കേരള ഗവർണർ ശ്രീ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ, കേരളത്തിലെ മന്ത്രിമാരേ, മറ്റു വിശിഷ്ട വ്യക്തികളേ, കൊച്ചിയിലെ എന്റെ സഹോദരീസഹോദരന്മാരേ!
ഇന്നു കേരളത്തിന്റെ മുക്കും മൂലയും പവിത്രമായ ഓണാഘോഷത്തിന്റെ നിറവിലാണ്. ആവേശത്തിന്റെ ഈ വേളയിൽ, 4600 കോടിയിലധികം രൂപയുടെ സമ്പർക്കസൗകര്യപദ്ധതികളാണു കേരളത്തിനു സമ്മാനിക്കുന്നത്. ജീവിതസൗകര്യം, വ്യവസായനടത്തിപ്പുസൗകര്യം എന്നിവയ്ക്കു പ്രോത്സാഹനമേകുന്ന ഈ പദ്ധതികളുടെ കാര്യത്തിൽ ഞാൻ നിങ്ങളെ എല്ലാവരെയും അഭിനന്ദിക്കുന്നു.
സ്വാതന്ത്ര്യത്തിന്റെ 'അമൃതകാല'ത്തിന്റെ അടുത്ത 25 വർഷത്തിനുള്ളിൽ വികസിത ഇന്ത്യ കെട്ടിപ്പടുക്കാനുള്ള ബൃഹത്തായ ദൃഢനിശ്ചയമാണു നാം ഇന്ത്യക്കാർ എടുത്തിരിക്കുന്നത്. വികസിത ഇന്ത്യയുടെ ഈ രൂപരേഖയിൽ ആധുനിക അടിസ്ഥാനസൗകര്യങ്ങൾക്കു സുപ്രധാന പങ്കുണ്ട്. ഇന്ന്, കേരളത്തിന്റെ ഈ മഹാഭൂമികയിൽനിന്നു വികസിത ഇന്ത്യക്കായി മറ്റൊരു വലിയ ചുവടുവയ്പുകൂടി നടന്നിരിക്കുന്നു.
സുഹൃത്തുക്കളേ,
2017 ജൂണിൽ കൊച്ചി മെട്രോയുടെ ആലുവ-പാലാരിവട്ടം ഭാഗത്തിന്റെ ഉദ്ഘാടനം നടത്താൻ അവസരം ലഭിച്ചതു ഞാൻ ഓർക്കുകയാണ്. കൊച്ചി മെട്രോയുടെ ഒന്നാം ഘട്ട വിപുലീകരണം ഇന്ന് ഉദ്ഘാടനം ചെയ്തു. കൂടാതെ കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിനും തറക്കല്ലിട്ടു. കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടം ജെ.എൽ.എൻ. സ്റ്റേഡിയം മുതൽ ഇൻഫോപാർക്കുകവരെയാണ്. ഇത് പ്രത്യേക സാമ്പത്തിക മേഖലയായ കൊച്ചി സ്മാർട്ട് സിറ്റിയെ കാക്കനാടുമായി ബന്ധിപ്പിക്കുകയും ചെയ്യും. അതായത്, കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടം നമ്മുടെ യുവാക്കൾക്കും പ്രൊഫഷണലുകൾക്കും വലിയ അനുഗ്രഹമായി മാറും.
കൊച്ചിയിലെ ഈ പദ്ധതി രാജ്യത്തിന്റെയാകെ നഗരഗതാഗത വികസനത്തിനും പുതിയ ദിശാബോധം നൽകും. കൊച്ചിയിലെ ഏകീകൃത മെട്രോപൊളിറ്റൻ ഗതാഗത അതോറിറ്റിയും നിലവിൽവന്നു. മെട്രോ, ബസ്, ജലപാത തുടങ്ങി എല്ലാ ഗതാഗതമാർഗങ്ങളും കൂട്ടിയിണക്കാൻ ഈ അതോറിറ്റി പ്രവർത്തിക്കും.
ബഹുതല സമ്പർക്കസംവിധാനത്തിന്റെ ഈ മാതൃകയിൽ കൊച്ചി നഗരത്തിന് നേരിട്ടുള്ള മൂന്ന് നേട്ടങ്ങളുണ്ടാകും. ഇത് നഗരത്തിലെ ജനങ്ങളുടെ യാത്രാസമയം കുറയ്ക്കുകയും റോഡുകളിലെ തിരക്ക് കുറയ്ക്കുകയും നഗരമലിനീകരണം കുറയ്ക്കുകയും ചെയ്യും. കാർബൺ കാൽപ്പാടുകൾ കുറയ്ക്കുമെന്നതിനാൽ പരിസ്ഥിതി സംരക്ഷണത്തിനായി ഇന്ത്യ എടുത്തിട്ടുള്ള 'നെറ്റ് സീറോ' എന്ന ബൃഹദ് പ്രതിജ്ഞ നിറവേറ്റാനും ഇതു സഹായിക്കും.
