പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ‘വികസിത് ഭാരത് സങ്കൽപ്പ് യാത്ര’യുടെ ഗുണഭോക്താക്കളുമായി വിദൂരദൃശ്യസംവിധാനം വഴി ആശയവിനിമയം നടത്തി. ‘വികസിത് ഭാരത് സങ്കൽപ്പ് യാത്ര’യുടെ രാജ്യമെമ്പാടുമുള്ള ആയിരക്കണക്കിന് ഗുണഭോക്താക്കള്‍ പരിപാടിയില്‍ പങ്കെടുത്തു. കേന്ദ്രമന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, പ്രാദേശികതല പ്രതിനിധികള്‍ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.
മൃഗസംരക്ഷണത്തിലും തോട്ടകൃഷിയിലും ഏര്‍പ്പെട്ടിരിക്കുന്ന തെലങ്കാന കരിംനഗറിലെ കര്‍ഷകനായ ശ്രീ എം മല്ലികാര്‍ജുന റെഡ്ഡിയുമായിട്ടായിരുന്നു പ്രധാനമന്ത്രിയുടെ ആദ്യ ആശയവിനിമയം. ബിടെക് ബിരുദധാരിയും സോഫ്‌റ്റ്‌വെയര്‍ കമ്പനിയിലെ മുന്‍ ജീവനക്കാരനുമാണ് ശ്രീ റെഡ്ഡി. മികച്ച കര്‍ഷകനാകാന്‍ വിദ്യാഭ്യാസം തന്നെ സഹായിച്ചുവെന്ന് തന്റെ പ്രയാണം വിവരിച്ചുകൊണ്ട് ശ്രീ റെഡ്ഡി പറഞ്ഞു. മൃഗസംരക്ഷണം, തോട്ടകൃഷി, പ്രകൃതികൃഷി എന്നിവയുടെ സംയോജിത സംവിധാനമാണ് അദ്ദേഹം പിന്തുടരുന്നത്.ഈ സമീപനത്തിന്റെ പ്രധാന നേട്ടം അദ്ദേഹത്തിന്റെ സ്ഥിരമായ ദൈനംദിന വരുമാനമാണ്.
ഔഷധകൃഷിയിലും ഏര്‍പ്പെട്ടിരിക്കുന്ന അദ്ദേഹം അഞ്ച് മേഖലകളിൽനിന്ന് വരുമാനം നേടുന്നുണ്ട്. പരമ്പരാഗതമായ ഏക കാർഷികസമീപനത്തിലൂടെ 6 ലക്ഷം രൂപ സമ്പാദിച്ചിരുന്ന അദ്ദേഹം ഇപ്പോള്‍ സംയോജിത സമീപനത്തിലൂടെ പ്രതിവര്‍ഷം 12 ലക്ഷം രൂപ സമ്പാദിക്കുന്നു, ഇത് അദ്ദേഹത്തിന്റെ മുന്‍ വരുമാനത്തിന്റെ ഇരട്ടിയാണ്.
ഐസിഎആര്‍ ഉള്‍പ്പെടെ നിരവധി സംഘടനകളും മുന്‍ ഉപരാഷ്ട്രപതി ശ്രീ വെങ്കയ്യ നായിഡുവും ശ്രീ റെഡ്ഡിക്ക് പുരസ്‌കാരം നല്‍കിയിട്ടുണ്ട്. അദ്ദേഹം സംയോജിതവും പ്രകൃതിദത്തവുമായ കൃഷി പ്രചരിപ്പിക്കുകയും സമീപ പ്രദേശങ്ങളിലെ കര്‍ഷകരെ പരിശീലിപ്പിക്കുകയും ചെയ്യുന്നു. കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍, സോയില്‍ ഹെല്‍ത്ത് കാര്‍ഡ്, തുള്ളിനന സബ്‌സിഡി, ഫസല്‍ ബീമ എന്നിവയുടെ ആനുകൂല്യങ്ങള്‍ അദ്ദേഹം പ്രയോജനപ്പെടുത്തി. കേന്ദ്ര ഗവണ്‍മെന്റും സംസ്ഥാന ഗവണ്‍മെന്റും പലിശ ഇളവു നല്‍കുന്നതിനാല്‍ കെസിസിയില്‍ നിന്ന് ലഭിക്കുന്ന വായ്പയുടെ പലിശ നിരക്ക് പരിശോധിക്കാന്‍ പ്രധാനമന്ത്രി അദ്ദേഹത്തോട് ആവശ്യപ്പെട്ടു.
വിദ്യാര്‍ഥികളെ കാണാനും അഭ്യസ്തവിദ്യരായ യുവാക്കളെ കാര്‍ഷിക മേഖലയിലേക്ക് കടന്നുവരാന്‍ പ്രോത്സാഹിപ്പിക്കാനും പ്രധാനമന്ത്രി അദ്ദേഹത്തോട് ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ രണ്ട് പെണ്‍മക്കളുമായും പ്രധാനമന്ത്രി ആശയവിനിമയം നടത്തി. വിദ്യാസമ്പന്നരായ യുവാക്കള്‍ കൃഷി ഏറ്റെടുക്കുന്നതില്‍ സന്തോഷം പ്രകടിപ്പിച്ച പ്രധാനമന്ത്രി, ‘കൃഷിയിലെ സാധ്യതകളുടെ കരുത്തുറ്റ ഉദാഹരണമാണ് നിങ്ങള്‍’ എന്നും പറഞ്ഞു. കൃഷിയോടുള്ള റെഡ്ഡിയുടെ സംയോജിത സമീപനത്തെ പ്രശംസിച്ച്, അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മറ്റ് കര്‍ഷകര്‍ക്ക് പ്രചോദനമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ശ്രീറെഡ്ഡിയുടെ ഭാര്യയുടെ ത്യാഗത്തിനും സംരംഭകന് നല്‍കിയ പിന്തുണയ്ക്കും പ്രധാനമന്ത്രി അവരെ അഭിനന്ദിച്ചു.