ഇതുവരെ ഒരു ഗവണ്‍മെന്റും നല്കാത്ത ശ്രദ്ധയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ ഗവണ്‍മെന്റ് കൃഷിക്ക് നല്കുന്നത്. ഉത്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനും കൃഷിക്കാരെ പരിരക്ഷിക്കുന്നതിനും അവരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനും അവരുടെ മൊത്തത്തിലുള്ള ക്ഷേമം മെച്ചപ്പെടുത്തുന്നതിനും വൈവിധ്യമാര്‍ന്ന നടപടികളാണ് കഴിഞ്ഞ രണ്ടു വര്‍ഷമായി ഗവണ്‍മെന്റ് സ്വീകരിച്ചു വരുന്നത്. അനേകം മാര്‍ഗ്ഗങ്ങളിലൂടെയാണ് ഗവണ്‍മെന്റിന്റെ നടപടികള്‍ കര്‍ഷകര്‍ക്ക് സഹായകരമാകുന്നത്. ആവശ്യത്തിനു വളങ്ങള്‍, മെച്ചപ്പെട്ട ജലസേചന സൗകര്യങ്ങള്‍, വിള ഇന്‍ഷുറന്‍സ്, വായ്പകള്‍, നല്ല വില നേടുന്നതിനും ഉത്പാദനത്തിനും ശാസ്ത്രീയ സഹായം എന്നിങ്ങനെ പോകുന്നു ഈ ഗവണ്‍മെന്റിന്റെ കര്‍ഷക ക്ഷേമ നടപടികള്‍. വിവിധ തരം ഇടപെടലുകളിലൂടെ 2022 -ല്‍ എത്തുമ്പോള്‍ കൃഷിക്കാരുടെ വരുമാനം ഇരട്ടിയാക്കാനാണ് പ്രധാനമന്ത്രി മോദി ആഹ്വാനം ചെയ്തിരിക്കുന്നത്.
2014 -15 ലും 2015-16 ലും രാജ്യം തുടര്‍ച്ചയായ വരള്‍ച്ചയെ നേരിടേണ്ടിവന്നു. എന്നിട്ടും കൃഷിക്കാരുടെ ഉണര്‍വു മൂലം കാര്‍ഷികോത്പാദനം സ്ഥിരമായി നിലനിര്‍ത്താന്‍ നമുക്കു സാധിച്ചു. 2015 -16 ലെ മൊത്ത ഭക്ഷ്യധാന്യം ഉത്പാദനം 252.23 ദശലക്ഷം ടണ്‍ ആയിരുന്നു. 2014 -15 ലാകട്ടെ, 252.02 ഉം. കൃഷി മന്ത്രാലയത്തിന്റെ പേര് കൃഷി കര്‍ഷക ക്ഷേമ മന്ത്രാലയം എന്ന് പുനര്‍നാമകരണം ചെയ്തു. കര്‍ഷകന് ഊന്നല്‍ നല്കുന്ന ഈ നടപടി കാഴ്ചപ്പാടിലെ തന്നെ മാറ്റമാണ് പ്രതിഫലിപ്പിക്കുന്നത്. കൃഷിക്കും കര്‍ഷകക്ഷേമത്തിനും വേണ്ടിയുള്ള ബജറ്റ് വിഹിതം 35,984 കോടിയായി ഉയര്‍ത്തുകയും ചെയ്തു.
കൃഷി കൂടുതല്‍ ഉത്പാദനക്ഷമവും ലാഭകരവും മുന്‍കൂട്ടി പ്രവചിക്കാന്‍ സാധിക്കുന്നതുമാകണം എന്ന് ഗവണ്‍മെന്റ് തിരിച്ചറിയുന്നു. കാര്‍ഷിക വര്‍ഷത്തിലുടനീളം കൃഷിക്കാര്‍ നേരിടുന്ന വെല്ലുവിളികല്‍ പരിഹരിക്കുന്നതിന് വിവിധ മാനങ്ങളുള്ള ഒരു സമീപനമാണ് ആവശ്യം. അതിനാല്‍ കൃഷിക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഗവണ്‍മെന്റ് വിവിധ പരിഹാരമാര്‍ഗ്ഗങ്ങളുമായി മുന്നോട്ടു വന്നിരിക്കുന്നു.
