ജപ്പാന്‍ – ഇന്ത്യ പാര്‍ലമെന്റേറിയന്‍സ് സൗഹൃദ ലീഗ് പ്രധിനിധി സംഘം ഇന്ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.
ഹിരോയുകി ഹൊസോദയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘത്തില്‍ കട്‌സൂയ ഒകാദ, മസഹാരു നകാഗാവ, നവോകാസു ടേക്‌മോട്ടോ, യോഷിയാക്കി വാദ എന്നിവരും ഉണ്ടായിരുന്നു.
സെപ്റ്റംബര്‍ 18 ന് ജമ്മു കാശ്മീരിലെ ഉറിയില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ഇരകള്‍ക്ക് പ്രതിനിധി സംഘം അനുശോചനം അര്‍പ്പിച്ചു.
ആഗോള വിപത്തായ ഭീകരതക്കെതിരെ വര്‍ദ്ധിച്ച അന്താരാഷ്ട്ര സഹകരണത്തിനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനവും ഭരണകൂടങ്ങളുടെ പിന്തുണയോടെയുള്ള ഭീകരത ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളും പ്രതിനിധി സംഘം സ്വാഗതം ചെയ്തു.
2014 ല്‍ ജപ്പാനിലേക്ക് നടത്തിയ വിജയകരമായ സന്ദര്‍ശനവും ജപ്പാന്‍ – ഇന്ത്യ പാര്‍ലമെന്റേറിയന്‍സ് സൗഹൃദ ലീഗ് പ്രതിനിധി സംഘവുമായി നടത്തിയ കൂടിക്കാഴ്ചയും പ്രധാനമന്ത്രി അനുസ്മരിച്ചു. വരാനിരിക്കുന്ന ദശകങ്ങളില്‍ ശക്തമായ സഹകരണത്തിന് സഹായിക്കുന്നവിധം ഇന്ത്യയും ജപ്പാനും തമ്മില്‍ ശക്തമായ സഹകരണത്തിനുള്ള അടിത്തറയിട്ടിട്ടുള്ളതായി പ്രധാനമന്ത്രി പറഞ്ഞു.
ജപ്പാനും ഇന്ത്യയും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ ജപ്പാനില്‍ നല്ല പിന്തുണ ലഭിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ പ്രതിനിധി സംഘം റെയില്‍വേ അടക്കമുള്ള മേഖലകളില്‍ ഹൈസ്പീഡ് സാങ്കേതിക സഹകരണത്തിനുള്ള പുരോഗതി സ്വാഗതം ചെയ്തു.
ഇരു രാഷ്ട്രങ്ങളുടെയും ഉഭയ കക്ഷി ബന്ധത്തിന്റെ ചരിത്രത്തില്‍ ഒരു നാഴിക കല്ലായിരുന്നു 2015 ല്‍ ജപ്പാന്‍ പ്രധാനമന്ത്രി ആബെ നടത്തിയ ഇന്ത്യാ സന്ദര്‍ശനമെന്ന് പറഞ്ഞ പ്രധാനമന്ത്രി സമീപഭാവിയില്‍ ജപ്പാന്‍ സന്ദര്‍ശിക്കുന്നത് ഉറ്റുനോക്കുകയാണെന്നും വ്യക്തമാക്കി.