ചൗരി ചൗരയിലെ രക്തസാക്ഷികൾക്ക് ചരിത്രത്തിന്റെ പേജുകളിൽ അർഹിക്കുന്ന പ്രാധാന്യം നൽകിയിട്ടില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. അറിയപ്പെടാത്ത രക്തസാക്ഷികളുടെയും സ്വാതന്ത്ര്യസമരസേനാനികളുടെയും കഥകൾ രാജ്യത്തിന് മുന്നിൽ കൊണ്ടുവരാനുള്ള ഞങ്ങളുടെ ശ്രമങ്ങൾ അവർക്ക് ഒരു യഥാർത്ഥ ആദരാഞ്ജലിയായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷത്തിലേക്ക് കടക്കുന്ന വർഷത്തിൽ ഇത് കൂടുതൽ പ്രസക്തമാണെന്ന് അദ്ദേഹം പറഞ്ഞു. ഉത്തർപ്രദേശിലെ ഗോരഖ്പൂരിലെ ചൗരി ചൗരയിൽ നടന്ന ‘ചൗരി ചൗര’ ശതാബ്ദി ആഘോഷങ്ങൾ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ശ്രീ മോദി.
ചൗരി ചൗരയിലെ രക്തസാക്ഷികളെക്കുറിച്ച് ചർച്ച ചെയ്യപ്പെടാത്തത് നിർഭാഗ്യകരമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. സാധാരണക്കാരുടെ സ്വയം പ്രചോദിത പോരാട്ടമായിരുന്നു ചൗരി ചൗര. “ഈ പോരാട്ടത്തിന്റെ വിപ്ലവകാരികൾക്ക് ചരിത്രത്തിന്റെ പേജുകളിൽ ശരിയായ പ്രാധാന്യം നൽകിയില്ലെങ്കിലും, ഈ രാജ്യത്തിന്റെ മണ്ണുമായി രക്തം കൂടിച്ചേർന്നതാണ്” പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.
സ്വാതന്ത്ര്യസമരത്തിൽ ഒരു സംഭവത്തിൽ 19 സ്വാതന്ത്ര്യസമര സേനാനികളെ തൂക്കിലേറ്റിയത് അപൂർവമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. 150 ഓളം പേരെ തൂക്കുമരത്തിൽ നിന്ന് രക്ഷിച്ച ബാബ രാഘവദാസിന്റെയും പണ്ഡിറ്റ് മദൻ മോഹൻ മാളവ്യയുടെയും ശ്രമങ്ങളെ ശ്രീ മോദി അനുസ്മരിച്ചു.
സ്വാതന്ത്ര്യസമരത്തിന്റെ അത്ര അറിയപ്പെടാത്ത വശങ്ങൾ പര്യവേക്ഷണം ചെയ്യാനുള്ള ശ്രമങ്ങളിൽ മുഴുവൻ വിദ്യാർത്ഥികളെയും യുവാക്കളെയും ബന്ധിപ്പിക്കുന്നതിൽ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു. സ്വാതന്ത്ര്യസമരസേനാനികളെക്കുറിച്ച് പുസ്തകങ്ങൾ എഴുതാനുള്ള യുവ എഴുത്തുകാരോട് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ക്ഷണം അദ്ദേഹം പരാമർശിച്ചു. ചൗരി ചൗരയിലെ നിരവധി സ്വാതന്ത്ര്യസമര സേനാനികളുടെ ജീവിതം രാജ്യത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി പ്രതീക്ഷിച്ചു.
‘ചൗരി ചൗര’ ശതാബ്ദിയാഘോഷങ്ങൾ പ്രാദേശിക കലാസാംസ്കാരികതയോടും ആത്മനിർഭരതയുമായും ബന്ധപ്പെട്ടിരിക്കുന്നുവെന്നത് നമ്മുടെ സ്വാതന്ത്ര്യസമരസേനാനികൾക്ക് നൽകുന്ന ആദരാഞ്ജലിയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പരിപാടി സംഘടിപ്പിച്ചതിന് ഉത്തർപ്രദേശ് മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥിനെയും, ഉത്തർപ്രദേശ് സർക്കാരിനെയും അദ്ദേഹം പ്രശംസിച്ചു.