കഴിഞ്ഞ എട്ടുവർഷമായി, നഗരഗതാഗതത്തിന്റെ ഏറ്റവും മികച്ച മാർഗമായി മെട്രോയെ മാറ്റാൻ കേന്ദ്രഗവണ്മെന്റ് എപ്പോഴും പ്രവർത്തിച്ചിട്ടുണ്ട്. തലസ്ഥാനത്തുനിന്ന് സംസ്ഥാനങ്ങളിലെ മറ്റ് പ്രധാന നഗരങ്ങളിലേക്കും കേന്ദ്രഗവണ്മെന്റ് മെട്രോ ശൃംഖല വ്യാപിപ്പിച്ചു. ഏകദേശം 40 വർഷം മുമ്പാണ് നമ്മുടെ നാട്ടിൽ ആദ്യമായി മെട്രോ ട്രെയിൻ ഓടിയത്. തുടർന്നുള്ള 30 വർഷങ്ങളിൽ 250 കിലോമീറ്ററിൽ താഴെ മെട്രോ ശൃംഖലയാണു രാജ്യത്തുണ്ടായത്. കഴിഞ്ഞ എട്ട് വർഷത്തിനിടെ രാജ്യത്ത് 500 കിലോമീറ്ററിലധികം പുതിയ മെട്രോപാതകൾ സജ്ജമാക്കി. 1000 കിലോമീറ്ററിലധികം മെട്രോ പാതകളുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
ഞങ്ങൾ ഇന്ത്യൻ റെയിൽവേയെ പൂർണമായും പരിവർത്തനം ചെയ്യുകയാണ്. ഇന്ന് രാജ്യത്തെ റെയിൽവേ സ്റ്റേഷനുകളും വിമാനത്താവളങ്ങൾ പോലെ വികസിക്കുകയാണ്. ഇന്ന് കേരളത്തിന് സമ്മാനിച്ച പദ്ധതികളിലൊന്ന് കേരളത്തിലെ മൂന്ന് പ്രധാന റെയിൽവേ സ്റ്റേഷനുകളുടെ അന്താരാഷ്ട്ര നിലവാരത്തിലുള്ള പുനർവികസനമാണ്. ഇപ്പോൾ എറണാകുളം ടൗൺ സ്റ്റേഷൻ, എറണാകുളം ജങ്ഷൻ, കൊല്ലം സ്റ്റേഷൻ എന്നിവിടങ്ങളിൽ ആധുനികസൗകര്യങ്ങൾ വികസിപ്പിക്കും.
കേരളത്തിന്റെ റെയിൽ ഗതാഗതം ഇന്ന് പുതിയൊരു നാഴികക്കല്ല് പിന്നിടുകയാണ്. തിരുവനന്തപുരം മുതൽ മംഗളൂരു വരെയുള്ള റെയിൽപാത മുഴുവനും ഇരട്ടിപ്പിച്ചു. സാധാരണ യാത്രക്കാർക്കും കേരളത്തിലെ ഭക്തജനങ്ങൾക്കും ഇത് വലിയ അനുഗ്രഹമാണ്. ഏറ്റുമാനൂർ-ചിങ്ങവനം-കോട്ടയം പാത ഇരട്ടിപ്പിക്കൽ അയ്യപ്പദർശനത്തിന് ഏറെ സഹായകമാകും. ലക്ഷക്കണക്കിന് ഭക്തജനങ്ങളുടെ ദീർഘകാലമായുള്ള ആവശ്യമാണ് ഇപ്പോൾ സഫലമായിരിക്കുന്നത്. ശബരിമല ദർശനം നടത്താൻ ആഗ്രഹിക്കുന്ന രാജ്യത്തിന്റെയും ലോകത്തിന്റെയും വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഭക്തർക്ക് ഇത് സന്തോഷകരമായ വേളയാണ്. കൊല്ലം-പുനലൂർ സെക്ഷന്റെ വൈദ്യുതീകരണം മലിനീകരണരഹിതവും വേഗത്തിലുള്ളതുമായ ട്രെയിൻ യാത്ര ഈ മേഖലയിലുടനീളം സാധ്യമാക്കും. പ്രദേശവാസികളുടെ സൗകര്യത്തിനുപുറമെ, ഇത് ഈ ജനപ്രിയ വിനോദസഞ്ചാരകേന്ദ്രത്തെ കൂടുതൽ ആകർഷകമാക്കും. ഏകദേശം ഒരു ലക്ഷം കോടി രൂപയുടെ അടിസ്ഥാനസൗകര്യ വികസനപദ്ധതികളാണ് ഇപ്പോൾ കേരളത്തിൽ നടക്കുന്നത്. ഈ ആധുനിക അടിസ്ഥാനസൗകര്യപദ്ധതികൾ കേരളത്തിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും കൃഷിക്കും വ്യവസായങ്ങൾക്കും ഊർജം പകരുകയും ചെയ്യും.
