ഇന്ത്യയുടെ വിദേശനയത്തില്‍ സാര്‍ക്ക് നിര്‍ണായകമാണ്. സാര്‍ക്ക് മേഖലയിലെ ഏറ്റവും വലിയ രാഷ്ട്രം മാത്രമല്ല, സാമ്പത്തികമായി വളരെ പ്രധാനപ്പെട്ട രാഷ്ട്രം കൂടിയാണ് ഇന്ത്യ. സാര്‍ക്ക് രാഷ്ട്രങ്ങളുമായുള്ള മെച്ചപ്പെട്ട ബന്ധം തന്റെ വിദേശനയത്തിന്റെ കാതല്‍ ആയിരിക്കുമെന്ന് അധികാരമേല്‍ക്കുന്ന വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു.
2014 മെയ് 26നു നടന്ന തന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്കു മുഴുവന്‍ സാര്‍ക്ക് നേതാക്കളെയും ക്ഷണിക്കാന്‍ ശ്രീ. മോദി തീരുമാനിച്ചിരുന്നു. ശ്രീ. നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്യുന്നതിനു സാക്ഷികളാകാന്‍ അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി, ബംഗ്ലാദേശ് സ്പീക്കര്‍ ഷര്‍മിന്‍ ചൗധരി (പ്രധാനമന്ത്രി ഷെയ്ഖ് ഹസീന മുന്‍കൂട്ടി തീരുമാനിച്ച പ്രകാരം ജപ്പാന്‍ സന്ദര്‍ശനത്തിലായിരുന്നു), ഭൂട്ടാന്‍ പ്രധാനമന്ത്രി ഷെറിങ് ടോഗ്‌ബേ, മാലിദ്വീപ് പ്രസിഡന്റ് അബ്ദുള്ള യാമീന്‍, നേപ്പാല്‍ പ്രധാനമന്ത്രി സുശീല്‍ കൊയ്‌രാള, പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷരീഫ്, ശ്രീലങ്കന്‍ പ്രസിഡന്റ് രാജപക്‌സെ എന്നിവര്‍ എത്തിയിരുന്നു. അടുത്ത ദിവസം പ്രധാനമന്ത്രി ഇവരൊക്കെയുമായി ഫലപ്രദമായ ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു. ഓരോ കൂടിക്കാഴ്ചയും പുതിയ തുടക്കത്തിന്റെയും ശുഭാപ്തിവിശ്വാസത്തിന്റെ പുതിയ യുഗത്തിന്റെയും സാര്‍ക്ക് ബന്ധങ്ങളുടെ പുരോഗതിയുടെയും നിമിഷങ്ങളായിരുന്നു.
വിദേശ സന്ദര്‍ശനത്തിനുള്ള ആദ്യ രാഷ്ട്രമായി പ്രധാനമന്ത്രി തെരഞ്ഞെടുത്തതു ഭൂട്ടാനാണ്. 2014 ജൂണ്‍ 15നു പ്രധാനമന്ത്രി ഭൂട്ടാനില്‍ എത്തിയപ്പോള്‍ ഊഷ്മളമായ സ്വീകരണമാണു ലഭിച്ചത്. പ്രധാനപ്പെട്ട ഒട്ടേറെ കരാറുകള്‍ ആ സമയത്ത് ഒപ്പുവെക്കപ്പെട്ടു. ഭൂട്ടാന്‍ പാര്‍ലമെന്റിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യുകയും ചെയ്തു.
