെ നിങ്ങള്‍ക്ക് അവസരം ലഭിച്ചിരിക്കുന്നു. തുടക്കമാണ്. ഇനിയും ഒരുപാട് ചെയ്യാനുണ്ട്. ഈ ഘട്ടത്തിലെ വിജയങ്ങള്‍ നിങ്ങളെ കീഴടക്കരുത്. നിങ്ങള്‍ക്ക് വളരെ നീണ്ട കാലം മുന്നില്‍ ഉള്ളതിനാല്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. നിങ്ങള്‍ വളരെ ചെറുപ്പത്തില്‍ തന്നെ പരിജ്ഞാനം നേടിയിട്ടുണ്ട്. ഈ വിജയം ഉള്‍ക്കൊണ്ടു മുന്നോട്ട് പോകണം. അത് നിങ്ങള്‍ക്ക് വലിയ സഹായമായിരിക്കും. നിങ്ങള്‍ ഇത് പിന്തുടരുമെന്ന് എനിക്ക് ഉറപ്പുണ്ട്. നിങ്ങള്‍ക്ക് നന്‍മകള്‍ ആശംസിക്കുന്നു. അഭിനന്ദനങ്ങള്‍.

ഉന്നതി: നന്ദി സര്‍.

ട്രീസ ജോളി: ഗുഡ് ഈവനിംഗ്, സര്‍. ഒരു യുവ കളിക്കാരനെന്ന നിലയില്‍ ഇന്ത്യക്ക് വേണ്ടി കളിക്കുന്നത് അഭിമാനകരമാണ്. വരും വര്‍ഷങ്ങളില്‍ ഞാന്‍ ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തുകയും നമ്മുടെ രാജ്യത്തിനായി കൂടുതല്‍ മെഡലുകള്‍ നേടുകയും ചെയ്യും.

പ്രധാനമന്ത്രി: കുടുംബത്തില്‍ നിന്നുള്ള പിന്തുണ എങ്ങനെയുണ്ട്?

ട്രീസ ജോളി: സര്‍, അച്ഛന്‍ നേരത്തെ കായികാധ്യാപകനായിരുന്നു. അതിനാല്‍ അദ്ദേഹം നേരത്തേ മുതല്‍ തന്നെ കായികരംഗത്ത് സജീവമാണ്. അതുകൊണ്ട് നന്നായി ബാഡ്മിന്റന്‍ കളിക്കാന്‍ അദ്ദേഹം എനിക്കു പിന്‍തുണ നല്‍കി. എനിക്കായി വീട്ടില്‍ ഒരു ബാഡ്മിന്റണ്‍ കോര്‍ട്ട് ഉണ്ടാക്കി. പിന്നീട് സംസ്ഥാന തലത്തിലും ദേശീയ തലത്തിലും മെഡലുകള്‍ നേടി. അപ്പോള്‍ ദേശീയ ടീമില്‍ എത്താനാകുമെന്ന പ്രതീക്ഷയിലായിരുന്നു.

പ്രധാനമന്ത്രി: കുടുംബാംഗങ്ങളെല്ലാം ഇപ്പോള്‍ തൃപ്തരാണോ?

ട്രീസ ജോളി: അതെ സര്‍. വളരെയധികം!

പ്രധാനമന്ത്രി: ഇപ്പോള്‍ നിങ്ങളുടെ പിതാവ് നിങ്ങള്‍ക്കായി വളരെയധികം പരിശ്രമിച്ചതിനാല്‍ സംതൃപ്തനായിട്ടുണ്ടാവണം.

ട്രീസ ജോളി: അതെ.

