ജാർഖണ്ഡ് ഗവർണർ ശ്രീ രമേഷ് ബൈസ് ജി, മുഖ്യമന്ത്രി ശ്രീ ഹേമന്ത് സോറൻ ജി, കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകൻ ശ്രീ ജ്യോതിരാദിത്യ സിന്ധ്യ ജി, ജാർഖണ്ഡ് ഗവൺമെന്റ് മന്ത്രിമാർ, എംപി നിഷികാന്ത് ജി, മറ്റ് എംപിമാർ, എംഎൽഎമാർ, മഹതികളേ, മാന്യരേ,
ബാബ ധാം സന്ദർശിച്ചതിന് ശേഷം എല്ലാവർക്കും സന്തോഷം തോന്നുന്നു. ദിയോഘറിൽ നിന്ന് ജാർഖണ്ഡിന്റെ വികസനത്തിന് ഊർജം പകരാൻ ഇന്ന് നമുക്കെല്ലാവർക്കും പദവിയുണ്ട്. ബാബ ബൈദ്യനാഥിന്റെ അനുഗ്രഹത്താൽ ഇന്ന് 16,000 കോടിയിലധികം രൂപയുടെ പദ്ധതികൾ ഒന്നുകിൽ ഉദ്ഘാടനം ചെയ്യപ്പെടുകയോ അവയുടെ തറക്കല്ലിടൽ നടക്കുകയോ ചെയ്തു. ജാർഖണ്ഡിന്റെ ആധുനിക കണക്റ്റിവിറ്റി, ഊർജം, ആരോഗ്യം, വിശ്വാസം, വിനോദസഞ്ചാരം എന്നിവയ്ക്ക് ഇവ വളരെയധികം ഊർജം പകരാൻ പോകുന്നു. ദിയോഘർ വിമാനത്താവളവും ദിയോഘർ എയിംസും നാം വളരെക്കാലമായി സ്വപ്നം കണ്ടു. ഈ സ്വപ്നവും ഇപ്പോൾ സാക്ഷാത്കരിക്കപ്പെടുകയാണ്.
സുഹൃത്തുക്കളേ ,
ഈ പദ്ധതികൾ ജാർഖണ്ഡിലെ ലക്ഷക്കണക്കിന് ആളുകളുടെ ജീവിതം സുഗമമാക്കുക മാത്രമല്ല, ബിസിനസ്സ്, വ്യാപാരം, ടൂറിസം, തൊഴിൽ, സ്വയം തൊഴിൽ എന്നിവയ്ക്കായി നിരവധി പുതിയ അവസരങ്ങൾ സൃഷ്ടിക്കും. ഈ വികസന പദ്ധതികൾക്കെല്ലാം ജാർഖണ്ഡിലെ എല്ലാ ജനങ്ങളേയും ഞാൻ അഭിനന്ദിക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്യുന്നു. ഈ പദ്ധതികൾ ജാർഖണ്ഡിലാണ് ആരംഭിക്കുന്നത്, എന്നാൽ ജാർഖണ്ഡിന് പുറമെ ബീഹാറിലെയും പശ്ചിമ ബംഗാളിലെയും പല പ്രദേശങ്ങൾക്കും നേരിട്ട് പ്രയോജനം ലഭിക്കും. ഒരു തരത്തിൽ പറഞ്ഞാൽ, കിഴക്കൻ ഇന്ത്യയുടെ വികസനത്തിനും ഈ പദ്ധതികൾ ആക്കം കൂട്ടും.
