സിംഗപ്പൂര്‍ ഉപ പ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയുമായ ശ്രീ. ഹെങ് സ്വീ കീറ്റ് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു.
പ്രധാനമന്ത്രി ലീ സിയെന്‍ ലൂങ്ങിന്റെയും മിനിസ്റ്റര്‍ എമറിറ്റസ് ഗോ ചോക് തോങ്ങിന്റെയും ആശംസകള്‍ ഉപ പ്രധാനമന്ത്രി കീറ്റ് അറിയിച്ചു. അവരുമായി നടത്തിയിട്ടുള്ള ഫലപ്രദമായ കൂടിക്കാഴ്ചകള്‍ അനുസ്മരിച്ച പ്രധാനമന്ത്രി, അവര്‍ക്ക് ആശംസകള്‍ കൈമാറാന്‍ ഉപ പ്രധാനമന്ത്രി കീറ്റിനോട് അഭ്യര്‍ഥിച്ചു.
മഹാത്മാ ഗാന്ധിയുടെ 150ാം ജന്‍മ വാര്‍ഷികത്തോട് അനുബന്ധിച്ചു കഴിഞ്ഞ മാസം ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്ര സംഘടന സംഘടിപ്പിച്ച പ്രത്യേക ചടങ്ങില്‍ പ്രധാനമന്ത്രി ലീ സിയെന്‍ ലൂങ് പങ്കെടുത്തതിനെ പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു.
കേന്ദ്ര ഗവണ്‍മെന്റ് നടപ്പാക്കിയ പരിവര്‍ത്തനാത്മകമായ ചുവടുകള്‍ ചൂണ്ടിക്കാട്ടിയ ഉപ പ്രധാനമന്ത്രി കീറ്റ്, ഇതിലൂടെ നിക്ഷേപാവസരങ്ങള്‍ വര്‍ധിച്ചുവെന്നും ഇത് അടിസ്ഥാന സൗകര്യമേഖലയില്‍ കൂടുതലായി പ്രകടമാണെന്നും ചൂണ്ടിക്കാട്ടി. ഫിന്‍ടെക് ഉള്‍പ്പെടെ സാങ്കേതിക മേഖലയില്‍ ഇന്ത്യയും സിംഗപ്പൂരും തമ്മിലുള്ള സഹകരണം വര്‍ധിച്ചുവരുന്നത് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇരു രാജ്യങ്ങളും തമ്മിലുള്ള നിക്ഷേപ, വാണിജ്യ ബന്ധം മെച്ചപ്പെട്ടുവരുന്നതില്‍ പ്രധാനമന്ത്രി മോദി ആഹ്ലാദം പ്രകടിപ്പിച്ചു. അടുത്തിടെ സിംഗപ്പൂരില്‍ റുപേ കാര്‍ഡും ഭീം ആപ്പും ഉപയോഗയോഗ്യമാക്കിയതു സാമ്പത്തിക ഇടപാടുകള്‍ ലളിതവല്‍ക്കരിച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സിംഗപ്പൂരില്‍നിന്നുള്ള വിദ്യാര്‍ഥികളുടെ സഹകരണത്തോടെ ചെന്നൈയില്‍ രണ്ടാമതു ഹാക്കത്തോണ്‍ വിജയകരമായി സംഘടിപ്പിക്കാന്‍ സാധിച്ചതു പ്രധാനമന്ത്രി അനുസ്മരിച്ചു. ഈ വികസനങ്ങളെല്ലാം ഇരു രാജ്യങ്ങള്‍ക്കിടയില്‍ സാമൂഹിക തലത്തിലും വാണിജ്യ തലത്തിലും നൂതനാശയ തലത്തിലുമുള്ള പങ്കാളിത്തത്തെ സൂചിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.