ആദായനികുതി നിയമം 1961ൽ ചില ഭേദഗതികൾ വരുത്തുന്നതിനായി ഒരു നികുതി നിയമഭേദഗതി ഓർഡിനൻസും, സാമ്പത്തിക (രണ്ടാം) നിയമം 2019-ഉം ഗവൺമെൻ്റ് പുറത്തിറക്കി. കേന്ദ്ര ധന-കോർപ്പറേറ്റ് കാര്യമന്ത്രി ശ്രീമതി നിർമല സീതാരാമൻ, ഗോവയിൽ ഇന്ന് നടത്തിയ ഒരു പത്രസമ്മേളനത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഈ ഭേദഗതികളിലെ പ്രധാനപ്പെട്ട കാര്യങ്ങൾ ഇവയാണ്:-
എ. വളർച്ചയും നിക്ഷേപവും വർദ്ധിപ്പിക്കുന്നതിന് 2019-20 സാമ്പത്തികവർഷം മുതൽ ഒരു പുതിയ വകുപ്പ് ആദായനികുതിനിയമത്തിൽ കൂട്ടിച്ചേർത്തു. ഇതിലൂടെ ഏതെങ്കിലും കിഴിവുകളോ ഇളവുകളോ നേടുന്നില്ലെങ്കിൽ ഏതൊരു ആഭ്യന്തര കമ്പനിക്കും 22% നിരക്കിൽ ആദായനികുതി ഒടുക്കാൻ വ്യവസ്ഥ ചെയ്യുന്നു. സർചാർജും സെസും കൂട്ടിച്ചേർത്താൽ ഇത്തരം കമ്പനികൾക്ക് ഫലത്തിൽ 25.17% ആയിരിക്കും ആദായനികുതി വരുക. മാത്രമല്ല ഇത്തരം കമ്പനികൾക്ക് മിനിമം ഓൾട്ടർനേറ്റ് ടാക്സും അടക്കേണ്ടതില്ല.
ബി. നിർമ്മാണമേഖലയിൽ പുതിയ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനും അതിലൂടെ മേക്ക് ഇൻ ഇന്ത്യ പദ്ധതിയെ ശക്തിപ്പെടുത്തുന്നതിനും 2019-20 സാമ്പത്തികവർഷം മുതൽ ഒരു പുതിയ വ്യവസ്ഥ കൂടി ആദായനികുതി നിയമത്തിൽ കൂട്ടിച്ചേർത്തു. ഇതനുസരിച്ച് 2019 ഒക്റ്റോബർ 1-ന് ശേഷം ആരംഭിക്കുന്ന പുതിയ ആഭ്യന്തര കമ്പനികൾക്ക് 15% നിരക്ക് നിശ്ചയിച്ചു. ഏതെങ്കിലും കിഴിവുകളോ ഇളവുകളോ നേടാത്തതും 2023 മാർച്ച് 31ന് മുമ്പായി ഉത്പാദനം ആരംഭിക്കുന്നതുമായ കമ്പനികൾക്കാണ് ഈ ഇളവ് ലഭ്യമാകുക. ഇത്തരം കമ്പനികൾക്ക് ഫലത്തിൽ സർചാർജും സെസും ഉൾപ്പടെ 17.01% ആയിരിക്കും നികുതി നൽകേണ്ടി വരുക. അതപോലെ ഈ കമ്പനികൾക്കും മിനിമം ഓൾട്ടർനേറ്റ് നികുതി നൽകേണ്ടതില്ല.
സി. ഈ ഇളവുകൾ ഉപയോഗപ്പെടുത്താതെ മറ്റ് നികുതി ഇളവുകളും കിഴിവുകളും തേടുന്ന കമ്പനികൾക്ക് മുമ്പത്തെ നിരക്കിൽ തന്നെ നികുതി ഒടുക്കാവുന്നതാണ്. എന്നിരിക്കിലും, നികുതി ഇളവ് കാലയളവ് തീർന്നതിന് ശേഷം ഇത്തരം കമ്പനികൾക്ക് പുതിയ ഇളവുകൾ പ്രയോജനപ്പെടുത്താവുന്നതാണ്. പക്ഷേ ഒരിക്കൽ 22% എന്ന പുതിയ നിരക്കിൽ നികുതിയടക്കാൻ ആരംഭിച്ചാൽ പിന്നീട് പഴയ രീതിയിലേക്ക് മടങ്ങാനാവില്ല. ഇതിന് പുറമേ, നിലവിൽ ഇളവുകളും കിഴിവുകളും നേടുന്ന കമ്പനികൾക്കുള്ള മിനിമം ഓൾട്ടർനേറ്റ് ടാക്സ് നിരക്ക് 18.5%ത്തിൽ നിന്ന് 15% ആയി കുറച്ചിട്ടുണ്ട്.
