ലോക് കല്യാണ്‍ മാര്‍ഗിലെ പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കുമായി ദീപാവലി മിലന്‍ സംഘടിപ്പിച്ചു. പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി എല്ലാവര്‍ക്കും ഊഷ്മളമായ ദീപാവലി ആശംസകള്‍ നേര്‍ന്നു.
പ്രധാനമന്ത്രിയുടെ ഓഫീസിലെ ജീവനക്കാര്‍ ചെയ്യുന്ന നല്ല പ്രവൃത്തികളെ അഭിനന്ദിച്ച അദ്ദേഹം, മാറ്റത്തിനു നാന്ദി കുറിക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളും ഗവണ്‍മെന്റിനു ചെയ്യാന്‍ സാധിച്ചതു ജീവനക്കാരുടെ കഠിനാധ്വാനവും തുടര്‍ച്ചയായ ശ്രമവുംകൊണ്ടാണെന്നു വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ചെയ്ത പ്രവര്‍ത്തനം വിലയിരുത്തി വരും വര്‍ഷം കൂടുതല്‍ നേട്ടം കൊയ്യാന്‍ ശ്രമിക്കാന്‍ പ്രധാനമന്ത്രി ജീവനക്കാരെ പ്രോല്‍സാഹിപ്പിച്ചു.
ഗവണ്‍മെന്റിനാകെ മാതൃക ആയാണു പ്രധാനമന്ത്രിയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തി. തീരുമാനങ്ങള്‍ നടപ്പാക്കുക മാത്രമല്ല, പ്രധാനമന്ത്രിയുടെ ഓഫീസ് പ്രചോദനമേകുകയും നയിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തൊഴിലിലെ ധാര്‍മികത കൊണ്ടും പ്രതിബദ്ധത കൊണ്ടും ഗവണ്‍മെന്റിന്റെ ഭാഗമായ മറ്റുള്ളവര്‍ക്കു പ്രചോദനമായി നിലകൊള്ളണമെന്നു ജീവനക്കാരോടു പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. 2022ല്‍ സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം ആഘോഷിക്കുമ്പോഴേക്കും യാഥാര്‍ഥ്യമാക്കേണ്ട ലക്ഷ്യങ്ങളുടെ രൂപരേഖ അദ്ദേഹം അവതരിപ്പിച്ചു.
ദശലക്ഷക്കണക്കിനു പൗരന്‍മാരുടെ പ്രതീക്ഷകളും സ്വപ്‌നങ്ങളും യാഥാര്‍ഥ്യമാക്കുന്നതിനായി പ്രധാനമന്ത്രിയുടെ ഓഫീസ് നിലകൊള്ളണമെന്നു ശ്രീ. മോദി ആവശ്യപ്പെട്ടു.