കൃഷിയിറക്കുന്നതിനു മുമ്പ്-
1.സോയില്‍ ഹെല്‍ത്ത് കാര്‍ഡ് വിള തെരഞ്ഞെടുക്കാന്‍ കൃഷിക്കാരനെ സഹായിക്കുന്നു. ഇതുവരെ ഗവണ്‍മെന്റ് 1.84 കോടി സോയില്‍ ഹെല്‍ത്ത് കാര്‍ഡുകള്‍ വിതരണം ചെയ്തു കഴിഞ്ഞു. ലക്ഷ്യം 14 കോടി കൃഷിക്കാര്‍ക്ക് ഇത് നല്കുക എന്നതാണ്.
-
2.വളം ഡിപ്പോകള്‍ക്കു മുന്നിലെ നീണ്ട ക്യൂ ഇപ്പോള്‍ കാണാനില്ല. കൃഷിക്കാര്‍ക്ക് വളരെ എളുപ്പത്തില്‍ വളം ലഭിക്കുന്നു എന്ന് ഗവണ്‍മെന്റ് ഉറപ്പു വരുത്തുന്നുണ്ട്. വളങ്ങളുടെ വിലയും കാര്യമായി കുറഞ്ഞിട്ടുണ്ട്. 100 ശതമാനവും വേപ്പിന്‍ പിണ്ണാക്കില്‍ പൊതിഞ്ഞ യൂറിയ ആണ് ഇപ്പോള്‍ രാജ്യത്ത് ലഭ്യമാക്കുന്നത്. ഇതുമൂലം വളത്തിന്റെ കാര്യക്ഷമത 10 -15 ശതമാനം ഉയര്‍ന്നിട്ടുണ്ട്. കൃഷിക്കാര്‍ക്ക് ഇത് വളരെ ലാഭവുമാണ്.
3.കാര്‍ഷിക പലിശ ഇനത്തില്‍ 18,276 കോടി രൂപയാണ് ഗവണ്‍മെന്റ് എഴുതി തള്ളിയിരിക്കുന്നത്. ഇതിന്റെ ഫലമായി 4 ശതമാനം പലിശയ്ക്ക് കൃഷിക്കാര്‍ക്ക് ഹസ്വകാല കാര്‍ഷിക വായ്പകള്‍ ലഭ്യമാണ്. വിളവെടുപ്പിനു ശേഷമുള്ള ആവശ്യങ്ങള്‍ക്കായും, പ്രകൃതി ദുരന്തങ്ങള്‍ നേരിടുന്നതിനും 7 ശതമാനം പലിശയ്ക്കും വിപണി ആവശ്യങ്ങള്‍ക്കായി 9 ശതമാനം പലിശയ്ക്കും വായ്പ ലഭിക്കുന്നു.
കൃഷി ഇറക്കുമ്പോള്‍
- ജലസേചന സൗകര്യങ്ങള്‍ - 28.5 ലക്ഷം ഹെക്ടര്‍ കൃഷിയിടങ്ങളില്‍ പ്രധാന്‍ മന്ത്രി കൃഷി സിന്‍ഞ്ചൈ യോജന ദൗത്യ മാതൃകയില്‍ ജനസേചനം നടപ്പാക്കും. ആക്‌സിലറേറ്റഡ് ഇറിഗേഷന്‍ ബെനഫിറ്റ് പ്രോഗ്രാമിനു കീഴില്‍ നടന്നു വരുന്ന 89 ജലസേചന പദ്ധതികള്‍ വേഗത്തിലാക്കും. നബാര്‍ഡ് 20000 കോടിയുടെ ഒരു ദീര്‍ഘ കാല ജലസേചന ഫണ്ട് രൂപീകരിക്കും. മഴയെ ആശ്രയിച്ച് കൃഷി ചെയ്യുന്ന പ്രദേശങ്ങളില്‍ അഞ്ചു ലക്ഷം കുളങ്ങളും കിണറുകളും നിര്‍മ്മിക്കും. കൂടാതെ മഹാത്മഗാന്ധി തൊഴിലുറപ്പു പദ്ധതിയുടെ സഹായത്തോടെ ജൈവ വളം നിര്‍മ്മിക്കുന്നതിനായി 10 ലക്ഷം കമ്പോസ്റ്റ് കുഴികള്‍ തീര്‍ക്കും.
-
2 സഹായവും മാര്‍ഗ്ഗ നിര്‍ദ്ദേശവും - ഒരു കോടി കൃഷിക്കാര്‍ക്ക് മൊബൈല്‍ എസ്എംഎസ് വഴി കൃഷിയില്‍ ശാസ്ത്രീയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്കും.