ഇ. മൂലധനവിപണിയിലേക്കുള്ള പണത്തിൻ്റെ ഒഴുക്ക് സ്ഥിരമാക്കി നിർത്തുന്നതിന് നികുതി (രണ്ടാം) നിയമം 2019ൽ പ്രഖ്യാപിച്ച ഉയർന്ന സർചാർജ്, വ്യക്തിയുടേയോ എച്ച്.യു.എഫിൻ്റെയോ, എഒപിയുടെയോ, ബിഒഐയുടേയോ, എജെപിയുടേയോ കൈവശമുള്ള ഒരു കമ്പനിയുടെ ഓഹരി, ഒരു ഇക്വിറ്റി ഓറിയെൻ്റഡ് ഫണ്ടിൻ്റെ ഒരു യൂണിറ്റ്, സെക്യുരിറ്റീസ് ട്രാൻസാക്ഷൻ ടാക്സിൻ്റെ പരിധിയിൽ വരുന്ന ഒരു സ്ഥാപനത്തിൻ്റെ യൂണിറ്റ് എന്നിവയുടെ വിൽപ്പനയിലൂടെയുള്ള മൂലധന നേട്ടത്തിന് ബാധകമായിരിക്കില്ല.
എഫ്. വിദേശ പോർട്ട്ഫോളിയോ നിക്ഷേപകരുടെ (എഫ്പിഐ) കൈവശമുള്ള ഡെറിവേറ്റീവുകളടക്കമുള്ള ഏതൊരു സെക്യുരിറ്റിയുടേയും വിൽപ്പനക്ക് മേൽ മൂലധന നേട്ടത്തിൻമേലുള്ള ഉയർന്ന സർചാർജ് ബാധകമായിരിക്കില്ല.
2019 ജൂലൈ 5ന് മുമ്പായി ബയ്ബാക്ക് പ്രഖ്യാപനം നടത്തിയിരിക്കുന്ന ലിസ്റ്റെഡ് കമ്പനികൾക്ക് ഇളവ് നൽകുന്നതിന്, ബയ്ബാക്ക് ഓഹരികൾക്ക് മേൽ നികുതി ചുമത്തുകയില്ല.
ജി. സിഎസ്ആർ 2 ശതമാനം ചെലവാക്കലിൻ്റെ മേഖല വിപുലീകരിക്കാനും ഗവൺമെൻ്റ് തീരുമാനിച്ചു. കേന്ദ്ര-സംസ്ഥാന ഗവൺമെൻ്റുകളോ കേന്ദ്ര-സംസ്ഥാന ഗവൺമെൻ്റുകളുടെ കീഴിലുള്ള പൊതുമേഖല സ്ഥാപനങ്ങളോ ധനസഹായം നൽകുന്ന ഇൻക്യുബേറ്ററുകൾക്കായോ, എസ്ഡിജികൾ പ്രോത്സാഹിപ്പിക്കുന്നതിനായി, ശാസ്ത്രം, സാങ്കേതികവിദ്യ, എഞ്ചിനീയറിങ്, മെഡിസിൻ എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന പൊതുപണം കൊണ്ട് പ്രവർത്തിക്കുന്ന സർവകലാശാലകൾ, ഐഐറ്റികൾ, ദേശീയ പരീക്ഷണശാലകൾ, സ്വയംഭരണസ്ഥാപനങ്ങൾ (ഐസിഎആർ, എസിഎംആർ, സിഎസ്ഐആർ, ഡിഎഇ, ഡിആർഡിഒ, ഡിഎസ്റ്റി, ഇലക്ട്രോണിക്സ് ഐറ്റി മന്ത്രാലയം എന്നിവക്ക് കീഴിലുള്ളത്) എന്നിവക്ക് ധനസഹായം നൽകുന്നതിനായും ഇപ്പോൾ സിഎസ്ആർ 2% പണം ഉപയോഗിക്കാം.
കോർപ്പറേറ്റ് നികുതി നിരക്ക് കുറച്ചതിലൂടെയും മറ്റ് ഇളവുകളിലൂടെയും നികുതിവരുമാനത്തിൽ ഏകദേശം 1,45,000 കോടി രൂപയുടെ കുറവുണ്ടാകുമെന്ന് കണക്കാക്കുന്നു.