പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജനയുടെ (പിഎംജികെഎവൈ-ഏഴാം ഘട്ടം) വിപുലീകരണത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. 2022 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ മൂന്നു മാസത്തേക്കാണിത്. 2021-ല്‍ പ്രധാനമന്ത്രി നടത്തിയ പ്രഖ്യാപനത്തിനും പിഎംജികെഎവൈക്കു കീഴില്‍ അധിക ഭക്ഷ്യസുരക്ഷ വിജയകരമായി നടപ്പാക്കിയതിനും അനുസൃതമായാണ് നടപടി.
കൊവിഡ് മൂലമുണ്ടായ തകര്‍ച്ചയിലും അരക്ഷിതാവസ്ഥയിലും ലോകം പൊരുതുന്ന ഒരു സമയത്ത്, സാധാരണക്കാര്‍ക്ക് ലഭ്യതയും താങ്ങാനാവുന്ന വിലയും നിലനിര്‍ത്താന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളുന്നതിനിടയില്‍ത്തന്നെ, ദുര്‍ബല വിഭാഗങ്ങളുടെ ഭക്ഷ്യസുരക്ഷ വിജയകരമായി നിലനിര്‍ത്തുകയാണ് ഇന്ത്യ.
മഹാമാരിയുടെ ദുഷ്‌കരമായ കാലഘട്ടത്തിലൂടെയാണ് ആളുകള്‍ കടന്നുപോയതെന്ന് തിരിച്ചറിഞ്ഞ്, നവരാത്രി, ദസറ, നബിദിനം തുടങ്ങിയ പ്രധാന ആഘോഷങ്ങളില്‍ സമൂഹത്തിലെ ദരിദ്രരും ദുര്‍ബലരുമായ വിഭാഗങ്ങളെ പിന്തുണയ്ക്കുന്നതിനായാണ് പിഎംജികെഎവൈ മൂന്ന് മാസത്തേക്ക് നീട്ടാന്‍ കേന്ദ്രം തീരുമാനിച്ചത്. ദീപാവലി, ഛഠ് പൂജ, ഗുരുനാനാക് ദേവ് ജയന്തി, ക്രിസ്മസ് മുതലായവ അവര്‍ക്ക് വളരെ ആഹ്ലാദത്തോടെയും കൂട്ടായും ആഘോഷിക്കാം. പിഎംജിഎവൈയുടെ ഈ വിപുലീകരണത്തിന് മൂന്ന് മാസത്തേക്ക് അംഗീകാരം നല്‍കിയത് ഈ ആഹ്ലാദം ലക്ഷ്യമിട്ടാണ്. അതുവഴി അവര്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കൂടാതെ ഭക്ഷ്യധാന്യങ്ങളുടെ എളുപ്പത്തിലുള്ള ലഭ്യതയുടെ നേട്ടങ്ങള്‍ തുടര്‍ന്നും ആസ്വദിക്കാനാകും.
ഈ ക്ഷേമ പദ്ധതി പ്രകാരം, നേരിട്ടുള്ള ആനുകൂല്യ കൈമാറ്റത്തിനു (ഡിബിടി) കീഴില്‍ വരുന്നവര്‍ ഉള്‍പ്പെടെ ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിനു കീഴില്‍ (എന്‍എഫ്എസ്എ-അന്ത്യോദയ അന്ന യോജന - മുന്‍ഗണനാ കുടുംബങ്ങള്‍) വരുന്ന എല്ലാ ഗുണഭോക്താക്കള്‍ക്കും പ്രതിമാസം 5 കിലോ ഭക്ഷ്യധാന്യം സൗജന്യമായി നല്‍കുന്നു.
കേന്ദ്ര ഗവണ്‍മെന്റിന്റെ സാമ്പത്തികബാധ്യത പിഎംജികെഎവൈയുടെ ആറാം ഘട്ടം വരെ ഏകദേശം 3.45 ലക്ഷം കോടിയാണ്. പദ്ധതിയുടെ ഏഴാം ഘട്ടത്തിനായി 44,762 കോടി രൂപയാണു ചെലവ്. എല്ലാ ഘട്ടങ്ങള്‍ക്കുമായി മൊത്തത്തിലുള്ള ചെലവ് ഏകദേശം 3.91 ലക്ഷം കോടിയാണ്.
പിഎംജികെഎവൈ ഏഴാം ഘട്ടത്തിനുള്ള ഭക്ഷ്യധാന്യം മൊത്തം 122 ലക്ഷം മെട്രിക് ടണ്‍ ആയിരിക്കും. ഒന്നു മുതല്‍ ആറു വരെ ഘട്ടങ്ങള്‍ക്കുള്ള ഭക്ഷ്യധാന്യത്തിന്റെ മൊത്തം വിഹിതം ഏകദേശം 1121 ലക്ഷം മെട്രിക് ടണ്‍ ആയിരുന്നു.
ഇതുവരെ, 25 മാസമായി പിഎംജികെഎവൈ പ്രവര്‍ത്തിക്കുന്നു
ഘട്ടം ഒന്നും രണ്ടുംI (8 മാസം): 2020 ഏപ്രില്‍ മുതല്‍ നവംബര്‍ വരെ, മൂന്നു മുതല്‍ അഞ്ചു വരെ (11 മാസം): 2021 മെയ് മുതല്‍ 2022 മാര്‍ച്ച് വരെ, ആറാം ഘട്ടം ( 6 മാസം) 2022 ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെ.
കൊവിഡ്-19 പ്രതിസന്ധിയുടെ ദുഷ്‌കര സമയത്ത് ആരംഭിച്ച പിഎം ഗരീബ് കല്യാണ്‍ അന്ന യോജന (പിഎംജികെഎവൈ), ദരിദ്രര്‍ക്കും ദുര്‍ബലരായ കുടുംബങ്ങള്‍ക്കും ഗുണഭോക്താക്കള്‍ക്കും ഭക്ഷ്യസുരക്ഷ നല്‍കിയിട്ടുണ്ട്. വേണ്ടത്ര ഭക്ഷ്യധാന്യ ലഭ്യതയില്ലാത്തതിനാല്‍ അവര്‍ കഷ്ടപ്പെടരുത് എന്നതാണ് ലക്ഷ്യം. ഗുണഭോക്താക്കള്‍ക്ക് സാധാരണ വിതരണം ചെയ്യുന്ന പ്രതിമാസ ഭക്ഷ്യധാന്യ അവകാശങ്ങളുടെ അളവ് ഫലപ്രദമായി ഇത് ഇരട്ടിയാക്കി.
മുമ്പത്തെ ഘട്ടങ്ങളിലെ അനുഭവം അനുസരിച്ച്, ആഴാം ഘട്ടത്തിന്റെ നടത്തിപ്പു മികവ് മുമ്പ് നേടിയ അതേ ഉയര്‍ന്ന നിലയിലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.