റയ്‌സീന ഡയലോഗിനായി ഇന്ത്യയിലെത്തിയ റഷ്യന്‍ വിദേശകാര്യ മന്ത്രി ശ്രീ. സെര്‍ജി ലാവ്‌റോവ് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു.
റഷ്യന്‍ പ്രസിഡന്റ് ബഹുമാനപ്പെട്ട ശ്രീ. വ്‌ളാദിമിര്‍ പുടിന്റെ ആശംസകള്‍ വിദേശകാര്യ മന്ത്രി ലാവ്‌റോവ് പ്രധാനമന്ത്രിയെ അറിയിച്ചു. തിരിച്ചും ആശംസകള്‍ നേര്‍ന്ന ശ്രീ. മോദി, പുതുവല്‍സരത്തില്‍ റഷ്യന്‍ ജനതയ്ക്കു സമാധാനവും പുരോഗതിയും ഉണ്ടാവട്ടെ എന്നു പ്രതികരിച്ചു.
2020 ജനുവരി 13നു പ്രസിഡന്റ് പുടിനുമായി ടെലിഫോണില്‍ പല വിഷയങ്ങളും ചര്‍ച്ച ചെയ്തിരുന്നുവെന്നു പ്രധാനമന്ത്രി അനുസ്മരിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തത്തില്‍ കഴിഞ്ഞ വര്‍ഷമുണ്ടായ പുരോഗതിയെ കുറിച്ച് അദ്ദേഹം ചൂണ്ടിക്കാട്ടി.
2020 മേയില്‍ വിജയ ദിനത്തിന്റെ 75ാം വാര്‍ഷികാഘോഷ ചടങ്ങില്‍ പങ്കെടുക്കാനും തുടര്‍ന്ന് 2020 ജൂലൈയില്‍ ബ്രിക്‌സ്, എസ്.സി.ഒ. ഉച്ചകോടികളില്‍ സംബന്ധിക്കാനും പ്രധാനമന്ത്രി നടത്തുന്ന റഷ്യാസന്ദര്‍ശനത്തിനായി പ്രസിഡന്റ് പുടിന്‍ പ്രതീക്ഷാപൂര്‍വം കാത്തിരിക്കുകയാണെന്നു റഷ്യന്‍ വിദേശകാര്യ മന്ത്രി ലാവ്‌റോവ് അറിയിച്ചു. ഈ വര്‍ഷം പ്രസിഡന്റ് പുടിനെ ഒന്നിലേറെ തവണ കാണാന്‍ സാധിക്കുന്നതിനെ സ്വാഗതം ചെയ്ത പ്രധാനമന്ത്രി, ഈ വര്‍ഷാവസാനം വാര്‍ഷിക ഉഭയകക്ഷി ഉച്ചകോടിക്കായി ഇന്ത്യയിലെത്തുന്ന പ്രസിഡന്റ് പുടിന് ആതിഥ്യമരുളാന്‍ പ്രതീക്ഷാപൂര്‍വം കാത്തിരിക്കുകയാണെന്നും വ്യക്തമാക്കി.
2019ല്‍ ഇരു രാജ്യങ്ങളും ചേര്‍ന്നു പ്രധാന തീരുമാനങ്ങള്‍ പലതും കൈക്കൊണ്ടിരുന്നു എന്നു ശ്രീ. മോദി ചൂണ്ടിക്കാട്ടി. ഇന്ത്യയും റഷ്യയും തമ്മിലുള്ള തന്ത്രപ്രധാന പങ്കാളിത്തത്തിന്റെ ഇരുപതാം വാര്‍ഷികമായ 2020 അത്തരം തീരുമാനങ്ങള്‍ നടപ്പാക്കപ്പെടുന്ന വര്‍ഷമായി മാറണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രധാന രാജ്യാന്തര, മേഖലാതല പ്രശ്‌നങ്ങളില്‍ റഷ്യക്കുള്ള നിലപാട് വിദേശകാര്യ മന്ത്രി ലാവ്‌റോവ് പ്രധാനമന്ത്രിയോടു വിശദീകരിച്ചു.