പ്രധാനമന്ത്രി: കൊള്ളാം. ട്രീസ നോക്കൂ, യൂബര്‍ കപ്പില്‍ നിങ്ങള്‍ കളിച്ച രീതിയെക്കുറിച്ചു രാജ്യത്തിന് അഭിമാനമുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്. നിങ്ങളെല്ലാവരും നിങ്ങളുടെ ലക്ഷ്യങ്ങളില്‍ ഉറച്ചുനിന്നു. നിങ്ങള്‍ ആഗ്രഹിച്ച ഫലം ലഭിച്ചിട്ടില്ലായിരിക്കാം. എന്നാല്‍ നിങ്ങള്‍ക്കും നിങ്ങളുടെ ടീമിനും ആഗ്രഹിച്ച ഫലങ്ങള്‍ ഉടന്‍ ലഭിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. നിങ്ങള്‍ ഒരു നല്ല തുടക്കം കുറിച്ചു. രാജ്യത്തെ യുവതലമുറയെ നിങ്ങള്‍ ഊര്‍ജസ്വലരാക്കി. 125 കോടി ജനങ്ങളുള്ള ഈ രാജ്യം ഇതിനായി ഏഴു പതിറ്റാണ്ടോളം കാത്തിരിക്കേണ്ടി വന്നു.

ഏഴ് പതിറ്റാണ്ടിനിടെ നമ്മുടെ കളിക്കാരുടെ എത്രയോ തലമുറകളുടെ സ്വപ്നങ്ങള്‍ നിങ്ങള്‍ സാക്ഷാത്കരിച്ചു എന്നത് ചെറിയ കാര്യമല്ല. ഞാന്‍ ട്രീസയോട് സംസാരിച്ചപ്പോള്‍, നിങ്ങള്‍ ശരിക്കും ഒരു മികച്ച ജോലി ചെയ്തുവെന്ന് നിങ്ങള്‍ തിരിച്ചറിഞ്ഞിരുന്നില്ല. എന്നാല്‍ നിങ്ങള്‍ എന്തെങ്കിലും ചെയ്തുവെന്ന തോന്നല്‍ ഇപ്പോള്‍ നിങ്ങള്‍ക്കും ഉണ്ടാവും.

നിങ്ങള്‍ മല്‍സരിക്കുന്ന കായിക ഇനത്തില്‍ ഇത്രയും മികച്ച വിജയം നേടുമ്പോള്‍ നിങ്ങളുടെ വിജയം ഇന്ത്യയുടെ കായിക ലോകത്തിന് പുതിയ ആവേശവും ആത്മവിശ്വാസവും നല്‍കുന്നു. അത് മികച്ച പരിശീലകര്‍ക്കു പോലും പ്രദാനംചെയ്യാന്‍ കഴിയുന്ന ഒന്നല്ല. പ്രധാന നേതാക്കളുടെ പ്രതീക്ഷാപൂര്‍ണമായ പ്രസംഗങ്ങള്‍ക്കും അത് ചെയ്യാന്‍ കഴിയില്ല.

ഊബര്‍ കപ്പില്‍ ഇനിയും കുറച്ചുകൂടി ചെയ്യാനുണ്ട്. നമുക്കു കാത്തിരിക്കും. പക്ഷേ നാം വിജയം ഉറപ്പാക്കും. നാം അധികനാള്‍ കാത്തിരിക്കേണ്ടി വരില്ലെന്ന് എനിക്ക് ഉറപ്പുണ്ട്, കാരണം നിങ്ങള്‍ അവിടെ ജയം നേടിയ ശേഷം നിങ്ങളുടെ കണ്ണുകളില്‍ ആ അഭിനിവേശം എനിക്ക് കാണാന്‍ കഴിയും. ഞങ്ങളുടെ വനിതാ ടീം കാലാകാലങ്ങളില്‍ അവരുടെ മികവ് തെളിയിച്ചിട്ടുണ്ട്. അവര്‍ മികച്ച കളിക്കാരാണ്. ഇതു കാലത്തിന്റെ പ്രശ്‌നം മാത്രമാണെന്ന് എനിക്ക് വളരെ വ്യക്തമായി കാണാന്‍ കഴിയും, സുഹൃത്തുക്കളെ. ഇത്തവണ ഇല്ലെങ്കില്‍ അടുത്ത തവണ ഉറപ്പ്! വിജയം നിങ്ങളുടേതായിരിക്കും.

നിങ്ങള്‍ എല്ലാവരും പറഞ്ഞത് പോലെ സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം ആഘോഷിക്കുന്ന അമൃത് മഹോത്സവം നടക്കുന്നു. ഈ അവസരത്തില്‍ കായിക ലോകത്ത് ഇന്ത്യ നേടിയ ഉയര്‍ച്ച ഇന്ത്യയ്ക്ക് അഭിമാനമേകുന്നു. വിജയത്തിന്റെ കൊടുമുടിയിലെത്തുന്നതില്‍ ഓരോ ഇന്ത്യക്കാരനും അഭിമാനം കൊള്ളുന്നു. 'അതെ, എനിക്കത് ചെയ്യാന്‍ കഴിയും'- എന്നതാണ് പുതിയ ആത്മവിശ്വാസത്തോടെ ഇന്ത്യയുടെ ആവേശം. ഇത്തവണ തോല്‍ക്കില്ല, പിന്നോട്ടില്ല എന്ന് മനസ്സില്‍ ഉറപ്പിച്ചിട്ടുണ്ടെന്നാണ് പ്രണോയ് വ്യക്തമാക്കിയത്.

'അതെ, നമുക്കത് ചെയ്യാന്‍ കഴിയും' എന്ന ഈ മനോഭാവം ഇന്ത്യയില്‍ ഒരു പുതിയ ശക്തിയായി മാറിയിരിക്കുന്നു. നിങ്ങള്‍ അതിനെ പ്രതിനിധീകരിക്കുന്നു. നമ്മുടെ എതിരാളിയും അവന്റെ മുന്‍കാല റെക്കോര്‍ഡുകളും എത്ര ശക്തമാണെങ്കിലും, ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇന്ന് പ്രധാനം പ്രകടനമാണ്! ഈ മനോഭാവത്തോടെ ലക്ഷ്യത്തിലെത്താന്‍ നാം മുന്നേറണം.

എന്നാല്‍ സുഹൃത്തുക്കളേ, നിങ്ങള്‍ എല്ലാവരും ഒരു കാര്യം കൂടി ഓര്‍ക്കണം. ഇപ്പോള്‍ നിങ്ങളെല്ലാവരില്‍ നിന്നുമുള്ള രാജ്യത്തിന്റെ പ്രതീക്ഷ വര്‍ദ്ധിച്ചു. അതിനാല്‍, കൂടുതല്‍ സമ്മര്‍ദ്ദം ഉണ്ടാകും. ഈ സമ്മര്‍ദ്ദം മോശമല്ല. എന്നാല്‍ ഈ സമ്മര്‍ദ്ദത്തിനു കീഴടങ്ങുന്നതു മോശമാണ്. മര്‍ദ്ദം ഊര്‍ജമാക്കി മാറ്റണം; നമ്മള്‍ അതിനെ കരുത്താക്കി മാറ്റണം. നമ്മള്‍ അത് ഒരു പ്രോത്സാഹനമായി എടുക്കണം. ആരെങ്കിലും ധൃതികൂട്ടുന്നതിന് അര്‍ഥം അവന്‍ നിങ്ങളുടെമേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നു എന്നല്ല. വാസ്തവത്തില്‍, നിങ്ങളുടെ പരമാവധി ശ്രമങ്ങള്‍ നടത്താന്‍ അവന്‍ നിങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ്. അത് നമ്മുടെ ശക്തിയുടെ ഉറവിടമായി നാം കണക്കാക്കണം. നിങ്ങള്‍ അത് തെളിയിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, ഇന്ത്യയിലെ യുവാക്കള്‍ മിക്കവാറും എല്ലാ കായിക ഇനങ്ങളിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. കൂടാതെ പുതുതായി മെച്ചപ്പെട്ട എന്തെങ്കിലും ചെയ്യാനുള്ള ശ്രമവും ഉണ്ടായിട്ടുണ്ട്. അതിലും കഴിഞ്ഞ ഏഴ്-എട്ട് വര്‍ഷങ്ങളില്‍ ഇന്ത്യ നിരവധി പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചു. നമ്മുടെ യുവാക്കള്‍ ഫലമുണ്ടാക്കി. ഒളിമ്പിക്‌സിലെയും പാരാലിമ്പിക്‌സിലെയും റെക്കോര്‍ഡ് പ്രകടനങ്ങളില്‍ അതു പ്രതിഫലിച്ചു. ഇന്ന് രാവിലെ ഞാന്‍ ഡെഫ്‌ലിംപിക്‌സ് കളിക്കാരെ കണ്ടു. നമ്മുടെ കുട്ടികള്‍ വളരെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. അത് വലിയ സംതൃപ്തിയും ആനന്ദവും നല്‍കുന്ന കാര്യമാണ്.