2014ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കാഠ്മണ്ഡുവില്‍ എത്തി. 17 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഭൂട്ടാനിലേക്ക് ഇന്ത്യന്‍ പ്രധാനമന്ത്രി നടത്തിയ സന്ദര്‍ശനം കൂടിയായിരുന്നു ഇത്. നേപ്പാളുമായും പ്രധാന കരാറുകള്‍ ഒപ്പുവെക്കപ്പെട്ടു. ഇതിനു പുറമെ, ഇന്ത്യ-നേപ്പാള്‍ ബന്ധത്തില്‍ ചരിത്രപരമായ നേട്ടമുണ്ടാക്കാന്‍ നേപ്പാള്‍ നേതാക്കളും പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചകളിലൂടെ സാധിച്ചു. 2014 നവംബറില്‍ ശ്രീ. മോദി ഒരിക്കല്‍ക്കൂടി നേപ്പാളിലെത്തി. സാര്‍ക്ക് സമ്മേളനത്തില്‍ പങ്കെടുക്കാനായിരുന്നു ഇത്. ഈ സമയത്ത് സാര്‍ക്ക് നേതാക്കളെല്ലാവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.
2015 ഫെബ്രുവരിയില്‍ ശ്രീലങ്കന്‍ പ്രസിഡന്റ് സിരിസേന ഇന്ത്യ സന്ദര്‍ശിച്ചു. 2015 ജനുവരിയില്‍ അധികാരമേറ്റ അദ്ദേഹം ആദ്യം സന്ദര്‍ശിച്ച വിദേശരാഷ്ട്രം ഇന്ത്യ ആയിരുന്നു. 2015 മാര്‍ച്ചില്‍ പ്രധാനമന്ത്രി ശ്രീലങ്ക സന്ദര്‍ശിച്ചു. ഏറെ വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷമുള്ള ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ശ്രീലങ്കന്‍ സന്ദര്‍ശനമായിരുന്നു ഇത്. സന്ദര്‍ശനവേളയില്‍ ഒട്ടേറെ കരാറുകള്‍ ഒപ്പുവെക്കപ്പെട്ടു. പ്രധാനമന്ത്രി ശ്രീലങ്കന്‍ പാര്‍ലമെന്റില്‍ പ്രസംഗിച്ചു. അദ്ദേഹം ജാഫ്‌ന സന്ദര്‍ശിക്കുകയും ചെയ്തു. ജാഫ്‌ന സന്ദര്‍ശിച്ച രണ്ടാമത്തെ ലോകനേതാവാണ് അദ്ദേഹം. ജാഫ്‌നയില്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ സഹായത്തോടെ നിര്‍മിച്ചുനല്‍കുന്ന വീടുകള്‍ അദ്ദേഹം ഗുണഭോക്താക്കള്‍ക്കു കൈമാറി. ശ്രീ. മോദി ജാഫ്‌ന സാംസ്‌കാരിക കേന്ദ്രത്തിനു തറക്കല്ലിടുകയുമുണ്ടായി.
അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി 2015 മെയില്‍ ഇന്ത്യ സന്ദര്‍ശിച്ചു. പരസ്പര ബന്ധം മെച്ചപ്പെടുത്താന്‍ ഇരു രാഷ്ട്രങ്ങളും സമ്മതിക്കുകയും ചെയ്തു.
ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തിലെ നിര്‍ണായക നിമിഷങ്ങളെന്നു വിലയിരുത്തപ്പെടുന്ന ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിക്കരാര്‍ ഇന്ത്യന്‍ പാര്‍ലമെന്റ് 2015 മേയില്‍ ഐകകണ്‌ഠ്യേന പാസാക്കിയതിലൂടെ ചരിത്രം രചിക്കപ്പെടുകയായിരുന്നു. ഇതിനായി സഹകരിച്ചതിന് എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും അഭിനന്ദനങ്ങള്‍ അറിയിച്ചു. ബന്ധം മെച്ചപ്പെടുത്തുന്നതിനായി പ്രധാനമന്ത്രി അടുത്തു തന്നെ ബംഗ്ലാദേശ് സന്ദര്‍ശിക്കുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്.
ഉഭയകക്ഷി കൂടിക്കാഴ്ചകളിലൂടെയും പ്രധാന കരാറുകളിലൂടെയും മറ്റുമായി സാര്‍ക് രാഷ്ട്രങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനായി സാധ്യമായതെല്ലാം ശ്രീ. നരേന്ദ്ര മോദി ചെയ്തുവരികയാണ്.