സുഹൃത്തുക്കളേ ,
കഴിഞ്ഞ എട്ട് വർഷമായി സംസ്ഥാനങ്ങളുടെ വികസനത്തിലൂടെ രാഷ്ട്രത്തിന്റെ വികസനത്തിന്റെ ഈ സമീപനത്തിലാണ് രാജ്യം പ്രവർത്തിക്കുന്നത്. ജാർഖണ്ഡിനെ ഹൈവേകൾ, റെയിൽവേ, വ്യോമപാതകൾ, ജലപാതകൾ എന്നിവയുമായി ബന്ധിപ്പിക്കാനുള്ള ഞങ്ങളുടെ ശ്രമത്തിൽ കഴിഞ്ഞ എട്ട് വർഷമായി ഇതേ ആവേശം പരമപ്രധാനമാണ്. 13 ഹൈവേ പദ്ധതികൾ ഉദ്ഘാടനം ചെയ്യപ്പെടുകയോ അവയുടെ തറക്കല്ലിടൽ നടത്തുകയോ ചെയ്‌തത്, ബീഹാറുമായും പശ്ചിമ ബംഗാളിനുമായും അതുപോലെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായും ജാർഖണ്ഡിന്റെ ബന്ധത്തെ ശക്തിപ്പെടുത്തും. മിർസചൗക്കിക്കും ഫറാക്കയ്ക്കുമിടയിൽ നിർമിക്കുന്ന നാലുവരി ഹൈവേ സന്താൽ പർഗാന മുഴുവൻ ആധുനിക സൗകര്യങ്ങൾ പ്രദാനം ചെയ്യും. റാഞ്ചി-ജംഷഡ്പൂർ ഹൈവേ ഇപ്പോൾ സംസ്ഥാന തലസ്ഥാനത്തിനും വ്യാവസായിക നഗരത്തിനും ഇടയിലുള്ള യാത്രാ സമയവും ഗതാഗത ചെലവും ഗണ്യമായി കുറയ്ക്കും. പൽമ ഗുംല സെക്ഷനിൽ നിന്ന് ഛത്തീസ്ഗഡിലേക്ക് മികച്ച പ്രവേശനം ഉണ്ടാകും, കൂടാതെ പാരദീപ് തുറമുഖത്ത് നിന്ന് ജാർഖണ്ഡിലേക്ക് പെട്രോളിയം ഉൽപ്പന്നങ്ങൾ കൊണ്ടുപോകുന്നത് എളുപ്പവും വിലകുറഞ്ഞതുമാകും. റെയിൽ ശൃംഖലയുടെ ഇന്നത്തെ വിപുലീകരണം മേഖലയിലുടനീളമുള്ള പുതിയ ട്രെയിനുകൾക്കുള്ള വഴികൾ തുറന്ന് റെയിൽ ഗതാഗതം വേഗത്തിലാക്കുന്നു. ഈ സൗകര്യങ്ങളെല്ലാം ജാർഖണ്ഡിന്റെ വ്യാവസായിക വികസനത്തിൽ നല്ല സ്വാധീനം ചെലുത്തും.
സുഹൃത്തുക്കളേ ,
നാല് വർഷം മുമ്പ് ദിയോഘർ വിമാനത്താവളത്തിന്റെ തറക്കല്ലിടാൻ എനിക്ക് ഭാഗ്യമുണ്ടായി. കൊറോണയുടെ പശ്ചാത്തലത്തിൽ ബുദ്ധിമുട്ടുകൾക്കിടയിലും, ഈ പദ്ധതിയിൽ അതിവേഗം പുരോഗതി കൈവരിച്ചു, ഇന്ന് ജാർഖണ്ഡിന് രണ്ടാമത്തെ വിമാനത്താവളം ലഭിക്കുന്നു. പ്രതിവർഷം അഞ്ച് ലക്ഷത്തോളം യാത്രക്കാരെ കൈകാര്യം ചെയ്യാൻ ദിയോഘർ വിമാനത്താവളത്തിന് കഴിയും. ഇത് പലർക്കും ബാബയുടെ ‘ദർശനം’ എളുപ്പമാക്കും.
സുഹൃത്തുക്കളേ ,
ഹവായ് ചപ്പൽ ധരിക്കുന്നവർക്കും വിമാനയാത്ര ആസ്വദിക്കാം എന്ന ചിന്തയിലാണ് നമ്മുടെ ഗവണ്മെന്റ് ഉഡാൻ പദ്ധതി ആരംഭിച്ചതെന്ന് ജ്യോതിരാദിത്യ ജി പരാമർശിക്കുകയായിരുന്നു. ഗവൺമെന്റിന്റെ പ്രയത്നത്തിന്റെ നേട്ടങ്ങൾ ഇന്ന് രാജ്യത്തുടനീളം ദൃശ്യമാണ്. ഉഡാൻ പദ്ധതിക്ക് കീഴിൽ, കഴിഞ്ഞ അഞ്ച്-ആറ് വർഷത്തിനുള്ളിൽ 70-ലധികം പുതിയ സ്ഥലങ്ങൾ വിമാനത്താവളങ്ങൾ, ഹെലിപോർട്ടുകൾ അല്ലെങ്കിൽ വാട്ടർ എയറോഡ്രോം എന്നിവയുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ഇന്ന്, 400-ലധികം പുതിയ റൂട്ടുകളിൽ വിമാന യാത്രാ സൗകര്യം സാധാരണ പൗരന്മാർ ആസ്വദിക്കുന്നു. ഉഡാൻ പദ്ധതി പ്രകാരം ഇതുവരെ ഒരു കോടി യാത്രക്കാർ വളരെ കുറഞ്ഞ ചെലവിൽ വിമാനയാത്ര ഉപയോഗിച്ചു. വിമാനത്താവളം ആദ്യമായി കാണുകയും ആദ്യമായി വിമാനത്തിൽ കയറുകയും ചെയ്ത ലക്ഷക്കണക്കിന് ഇവരുണ്ട്. ഒരു കാലത്ത് യാത്രയ്‌ക്കായി ബസുകളെയും റെയിൽവേയെയും ആശ്രയിച്ചിരുന്ന എന്റെ പാവപ്പെട്ടവരും ഇടത്തരക്കാരുമായ സഹോദരങ്ങൾ ഇപ്പോൾ വിമാനത്തിൽ സീറ്റ് ബെൽറ്റ് ധരിക്കാൻ പഠിച്ചു. ഇന്ന് ദിയോഘറിൽ നിന്ന് കൊൽക്കത്തയിലേക്കുള്ള വിമാനം ആരംഭിച്ചതിൽ എനിക്ക് സന്തോഷമുണ്ട്. റാഞ്ചി, പട്‌ന, ഡൽഹി എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ എത്രയും വേഗം ആരംഭിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ദിയോഘറിന് ശേഷം ബൊക്കാറോയിലും ദുംകയിലും വിമാനത്താവളങ്ങളുടെ നിർമാണ പ്രവർത്തനങ്ങൾ നടന്നുവരികയാണ്. അതായത്, ജാർഖണ്ഡിലെ കണക്റ്റിവിറ്റി സമീപഭാവിയിൽ മികച്ചതായിരിക്കും.
സുഹൃത്തുക്കളേ ,
കണക്റ്റിവിറ്റിയ്‌ക്കൊപ്പം, രാജ്യത്തിന്റെ വിശ്വാസവും ആത്മീയതയുമായി ബന്ധപ്പെട്ട പ്രധാന സ്ഥലങ്ങളിൽ മികച്ച സൗകര്യങ്ങൾക്കും കേന്ദ്ര ഗവണ്മെന്റ് ഊന്നൽ നൽകുന്നു. ബാബ ബൈദ്യനാഥ് ധാമിലും പ്രസാദ് പദ്ധതി പ്രകാരം ആധുനിക സൗകര്യങ്ങൾ വിപുലീകരിച്ചിട്ടുണ്ട്. സമഗ്രമായ സമീപനത്തോടെ ജോലി ചെയ്യുമ്പോൾ, സമൂഹത്തിലെ എല്ലാ വിഭാഗത്തിനും മേഖലയ്ക്കും ടൂറിസത്തിന്റെ രൂപത്തിൽ പുതിയ വരുമാനമാർഗം ലഭിക്കും. ആദിവാസി മേഖലയിലെ ഇത്തരം ആധുനിക സൗകര്യങ്ങൾ ഈ മേഖലയുടെ വിധിയെ മാറ്റിമറിക്കാൻ പോകുന്നു.
സുഹൃത്തുക്കളേ ,
വാതക അധിഷ്‌ഠിത സമ്പദ്‌വ്യവസ്ഥയ്‌ക്കായുള്ള രാജ്യത്തിന്റെ ശ്രമങ്ങളും കഴിഞ്ഞ എട്ട് വർഷമായി ജാർഖണ്ഡിന് വളരെയധികം ഗുണം ചെയ്തിട്ടുണ്ട്. കിഴക്കൻ ഇന്ത്യയിൽ നിലനിന്നിരുന്ന അടിസ്ഥാന സൗകര്യങ്ങൾ കണക്കിലെടുത്ത് വാതക അധിഷ്ഠിത ജീവിതവും വ്യവസായവും ഇവിടെ അസാധ്യമാണെന്ന് കണക്കാക്കപ്പെട്ടു. എന്നാൽ പ്രധാൻ മന്ത്രി ഊർജ ഗംഗാ യോജന പഴയ ചിത്രം മാറ്റുകയാണ്. ദൗർലഭ്യത്തെ അവസരങ്ങളാക്കി മാറ്റാൻ ഞങ്ങൾ നിരവധി പുതിയ സുപ്രധാന തീരുമാനങ്ങൾ എടുക്കുന്നു. ജാർഖണ്ഡിലെയും ഒഡീഷയിലെയും 11 ജില്ലകളിലെ നഗര വാതക വിതരണ ശൃംഖല വിപുലീകരിക്കുന്ന ബൊക്കാറോ-അംഗുൽ സെക്ഷന്റെ ഉദ്ഘാടനം ഇന്ന് നടക്കും. ഇത് വീടുകളിലെ പൈപ്പുകളിൽ നിന്ന് വിലകുറഞ്ഞ വാതകം മാത്രമല്ല, സിഎൻജി അധിഷ്‌ഠിത ഗതാഗതം, വൈദ്യുതി, വളം, സ്റ്റീൽ, ഭക്ഷ്യ സംസ്‌കരണം, കോൾഡ് സ്‌റ്റോറേജ് തുടങ്ങി നിരവധി വ്യവസായങ്ങൾക്കും പ്രചോദനം നൽകും.
