ജപ്പാനില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗങ്ങളുടെ ഒരു പ്രതിനിധി സംഘം ന്യൂഡല്‍ഹിയില്‍ ഇന്ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ശ്രീ. തോഷിഹിറോ നിക്കായിയുടെ നേതൃത്വത്തിലുള്ള സംഘത്തില്‍ ശ്രീ. മോട്ടോ ഹയാഷിയും, ശ്രീ. താത്‌സുവോ ഹിറാനോയും അംഗങ്ങളായിരുന്നു.
ജപ്പാന്‍ – ഇന്ത്യ പാര്‍ലമെന്റേറിയന്‍സ് ഫ്രണ്ട്ഷിപ്പ് ലീഗുമായി സെപ്റ്റംബറില്‍ താന്‍ നടത്തിയ കൂടിക്കാഴ്ച അനുസ്മരിച്ച പ്രധാനമന്ത്രി ഇരുരാജ്യങ്ങളിലെയും നിയമനിര്‍മ്മാണ സഭകള്‍ തമ്മില്‍ വര്‍ദ്ധിച്ച ബന്ധത്തെ സ്വാഗതം ചെയ്തു. സംസ്ഥാനതലത്തിലെ നിയമനിര്‍മ്മാണ സഭകളുമായുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു.
സുനാമി ഉയര്‍ത്തുന്ന ഭീഷണിയെ കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ ശ്രീ. തോഷിഹിറോ നിക്കായ് നടത്തുന്ന ശ്രമങ്ങളെ പ്രധാനമന്ത്രി സ്വാഗതം ചെയ്തു. ദുരന്തങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും, ദുരന്തങ്ങള്‍ മൂലമുണ്ടാകുന്ന അപായങ്ങള്‍ ലഘൂകരിക്കുന്നതിനും ഉപഭകക്ഷി സഹകരണം ശക്തിപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
അടുത്തയാഴ്ചത്തെ ജപ്പാന്‍ സന്ദര്‍ശനത്തെ താന്‍ ഉറ്റുനോക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.