കൃഷി ചെയ്ത ശേഷം
1. പ്രധാന്‍ മന്ത്രി ഫസല്‍ ബീമ യോജന. കൃഷിക്കാര്‍ വളരെ കുറഞ്ഞ പ്രീമിയം മാത്രം അടച്ച് അംഗമാകാവുന്ന ഇന്‍ഷുറന്‍സ് പദ്ധതിയാണ് പ്രധാന്‍ മന്ത്രി ഫസല്‍ ബീമ യോജന. ഒരു വിളയ്ക്ക് ഒരു നിരക്ക് മാത്രം. അതായത് ഖാരിഫിന് 2 ശതമാനം, റാബിക്ക് 1.5 ശതമാനം. പച്ചക്കറികള്‍ക്ക് 5 ശതമാനം. ഇന്‍ഷുര്‍ ചെയ്യുന്ന തുക മുഴുവന്‍ ലഭിക്കുകയും ചെയ്യും. ഒപ്പം കൃഷിക്കാരനും പൂര്‍ണ പരിരക്ഷയും ഇത് ഉറപ്പു നല്കുന്നു. സ്വാതന്ത്ര്യം ലഭിച്ച് ഏഴു പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും രാജ്യത്തെ 20 ശതമാനം കൃഷിക്കാര്‍ മാത്രമാണ് ഇന്‍ഷുറന്‍സ് അംഗത്വം എടുത്തിട്ടുള്ളത്. അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ 50 ശതമാനം കൃഷിക്കാരെ അംഗമാക്കാനാണ് പ്രധാന്‍ മന്ത്രി ഫസല്‍ ബീമ യോജന ലക്ഷ്യമിടുന്നത് .
-
ഇ- നാം(ഇലക്ട്രോണിക് - നാഷണല്‍ അഗ്രോ മാര്‍ക്കറ്റ്)
കാര്‍ഷിക വിപണികളുടെ നടത്തിപ്പ് അതത് സംസ്ഥാന ഗവണ്‍മെന്റുകള്‍ക്കാണ്. ഓരോ സംസ്ഥാനത്തെയും കാര്‍ഷിക വിപണന നിയമങ്ങളനുസരിച്ച് വിവിധ വിപണന മേഖലകളും അവയെ നിയന്ത്രിക്കുന്നതിന് പ്രത്യേകം കാര്‍ഷികോത്പാദക വിപണന കമ്മിറ്റികളും പ്രവര്‍ത്തിക്കുന്നു. ഓരോന്നിനും സ്വന്തം വിപണന ചട്ടങ്ങളും നിയമങ്ങളും ഉണ്ട്, ഫീസ് പിരിക്കുന്നുള്‍പ്പെടെ. സംസ്ഥാനങ്ങള്‍ക്കുള്ളിലുള്ള വിപണികളുടെ ഈ ശകലീകരണം ഒരു വിപണന മേഖലയില്‍ നിന്ന് മറ്റൊന്നിലേയ്ക്കുള്ള കാര്‍ഷികോത്പ്പന്നങ്ങളുടെ സ്വതന്ത്ര നീക്കത്തെ തടയുകയും പലതട്ടുകളില്‍ ഉത്പ്പന്നങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ഇടനിലക്കാരന്‍ ഈടാക്കുന്ന തുക കൂടി ഉത്പ്പന്ന വിലയായി ഉപഭോക്താവില്‍ നിന്ന് ഈടാക്കുകയും ചെയ്യുന്നു. എന്നാല്‍ ഇതുകൊണ്ട് കൃഷിക്കാരന് ഒരുവിധ സാമ്പത്തിക നേട്ടവും ലഭിക്കുന്നുമില്ല.
ഓണ്‍ലൈന്‍ വ്യാപാരത്തിലൂടെ ഏകീകൃത വിപണി സൃഷ്ടിച്ചുകൊണ്ട് ദേശീയതലത്തിലും സംസ്ഥാന തലത്തിലും ഈ വെല്ലുവിളികളെ നേരിടാനുള്ള സംവിധാനമാണ് ഇലക്ട്രോണിക് - ദേശീയ കാര്‍ഷിക വിപണി. വിപണികളുടെ ഐക്യം പ്രോത്സാഹിപ്പിക്കുക, ഏകീകൃത വിപണി നടപടികള്‍ കാര്യക്ഷമമാക്കുക, വില്പനക്കാരും കച്ചവടക്കാരും തമ്മിലുള്ള ധാരണപിശകുകള്‍ തിരുത്തുക, ആവശ്യവും വിതരണവും അടിസ്ഥാനമാക്കി ഉത്പ്പന്നങ്ങളുടെ സമയാസമയങ്ങളിലെ കൃത്യമായ വിലകള്‍ കണ്ടെത്തുക, ലേലങ്ങളില്‍ സുതാര്യത ഉറപ്പാക്കുക, മികച്ച ഉത്പ്പന്നങ്ങളുമായി ഓണ്‍ ലൈന്‍ വ്യാപരത്തിലൂടെ ദേശീയ വിപണിയിലേയ്ക്ക് കടന്നു ചെല്ലാന്‍ കൃഷിക്കാരനെ പ്രാപ്തനാക്കുക, ഗുണമേന്മയ്ക്ക് അനുസൃതമായ വില ഓണ്‍ലൈനായി കൃഷിക്കാരനും, ന്യായവിലയ്ക്ക് ഗുണമേന്മയുള്ള ഉത്പ്പന്നങ്ങള്‍ ഉപഭോക്താവിനും ലഭ്യമാക്കുക ഇതൊക്കെയാണ് ഇലക്ട്രോണിക് - ദേശീയ കാര്‍ഷിക വിപണി സംവിധാനത്തിലൂടെ ഗവണ്‍മെന്റ് ലക്ഷ്യമാക്കുന്നത്.
