മുസ്ലിം ഉലമകളുടെയും ബുദ്ധിജീവികളുടെയും വിദ്യാഭ്യാസ വിചക്ഷണരുടെയും പ്രതിനിധിസംഘവും മറ്റു പ്രമുഖ വ്യക്തികളും പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു. എല്ലാവരെയും ഉള്‍പ്പെടുത്തിയുള്ള വളര്‍ച്ചയ്ക്കും ന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടെ എല്ലാ വിഭാഗങ്ങളുടെയും സാമൂഹിക-സാമ്പത്തികവും വിദ്യാഭ്യാസപരവുമായ വളര്‍ച്ചയ്ക്കുമായി കൈക്കൊണ്ട നടപടികള്‍ക്കു പ്രധാനമന്ത്രിയെ പ്രതിനിധിസംഘം അഭിനന്ദിച്ചു.
ഇന്ത്യയില്‍നിന്നു കൂടുതല്‍ പേര്‍ക്കു ഹജ് തീര്‍ഥാടനത്തിന് അവസരമൊരുക്കാനുള്ള സൗദി ഗവണ്‍മെന്റിന്റെ തീരുമാനത്തെ അഭിനന്ദിക്കുകയും ഇക്കാര്യത്തില്‍ പ്രധാനമന്ത്രി കാണിച്ച ശുഷ്‌കാന്തിക്കു നന്ദി പറയുകയും ചെയ്തു.
അഴിമതിക്കും കള്ളപ്പണത്തിനും എതിരെ പ്രധാനമന്ത്രി ആരംഭിച്ചിട്ടുള്ള നീക്കത്തിനു സംഘം ഐകകണ്‌ഠ്യേന പിന്തുണ അറിയിച്ചു. അഴിമതിക്കെതിരെയുള്ള യുദ്ധം ന്യൂനപക്ഷ വിഭാഗക്കാര്‍ ഉള്‍പ്പെടെയുള്ള പാവങ്ങള്‍ക്കാണ് ഏറ്റവും ഗുണംചെയ്യുകയെന്ന് അവര്‍ വ്യക്തമാക്കി.
ലോകരാഷ്ട്രങ്ങളെല്ലാമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനു പ്രധാനമന്ത്രി നടത്തിയ പ്രവര്‍ത്തനങ്ങളെ സന്ദര്‍ശകര്‍ അഭിനന്ദിച്ചു. ലോകത്തിന്റെ എല്ലാ കോണുകളിലുമുള്ള ഇന്ത്യക്കാരില്‍ അഭിമാനമുണര്‍ത്താന്‍ ഇതിലൂടെ സാധിച്ചിട്ടുണ്ടെന്ന് സംഘം ചൂണ്ടിക്കാട്ടി.
സ്വച്ഛ് ഭാരത് പദ്ധതിക്കായി പ്രധാനമന്ത്രി നടത്തുന്ന പ്രവര്‍ത്തനങ്ങളെയും അവര്‍ അഭിനന്ദിച്ചു.
ലോകത്തിന്റെ പല ഭാഗങ്ങളെയും ദോഷകരമായി ബാധിച്ച തീവ്രവാദത്തെ വിജയകരമായി പ്രതിരോധിക്കാന്‍ ഇന്ത്യന്‍ യുവത്വത്തിനു സാധിച്ചുവെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. ഈ നേട്ടത്തിനു കാരണം നമ്മുടെ ജനതയുടെ പൊതുപാരമ്പര്യമാണെന്നു ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഈ പാരമ്പര്യത്തെ മുന്നോട്ടുകൊണ്ടുപോകേണ്ടതു നമ്മുടെ ചുമതലയാണെന്നു കൂട്ടിച്ചര്‍ത്തു. തീവ്രവാദികളെയോ അവരെ പ്രോത്സാഹിപ്പിക്കുന്നവരെയോ പിന്തുണയ്ക്കാന്‍ ഇന്ത്യയുടെ പാരമ്പര്യവും കീഴ്‌വഴക്കങ്ങളും സമൂഹവും തയ്യാറാകില്ലെന്നു പ്രധാനമന്ത്രി പറഞ്ഞു. തൊഴില്‍ ലഭ്യതയ്ക്കും ദാരിദ്ര്യനിര്‍മാര്‍ജനത്തിനും ഏറ്റവും സഹായകമായ വിദ്യാഭ്യാസത്തിന്റെയും നൈപുണ്യവികസനത്തിന്റെയും പ്രസക്തിക്ക് ഊന്നല്‍ നല്‍കിയാണ് അദ്ദേഹം സംസാരിച്ചത്.
ഇന്ത്യയില്‍നിന്ന് എത്താവുന്ന ഹജ്ജ് തീര്‍ഥാടകരുടെ എണ്ണം വര്‍ധിപ്പിച്ച സൗദി അറേബ്യ ഗവണ്‍മെന്റിന്റെ നടപടിയെ അഭിനന്ദിച്ച പ്രധാനമന്ത്രി, വിദേശ രാഷ്ട്രങ്ങളില്‍ കഴിയുന്ന മുസ്ലീങ്ങള്‍ക്കു നല്ല പ്രതിച്ഛായയാണ് ഉള്ളതെന്നു വ്യക്തമാക്കി.
ഓള്‍ ഇന്ത്യ ഓര്‍ഗനൈസേഷന്‍ ഓഫ് ഇമാംസ് ഓഫ് മോസ്‌ക്‌സ് ചീഫ് ഇമാം ഓഫ് ഇന്ത്യ ഇമാം ഉമ്മര്‍ അഹമ്മദ് ഇല്യാസി, അലിഗഢ് മുസ്ലിം സര്‍വകലാശാല വൈസ് ചാന്‍സലര്‍ സമീറുദ്ദീന്‍ ഷാ, സുപ്രീം കോടതി മുന്‍ ജഡ്ജി എം.വൈ.ഇക്ബാല്‍, ജാമിയ മില്ലിയ ഇസ്ലാമിയ വൈസ് ചാന്‍സലര്‍ തലത് അഹമ്മദ്, ഉര്‍ദു പത്രപ്രവര്‍ത്തകന്‍ ഷാഹിദ് സിദ്ദീഖി എന്നിവര്‍ പ്രതിനിധിസംഘത്തിലുണ്ടായിരുന്നു.
കേന്ദ്ര ന്യൂനപക്ഷകാര്യ (സ്വതന്ത്രചുമതല), പാര്‍ലമെന്ററി കാര്യ സഹ മന്ത്രി ശ്രീ. മുഖ്തര്‍ അബ്ബാസ് നഖ്‌വി, വിദേശകാര്യ സഹമന്ത്രി ശ്രീ. എം.ജെ.അക്ബര്‍ എന്നിവരും പങ്കെടുത്തു.