ഇന്ന് നിങ്ങള്‍ എല്ലാവരും പറഞ്ഞതുപോലെ സ്‌പോര്‍ട്‌സിനെക്കുറിച്ചുള്ള പഴയ വിശ്വാസങ്ങളും മാറുകയാണ്. മാതാപിതാക്കളും പ്രോത്സാഹിപ്പിക്കുകയും നമ്മെ സഹായിക്കുകയും ചെയ്യുന്നു. മക്കള്‍ ഈ രംഗത്തു മുന്നേറണമെന്ന് രക്ഷിതാക്കളും വ്യാമോഹിക്കുന്നു. ഒരു പുതിയ സംസ്‌കാരവും ഒരു പുതിയ അന്തരീക്ഷവും സൃഷ്ടിക്കപ്പെട്ടു. ഇത് ഇന്ത്യയുടെ കായിക ചരിത്രത്തിലെ ഒരു സുവര്‍ണ അധ്യായമാണ്. അതിന്റെ സ്രഷ്ടാക്കള്‍ നിങ്ങളാണ്. നിങ്ങളുടെ തലമുറയിലെ കളിക്കാര്‍ ഇന്ന് ഇന്ത്യയെ വിജയപതാകകളുമായി പുതിയ സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്നു.

ഈ വേഗം നമ്മള്‍ നിലനിര്‍ത്തണം. ഒരു അലസതയും നാം അനുവദിക്കരുത്. ഗവണ്‍മെന്റ് നിങ്ങളോടൊപ്പം തോളോട് തോള്‍ ചേര്‍ന്ന് നടക്കുമെന്നും നിങ്ങള്‍ക്ക് സാധ്യമായ എല്ലാ സഹായവും പ്രോത്സാഹനവും നല്‍കുമെന്നും ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നു. ആവശ്യമായ ക്രമീകരണങ്ങളും ഞങ്ങള്‍ നല്‍കും. എന്റെ മുന്നില്‍ നില്‍ക്കുന്ന നിങ്ങള്‍ക്ക് മാത്രമല്ല, രാജ്യത്തെ എല്ലാ കളിക്കാര്‍ക്കും ഞാന്‍ ഉറപ്പ് നല്‍കുന്നു. ഇപ്പോള്‍ നമുക്ക് താല്‍ക്കാലികമായി നിര്‍ത്തേണ്ടതില്ല, തിരിഞ്ഞുനോക്കേണ്ടതില്ല. നമ്മള്‍ മുന്നോട്ട് നോക്കണം, നമ്മുടെ ലക്ഷ്യങ്ങള്‍ നിശ്ചയിച്ച് വിജയിക്കണം. നിങ്ങള്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നു.

ഒത്തിരി നന്ദി!

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
PLI, Make in India schemes attracting foreign investors to India: CII

Media Coverage

PLI, Make in India schemes attracting foreign investors to India: CII
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 നവംബർ 21
November 21, 2024

PM Modi's International Accolades: A Reflection of India's Growing Influence on the World Stage