കേരളത്തിന്റെ സമ്പർക്ക സൗകര്യങ്ങൾക്കു കേന്ദ്രഗവണ്മെന്റ് വലിയ ഊന്നൽ നൽകുന്നുണ്ട്. കേരളത്തിന്റെ ജീവനാഡി എന്നറിയപ്പെടുന്ന ദേശീയപാത-66 ആറുവരിപ്പാതയാക്കി മാറ്റുകയാണ് നമ്മുടെ ഗവണ്മെന്റ്. 55,000 കോടിയിലധികം രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്. ആധുനികവും മികച്ചതുമായ സമ്പർക്കസംവിധാനങ്ങളിൽനിന്ന് വിനോദസഞ്ചാരത്തിനും വ്യാപാരത്തിനും വലിയ നേട്ടങ്ങൾ ലഭിക്കുന്നു. ദരിദ്രരും ഇടത്തരക്കാരും ഗ്രാമങ്ങളും നഗരങ്ങളും ഉൾപ്പെടെ എല്ലാവരെയും സഹായിക്കുന്ന ഒരു വ്യവസായമാണ് വിനോദസഞ്ചാരം. സ്വാതന്ത്ര്യത്തിന്റെ ‘അമൃതകാലത്ത്’ വിനോദസഞ്ചാരവികസനം രാജ്യത്തിന്റെ വികസനത്തിന് വളരെയധികം സഹായിക്കും.
വിനോദസഞ്ചാരമേഖലയിലും കേന്ദ്രഗവണ്മെന്റ് സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. മുദ്ര യോജന പ്രകാരം 10 ലക്ഷം രൂപ വരെ ഈടുരഹിതവായ്പ ലഭിക്കും. ഈ പദ്ധതി പ്രകാരം കേരളത്തിലെ ലക്ഷക്കണക്കിന് ചെറുകിട സംരംഭകർക്ക് 70,000 കോടിയിലധികം രൂപയുടെ ധനസഹായം നൽകിയിട്ടുണ്ട്. അവരിൽ പലരും വിനോദസഞ്ചാര മേഖലയിലാണുള്ളത്.
കരുതലും സ്നേഹവും സാമൂഹ്യജീവിതത്തിന്റെ ഭാഗമാണ് എന്നതാണ് കേരളത്തിലെ ജനങ്ങളുടെ പ്രത്യേകത. കുറച്ചു ദിവസങ്ങൾക്ക് മുമ്പ്, ഹരിയാനയിൽ മാതാ അമൃതാനന്ദമയി ജിയുടെ അമൃത ആശുപത്രി ഉദ്ഘാടനം ചെയ്യാൻ എനിക്ക് അവസരം ലഭിച്ചു. കരുണാമയിയായ അമൃതാനന്ദമയി അമ്മ എന്നെയും അനുഗ്രഹിച്ചു. കേരളത്തിന്റെ മണ്ണിൽ നിന്ന് ഒരിക്കൽ കൂടി അവരോടു ഞാൻ നന്ദി പറയുന്നു.
സുഹൃത്തുക്കളേ, നമ്മുടെ ഗവണ്മെന്റ് ‘ഏവര്‍ക്കുമൊപ്പം, ഏവരുടെയും വികസനം, ഏവരുടെയും വിശ്വാസം, കൂട്ടായ പരിശ്രമം’ എന്ന അടിസ്ഥാനതത്വത്തിൽ പ്രവർത്തിച്ച് രാജ്യത്തെ വികസിപ്പിക്കുകയാണ്. സ്വാതന്ത്ര്യത്തിന്റെ ഈ ‘അമൃതകാലത്ത്’ നാം ഒരുമിച്ച് വികസിത ഇന്ത്യക്കായുള്ള പാതയ്ക്കു കരുത്തുപകരും എന്ന ഈ ആഗ്രഹത്തോടെ, വികസന പദ്ധതികൾക്ക് ഒരിക്കൽ കൂടി എല്ലാവർക്കും അഭിനന്ദനങ്ങൾ നേരുന്നു. ഒരിക്കൽ കൂടി എല്ലാവർക്കും ഓണാശംസകൾ.
വളരെ നന്ദി.