"ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്‌സിഒ) രാഷ്ട്രത്തലവന്മാരുടെ സമിതി യോഗത്തിൽ പങ്കെടുക്കാനാണ് ഉസ്ബെക്കിസ്ഥാൻ പ്രസിഡന്റ് ഷവ്കാത് മിർസിയോയേവിന്റെ ക്ഷണപ്രകാരം ഞാൻ സമർഖണ്ഡ് സന്ദർശിക്കുന്നത്.
എസ്‌സിഒ ഉച്ചകോടിയിൽ, സന്ദർഭോചിതവും പ്രാദേശികവും അന്തർദേശീയവുമായ വിഷയങ്ങൾ, എസ്‌സിഒയുടെ വിപുലീകരണം, സംഘടനയിലെ ബഹുമുഖവും പരസ്പരപ്രയോജനപ്രദവുമായ സഹകരണം കൂടുതൽ ആഴത്തിലാക്കൽ എന്നിവയെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ പങ്കിടാൻ ഞാൻ ആഗ്രഹിക്കുന്നു. ഉസ്‌ബെക്കിന്റെ അധ്യക്ഷതയ്ക്കുകീഴിൽ, വ്യാപാരം, സമ്പദ്‌വ്യവസ്ഥ, സാംസ്കാരികം, വിനോദസഞ്ചാരം എന്നീ മേഖലകളിൽ പരസ്പരസഹകരണത്തിനുള്ള നിരവധി തീരുമാനങ്ങൾ സ്വീകരിക്കാനിടയുണ്ട്.
പ്രസിഡന്റ് മിർസിയോയേവിനെ സമർഖണ്ഡിൽ സന്ദർശിക്കുന്നതിനെയും ഞാൻ പ്രതീക്ഷയോടെ നോക്കിക്കാണുകയാണ്. 2018ലെ അദ്ദേഹത്തിന്റെ ഇന്ത്യാസന്ദർശനം ഞാൻ സ്നേഹപൂർവം ഓർക്കുന്നു. 2019ലെ വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയിൽ വിശിഷ്ടാതിഥിയായി അദ്ദേഹം പങ്കെടുത്തു. ഇതുകൂടാതെ, ഉച്ചകോടിയിൽ പങ്കെടുക്കുന്ന മറ്റു ചില രാഷ്ട്രത്തലവന്മാരുമായും ഞാൻ ഉഭയകക്ഷി ചർച്ചകൾ നടത്തും."