യൂറോപ്യന്‍ നിക്ഷേപക ബാങ്ക് പ്രസിഡന്റ് ഡോ. വെര്‍നര്‍ ഹോയെര്‍, പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു. അദ്ദേഹത്തോടൊപ്പം ബാങ്കിലെ മറ്റു മുതിര്‍ന്ന ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു.
ഒരു വര്‍ഷം മുന്‍പു നടന്ന യൂറോപ്യന്‍ യൂണിയന്‍-ഇന്ത്യ ഉച്ചകോടിക്കിടെ യൂറോപ്യന്‍ നിക്ഷേപക ബാങ്കിന്റെ ഉന്നതതല പ്രതിനിധിസംഘവുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍ ബാങ്ക് മേഖലാതല ഓഫീസ് ഡെല്‍ഹിയില്‍ തുറക്കുന്നതിനു സഹായം നല്‍കാമെന്നു പ്രധാനമന്ത്രി വാഗ്ദാനം ചെയ്തിരുന്നു. മേഖലാ ഓഫീസ് ഇന്ന് ഉദ്ഘാടനം ചെയ്യപ്പെട്ടു.
കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതി പരിപാലനം എന്നീ കാര്യങ്ങളിലുള്ള ഇന്ത്യയുടെ നയം പ്രധാനമന്ത്രി വിശദീകരിച്ചു. ലഖ്‌നൗ മെട്രോ ഉള്‍പ്പെടെയുള്ള പരിസ്ഥിതി പരിപാലനം ഉറപ്പാക്കുന്ന പദ്ധതികള്‍ നടപ്പാക്കാനായി യൂറോപ്യന്‍ നിക്ഷേപക ബാങ്ക് ഇന്ത്യക്ക് നൂറു കോടി യൂറോയിലേറെ തുകയുടെ വായ്പ അനുവദിച്ചിട്ടുണ്ട്.
കാലാവസ്ഥാ വ്യതിയാനത്തെ നേരിടാന്‍ ഇന്ത്യ കൈക്കൊണ്ട ശക്തമായ നടപടികളെ അഭിനന്ദിച്ച ഡോ. ഹോയര്‍, ഇക്കാര്യത്തില്‍ രാജ്യം നടത്തുന്ന ശ്രമങ്ങള്‍ക്കു ബാങ്കിന്റെ തുടര്‍സഹായം വാഗ്ദാനം ചെയ്യുകയുമുണ്ടായി.