സുഹൃത്തുക്കൾ,
സബ്‌കാ സാത്ത്, സബ്‌കാ വികാസ്, സബ്‌കാ വിശ്വാസം, സബ്‌കാ പ്രയാസ് എന്ന മന്ത്രം ഞങ്ങൾ പിന്തുടരുന്നു. അടിസ്ഥാന സൗകര്യവികസനത്തിൽ നിക്ഷേപം നടത്തി വികസനത്തിന്റെയും തൊഴിലിന്റെയും സ്വയം തൊഴിലിന്റെയും പുതിയ വഴികൾ കണ്ടെത്തുകയാണ്. അഭിലഷണീയമായ ജില്ലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് വികസനത്തിനുള്ള അഭിലാഷത്തിന് ഞങ്ങൾ ഊന്നൽ നൽകി. ഇന്ന് ജാർഖണ്ഡിലെ പല ജില്ലകൾക്കും ഇതിന്റെ പ്രയോജനം ലഭിക്കുന്നുണ്ട്. കാടും മലയും കൊണ്ട് ചുറ്റപ്പെട്ട ആദിവാസി മേഖലകളിൽ ദുഷ്‌കരമെന്ന് കരുതുന്ന പ്രദേശങ്ങളിൽ നമ്മുടെ സർക്കാർ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. സ്വാതന്ത്ര്യം ലഭിച്ച് പതിറ്റാണ്ടുകൾക്ക് ശേഷം വൈദ്യുതി ലഭിച്ച 18,000 ഗ്രാമങ്ങളിൽ ഭൂരിഭാഗവും അപ്രാപ്യമായ പ്രദേശങ്ങളിൽ നിന്നുള്ളവയാണ്. നല്ല റോഡുകൾ ഇല്ലാത്ത പ്രദേശങ്ങളിൽ പോലും ഗ്രാമീണ, ആദിവാസി, അപ്രാപ്യ പ്രദേശങ്ങളുടെ വിഹിതം ഏറ്റവും കൂടുതലായിരുന്നു. കഴിഞ്ഞ എട്ട് വർഷത്തിനുള്ളിൽ വിദൂരസ്ഥ പ്രദേശങ്ങളിൽ പാചക വാതക , കുടിവെള്ള കണക്ഷനുകൾ നൽകുന്നതിനുള്ള പ്രവർത്തനങ്ങൾ ദ്രുത ഗതിയിൽ പുരോഗമിക്കുന്നു . നേരത്തെ മികച്ച ആരോഗ്യ സൗകര്യങ്ങൾ വൻ നഗരങ്ങളിൽ മാത്രം ഒതുങ്ങിയിരുന്നുവെന്നത് നാമെല്ലാവരും കണ്ടതാണ്. ഇപ്പോൾ എയിംസിന്റെ ആധുനിക സൗകര്യങ്ങൾ ജാർഖണ്ഡിനൊപ്പം ബീഹാറിലെയും പശ്ചിമ ബംഗാളിലെയും വലിയ ആദിവാസി മേഖലകളിൽ ലഭ്യമാണ്. ജനങ്ങളുടെ സൗകര്യാർത്ഥം നാം നടപടികൾ സ്വീകരിക്കുമ്പോൾ രാഷ്ട്രത്തിന്റെ സമ്പത്ത് സൃഷ്ടിക്കപ്പെടുകയും വികസനത്തിന് പുതിയ അവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു എന്നതിന്റെ തെളിവാണ് ഈ പദ്ധതികളെല്ലാം. ഇതാണ് യഥാർത്ഥ വികസനം. നമ്മൾ ഒരുമിച്ച് അത്തരം വികസനത്തിന്റെ വേഗത വർദ്ധിപ്പിക്കേണ്ടതുണ്ട്. ഒരിക്കൽ കൂടി, ഞാൻ ജാർഖണ്ഡിനെ വളരെയധികം അഭിനന്ദിക്കുന്നു. നിങ്ങൾക്ക് എല്ലാവിധ ആശംസകളും നേരുന്നു. ഒത്തിരി നന്ദി!