റിപ്പബ്ലിക് ഓഫ് കൊറിയ പ്രസിഡന്റ് ബഹുമാനപ്പെട്ട ശ്രീ. മൂണ്‍ ജേയ്-ഇന്‍, സിംബാബ്‌വേ പ്രസിഡന്റ് ബഹുമാനപ്പെട്ട ശ്രീ. ഇ.ഡി.നംഗാഗ്വ, മൊസാംബിക് പ്രസിഡന്റ് ബഹുമാനപ്പെട്ട ശ്രീ. ഫിലിപ് ജാസിന്റോ ന്യൂസി എന്നിവര്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ ഫോണില്‍ ബന്ധപ്പെട്ട് അടുത്തിടെ ഇന്ത്യയില്‍ നടന്ന പൊതു തെരഞ്ഞെടുപ്പില്‍ നേടിയ വിജയത്തിന് അഭിനന്ദനം അറിയിച്ചു.
ടെലിഫോണ്‍ ചെയ്തതിനും ആശംസകള്‍ അര്‍പ്പിച്ചതിനും കൊറിയന്‍ പ്രസിഡന്റിനോടു പ്രധാനമന്ത്രി നന്ദി പറഞ്ഞു. 2019 ഫെബ്രുവരിയില്‍ താന്‍ നടത്തിയ കൊറിയാ സന്ദര്‍ശനത്തെക്കുറിച്ച് അദ്ദേഹം അനുസ്മരിച്ചു. 2018ല്‍ ദീപോത്സവം ആഘോഷത്തില്‍ പങ്കെടുക്കാന്‍ പ്രഥമ വനിത കിം ഇന്ത്യ സന്ദര്‍ശിച്ചത് ഓര്‍മിപ്പിച്ച ശ്രീ. നരേന്ദ്ര മോദി, ആ സന്ദര്‍ശനം ഇന്ത്യ-കൊറിയ ബന്ധത്തില്‍ പുതിയ അധ്യായം കുറിച്ചുവെന്നു കൂട്ടിച്ചേര്‍ത്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രത്യേക തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്താനുള്ള പ്രതിജ്ഞാബദ്ധത പ്രധാനമന്ത്രി ആവര്‍ത്തിച്ചു.
അടുത്തിടെ നടന്ന പൊതു തെരഞ്ഞെടുപ്പില്‍ വിജയം നേടിയതിനു പ്രധാനമന്ത്രിയെ സിംബാബ്‌വേ പ്രസിഡന്റ് നംഗാഗ്വ അഭിനന്ദിച്ചു. ആശംസകള്‍ക്കു നന്ദി അറിയിച്ച ശ്രീ. നരേന്ദ്ര മോദി, ഇന്ത്യയിലെ തെരഞ്ഞെടുപ്പു റിപ്പോര്‍ട്ട് ചെയ്യാന്‍ സിംബാബ്‌വേയില്‍നിന്നുള്ള രണ്ടു മാധ്യമ പ്രവര്‍ത്തകര്‍ എത്തിയതിനെ അഭിനന്ദിച്ചു. ഉപരാഷ്ട്രപതി കഴിഞ്ഞ വര്‍ഷം നടത്തിയ സിംബാബ്‌വേ സന്ദര്‍ശനത്തെക്കുറിച്ച് ഓര്‍മിപ്പിച്ച പ്രധാനമന്ത്രി, ഇന്ത്യയും സിംബാബ്‌വേയും തമ്മിലുള്ള ബന്ധം പുതിയ ഉയരങ്ങളിലേക്ക് എത്തിക്കുന്നതിനു താന്‍ ആഗ്രഹിക്കുന്നതായി വെളിപ്പെടുത്തുകയും ചെയ്തു.
മൊസാംബിക്കില്‍ ഈ വര്‍ഷമാദ്യം നടന്ന ചുഴലിക്കാറ്റില്‍ ആള്‍നാശവും വസ്തുനാശവും സംഭവിക്കാനിടയായതില്‍ മൊസാംബിക് പ്രസിഡന്റ് ന്യൂസിയെ പ്രധാനമന്ത്രി അനുശോചനം അറിയിച്ചു. യഥാസമയം ഇന്ത്യന്‍ നാവികസേന സഹായവുമായി എത്തിയതിനു പ്രസിഡന്റ് ന്യൂസി പ്രധാനമന്ത്രിയെ നന്ദി അറിയിച്ചു. മൊസാംബിക്കിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും പങ്കാളിത്തം ഉറപ്പാക്കിയും ഇന്ത്യന്‍ നാവികസേന എല്ലായ്‌പ്പോഴും നിലകൊള്ളുമെന്നു ശ്രീ. നരേന്ദ്ര മോദി പ്രതികരിച്ചു.