പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തികകാര്യ മന്ത്രിസഭാസമിതി (സിസിഇഎ) റെയിൽവേ മന്ത്രാലയത്തിന്റെ മൊത്തം 6798 കോടി രൂപ (ഏകദേശം) ചെലവു കണക്കാക്കുന്ന രണ്ടു പദ്ധതികൾക്ക് അംഗീകാരം നൽകി.
(എ) 256 കിലോമീറ്റർ വരുന്ന നർകടിയാഗഞ്ച്-റക്സൗൽ-സീതാമഢി-ദർഭംഗ, സീതാമഢി-മുസഫർപുർ ഭാഗങ്ങളുടെ ഇരട്ടിപ്പിക്കൽ, (ബി) എർറുപാലത്തിനും നമ്പൂരുവിനും ഇടയിൽ അമരാവതിവഴി 57 കിലോമീറ്റർ ദൈർഘ്യമുള്ള പുതിയ പാതയുടെ നിർമാണം എന്നിവയാണ് അംഗീകരിച്ച രണ്ടു പദ്ധതികൾ.
നർകടിയാഗഞ്ച്-റക്സൗൽ-സീതാമഢി-ദർഭംഗ, സീതാമഢി-മുസഫർപുർ ഭാഗങ്ങളുടെ ഇരട്ടിപ്പിക്കൽ നേപ്പാൾ, വടക്കുകിഴക്കൻ ഇന്ത്യ, അതിർത്തിപ്രദേശങ്ങൾ എന്നിവിടങ്ങളിലേക്കുള്ള കണക്റ്റിവിറ്റിക്ക് കരുത്തേകുകയും ചരക്കുട്രെയിനുകൾക്കൊപ്പം യാത്രാട്രെയിനുകളുടെ സഞ്ചാരം സുഗമമാക്കുകയും ചെയ്യും. ഈ മേഖലയുടെ സാമൂഹ്യ-സാമ്പത്തിക വളർച്ചയ്ക്കും ഇതു സഹായകമാകും.
ആന്ധ്രാപ്രദേശിലെ എൻ ടി ആർ വിജയവാഡ, ഗുണ്ടൂർ ജില്ലകളിലൂടെയും തെലങ്കാനയിലെ ഖമ്മം ജില്ലയിലൂടെയുമാണു പുതിയ എർറുപാലം-അമരാവതി-നമ്പൂരു റെയിൽപ്പാതാപദ്ധതി കടന്നുപോകുന്നത്.
ആന്ധ്രാപ്രദേശ്, തെലങ്കാന, ബിഹാർ എന്നീ മൂന്നു സംസ്ഥാനങ്ങളിലെ എട്ടു ജില്ലകളെ ഉൾക്കൊള്ളുന്ന രണ്ടു പദ്ധതികൾ ഇന്ത്യൻ റെയിൽവേയുടെ നിലവിലുള്ള ശൃംഖല ഏകദേശം 313 കിലോമീറ്റർ വർധിപ്പിക്കും.
പുതിയ പദ്ധതി 9 പുതിയ സ്റ്റേഷനുകളുമായി ഏകദേശം 168 ഗ്രാമങ്ങളിലേക്കും ഏകദേശം 12 ലക്ഷം ജനസംഖ്യയിലേക്കും യാത്രാ സൗകര്യമൊരുക്കും. വിവിധ ട്രാക്കുകളുള്ള പദ്ധതി വികസനം കാംക്ഷിക്കുന്ന രണ്ടു ജില്ലകളിലേക്കുള്ള (സീതാമഢി, മുസഫർപുർ) യാത്രാ സൗകര്യം വർധിപ്പിക്കും. 388 ഗ്രാമങ്ങൾക്കും ഏകദേശം ഒമ്പതുലക്ഷം പേർക്കും ഇതു പ്രയോജനപ്പെടും.
കാർഷികോൽപ്പന്നങ്ങൾ, വളം, കൽക്കരി, ഇരുമ്പയിര്, ഉരുക്ക്, സിമന്റ് തുടങ്ങിയ ചരക്കുകളുടെ ഗതാഗതത്തിന് അവശ്യമായ പാതകളാണിവ. ശേഷി മെച്ചപ്പെടുത്തൽ പ്രവൃത്തികൾ 31 MTPA (പ്രതിവർഷം ദശലക്ഷം ടൺ) അധിക ചരക്കുനീക്കത്തിനു കാരണമാകും. പരിസ്ഥിതിസൗഹൃദവും ഊർജകാര്യക്ഷമവുമായ ഗതാഗതമാർഗമായതിനാൽ, കാലാവസ്ഥാലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും രാജ്യത്തിന്റെ ലോജിസ്റ്റിക്സ് ചെലവു കുറയ്ക്കുന്നതിനും ഏഴു കോടി മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിനു തുല്യമായ കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളൽ (168 കോടി കിലോഗ്രാം) കുറയ്ക്കുന്നതിനും റെയിൽവെ സഹായിക്കും.
പുതിയ പാതാ നിർദേശം ആന്ധ്രപ്രദേശിന്റെ നിർദിഷ്ട തലസ്ഥാനമായ “അമരാവതി”യിലേക്കു നേരിട്ടുള്ള സമ്പർക്കസൗകര്യം പ്രദാനംചെയ്യും. കൂടാതെ വ്യവസായങ്ങളുടെയും ജനങ്ങളുടെയും ചലനക്ഷമത മെച്ചപ്പെടുത്തുകയും ഇന്ത്യൻ റെയിൽവേയുടെ കാര്യക്ഷമതയും സേവനവിശ്വാസ്യതയും വർധിപ്പിക്കുകയും ചെയ്യും. വിവിധ ട്രാക്കുകൾക്കായുള്ള നിർദേശം, ഇന്ത്യൻ റെയിൽവേയിലുടനീളമുള്ള ഏറ്റവും തിരക്കേറിയ ഭാഗങ്ങളിൽ ആവശ്യമായ അടിസ്ഥാനസൗകര്യവികസനം പ്രദാനംചെയ്യുന്നതിലൂടെ പ്രവർത്തനങ്ങൾ സുഗമമാക്കുകയും തിരക്കു കുറയ്ക്കുകയും ചെയ്യും.
ഈ മേഖലയുടെ സമഗ്രമായ വികസനത്തിലൂടെ തൊഴിൽ/സ്വയംതൊഴിൽ അവസരങ്ങൾ വർധിപ്പിച്ച്, മേഖലയിലെ ജനങ്ങളെ സ്വയംപര്യാപ്തമാക്കുന്ന പുതിയ ഇന്ത്യ എന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് അനുസൃതമായാണ് ഈ പദ്ധതികൾ.
സംയോജിത ആസൂത്രണത്തിലൂടെ സാധ്യമായ ബഹുതല സമ്പർക്കസൗകര്യത്തിനായുള്ള പിഎം-ഗതിശക്തി ദേശീയ ആസൂത്രണപദ്ധതിയുടെ ഫലമാണ് ഈ പദ്ധതികൾ. ഇവ ജനങ്ങളുടെയും ചരക്കുകളുടെയും സേവനങ്ങളുടെയും നീക്കത്തിനു തടസരഹിതസമ്പർക്കസൗകര്യം പ്രദാനംചെയ്യും.
In a boost to infrastructure, the Union Cabinet has approved two railway projects which will boost connectivity and commerce in Andhra Pradesh, Bihar and Telangana.https://t.co/qwOu1VlIpt
— Narendra Modi (@narendramodi) October 24, 2024