ഈ നടപടികള്‍ക്കുപരി കൃഷിക്കാരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിന് മത്സ്യകൃഷി, മൃഗസംരക്ഷണം ക്ഷീരോത്പ്പന്ന നിര്‍മ്മാണം എന്നിവയുമായി ബന്ധിപ്പിച്ചുള്ള ബഹുമുഖ സ്പര്‍ശിയായ ഒരു സമീപനം കൂടി ഗവണ്‍മെന്റ് സ്വീകരിച്ചുവരികയാണ്. പശുധന്‍ സഞ്ജീവനി, നകുല്‍ സ്വസ്ത്യ പത്ര, ഇ-പശുധന്‍ ഹാത്, നാടന്‍ ജനുസുകള്‍ക്കായി നാഷണല്‍ ജീനോമിക് സെന്റര്‍ - എന്നിവയാണ് ഇതുമായി ബന്ധപ്പെട്ട് ഉടന്‍ ആരംഭിക്കാന്‍ പോകുന്ന 850 കോടിയുടെ നാല് ക്ഷീരപദ്ധതികള്‍. കൂടാതെ മികച്ച നാടന്‍ ഇനങ്ങളെ സംരക്ഷിക്കാനുള്ള രാഷ്ട്രിയ ഗോകുല്‍ മിഷന്‍ വേറെ. 2014 -15 ല്‍ 95.72 ലക്ഷം ടണ്‍ മാത്രമായിരുന്ന മത്സ്യ ഉത്പാദനം, 2015-16 ല്‍ 107.9 ലക്ഷം ടണ്‍ ആയി ഉയര്‍ന്നു. മത്സ്യബന്ധനം നിരോധിക്കുന്ന മൂന്നു മാസ കാലയളവില്‍ മത്സ്യ തൊഴിലാളികള്‍ക്ക് നീല വിപ്ലവ പദ്ധതി പ്രകാരം ആശ്വാസ സഹായം നല്കുന്നുണ്ട്. ഇത് ഇപ്പോള്‍ പ്രതിമാസം 1500 രൂപയാക്കി വര്‍ധിപ്പിച്ചിരിക്കുന്നു.
ദുരിതാശ്വാസ സഹായത്തിനായി ഗവണ്‍മെന്റ് നല്കിവരുന്ന തുകയും വര്‍ധിപ്പിച്ചിരിക്കുന്നു. 2010 -2015 വര്‍ഷങ്ങളില്‍ 33580.93 കോടിയായിരുന്നു സംസ്ഥാനങ്ങള്‍ക്ക് ലഭിച്ചിരുന്ന ദുരന്തനിവാരണ ഫണ്ട്. ഇത് 2015 -2020 ല്‍ 612220 കോടിയായി വര്‍ധിപ്പിച്ചിരിക്കുന്നു. വരള്‍ച്ചയും ചുഴലിക്കാറ്റും മൂലം ദുരിതമനുഭിവച്ച സംസ്ഥാനങ്ങള്‍ക്കു 2010 -14 കാലഘട്ടത്തില്‍ 12516.20 കോടി രൂപയാണ് കഴിഞ്ഞ ഗവണ്‍മെന്റ് ആകെ അനുവദിച്ചത്. എന്‍ഡിഎ ഗവണ്മെന്റ് 2014 -15 ല്‍ മാത്രം 9017.998 കോടി ഈ സംസ്ഥാനങ്ങള്‍ക്ക് നല്കി. 2015 -16 ല്‍ ഇതുവരെ 13496.57 കോടി അനുവദിച്ചു കഴിഞ്ഞു.